◾ഇന്നു റിപ്പബ്ലിക് ദിനം. എല്ലാവര്ക്കും ഡെയ്ലി ന്യൂസിന്റെ റിപ്പബ്ലിക് ദിനാശംസകള്‍.
◾മുന്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, നര്‍ത്തകിയും നടിയുമായ വൈജയന്തിമാല ബാലി, നര്‍ത്തകി പത്മ സുബ്രഹ്മണ്യം, തെലുങ്കു നടന് ചിരഞ്ജീവി, അന്തരിച്ച സാമൂഹ്യ പ്രവര്ത്തകന് ബിന്ദേശ്വര്‍ പാഠക് എന്നിവര്‍ക്കു പത്മവിഭൂഷണ്‍. മലയാളികളായ സുപ്രീം കോടതി മുന്‍ ജഡ്ജി എം. ഫാത്തിമാ ബീവി (മരണാനന്തരം), ബിജെപി നേതാവ് ഒ. രാജഗോപാല്‍, ഗായിക ഉഷ ഉതുപ്പ് എന്നിവരടക്കം 17 പേര്‍ക്കു പത്മഭൂഷണ്‍. കഥകളി ആചാര്യന് സദനം ബാലകൃഷ്ണന്, തെയ്യം കലാകാരന് ഇ.പി. നാരായണന്, കാസര്‍കോട്ടെ നെല്കര്ഷകന് സത്യനാരായണ ബലേരി, പി. ചിത്രന് നമ്പൂതിരിപ്പാട് (മരണാനന്തരം), മുനി നാരായണപ്രസാദ് എന്നീ മലയാളികള്‍ അടക്കം 110 പേര്‍ക്കു പത്മശ്രീ പുരസ്കാരം.
◾
◾മസാലബോണ്ട് കേസില്‍ എന്‍ഫോഴ്സ്മെന്റിന്റെ സമന്‍സിന് കിഫ്ബി മറുപടി നല്‍കണമെന്നു ഹൈക്കോടതി. അന്വേഷണം തടയില്ല. സമന്‍സിനെ ഭയക്കുന്നതെന്തിനാണ്. സമന്‍സ് ചോദ്യം ചെയ്ത് കിഫ്ബി സിഇഒ കെ.എം എബ്രഹാം നല്കിയ ഹര്‍ജി പരിഗണിച്ചപ്പോഴാണ് കോടതി ഇങ്ങനെ പ്രതികരിച്ചത്.
*മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലിനോടൊപ്പം തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്സില്‍ സ്പെഷ്യല്‍ ന്യൂ ഇയര്‍ കളക്ഷനും*
മലയാളികളുടെ വിവാഹ സങ്കല്പങ്ങള്ക്ക് നിറച്ചാര്‍ത്തേകിയ തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്സില്‍ ഇനി മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലിനോടൊപ്പം 299 രൂപ മുതലുള്ള സ്പെഷ്യല്‍ ന്യൂ ഇയര്‍
കളക്ഷനും. വിവാഹ പര്‍ച്ചേസുകള്‍ക്ക് 10 ശതമാനം വരെ പ്രത്യേക ഡിസ്കൗണ്ട്. പുളിമൂട്ടില്‍ സില്‍ക്സിന്റെ തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലനോടനുബന്ധിച്ച് ഈ ഓഫറുകള്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com
◾മസാലാ ബോണ്ട് ഇടപാടുകളില്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ ധനമന്ത്രി തോമസ് ഐസക്കും നടത്തിയ നടപടികളില്‍ അടിമുടി അഴിമതിയാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 9.72 ശതമാനം പലിശയ്ക്കു കിഫ്ബി സമാഹരിച്ച 2150 കോടി രൂപ കേരളത്തിലെ പുതുതലമുറ ബാങ്കുകളില്‍ നിക്ഷേപിച്ചതു വളരെ കുറഞ്ഞ പലിശയ്ക്കാണ്. പിണറായി വിജയന്റെ പഴയ ലാവ്ലിന് കമ്പനിയുടെ ഓഹരിയുടമകളായ സി.ഡി.പി.ക്യൂ എന്ന കനേഡിയന്‍ കമ്പനിയാണ് മസാലാ ബോണ്ടുകള്‍ വാങ്ങിയത്. പിണറായി വിജയന് ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ പോയി മണി അടിച്ച് മസാലാ ബോണ്ട് പുറത്തിറക്കിയത് 2019 മെയ് 17 നാണ്. എന്നാല്‍ അതിനെല്ലാം മുന്‍പ് 2019 മാര്‍ച്ച് മാസത്തില്‍ കനേഡിയന്‍ കമ്പനിയുമായി ഇടപാടു നടത്തി പണം കൈപ്പറ്റിയിരുന്നു. രമേശ് ചെന്നിത്തല പറഞ്ഞു.
