യൂറോപ്യന്‍ യൂണിയനേക്കാള്‍ കൂടുതല്‍ റഷ്യന്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്ന രാജ്യമായി ഇന്ത്യ. ഇതോടെ ഇന്ത്യയിലേക്ക് അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ റഷ്യ ഒന്നാമതെത്തി. സൗദി അറേബ്യയെയും ഇറാഖിനെയും മറികടന്നാണ് ഇറക്കുമതി വിഹിതത്തിലെ വര്‍ധനവ്. പ്രതിദിനം 9,46,000 ബാരല്‍ വീതമാണ് ഒക്ടോബറില്‍ റഷ്യയില്‍നിന്ന് ഇന്ത്യ അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്തത്. ഇതോടെ രാജ്യത്തെ മൊത്തം ആവശ്യത്തിന്റെ 22ശതമാനമായി റഷ്യയുടെ വിഹിതം. ഇറാഖിന്റേത് 20.5ശതമാനവും സൗദിയുടേത് 16 ശതതമാനവുമായി കുറയുകയും ചെയ്തു. യുക്രൈന് അധിനിവേശത്തെതുടര്‍ന്ന് വന്‍വിലക്കിഴിവില്‍ ക്രൂഡ് വാഗ്ദാനം ചെയ്തതാണ് ഇന്ത്യ നേട്ടമാക്കിയത്. അസംസ്കൃത എണ്ണ ഇറക്കുമതിയില്‍ സെപ്റ്റംബറിനെ അപേക്ഷിച്ച് ഒക്ടോബറില്‍ അഞ്ചുശതമാനം വര്‍ധനവുണ്ടായി. റഷ്യയില്‍നിന്നുള്ള ഇറക്കുമതിയിലുണ്ടായ വര്‍ധന എട്ടുശതമാനമാണ്. പ്രതിദിനം പത്ത് ലക്ഷം ബാരല്‍ ഇറക്കുമതി ചെയ്യുന്ന ചൈനയാണ് മുന്നില്‍.
യൂറോപ്യന്‍ യൂണിയനെ കടത്തിവെട്ടി; ക്രൂഡ് ഇറക്കുമതിയില്‍ റഷ്യ ഒന്നാമത്
