ഭിന്നശേഷി അധ്യാപക സംവരണവുമായി ബന്ധപ്പെട്ട് സർക്കാരിന്റെ സമവായ നിർദേശം തള്ളി ക്രൈസ്തവ സഭകൾ. എൻഎസ്എസിന് കിട്ടിയ അനുകൂല ഉത്തരവ് മറ്റ് മാനേജ്മെന്റുകൾക്ക് നടപ്പാക്കാൻ സുപ്രീംകോടതിയെ സമീപിക്കുമെന്നുള്ള സർക്കാർ തീരുമാനം അംഗീകരിക്കില്ലെന്നാണ് സഭകളുടെ എക്യുമെനിക്കൽ യോഗം വ്യക്തമാക്കുന്നത്. കോടതിയിൽ പോകുന്നതിന് പകരം സർക്കാർ ഉടൻ അനുകൂല ഉത്തരവിറക്കണമെന്നാണ് സഭകളുടെ ആവശ്യം.
ആറന്മുള വള്ളസദ്യ വിവാദത്തിലെ ഫേസ്ബുക്ക് വിശദീകരണ കുറിപ്പ് തിരുത്തി സിപിഎം.’ഭഗവാനെ” മാറ്റി ആചാരലംഘനം എന്ന് ചേർത്തു.ഭഗവാന്റെ പേരിൽ കള്ളം പറഞ്ഞാൽ ഭഗവാൻ ഒരിക്കലും പൊറുക്കില്ല എന്നതായിരുന്നു ജില്ലാ കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജിലൂടെ ആദ്യം ഇറക്കിയ വിശദീകരണക്കുറിപ്പിൽ പറഞ്ഞത്.ആചാരലംഘനം നടന്നതായി കള്ളം പ്രചരിപ്പിച്ചാൽ ജനങ്ങൾ അത് വിശ്വസിക്കില്ല എന്നാണ് ഇപ്പോൾ തിരുത്തൽ വരുത്തിയത്.
ഹിജാബ് വിവാദത്തിൽ പള്ളുരുത്തി സ്കൂൾ മാനേജ്മെന്റിനെ രൂക്ഷമായി വിമർശിച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശിവൻകുട്ടി. സർക്കാരിനെ കുറ്റപ്പെടുത്താൻ ശ്രമം നടക്കുന്നതായി മന്ത്രി ചൂണ്ടിക്കാട്ടി. രാഷ്ട്രീയവത്ക്കരിക്കാൻ മാനേജ്മെന്റ് ആസൂത്രിത ശ്രമം നടത്തിയെന്നും സർക്കാരിനെ വെല്ലുവിളിക്കാൻ നോക്കണ്ടെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. അഭിഭാഷകയുടെ പരാമർശങ്ങൾ പ്രശ്നം വഷളാക്കുന്ന വിധത്തിലുള്ളതാണെന്നും മന്ത്രി പറഞ്ഞു. പ്രകോപനപരമായ പ്രതികരണങ്ങളിൽ നിന്ന് പിൻമാറണമെന്നും മന്ത്രി നിർദേശിച്ചു.
മന്ത്രി സജി ചെറിയാനെതിരെ വിമർശനങ്ങൾ ആവർത്തിച്ച് മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ. പാര്‍ട്ടിക്കായി ഇനി പ്രചാരണത്തിന് ഇല്ലെന്നും നേതാക്കള്‍ പറയുന്നത് വസ്തുതാവിരുദ്ധമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഒരു പാര്‍ട്ടി പരിപാടിക്കും തന്നെ വിളിച്ചിട്ടില്ലെന്നും ജി സുധാകരൻ കുറ്റപ്പെടുത്തി. തനിക്കും കുടുംബാംഗങ്ങൾക്കുമെതിരെ സൈബർ ആക്രമണം നടത്തുന്നത് പാർട്ടി അംഗങ്ങൾ ഉൾപ്പടെ ഉള്ളവരാണെന്നും അദ്ദേഹം പറഞ്ഞു.
ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്കുമാറിനെതിരെ ഗുരുതര പരാമർശവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഗണേഷ് കുമാർ അഹങ്കാരത്തിന് കൈയും കാലും വെച്ചവനാണെന്നും കുടുംബത്തിന് പാര പണിതവനാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഫ്യൂഡൽ മാടമ്പിക്കും അപ്പുറമാണ് ഗണേഷ് കുമാർ. അവന്റെ പാരമ്പര്യം ആണിത്. സ്വന്തം അച്ഛന് വരെ പണി കൊടുത്തയാളാണ്. സരിതയെ ഉപയോഗിച്ചാണ് മന്ത്രി സ്ഥാനം നേടിയെടുത്തതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ്റെ വിവാദ പരാമർശത്തില്‍ മറുപടിയുമായി ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്കുമാർ. അവരവരുടെ സംസ്കാരം അനുസരിച്ചായിരിക്കും ഒരോരുത്തരുടേയും പ്രതികരണമെന്നാണ് കെ ബി ഗണേഷ് കുമാറിന്റെ മറുപടി. വെള്ളാപ്പള്ളിയുടെ ലെവൽ അല്ല തന്റെ ലെവൽ. പക്വതയും സംസ്കാരവും ഇല്ലാത്തവരും ഈ രീതിയിൽ പ്രതികരിക്കും താൻ ആ രീതിയിൽ താഴാൻ ആഗ്രഹിക്കുന്നില്ലെന്നും ഗണേഷ് കുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു.
അബിൻ വർക്കി വളരെയധികം കഷ്ടപ്പെട്ടിട്ടുള്ള യുവ നേതാവാണെന്നും യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം നിഷേധിക്കപ്പെട്ടപ്പോള്‍ അതിന് വേദന ഉണ്ടാവുക സ്വാഭാവികമാണെന്നും ചാണ്ടി ഉമ്മൻ. പാർട്ടിയുടെ തീരുമാനം അംഗീകരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ് പാർട്ടി തീരുമാനങ്ങൾ ഇഷ്ടമാണെങ്കിലും ഇഷ്ടമല്ലെങ്കിലും അംഗീകരിക്കണമെന്നും അബിൻ വർക്കി കൂടുതൽ പരിഗണിക്കപ്പെടേണ്ട വ്യക്തിയാണെന്നും പുനസംഘടനയിൽ അബിന്റെ കൂടി അഭിപ്രായം മാനിച്ചു വേണമായിരുന്നു തീരുമാനമെടുക്കാനെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻ ബഹ്റൈനിലെത്തി. സൗദി ഒഴികെ എല്ലാ ജിസിസി രാഷ്ട്രങ്ങളിലും മുഖ്യമന്ത്രി എത്തും. നാളെ മുഖ്യമന്ത്രി ബഹറൈൻ കേരളീയ സമാജത്തിന്റെ പ്രവാസി മലയാളി സംഗമത്തിൽ പങ്കെടുക്കും. മലയാളം മിഷനും ലോകകേരള സഭയും ചേർന്നാണ് സംഘാടനം. ബഹ്റൈനിലെ പ്രതിപക്ഷ സംഘടനകൾ മുഖ്യമന്ത്രിയുടെ സന്ദർശനം ബഹിഷ്കരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ തൈറോയിഡ് ശസ്ത്രക്രിയക്കിടെ രോഗിയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവത്തിൽ പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ പൊലീസ്. ബോര്‍ഡ് രൂപീകരിക്കാന്‍ ആവശ്യപ്പെട്ട് ഡിഎംഓക്ക് കത്ത് നല്കി. സ്വതന്ത്രമായ വിദ്ഗ്ധ അഭിപ്രായത്തിനു വേണ്ടിയാണ് ബോര്‍ഡ് രൂപീകരണം. അതേസമയം അടുത്തയാഴ്ച മുഖ്യമന്ത്രിയെ നേരിൽ കണ്ട് പരാതി നല്‍കുമെന്നും സര്‍ക്കാര്‍ ജോലിയും നഷ്ടപരിഹാരവും നൽകണമെന്ന് ആവശ്യപ്പെടുമെന്നും സുമയ്യ വ്യക്തമാക്കി.