◾രാഷ്ട്രപതിയുടെ പരം വിശിഷ്ട സേവാ മെഡല്‍ ആറു മലയാളികള്‍ക്ക്. ലഫ് ജനറല്‍ പി.ജി കെ മേനോന്, ലഫ് ജനറല്‍ അരുണ്‍ അനന്ത നാരായണന്, ലഫ് ജനറല്‍ അജിത് നീലകണ്ഠന്, ലഫ് ജനറല്‍ മാധവന് ഉണ്ണികൃഷ്ണന്, ലഫ് ജനറല്‍ ജോണ്സണ് പി മാത്യു, ലെഫ് ജന. ഉണ്ണികൃഷണന് നായര്‍ എന്നിവര്‍ക്കാണ് പരം വിശിഷ്ട സേവാ മെഡല്‍.
◾
◾റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി രാവിലെ എട്ടരയ്ക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ദേശീയപതാക ഉയര്‍ത്തും. വിവിധ സേനാ വിഭാഗങ്ങളുടെയും അശ്വാരുഢ സേന, എന്‍സിസി, സ്കൗട്സ്, ഗൈഡ്സ്, സ്റ്റുഡന്‍സ് പൊലീസ് കേഡറ്റുകള്‍ തുടങ്ങിയവയുടെയും അഭിവാദ്യം ഗവര്‍ണര്‍ സ്വീകരിക്കും. റിപ്പബ്ലിക് ദിന സന്ദേശം നല്‍കുകയും ചെയ്യും.
*തിളങ്ങട്ടെ ജീവിതം ഡയമണ്ട് പോലെ : KSFE ഡയമണ്ട് ചിട്ടികള്‍ 2.0*
ചിട്ടിയില്‍ ചേരുന്ന 30 പേരില്‍ ഒരാള്‍ക്ക് സമ്മാനം ഉറപ്പ്. ഒരു കോടി രൂപയുടെ വജ്രാഭരണങ്ങള്‍ ഉള്‍പ്പെടെ 4 കോടി രൂപയുടെ സമ്മാനങ്ങള്‍. ശാഖാതലത്തിലും മേഖലാതലത്തിലും സംസ്ഥാന തലത്തിലും ഡയമണ്ട് ആഭരണങ്ങള്‍ ഉള്‍പ്പെടെ നിരവധി സമ്മാനങ്ങള്‍ ഉറപ്പ്. ഈ പദ്ധതി 2024 ജനുവരി 31 വരെ മാത്രം.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487-2332255 ,
ടോള്‍ ഫ്രീ ഹെല്പ് ലൈന്‍ : 18004253455, *www.ksfe.com*
◾രാജ്യത്തെ മതനിരപേക്ഷ റിപ്പബ്ലിക്കായി നിലനിര്‍ത്താനുള്ള പ്രതിജ്ഞ ഓരോ പൗരനും ആവര്‍ത്തിച്ച് ഉറപ്പിക്കേണ്ട സന്ദര്‍ഭമാണ് ഈ റിപ്പബ്ലിക് ദിനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സ്വാതന്ത്ര്യം, ജനാധിപത്യം, മതനിരപേക്ഷത, സോഷ്യലിസ്റ്റ് സങ്കല്പം, രാഷ്ട്ര പരമാധികാരം എന്നീ മഹനീയമായ മൂല്യങ്ങളാണ് നമ്മുടെ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്നതെന്നും അദ്ദേഹം ചൂണ്ടികാട്ടി.
