നിവിന്‍ പോളി-മമിത ബൈജു-ഗിരീഷ് എഡി കൂട്ടുകെട്ടിലിറങ്ങിയ ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ 100 കോടി ക്ലബ്ബിലെത്തി. പൃഥ്വിരാജ് ചിത്രം ഖലീഫയായിരുന്നു ഒപ്പമിറങ്ങിയത്. ഖലീഫയെ പിന്നിലാക്കി ഓണം വിന്നറായ നിവിന്‍ പോളി ചിത്രം കുതിച്ച് കയറുകയാണ്. റിലീസ് ചെയ്ത് ആറ് ദിവസം പിന്നിട്ടപ്പോഴാണ് ബെത്ലഹേം കുടുംബ യൂണിറ്റ് 100 കോടി പിന്നിടുന്നത്. ആഗോളതലത്തില്‍ ഇതുവരെ ചിത്രം നേടിയത് 110.73 കോടി രൂപയാണ്. നിവിന്‍ പോളിയുടെ രണ്ടാമത്തെ നൂറ് കോടി ചിത്രമാണിത്. പോയ വര്‍ഷം പുറത്തിറങ്ങിയ സര്‍വ്വം മായയായിരുന്നു ആദ്യം നൂറ് കോടി ക്ലബ്ബില്‍ ഇടം നേടിയ നിവിന്‍ പോളി ചിത്രം. അതേസമയം ചിത്രത്തിലെ നായികയായ മമിത ബൈജുവിന്റെ അഞ്ചാമത്തെ നൂറ് കോടി ചിത്രമാണ് ബെത്ലഹേം കുടുംബ യൂണിറ്റ്. സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ഷമീര്‍ ഖാന്‍, ശ്രിന്ദ, പാര്‍വ്വതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രന്‍, ബിന്ദു പണിക്കര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.
