പ്രിയങ്കഗാന്ധിയുടേയും ഭര്‍ത്താവ് റോബര്‍ട്ട് വദ്രയുടെയും നികുതി വെട്ടിപ്പ് തെരഞ്ഞെടുപ്പ്സത്യവാങ് മൂലത്തില്‍ നല്കിയ വിവരങ്ങളില്‍ പ്രകടമാണെന്ന് ബിജെപിയുടെ ആരോപണം.ഭര്‍ത്താവ് റോബര്‍ട്ട് വദ്രക്കും തനിക്കും കൂടി 78 കോടി രൂപയുടെ ആസ്തിയുണ്ടെന്നാണ് വയനാട്ടിലെ സത്യവാങ്മൂലത്തില്‍ പ്രിയങ്ക ഗാന്ധി വ്യക്തമാക്കുന്നത്. 66 കോടി രൂപയുടെ ആസ്തിയാണ് റോബര്‍ട്ട് വദ്രയുടേതായി കാണിച്ചിരിക്കുന്നത്. എന്നാല്‍ യാഥാര്‍ത്ഥ കണക്ക് ഇതിലുമേറെയാണെന്നാണ് ബിജെപിയുടെ ആരോപണം. അനധികൃത സ്വത്ത് സമ്പാദന കേസില്‍ റോബര്‍ട്ട് വദ്രക്കെതിരെ അന്വേഷണം നടത്തുന്ന കേന്ദ്ര ഏജന്‍സികൾക്ക് മുന്നിലുള്ള കണക്ക് ഇതല്ലെന്ന് ബിജെപി വക്താവ് ഗൗരവ് ഭാട്യ ആരോപിക്കുന്നു. അതോടൊപ്പം ദളിതനായതുകൊണ്ടാണ് പത്രിക സമര്‍പ്പണ വേളയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയെ പുറത്തിരുത്തിയതെന്നും ബിജെപി ആരോപിച്ചു. എന്നാല്‍ ഒരേ സമയം അഞ്ച് പേര്‍ക്കേ വരണാധികാരി മുറിയില്‍ പ്രവേശനം അനുവദിച്ചിരുന്നുള്ളൂവെന്നാണ് കോണ്‍ഗ്രസിന്റെ പ്രതികരണം.
തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലെ സ്വത്ത് വിവരങ്ങള്‍ പ്രിയങ്ക ഗാന്ധിക്കെതിരെ ആയുധമാക്കി ബിജെപി