◾പുറത്താക്കാതിരിക്കാന്‍ ഗവര്‍ണര്‍ നല്കിയ കാരണം കാണിക്കല്‍ നോട്ടീസിനു മറുപടി നല്കാന് സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ക്ക് ഹൈക്കോടതി കൂടുതല്‍ സമയം നല്കി. ഹര്‍ജിക്കാര്‍ ഉന്നയിച്ച കാര്യങ്ങള്‍ ചാന്‍സലര്‍ പരിഗണിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ആറ് ആഴ്ചക്കുള്ളില്‍ ഗവര്‍ണര്‍ തീരുമാനമെടുക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
◾
◾നിക്ഷേപത്തട്ടിപ്പു കേസിലെ പ്രതികളായ ‘ഹൈറിച്ച്’ കമ്പനി ഉടമകളുടെ 212 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് കണ്ടുകെട്ടി. നൂറു കോടിയിലധികം രൂപയുടെ കളളപ്പണ ഇടപാട് നടത്തിയെന്നാണ് ഹൈറിച്ച് ഉടമകള്‍ക്കെതിരായ ഇഡി കേസ്. സ്ഥാപന ഉടമ പ്രതാപനും ഭാര്യയും ഒളിവിലാണ്. മണിചെയിന്‍ മാതൃകയിലായിരുന്നു സാമ്പത്തിക തട്ടിപ്പ്. കഴിഞ്ഞ ദിവസം ഇവരുടെ വീട്ടിലും സ്ഥാപനങ്ങളിലും എന്റഫോഴ്സ്മെന്റ് പരിശോധന നടത്തിയിരുന്നു.
◾ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് പോളിസി ഉടമകള്‍ക്ക് പണരഹിത ചികില്‍സയ്ക്കായി ഏത് ആശുപത്രിയിലും പോകാമെന്ന് ജനറല്‍ ഇന്‍ഷ്വറന്‍സ് കൗണ്‍സില്‍. ഇന്‍ഷ്വറന്‍സ് കമ്പനിയുടെ ആശുപത്രി പട്ടികയില്‍ ഇല്ലാത്ത ആശുപത്രിയിലും ചികില്‍സ തേടാവുന്നതാണ്. ജിഐസി നിര്‍ദേശിച്ചു.
◾കേരളീയം പരിപാടിക്ക് പത്തു കോടി രൂപ കൂടി ധനവകുപ്പ് അനുവദിച്ചു. ടൂറിസം വകുപ്പിന്റെ അപേക്ഷ പരിഗണിച്ചാണ് ട്രഷറി നിയന്ത്രണത്തില്‍ ഇളവു വരുത്തി തുക നല്‍കിയത്. നേരത്തെ 27 കോടി രൂപ നല്‍കിയിരുന്നു. സ്പോണ്‍സര്‍മാര്‍ എത്ര തുക നല്കിയെന്നു ഇതുവരെ സര്‍ക്കാര്‍ വെളിപ്പെടുത്തിയിട്ടില്ല.
◾സംസ്ഥാന സര്‍ക്കാരിന്റെ അന്താരാഷ്ട്ര കായിക ഉച്ചകോടിയില്‍ കേരളത്തിലെ സ്പോര്‍ട്സ് രംഗത്തേക്ക് 4500 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനമുണ്ടെന്ന് മന്ത്രി വി. അബ്ദുറഹമാന്. കൊച്ചിയില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം ഉള്‍പ്പെടെയുള്ള സ്പോര്‍ട്സ് സിറ്റി പദ്ധതിക്കും കോഴിക്കോട്, തൃശൂര്‍, പത്തനംതിട്ട ജില്ലകളിലെ പദ്ധതികള്‍ക്കുമായി കേരള ക്രിക്കറ്റ് അസോസിയേഷന് 1200 കോടി രൂപ നിക്ഷേപിക്കും. കേരള ഫുട്ബോള്‍ അസോസിയേഷന് എട്ട് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുട്ബോള്‍ സ്റ്റേഡിയങ്ങളും നാല് ഫുട്ബോള്‍ അക്കാഡമികളും സ്ഥാപിക്കാന്‍ മീരാന്‍ ഗ്രൂപ്പും സ്കോര്‍ലൈന്‍ സ്പോര്‍ട്സും ചേര്‍ന്ന് 800 കോടി രൂപ നിക്ഷേപിക്കും. കൊച്ചിയില്‍ 650 കോടി രൂപ ചെലവില്‍ കായിക സമുച്ചയമായ ലോഡ്സ് സ്പോര്‍ട്സ് സിറ്റിയും നിര്‍മിക്കും.