പുതുക്കിയ കാലാവസ്ഥ മുന്നറിയിപ്പ് പ്രകാരം കേന്ദ്ര കാലാവസ്ഥ വകുപ്പ് അടുത്ത മൂന്ന് മണിക്കൂറിലേക്ക് ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി തുടങ്ങിയ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട വിഷയത്തിൽ ചർച്ചകൾക്കായി പുതിയ മധ്യസ്ഥനെ നിയോഗിച്ചെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ വ്യക്തമാക്കി. നേരത്തെ ഹർജി നൽകിയ കെ എ പോൾ ആണോ എന്ന കോടതിയുടെ ചോദ്യത്തിന് അല്ലെന്ന് കേന്ദ്രം മറുപടി നൽകുകയും ചെയ്തു. നിമിഷ പ്രിയയുടെ മോചനത്തിനായി ചർച്ചകൾ നടക്കുന്നതായും നിലവിൽ വധശിക്ഷയ്ക്ക് സ്റ്റേ എന്നും കേന്ദ്രം കോടതിയെ അറിയിച്ചു. കേസ് ജനുവരിയിലേക്ക് മാറ്റി.
പാലക്കാട് പോത്തുണ്ടി സജിത കൊലക്കേസ് പ്രതി ചെന്താമരയുടെ ശിക്ഷാവിധി മറ്റന്നാൾ. പ്രതിയെ പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയില്‍ ഇന്ന് ഓൺലൈനായി ഹാജരാക്കി. പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന് കോടതിയോട് ആവശ്യപ്പെട്ടു. ഈ കേസിന് പിന്നാലെ പ്രതി ഇരട്ടക്കൊല നടത്തിയത് പ്രോസിക്യൂഷന് കോടതി അറിയിച്ചു. രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളുടെ ശിക്ഷ പരാമർശിച്ചായിരുന്നു പ്രോസിക്യൂഷന്റെ വാദം.
ഇടുക്കി ഗവൺമെന്റ് നഴ്സിങ് കോളേജിൽ ഹോസ്റ്റൽ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്നാവശ്യപ്പെട്ട് അനിശ്ചിതകാല സമരവുമായി വിദ്യാർത്ഥികളും രക്ഷിതാക്കളും. പ്രിൻസിപ്പാൾ ഓഫീസിന് മുന്നിൽ ഇന്ന് മുതൽ സമരം ആരംഭിക്കും. രണ്ടു ബാച്ചുകളിലായി 120 കുട്ടികളാണ് ഇടുക്കി സർക്കാർ നഴ്സിംഗ് കോളജിൽ പഠിക്കുന്നത്.
കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമങ്ങൾ ലംഘിച്ച് നിരോധിത പെലാജിക് നെറ്റ് ഉപയോഗിച്ച് ചെറുമത്സ്യങ്ങൾ പിടിച്ചും സ്പെഷൽ പെർമിറ്റ് ഇല്ലാതെയും മത്സ്യബന്ധനം നടത്തിയ കർണാടക സംസ്ഥാനത്തിലെ രണ്ട് ബോട്ടുകൾക്ക് 21,60,450 രൂപ പിഴ ഈടാക്കി ഫിഷറീസ് ഡിപ്പാർട്ട്മെന്റ്. ചെറുമത്സ്യങ്ങളെ പിന്നീട് പുറംകടലിൽ ഒഴുക്കി കളഞ്ഞു. മംഗലാപുരം സ്വദേശികളായ മുഹമ്മദ് ഇഫ്ത്തിക്ക, റിസാന മുഹമ്മദ് ഫിറോസ് എന്നിവരുടെ ഉടമസ്ഥതയിലുള്ള ബോട്ടുകളാണ് പിടിച്ചെടുത്തത്.
