വേയ്സ്റ്റ് പ്ലാസ്റ്റിക് കുപ്പികള്‍കൊണ്ട് കരകൗശല വസ്തുക്കള്‍ തയാറാക്കുന്നതു നാം കണ്ടിട്ടുണ്ട്. എന്നാല്‍ പ്ലാസ്റ്റിക് കുപ്പികള്‍കൊണ്ട് ഒരു ഫ്ളോട്ടിംഗ് ദ്വീപു നിര്‍മിച്ച് ലോകത്തെ വിസ്മയിപ്പിച്ചിരിക്കുകയാണ് മെക്സിക്കോ സ്വദേശിയായ റിച്ചാര്‍ഡ് സോവ. ഉപയോഗശൂന്യമായ ഒന്നര ലക്ഷം പ്ലാസ്റ്റിക് കുപ്പികള്‍ ഉപയോഗിച്ചാണ് ദ്വീപു നിര്‍മിച്ചത്. വെറും ദ്വീപു മാത്രമല്ല, ദ്വീപില്‍ ഒരു വീടും പൂന്തോട്ടവുമുണ്ട്. ആറര വര്‍ഷം മുമ്പണ് കുപ്പികള്‍കൊണ്ട് ഫ്ളോട്ടിംഗ് ചങ്ങാടമാണ് ആദ്യം നിര്‍മിച്ചത്. പിറകേയാണ് അതിനു മുകളില്‍ അല്പം മണ്ണും മണലും വിതറി ചെടികളും മരങ്ങളും വച്ചുപിടിപ്പിച്ചത്. ചുറ്റും കണ്ടല്‍ മരങ്ങളും വച്ചുപിടിപ്പിച്ചിട്ടുണ്ട്. ഇങ്ങനെയൊരു ദ്വീപില്‍ ചെറിയൊരു വീടും നിര്‍മിച്ചു. വീട്ടിലേക്ക് ആവശ്യമായ വെളിച്ചം പകരുന്നത് മേല്‍ക്കൂരയിലെ സോളാര്‍ പാനലില്‍നിന്നുള്ള ഊര്‍ജം ഉപയോഗിച്ചാണ്. ഇഞ്ചിയും പച്ചക്കറികളും ഈ ദ്വീപില്‍ നട്ടുവളര്‍ത്തുന്നുണ്ട്. കണ്ടല്‍ മരങ്ങള്‍ അടക്കമുള്ളവയുടെ വേരുകള്‍ വെള്ളത്തിനടിയിലേക്കു പടര്‍ന്ന് ചെളിമണ്ണില്‍ വേരുറച്ച നിലയിലാണ്. മാരിടൈം അതോറിറ്റി ഇതിനെ ഒരു എക്കോളജിക്കല്‍ ബോട്ടായി അംഗീകരിച്ചിട്ടുണ്ടെന്ന് റിച്ചാര്‍ഡ് പറഞ്ഞു. കരയില്‍നിന്ന് ദ്വീപിലേക്കു സഞ്ചരിക്കാന്‍ പ്ലാസ്റ്റിക് കുപ്പികള്കൊണ്ടു നിര്‍മ്മിച്ച ചെറിയൊരു ബോട്ടും ഇവിടെ ഉണ്ട്.
കുപ്പികള്‍കൊണ്ടൊരു ദ്വീപ്