◾സ്തുത്യര്‍ഹ സേവനത്തിന് രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ നേടിയ കൊടുങ്ങല്ലൂര്‍ ഡി വൈ എസ് പി സലീഷ് എന്‍ ശങ്കരന് നടന്‍കൂടിയാണ്. അയ്യപ്പനും കോശിയും എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രം അഭിനയിച്ചിട്ടുണ്ട്. 1998 ലാണ് സലീഷ് കെ എ പി രണ്ടാം ബറ്റാലിയനില്‍ പൊലീസ് കോണ്‍സ്റ്റബിളായി ചേര്‍ന്നത്.
◾ഹജ്ജ് തീര്‍ത്ഥാടനത്തിന് കോഴിക്കോടുനിന്നുള്ള വിമാന നിരക്ക് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഹജ്ജ് വകുപ്പ് മന്ത്രി വി അബ്ദുറഹിമാന് കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്കും കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി ഇറാനിക്കും കത്തെഴുതി. കോഴിക്കോടുനിന്ന് 1.60 ലക്ഷം രൂപയാണ് ടിക്കറ്റ് നിരക്ക്. കണ്ണൂരില്‍ നിന്നും കൊച്ചിയില്‍ നിന്നും 75,000 രൂപയാണ് നിരക്ക്.
◾ശബരിമല തീര്‍ത്ഥാടകര്‍ക്കു സൗജന്യ യാത്രാ സൗകര്യം നല്കാന് നിലയ്ക്കല്‍ – പമ്പ റൂട്ടില്‍ 20 ബസ് സര്‍വീസ് നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത് സുപ്രീം കോടതിയില്‍. സംസ്ഥാന സര്‍ക്കാരിനു കോടതി നോട്ടീസയച്ചു.
◾കൊല്ലം വിളക്കുടി പഞ്ചായത്തില്‍ കോണ്‍ഗ്രസ് വിമതയെ പ്രസിഡന്റാക്കി എല്‍ഡിഎഫ് ഭരണം പിടിച്ചു. കോണ്‍ഗ്രസ് അംഗം ശ്രീകലയെ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുത്തു. 20 ല്‍ 10 വോട്ടാണ് ശ്രീകല നേടിയത്.
◾പുല്‍പ്പള്ളിയില്‍ കൃഷിയിടത്തിലെ വൈദ്യുതി വേലിയില്‍ നിന്നും ഷോക്കേറ്റ് ഭാര്യയും ഭര്‍ത്താവും മരിച്ചു. കാപ്പിസെറ്റ് ചെത്തിമറ്റം പുത്തന്‍ പുരയില്‍ ശിവദാസ് (62), ഭാര്യ സരസു (62) എന്നിവരാണ് മരിച്ചത്.
◾സുല്‍ത്താന്‍ബത്തേരി- ഗൂഡല്ലൂര്‍ അന്തര്‍സംസ്ഥാന പാതയില്‍ നെല്ലങ്കോട്ട ടൗണില്‍ കാട്ടാന ഇറങ്ങി. രാവിലെ പത്തോടെയായിരുന്നു ടൗണില്‍ കാട്ടാന വിളയാടിയത്. നിരവധി വാഹനങ്ങളെയും യാത്രക്കാരെയും ആക്രമിച്ചെങ്കിലും ആര്‍ക്കും പരിക്കില്ല.
◾അയോധ്യയിലെ രാമക്ഷേത്രം സാക്ഷാത്കരിച്ചതടക്കം മോദി സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ നിരത്തി രാഷ്ട്രപതിയുടെ റിപ്പബ്ലിക് ദിന സന്ദേശം. വനിത ശാക്ദതീകരണ ബില്‍, ചന്ദ്രയാന്‍ ദൗത്യം തുടങ്ങിയ നേട്ടങ്ങളും സന്ദേശത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങവേ, രാമക്ഷേത്രം ഇന്ത്യന്‍ ചരിത്രത്തിലെ നിര്‍ണായക ഏടായി ചരിത്രകാരന്മാര് രേഖപ്പെടുത്തുമെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മ്മു പറഞ്ഞു. 75 ാം റിപ്പബ്ലിക് ദിനം രാജ്യത്തിന് അഭിമാന മുഹൂര്‍ത്തമാണെന്നും രാജ്യം പുരോഗതിയുടെ പാതയിലാണെന്നും രാഷ്ട്രപതി പറഞ്ഞു.
