കേന്ദ്ര ബജറ്റില്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ പരിഗണിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റബര്‍ ഇറക്കുമതി ചുങ്കം ഉയര്‍ത്താന്‍ നടപടിയുണ്ടായില്ല, പുതിയ റെയില്‍വേ പദ്ധതികളില്ല. നെല്‍ കൃഷി, കേരകൃഷി, സുഗന്ധവ്യഞ്ജന കൃഷി തുടങ്ങിവയ്ക്ക് പരിഗണന കിട്ടിയിട്ടില്ല. എയിംസ് പോലുള്ള പുതിയ സ്ഥാപനങ്ങളില്ല, ശബരിപാത പോലുള്ളവയില്ല, പാത ഇരട്ടിപ്പിക്കലുകളുമില്ല. കേരളത്തിന്റെ ന്യായമായ ആവശ്യങ്ങളൊന്നും ബജറ്റില്‍ പരിഗണിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
2047ല്‍ ഇന്ത്യയെ വികസിത രാഷ്ട്രമാക്കി മാറ്റുമെന്നു പറയുന്ന ബജറ്റ്, സംസ്ഥാനങ്ങളെ ശാക്തീകരിക്കുക എന്ന അടിസ്ഥാന തത്വം മറന്നിരിക്കുന്നു. മൂലധന ചിലവുകള്‍ക്കായി സംസ്ഥാനങ്ങള്‍ക്കു പൊതുവില്‍ ലഭ്യമാക്കുന്ന വായ്പയുടെ അളവ് കുറച്ചിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.കഴിഞ്ഞ വര്‍ഷം നീക്കിവെച്ചതിനെ അപേക്ഷിച്ച് കുറച്ചു മാത്രമേ പല മേഖലകളിലും കേന്ദ്ര സര്‍ക്കാര്‍ ചിലവഴിച്ചിട്ടുള്ളു എന്ന് വ്യക്തമാക്കുന്നതാണ് റിവൈസ്ഡ് ബജറ്റ് എസ്റ്റിമേറ്റ്. തൊഴില്‍ വര്‍ദ്ധിപ്പിക്കല്‍ എന്ന വാഗ്ദാനം ഉപേക്ഷിച്ച മട്ടാണ്. സ്വയം തൊഴിലിന് കോര്‍പ്പസ് ഫണ്ട് എന്നതില്‍ ഇതാണു തെളിയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.