പാലക്കാട് പല്ലൻചാത്തൂരിൽ 14 കാരൻ അർജുൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ക്ലാസ് അധ്യാപികക്കെതിരെ ആരോപണവുമായി കുടുംബം. കണ്ണാടി ഹയര്‍സെക്കണ്ടറി സ്കൂളിലെ അധ്യാപിക അര്‍ജുനെ നിരന്തരം മാനസികമായി പീഡിപ്പിക്കാറുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. ഇന്‍സ്റ്റഗ്രാമിൽ കുട്ടികള്‍ തമ്മിൽ മെസ്സേജ് അയച്ചതിന് അര്‍ജുനെ ഭീഷണിപ്പെടുത്തിയെന്നും കുടുംബം പരാതിപ്പെടുന്നു. സംഭവത്തിൽ കണ്ണാടി ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികൾ സ്കൂള്‍ മുറ്റത്ത് പ്രതിഷേധിച്ചു.
പാലക്കാട് പല്ലൻചാത്തൂരിൽ 14 കാരൻ അർജുൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ രണ്ട് അധ്യാപകരെ സസ്പെൻഡ് ചെയ്ത് സ്കൂൾ മാനേജ്മെന്റ്. ആരോപണവിധേയയായ അധ്യാപിക ആശയെയും പ്രധാനാധ്യാപിക ലിസിയെയും ആണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. ക്ലാസ് ടീച്ചറായ ആശക്കെതിരെയാണ് കുടുംബം അടക്കം ആരോപണം ഉന്നയിച്ചത്. ഡിഇഒയുടെ നിര്‍ദേശപ്രകാരമാണ് ഇപ്പോള്‍ നടപടി ഉണ്ടായിരിക്കുന്നത്. അതേസമയം സ്കൂൾ നാല് ദിവസത്തക്ക് അടച്ചിട്ടു.
കിളിമാനൂരില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയെ സ്കൂളില്‍ വെച്ച് തെരുവ് നായ കടിച്ചു. കിളിമാനൂര്‍ ഗവ. എല്‍പി സ്കൂളില്‍ കലോത്സവത്തിനിടെ, ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. കിളിമാനൂര്‍ മലയാമഠം സ്വദേശിയായ വിദ്യാര്‍ഥിക്കാണ് കടിയേറ്റത്. ഉച്ച ഭക്ഷണ ഇടവേളയില്‍ കുട്ടി സ്കൂള്‍ ഗേറ്റിന് സമീപത്തേക്ക് വരുമ്പോള്‍ അവിടെ ഉണ്ടായിരുന്ന തെരുവ് നായ കുട്ടിയെ ആക്രമിക്കുകയായിരുന്നെന്നാണ് വിവരം.
അനന്തു അജിയുടെ ആത്മഹത്യയില്‍ ആരോപണം നേരിടുന്ന നിധീഷ് മുരളീധരന്റെ കട ഡിവൈഎഫ്ഐ പ്രവർത്തകർ അടിച്ച് തകർത്തു. കാഞ്ഞിരപ്പള്ളി കപ്പാട് ഉള്ള ആശുപത്രി ഉപകരണം വിൽക്കുന്ന കടയാണ് തകർത്തത്. നിലവില്‍ നിധീഷ് ഒളിവിലാണെന്നാണ് വിവരം. അനന്തു അജിയുടെ ആത്മഹത്യയില്‍ ഇന്ന് രാവിലെ ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. വീടിന് അടുത്തുള്ള നീധീഷ് മുരളീധരൻ ലൈംഗീകമായി ചൂഷണം ചെയ്തിരുന്നു എന്നായിരുന്നു അനന്തുവിന്റെ വെളിപ്പെടുത്തൽ.
