പല്ലുകളുടെ സംരക്ഷണത്തിന്റെ കാര്യം വരുമ്പോള്‍ പ്രധാന വില്ലന്‍ എപ്പോഴും ചോക്ലേറ്റുകള്‍ ആയിരിക്കും. എന്നാല്‍ ചോക്ലേറ്റിനെക്കാള്‍ അപകടകാരിയായ മറ്റൊന്നിനെ നമ്മള്‍ പതിവായി അവഗണിക്കാറുണ്ട് താനും. കുട്ടികള്‍ക്കാണെങ്കിലും മുതിര്‍ന്നവര്‍ക്കാണെങ്കിലും ചായക്കൊപ്പം രണ്ട് ബിസ്‌ക്കറ്റുകള്‍ കൂടി കിട്ടിയാല്‍ സന്തോഷമാണ്. വയറു നിറയ്ക്കാനും സ്‌നാക്കായുമൊക്കെ ഇങ്ങനെ വാരിക്കോരി കഴിക്കുന്ന ബിസ്‌ക്കറ്റുകളാണ് യഥാര്‍ഥര്‍ത്തില്‍ പല്ലുകളുടെ ഒന്നാമത്തെ ശത്രുവെന്ന് പ്രമുഖ ദന്തരോഗവിദഗ്ധനായ ഡോ. സന്ദേശ് മയേക്കര്‍ പോഡ്കാസ്റ്റില്‍ വിശദീകരിക്കുന്നു. ബിസ്‌ക്കറ്റുകളില്‍ ധാരാളം പഞ്ചസാര അടങ്ങിയതാണ്. മാത്രമല്ല, അവ പല്ലുകളിലും മോണയിലും പറ്റിപ്പിടിച്ചിരിക്കും. വായ വൃത്തിയാക്കിയില്ലെങ്കില്‍ വായില്‍ ബാക്ടീരിയ പെരുകാനും ഒരു അസിഡിക് അന്തരീക്ഷം ഉണ്ടാക്കാനും കാരണമാകും. ഇത് പല്ലുകളിലെ ഇനാമല്‍ നശിപ്പിക്കും. അങ്ങനെ പല്ലുകളില്‍ വേഗത്തില്‍ പോടുകള്‍ ഉണ്ടാകാനും കേടാകാനും കാരണമാകും. എന്നാല്‍ ചേക്ലേറ്റുകള്‍ കുറച്ചു കൂടി മയമുണ്ട്. അവ ഉമിനീരിനൊപ്പം അലിഞ്ഞു പോകും. ഡാര്‍ക്ക് ചോക്ലേറ്റിലാണെങ്കില്‍ വായയിലെ ദോഷകരമായ ബാക്ടീരിയകളെ കുറയ്ക്കാന്‍ സഹായിക്കുന്ന പ്രകൃതിദത്ത സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്. പല്ലുകളുടെ സംരക്ഷണത്തിന് ബിസ്‌ക്കറ്റുകളും ചോക്ലേറ്റുകളും പതിവായി കഴിക്കുന്നത് ഒഴിവാക്കുക. ഭക്ഷണം കഴിച്ച ശേഷം വായ നന്നായി വെള്ളമൊഴിച്ചു കഴുകുകയോ പല്ലുതേയ്ക്കുകയോ ചെയ്യണം. ചോക്ലേറ്റ് കഴിക്കുന്നുവെങ്കില്‍ ഡാര്‍ക്ക് ചോക്ലേറ്റുകള്‍ കഴിക്കാന്‍ ശ്രമിക്കുക. സ്നാക്സ് കഴിക്കുമ്പോള്‍ പാല്‍ അല്ലെങ്കില്‍ നട്സ് ചേര്‍ത്തു കഴിക്കാം. ഇത് ആഘാതം കുറയ്ക്കും. ദിവസവും വായയുടെ ശുചിത്വം പാലിക്കുക.