ഷുഗര്‍ കട്ട് പലപ്പോഴും പ്രമേഹവുമായി മാത്രം ബന്ധിപ്പിച്ചാണ് നോക്കിക്കാണാറ്. എന്നാല്‍ ഭക്ഷണത്തില്‍ നിന്ന് പഞ്ചസാര ഒഴിവാക്കുന്നതു കൊണ്ട് വേറെയുമുണ്ട് ഉപകാരമെന്ന് ചൂണ്ടിക്കാണിക്കുകയാണ് പ്രമുഖ ഗ്യാസ്ട്രോഎന്‍ട്രോളജിസ്റ്റ് സൗരഭ് സേഥി. പഞ്ചസാരയുടെ ഉപയോഗം കുറയുന്നതോടെ വയറിലെയും കരളിലെയും കൊഴുപ്പ് കുറയാന്‍ സഹായിക്കും. ഇത് ചര്‍മത്തിലും മുഖത്തുമൊക്കെ പ്രതിഫലിക്കും. മുഖത്തെ തടിപ്പും കണ്ണിന് താഴെയുള്ള വീക്കവും കുറയ്ക്കാന്‍ സഹായിക്കുമെന്ന് അദ്ദേഹം പറയുന്നു. പഞ്ചസാര ഉപേക്ഷിക്കുന്നത് കുടലിലെ ബാക്ടീരിയകളെ സംബന്ധിച്ചും നല്ലതാണ്. ഇത് ദഹനം മെച്ചപ്പെടുത്തുകയും ഇന്ഫ്ലമേഷന് കുറയ്ക്കുകയും ചെയ്യും. ഈ ശീലം ആരോഗ്യമുള്ള ചര്‍മം ലഭിക്കാന്‍ സഹായിക്കും. മുഖക്കുരു അല്ലെങ്കില്‍ മുഖത്തെ ചുവപ്പ് നിറം പോലുള്ള പ്രശനങ്ങള്‍ മാറി ചര്‍മം തെളിയും. ചായ, കാപ്പി തുടങ്ങിയവയില്‍ മധുരം ഇടാതെ കുടിച്ചു ശീലിക്കാം. പഴങ്ങള്‍ ജ്യൂസടിച്ചു കുടിക്കുമ്പോള്‍ അതിനുള്ളിലെ പ്രകൃതിദത്ത പഞ്ചസാരയും ഫൈബറും നഷ്ടമാകുന്നു. കൂടാതെ പാക്കറ്റില്‍ വാങ്ങുന്ന ജ്യൂസ് ആണെങ്കില്‍ അമിതമായ പഞ്ചസാര ചേര്‍ത്താണ് വിപണിയില്‍ ലഭിക്കുക. അതുകൊണ്ട് പഴമായി തന്നെ കഴിക്കാന്‍ ശ്രമിക്കുക. പാക് ചെയ്ത ഭക്ഷണം വാങ്ങുമ്പോള്‍ അതില്‍ അടങ്ങിയ പഞ്ചസാരയുടെ അളവു കൂടി ശ്രദ്ധിക്കാന്‍ മറന്നു പോകരുത്. വിപണിയില്‍ ലഭ്യമായ എനര്‍ജി ഡിങ്കുകളില്‍ വലിയ അളവില്‍ പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യത്തിന് ഹാനീകരമാണ്.
