സാമ്പത്തിക പ്രതിസന്ധിയിലായ പ്രമുഖ വിദ്യാഭ്യാസ ടെക്നോളജി കമ്പനിയായ ബൈജൂസിന്റെ മൂല്യം വീണ്ടും വെട്ടിക്കുറച്ച് അമേരിക്കന്‍ ഇന്‍വെസ്റ്റ്മെന്റ് കമ്പനിയായ ബ്ലാക്ക്റോക്ക്. 2022ന്റെ ആദ്യ നാളുകളിലെ 2,200 കോടി ഡോളര്‍ (1.82 ലക്ഷം കോടി രൂപ) മൂല്യത്തില്‍ നിന്ന് വെറും 100 കോടി ഡോളറായാണ് (8,200 കോടി രൂപ) ഇത്തവണ മൂല്യം കുറച്ചിരിക്കുന്നത്. 95 ശതമാനത്തോളം കുറവ്. കഴിഞ്ഞ ഒക്ടോബറില്‍ ബ്ലാക്ക് റോക്കിന്റെ കൈവശമുള്ള ബൈജൂസിന്റെ ഒരു ഓഹരിക്ക് 209.6 ഡോളര്‍ (17,300 രൂപ) മൂല്യമാണ് കണക്കാക്കുന്നതെന്ന് അറിയിച്ചിരുന്നു. 2022ല്‍ 4,460 ഡോളര്‍ (37,000 രൂപ) വരെ കണക്കാക്കിയിരുന്ന സ്ഥാനത്താണിത്. ബ്ലാക്ക് റോക്കിന് ബൈജൂസില്‍ ഒരു ശതമാനത്തോളം ഓഹരിയാണുള്ളത്. മൂല്യം കുറച്ചതിനെ കുറിച്ച് ബൈജൂസ് പ്രതികരിച്ചിട്ടില്ല. ബ്ലാക്ക്റോക്ക് ഉള്‍പ്പെടെയുള്ള നിക്ഷേപ സ്ഥാപനങ്ങള്‍ 2022 മുതല്‍ പല തവണ ബൈജൂസിന്റെ മൂല്യം വെട്ടിക്കുറച്ചിട്ടുണ്ട്. ബൈജൂസില്‍ ഒമ്പത് ശതമാനത്തോളം ഓഹരിയുള്ള പ്രോസസ് കഴിഞ്ഞ വര്‍ഷം മൂല്യം മൂന്ന് ബില്യണ്‍ ഡോളറായി കുറച്ചിരുന്നു. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയിലായതിനു പിന്നാലെ വീണ്ടും വീണ്ടും മൂല്യം കുറയ്ക്കല്‍ നടപടികളുമായി നിക്ഷേപകര്‍ നീങ്ങുന്നത് പ്രതിസന്ധിയില്‍ നിന്ന് കരകയാറാന്‍ ശ്രമിക്കുന്ന ബൈജൂസിന് തിരിച്ചടിയാണ്. പുതിയ ഫണ്ടിംഗ് തേടുന്നതിന് ഇത് വിലങ്ങുതടിയാകും. മാത്രമല്ല പല തവണയായി ബൈജൂസ് ഏറ്റെടുത്ത കമ്പനികളെ വിറ്റഴിച്ച് പണം സമാഹരിക്കാനുള്ള നീക്കത്തെയും ഇത് ബാധിക്കും. 2,200 കോടി ഡോളര്‍ മൂല്യമുണ്ടായിരുന്ന ബൈജൂസ് ഒരു കാലത്ത് ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ സ്റ്റാര്‍ട്ടപ്പ് കമ്പനിയായിരുന്നു.
ബൈജൂസിന്റെ മൂല്യം വീണ്ടും വെട്ടിക്കുറച്ച് ബ്ലാക്ക്റോക്ക്