മാല മോഷണ കേസിൽ പാലക്കാട് തേങ്കുറിശിയിൽ എസ് ഡി പി ഐ പ്രവർത്തകൻ പിടിയിലായി. കൊടുവായൂർ സ്വദേശി ഷാജഹാൻ ആണ് പൊലീസിന്റെ പിടിയിലായത്. തേൻകുറിശ്ശിയിൽ പാൽവിൽപനക്കാരിയായ വയോധികയുടെ മാല പൊട്ടിച്ച കേസിലാണ് അറസ്റ്റ്. ഈ മാസം പത്തിനാണ് സംഭവമുണ്ടായത്. പൊലീസ് ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്.
കല്ലടിക്കോട് യുവാക്കളെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മൂന്നേക്കർ മരുതുംകാട് സ്വദേശികളായ ബിനുവിന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യലിന് വിളിച്ചുവരുത്തുമെന്ന് അന്വേഷണ സംഘം അറിയിച്ചു. കൃത്യത്തിനായി ബിനു ഉപയോഗിച്ചിരുന്ന തോക്കുമായി ബന്ധപ്പെട്ടും അന്വേഷണം നടത്തും. കുടുംബത്തെ മോശമായി പറഞ്ഞത് നിധിൻ ചോദ്യം ചെയ്തതിന്, ബിനു നിതിനെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസിന്റെ നിഗമനം.
മുതലപ്പൊഴിയിൽ വള്ളത്തിൽ നിന്ന് തെറിച്ചു കടലിൽ വീണ് കാണാതായ പെരുമാതുറ വലിയവിളാകം സ്വദേശി സജീറിന്റെ മകൻ ഷഹാന്റെ(19) മൃതദേഹം കണ്ടെത്തി. ഇന്നലെ മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങി വരവേ തിരയിൽ പെട്ട് വള്ളത്തിൽ നിന്നും തെറിച്ചു കടലിൽ വീഴുകയായിരുന്നു. മൃതദേഹം മെഡിക്കൽ കോളെജ് മോർച്ചറിയിലേക്ക് മാറ്റി.
പുതിയങ്ങാടിയിൽ ഗ്യാസ് സിലിണ്ടറിൽ നിന്ന് തീപിടിച്ചുണ്ടായ അപകടത്തിൽ മരണം നാലായി. ഒഡീഷ സ്വദേശി ജിതേന്ദ്ര ബഹ്റ ആണ് മരിച്ചത്. കഴിഞ്ഞ വെളളിയാഴ്ച്ച പുലർച്ചെയായിരുന്നു അപകടം. ഇതോടെ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന എല്ലാവരും മരിച്ചു. കഴിഞ്ഞ വെളളിയാഴ്ച്ച പുലർച്ചെയായിരുന്നു അപകടം. തളിപ്പറമ്പിലെ ബസ് സ്റ്റാൻഡിലെ സമീപത്തെ ഷോപ്പിംഗ് കോംപ്ലക്സിലാണ് തീപടർന്നത്.
സൗത്ത് ഏഷ്യൻ സർവകലാശാലയിലെ പീഡന പരാതിയിൽ ഇതുവരെ 100 പേരെ ചോദ്യം ചെയ്തതായി പൊലീസ് വ്യക്തമാക്കി. പെൺകുട്ടി നടന്നു പോകുന്ന സി സി ടി വി ദൃശ്യങ്ങൾ ഉൾപ്പെടെ ലഭിച്ചെന്നും പൊലീസ് വിവരിച്ചു. എന്നാൽ അക്രമികളെ കുറിച്ച് ഇതിൽ സൂചനയൊന്നും കിട്ടിയിട്ടില്ല. പെൺകുട്ടിക്ക് ലഭിച്ചതായി പറയുന്ന ഇ മെയിലുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി. ഇതിനിടെ സംഭവത്തിൽ സ്വമേധയാ കേസ് എടുത്ത് ദേശീയ വനിത കമ്മീഷൻ പൊലീസിനോട് റിപ്പോർട്ട് തേടി.
