ജയസൂര്യയെ നായകനാക്കി റോജിന് തോമസ് സംവിധാനം ചെയ്യുന്ന ‘കത്തനാര്’ എന്ന ചിത്രത്തില് പ്രശസ്ത തെന്നിന്ത്യന് നായികാതാരം അനുഷ്ക ഷെട്ടി ജോയിന് ചെയ്തു. സെറ്റിലെത്തിയ താരത്തെ ചിത്രത്തിന്റെ അണിയറ പ്രവര്ത്തകര് സ്വീകരിച്ചു. അമാനുഷിക ശക്തികളുണ്ടെന്ന് വിശ്വസിച്ചിരുന്ന കേരളത്തിലെ പുരോഹിതനായ കടമറ്റത്ത് കത്തനാരുടെ കഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ഈ സിനിമ ശ്രീ ഗോകുലം മൂവീസിന്റെ ബാനറില് ഗോകുലം ഗോപാലനാണ് നിര്മ്മിക്കുന്നത്. അനുഷ്ക ഷെട്ടിയുടെ ആദ്യ മലയാള ചിത്രമാണിത്. അരുന്ധതി, ബാഹുബലി, രുദ്രമാദേവി, ഭാഗമതി എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ഒന്നടങ്കം വിസ്മയിപ്പിച്ച അനുഷ്ക ഷെട്ടിയുടെ തികച്ചും വ്യത്യസ്തമായ പ്രകടനമാണ് പ്രേക്ഷകര്ക്കായി കത്തനാരിലൂടെ ഒരുക്കുന്നത്. വെര്ച്വല് പ്രൊഡക്ഷന് സാങ്കേതികവിദ്യ ഉപയോഗിച്ച് ചിത്രീകരിക്കുന്ന ചിത്രത്തിന്റെ രണ്ട് മിനിറ്റ് ദൈര്ഘ്യം വരുന്ന ഗ്ലിംപ്സ് ജയസൂര്യയുടെ പിറന്നാള് ദിനത്തില് പുറത്തുവിട്ടിരുന്നു. വലിയ രീതിയിലുള്ള സ്വീകാര്യതയാണ് വീഡിയോയ്ക്ക് ലഭിച്ചത്. 45000 ചതുരശ്ര അടി വിസ്തീര്ണമുള്ള മോഡുലാര് ഷൂട്ടിംഗ് ഫ്ലോറിലാണ് സിനിമയുടെ പ്രധാന ഭാഗങ്ങള് ചിത്രീകരിക്കുന്നത്. മുപ്പതില് അധികം ഭാഷകളിലായി റിലീസ് ചെയ്യുന്ന ഒരു ബ്രഹ്മാണ്ഡ ചിത്രമാണിത്. രണ്ട് ഭാഗങ്ങളിലായാണ് ചിത്രം എത്തുക. ആദ്യ ഭാഗം ഈ വര്ഷം തന്നെ റിലീസ് ചെയ്യും.
ജയസൂര്യ നായകനായ ‘കത്തനാര്’ ചിത്രത്തില് അനുഷ്ക ഷെട്ടിയും
