ബിബിസി ഡോക്യുമെന്ററി വിവാദത്തിൽ നിലപാടിലുറച്ച് അനിൽ ആന്റ്ണി. തന്നെ വളഞ്ഞിട്ട് ആക്രമിച്ചവർ രാജ്യത്തോട് മാപ്പു പറയേണ്ടി വരുന്ന ഒരു കാലം വരുമെന്ന് അനിൽ ആൻറണി തുറന്നടിച്ചു. വിഘടനവാദികളായ ഒരു മാധ്യമസ്ഥാപനത്തിന്റെ (ബിബിസി) കൂടെ നിന്ന്, ഇന്ത്യയുടെ താൽപര്യത്തിന് എതിരായി പ്രവർത്തിക്കുകയും, രാജ്യത്തെ ദുർബലപ്പെടുത്താൻ ശ്രമിച്ചവരുമാണിവർ. ഇന്ത്യൻ ജനതയോട് ഇന്നലെങ്കിൽ നാളെ ഇവർ മാപ്പ് പറയേണ്ടി വരുമെന്നും അനിൽ പറഞ്ഞു. ബിബിസി വിഷയത്തിൽ തനിക്കെതിരായ നീക്കം ആസൂത്രിതമായിരുന്നു, എന്നാൽ പിന്നിൽ പ്രവർത്തിച്ച വ്യക്തികളുടെ പേര് പറയുന്നില്ല. ഇന്ത്യയെ ദുർബലപ്പെടുത്താനാണ് ബിബിസി ഡോക്യുമെന്ററി വിഷയത്തിൽ തന്നെ എതിർത്തവർ ശ്രമിച്ചത്. കേരളത്തിലുൾപ്പടെ ഉയർന്ന പ്രതികരണം ആസൂത്രിതമാണ്. രമേശ് ചെന്നിത്തലയേയും ഉമ്മൻചാണ്ടിയേയും എതിർത്തവരാണ് തന്നെയും എതിർത്തതെന്നും അനിൽ ആരോപിച്ചു. ഇന്നത്തെ കോൺഗ്രസുമായി സഹകരിക്കാനാവില്ലെന്നും അനിൽ പറഞ്ഞു. ബിജെപിയിൽ ചേരില്ലെന്ന് വ്യക്തമാക്കിയ അനിൽ, അത്തരം പ്രചാരണം അസംബന്ധമാണെന്നും പറഞ്ഞു. ഇന്നത്തെ സാഹചര്യത്തിൽ കോൺഗ്രസിൽ പ്രവർത്തിക്കാൻ ബുദ്ധിമുട്ടാണ്. അത് കൊണ്ട് കോൺഗ്രസിൽ നിന്നും രാജിവെച്ചു. മറ്റൊരു രാഷ്ട്രീയ പാർട്ടിയിൽ ചേരാൻ ഞാനില്ല. ഒരു രാഷ്ട്രീയത്തിലേക്കുമില്ല. പ്രധാനമന്ത്രിമാർ വരും പോകും. പക്ഷേ രാജ്യം ശാശ്വതമാണ്. രാജ്യതാൽപര്യത്തിന് മുകളിൽ മറ്റൊരു രാഷ്ട്രീയമില്ല. രാജ്യതാൽപ്പര്യമാണ് വലുത്. രാജ്യതാല്പര്യത്തിനായി പ്രധാനമന്ത്രി ഉൾപ്പടെ ആരുമായും നിൽക്കാൻ തയ്യാറാണ്.
ബിബിസി ഡോക്യുമെന്ററി വിവാദത്തിൽ നിലപാടിലുറച്ച് അനിൽ ആൻറണി