മധ്യപ്രദേശ് ചിന്ത്വാര ജില്ലയിൽ കഫ് സിറപ്പ് ദുരന്തത്തിൽ ചികിത്സയിലായിരുന്ന നാല് വയസ്സുള്ള പെൺകുട്ടി കൂടി മരിച്ചു. മധ്യപ്രദേശ് ചിന്ത്വാര സ്വദേശിയായ പെൺകുട്ടിയാണ് നാഗ്പൂരിലെ ആശുപത്രിയിൽ മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 24 ആയി. പ്രാഥമിക ചികിത്സകൾക്ക് ശേഷം കുട്ടിയെ മെച്ചപ്പെട്ട ചികിത്സയ്ക്കായി നാഗ്പൂരിലേക്ക് മാറ്റുകയായിരുന്നു
ബിഹാറിൽ ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ പത്രിക നല്‍കാനുള്ള സമയം നാളെ അവസാനിക്കും. നവംബർ ആറിനാണ് 121 മണ്ഡലങ്ങളിലേക്കുള്ള ഒന്നാംഘട്ട വോട്ടെടുപ്പ്. ആർജെഡി നയിക്കുന്ന മഹാസഖ്യത്തിലെ സീറ്റു വിഭജനം ഇനിയും പൂർത്തിയാക്കാനായിട്ടില്ല. അതേസമയം 101 സീറ്റുകളിലും ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. മറ്റ് എന്‍ ഡി എ ഘടകകക്ഷികളും ഇന്ന് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്നാണ് വിവരം.
ബിഹാര്‍ കോണ്‍ഗ്രസില്‍ സീറ്റിനെ ചൊല്ലിയുള്ള തമ്മിലടി വിമാനത്താവളത്തിലും. ദില്ലിയില്‍ നിന്ന് ചര്‍ച്ച കഴിഞ്ഞെത്തിയ നേതാക്കളെയാണ് സീറ്റ് കച്ചവടം ആരോപിച്ച് വിമാനത്താവളത്തില്‍ കൈയേറ്റം ചെയ്തത്. സീറ്റ് വിഭജനത്തെ ചൊല്ലി മഹാസഖ്യത്തിലും, സീറ്റുകളെ ചൊല്ലി എന്‍ഡിഎയിലും ഭിന്നത രൂക്ഷമായി തുടരുകയാണ്. ഹൈക്കമാന്‍ഡ് നേതൃത്വവുമായി ചര്‍ച്ച നടത്തി എത്തിയ പിസിസി അധ്യക്ഷന്‍ രാജേഷ് റാമിനും, ബിഹാറിന്റെ ചുമതലയുള്ള എഐസിസി നേതാവ് കൃഷ്ണ അല്ലാവര്ക്കുമാണ് എയര്‍പോട്ടില്‍ കയ്യേറ്റം നേരിടേണ്ടി വന്നത്.
ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്ക്ക് എതിരെ ഷൂ എറിഞ്ഞ സംഭവത്തിൽ അഭിഭാഷകൻ രാകേഷ് കിഷോറിന് എതിരെ കോടതി അലക്ഷ്യ നടപടിക്ക് അനുമതി. അറ്റോർണി ജനറൽ ആർ വെങ്കിട്ട രമണിയാണ് അനുമതി നൽകിയത്. ദീപാവലിക്ക് ശേഷം കോടതി അലക്ഷ്യ ഹർജി പരിഗണിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. വിഷയം സ്വാഭാവികമായ അന്ത്യത്തിന് വിടുന്നതാണ് നല്ലത് എന്നാണ് കോടതിയുടെ നിരീക്ഷണം.
ഗൂഗിളിന്റെ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ യൂട്യൂബ് ആഗോളതലത്തില്‍ ഇന്ന് പുലര്‍ച്ചെ പ്രവര്‍ത്തനരഹിതമായ ശേഷം തിരിച്ചെത്തി. ഇന്ന് ഇന്ത്യന്‍ സമയം രാവിലെ അഞ്ച് മണിയോടെയാണ് യൂട്യൂബ് സ്ട്രീമിംഗ് ഏഷ്യയിലും യൂറോപ്പിലും വടക്കേ അമേരിക്കയിലും തടസപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ട്. യൂട്യൂബ് മ്യൂസിക് അടക്കമുള്ള മറ്റ് യൂട്യൂബ് പ്ലാറ്റ്ഫോമുകളിലും പ്രശ്നം ദൃശ്യമായി.
