2024-25 സാമ്പത്തിക വര്‍ഷം പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡയുടെ ലാഭത്തില്‍ 10.1 ശതമാനത്തിന്റെ വര്‍ധന. ലാഭം കഴിഞ്ഞ വര്‍ഷത്തെ 17,789 കോടി രൂപയില്‍ നിന്ന് 19,581 കോടി രൂപയായാണ് വര്‍ധിച്ചത്. 2025 സാമ്പത്തിക വര്‍ഷത്തിലെ പലിശ വരുമാനം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ 44,722 കോടി രൂപയില്‍ നിന്ന് 2.1 ശതമാനം വര്‍ധിച്ച് 45,659 കോടി രൂപയായി. ബാങ്കിന്റെ ആഭ്യന്തര വായ്പകള്‍ 13.7 ശതമാനം വര്‍ധിച്ച് 10,21,112 കോടി രൂപയിലെത്തി. ഓര്‍ഗാനിക് റീട്ടെയില്‍ വായ്പകള്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 19.4 ശതമാനം വര്‍ധിച്ച് 2,56,633 കോടി രൂപയായി. അന്താരാഷ്ട്ര വായ്പകള്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 12.8 ശതമാനം വര്‍ധിച്ച് 12,30,461 കോടി രൂപ രേഖപ്പെടുത്തി. ആഗോള ബിസിനസിന് 27 ലക്ഷം കോടി രൂപയുടെ നാഴികക്കല്ല് പിന്നിടാനും സാധിച്ചു. നാലാം പാദത്തില്‍ ബാങ്കിന്റെ അറ്റാദായം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ഇതേ പാദത്തിലെ 4,886 കോടി രൂപയില്‍ നിന്ന് 5,048 കോടി രൂപയായി ഉയര്‍ന്നു. നാലാം പാദത്തിലെ ബാങ്കിന്റെ മൊത്തം വരുമാനം കഴിഞ്ഞ വര്‍ഷത്തെ 33,774.87 കോടി രൂപയില്‍ നിന്ന് 6.15 ശതമാനം ഉയര്‍ന്ന് 35,851.85 കോടിയായി. ബാങ്കിന്റെ പ്രവര്‍ത്തന ലാഭം 0.3 ശതമാനം വര്‍ധിച്ച് 8,132 കോടി രൂപയായി. മികച്ച ഫലങ്ങളെ തുടര്‍ന്ന് ബാങ്ക് ഓഹരിക്ക് 8.35 രൂപ ലാഭവിഹിതം പ്രഖ്യാപിച്ചു. ലാഭവിഹിതം നല്‍കുന്നതിനുള്ള റെക്കോഡ് തീയതി ജൂണ്‍ 6 ആണ്.
ബാങ്ക് ഓഫ് ബറോഡയുടെ ലാഭത്തില്‍ വര്‍ധന
