ഫ്രാൻസിനെ കൊളോണിയലിസ്റ്റ് രാജ്യമെന്നും അവിടത്തെ ജനങ്ങളെ കാപട്യക്കാരെന്നും വിളിച്ച വൈസ് പ്രസിഡന്റ് വിക്ടോറിയ വിയ്യാറുവലിന്റെ നടപടിയിൽ ഫ്രാൻസിനോട് ക്ഷമാപണം നടത്തി അർജന്റീന. കോപ്പ അമേരിക്ക കിരീടം നേടിയ ശേഷം ടീമിന്റെ വിജയാഘോഷത്തിനിടെ കിലിയൻ എംബാപ്പെയേയും ഫ്രാൻസ് ദേശീയ ടീമിനെയും അർജന്റീന താരങ്ങൾ വംശീയമായി അധിക്ഷേപിച്ചത് സംബന്ധിച്ചായിരുന്നു വിവാദം. അർജന്റീന താരം എൻസോ ഫെർണാണ്ടസ് സാമൂഹികമാധ്യമത്തിൽ പങ്കുവെച്ച വീഡിയോയിലുള്ള ചാറ്റിലായിരുന്നു എംബാപ്പെയ്ക്കും ടീമിലെ മറ്റ് ആഫ്രിക്കൻ വംശജർക്കുമെതിരേ അധിക്ഷേപ പരാമർശം ഉണ്ടായത്. സംഭവം വിവാദമായതിനു പിന്നാലെ എൻസോ ഈ വീഡിയോ പിൻവലിച്ച് മാപ്പ് പറയുകയും ചെയ്തിരുന്നു. പിന്നാലെ ആഗോള ഫുട്ബോൾ സംഘടനയായ ഫിഫ ഈ വിഷയത്തിൽ അന്വേഷണവും പ്രഖ്യാപിച്ചു. അർജന്റീന ഫുട്ബോൾ താരങ്ങൾ ഉൾപ്പെട്ട വംശീയാധിക്ഷേപ വിവാദത്തിൽ എൻസോ ഫെർണാണ്ടസിനെ പിന്തുണച്ച് എക്സിൽ പങ്കുവെച്ച കുറിപ്പിലായിരുന്നു വിക്ടോറിയയുടെ വിവാദ പരാമർശം.
വൈസ് പ്രസിഡന്റിന്റെ നടപടിയിൽ ഫ്രാൻസിനോട് ക്ഷമാപണം നടത്തി അർജന്റീന