എയർ ഇന്ത്യ എക്സ്പ്രസ് വിന്റര്‍ ഷെഡ്യൂളില്‍ ദുബൈ-തിരുവനന്തപുരം-ദുബൈ സെക്ടറില്‍ വിമാന സര്‍വീസുകള്‍ പുനഃരാരംഭിച്ചു. ഇതിന് പുറമെ അബുദാബി-തിരുവനന്തപുരം-അബുദാബി സെക്ടറിലും എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസുകള്‍ ആരംഭിക്കും.ഡിസംബര്‍ മൂന്ന് മുതലാണ് ഈ റൂട്ടില്‍ സര്‍വീസുകള്‍ തുടങ്ങുക. പ്രതിവാരം മൂന്ന് സര്‍വീസുകളാണ് ഈ റൂട്ടില്‍ ഉണ്ടാകുക.
അയോധ്യയിലെ രാമക്ഷേത്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നു. 2025 നവംബർ 25ന് പതാക ഉയർത്തൽ ചടങ്ങ് നടക്കുമെന്ന് ശ്രീരാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. ക്ഷേത്രത്തിന്റെ ചിത്രങ്ങളും ട്രസ്റ്റ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.പതാക ഉയർത്തൽ ചടങ്ങിലേയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചിട്ടുണ്ടെന്ന് ശ്രീരാമജന്മഭൂമി ക്ഷേത്ര നിർമാണ കമ്മിറ്റി ചെയർമാൻ നൃപേന്ദ്ര മിശ്ര പറഞ്ഞു.
ഇന്ത്യക്ക് എല്ലാ വർഷവും പുതിയ പ്രധാനമന്ത്രിയാണെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നാക്കുപിഴ വലിയ ചർച്ചയാകുന്നു. എന്നാൽ, ട്രംപിന് ഇന്ത്യയും പാകിസ്ഥാനും തമ്മിൽ മാറിപ്പോയതാണ് എന്നാണ് വ്യക്തമാകുന്നത്. താൻ വർഷങ്ങളായി ഇന്ത്യയെ നിരീക്ഷിക്കുന്നു. അതൊരു അവിശ്വസനീയമായ രാജ്യമാണ്, പക്ഷേ എല്ലാ വർഷവും അവിടെ പുതിയൊരു നേതാവ് ഉണ്ടാകും. ചിലർ ഏതാനും മാസങ്ങൾ മാത്രം അധികാരത്തിലിരിക്കും. ഇത് വർഷം തോറും തുടരുന്നു. എന്നാൽ എന്റെ സുഹൃത്ത് (മോദി) ഇപ്പോൾ വളരെക്കാലമായി അവിടെയുണ്ട്’ എന്നായിരുന്നു യുഎസ് പ്രസിഡൻ്റിൻ്റെ വാക്കുകൾ.
റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പുനല്‍കിയെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പുതിയ അവകാശവാദത്തിന് മറുപടിയുമായി കേന്ദ്ര സർക്കാർ. ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്നത് ഉപഭോക്താക്കളുടെ താല്പര്യം സംരക്ഷിച്ച് മാത്രമാണെന്നാണ് വിദേശകാര്യ മന്ത്രാലയം നൽകിയ മറുപടി. ട്രംപിന്റെ അവകാശവാദം പരോക്ഷമായി തള്ളിയ വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ, ഇന്ധന ലഭ്യതയും വില പിടിച്ചു നിറുത്തുന്നതും ആണ് ഇന്ത്യയുടെ ഇറക്കുമതി നയം നിർണ്ണയിക്കുന്നതെന്നും വിവരിച്ചു.
