ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ സമ്പൂര്‍ണമായി റീബ്രാന്‍ഡ് ചെയ്തു. നിറവും ലോഗോയും യൂണിഫോമും ഉള്‍പ്പടെ മാറും. ചുവപ്പ്, സ്വര്‍ണം, പര്‍പ്പിള്‍ നിറങ്ങള്‍ ഉള്‍ക്കൊള്ളിച്ച് പുതിയ ലോഗോ പുറത്തിറക്കി. എയര്‍ക്രാഫ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് പുതിയ യൂണിഫോമും കൊണ്ടുവന്നിട്ടുണ്ട്. ‘ദ വിസ്ത’ എന്ന് പേരിട്ട ലോഗോ അനന്ത സാധ്യതകളെയാണ് സൂചിപ്പിക്കുന്നതെന്ന് ടാറ്റ സണ്‍സ് ചെയര്മാന് എന്‍. ചന്ദ്രശേഖരന് പറഞ്ഞു. വിമാനങ്ങളിലെ നിറങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്. ഡിസംബര്‍ മുതലാവും പുതിയ ലുക്കില്‍ വിമാനങ്ങള്‍ സര്‍വീസ് തുടങ്ങുക. എയര്‍ ഇന്ത്യയുടെ എ350 വിമാനങ്ങളിലാണ് പുതിയ ലോഗോ ആദ്യം അവതരിപ്പിക്കുക. സ്വര്‍ണ നിറത്തിലുള്ള ഫ്രെയിമിനകത്താണ് എയര്‍ ഇന്ത്യ എന്ന് ചുവന്ന, ബോള്‍ഡ് അക്ഷരങ്ങളില്‍ എഴുതിയിരിക്കുന്നത്. പുതിയ ഡിസൈനില്‍ എയര്‍ ഇന്ത്യയുടെ ഐതിഹാസിക ചിഹ്നമായ മഹാരാജയെ ഒഴിവാക്കിയിട്ടില്ലെന്നും കമ്പനി അറിയിച്ചു. എന്നാല്‍ മഹാരാജയെയും ചില മാറ്റങ്ങളോടെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അടുത്ത 9 മുതല്‍ 12 വരെ മാസത്തില്‍ ഏറ്റവും മികച്ച സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്താനാണ് എയര്‍ ഇന്ത്യ ലക്ഷ്യമിടുന്നതെന്നും ഇന്ത്യയിലും വിദേശത്തും മികച്ച സേവനങ്ങള്‍ നല്‍കുമെന്നും കമ്പനി അറിയിച്ചു. ജൂണില്‍, 7000 കോടി ഡോളര്‍ ചെലവഴിച്ച്, 470 പുതിയ വിമാനങ്ങള്‍ വാങ്ങാനുള്ള കരാറില്‍ എയര്‍ബസുമായും ബോയിങ്ങുമായും എയര്‍ ഇന്ത്യ ഒപ്പുവെച്ചിരുന്നു. നവംബറില്‍ ഈ വിമാനങ്ങള്‍ ഏറ്റുവാങ്ങും. 43 വൈഡ് ബോഡി വിമാനങ്ങളുടെ ഇന്റീരിയര്‍ പൂര്‍ണ്ണമായും നവീകരിക്കാനുള്ള പദ്ധതിയും എയര്‍ ഇന്ത്യ ആവിഷ്കരിച്ചിട്ടുണ്ട്. 400 ദശലക്ഷം ഡോളറാണ് ഇതിനായി ചെലവഴിക്കുക.
നിറവും ലോഗോയും യൂണിഫോമും റീബ്രാന്‍ഡ് ചെയ്ത് എയര്‍ ഇന്ത്യ!
