പ്രമുഖ അമ്യൂസ്മെന്റ് പാര്‍ക്ക് കമ്പനിയായ വണ്ടര്‍ല ഹോളിഡേയ്സ് നടപ്പു സാമ്പത്തിക വര്‍ഷം (2023-24) ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ 37.35 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. മുന്‍ സാമ്പത്തിക വര്‍ഷത്തിലെ സമാനപാദത്തിലെ 38.90 കോടി രൂപയേക്കാള്‍ 4 ശതമാനം കുറവാണിത്. അതേ സമയം ഇക്കഴിഞ്ഞ ജൂലൈ-സെപ്റ്റബറിലെ 13.52 കോടി രൂപയുമായി നോക്കുമ്പോള്‍ 176 ശതമാനത്തിലധികം വര്‍ധനയുണ്ട്. മൊത്ത വരുമാനം കഴിഞ്ഞ ഡിസംബര്‍ പാദത്തിലെ 117.75 കോടി രൂപയില്‍ നിന്ന് 11 ശതമാനം വര്‍ധിച്ച് 129.52 കോടിയായി. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ പാദത്തിലിത് 81.40 കോടി രൂപയായിരുന്നു. കഴിഞ്ഞ മൂന്നു മാസത്തിനിടെ ഓഹരിയുടെ നഷ്ടം 1.75 ശതമാനമാനമാണ്. അതേ സമയം ഒരു വര്‍ഷക്കാലയളവില്‍ നിക്ഷേപകര്‍ക്ക് 113 ശതമാനത്തിലധികം നേട്ടവും ഓഹരി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ പാദത്തില്‍ 9.45 ലക്ഷം പേരാണ് വണ്ടര്‍ലാ ഹോളിഡേയ്സിന്റെ വിവിധ പാര്‍ക്കുകള്‍ സന്ദര്‍ശിച്ചത്. ബാംഗളൂര്‍ പാര്‍ക്കില്‍ 3.52 ലക്ഷം പേരും കൊച്ചി പാര്‍ക്കില്‍ 2.97 ലക്ഷവും ഹൈദരാബാദ് പാര്‍ക്കില്‍ 2.96 ലക്ഷം പേരും സന്ദര്‍ശകരായെത്തി. ഒഡീഷയിലെ ഭുവനേശ്വറില്‍ ഒരുങ്ങുന്ന അമ്യൂസ്മെന്റ് പാര്‍ക്ക് അടുത്ത വേനലവധിക്കാലത്തോടെ തുറക്കാനായേക്കും. ചെന്നൈയിലെ പാര്‍ക്കിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളും നടന്നു വരികയാണ്. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ പ്രവര്‍ത്തന സജ്ജമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.