◾രാജ്യത്തിന്റെ 75 ാം റിപ്പബ്ളിക് ദിനാഘോഷ പരിപാടിയില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ മുഖ്യാതിഥിയാകും. ഇന്നലെ ജയ്പൂരില്‍ എത്തിയ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിയുമൊത്ത് ജയ്പൂരില്‍ റോഡ് ഷോ നടത്തി.
◾രാഷ്ട്രപതിയുടെ സേനാ മെഡലുകള്‍ 80 പേര്‍ക്ക്. മൂന്ന് കീര്‍ത്തി ചക്ര ഉള്‍പ്പെടെ 12 സേന മെഡലുകള്‍ മരണാനന്തര ബഹുമതിയാണ്. ക്യാപ്റ്റന്‍ അനുഷ്മാന്‍ സിങ്ങ്, ഹവീല്‍ദാര്‍ അബ്ദുള്‍ മജീദ്, ശിപോയി പവന് കുമാര്‍ എന്നിവര്‍ക്ക് കീര്‍ത്തിചക്ര മരണാനന്തര ബഹുമതിയായാണ് നല്‍കുക. ആകെ ആറ് കീര്‍ത്തി ചക്ര, 16 ശൗര്യ ചക്ര, 53 സേന മെഡലുകള്‍ എന്നിവയാണ് പ്രഖ്യാപിച്ചത്. ഒരു നാവിക സേന മെഡലും നാലു വ്യോമസേന മെഡലുകളും പ്രഖ്യാപിച്ചിട്ടുണ്ട്. 311 വിശിഷ്ട സേവാ മെഡലുകളും പ്രഖ്യാപിച്ചു.
◾ജ്ഞാന്‍വാപി മസ്ജിദില്‍ പഴയ കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ ശിലാലിഖിതങ്ങളുണ്ടെന്നും ക്ഷേത്രത്തിന്റെ തൂണുകള്‍ രൂപമാറ്റം വരുത്തിയതാണെന്നും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ റിപ്പോര്‍ട്ടിലുണ്ടെന്ന് കേസിലെ ഹൈന്ദവ വിഭാഗത്തിന്റെ അഭിഭാഷകന്. ക്ഷേത്രത്തിന്റെ 32 ശില ലിഖിതങ്ങള്‍ കണ്ടെത്തിയെന്നാണു അഭിഭാഷകനായ വിഷ്ണു ശങ്കര്‍ ജെയ്ന്‍ അവകാശപ്പെട്ടത്.
◾സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരും എടുക്കുന്ന കേസുകളില്‍ നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് സുപ്രീം കോടതി. പ്രതികാര നടപടി ഉണ്ടാകരുത്. കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം. എന്നാല്‍ നിരപരാധികള്‍ വേട്ടയാടപ്പെടരുത്. ഇത്തരം കേസുകളില്‍ രേഖകളും മറ്റും കൈമാറുന്നതു സംബന്ധിച്ച് മാര്‍ഗ്ഗരേഖ പുറത്തിറക്കുമെന്നും സുപ്രീം കോടതി പറഞ്ഞു. തമിഴ്നാട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥനായ അങ്കിത് തിവാരിക്കെതിരായ കൈക്കൂലി കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് നല്കിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.
◾രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര പശ്ചിമ ബംഗാളില്‍. കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്നു പ്രഖ്യാപിച്ചു മാറി നില്ക്കുന്ന മമത ബാനര്‍ജിയെ അനുനയിപ്പിക്കാന്‍ യാത്രക്കിടെ ശ്രമമുണ്ടാകും. മമതയുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തിയേക്കും. ഇതേസമയം, സഖ്യം പിളര്‍ത്തുന്ന മമത ബിജെപിയില്‍ ചേരട്ടെയെന്ന് സിപിഎം വിമര്‍ശിച്ചു.
◾കര്‍ണാടക മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടര്‍ കോണ്‍ഗ്രസില്‍നിന്ന് രാജിവച്ച് ബിജെപിയില്‍ തിരിച്ചെത്തി. കഴിഞ്ഞ വര്‍ഷം നടന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പാണ് ഷെട്ടാര്‍ ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഒരു വര്‍ഷമാകുംമുന്‍പ് ബിജെപിയില്‍ തിരിച്ചെത്തി.
◾ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ബിജെപി നയിക്കുന്ന എന്‍ഡിഎ മുന്നണിയിലേക്ക് മടങ്ങിയേക്കുമെന്ന് അഭ്യൂഹം. ബി ജെ പി നേതാക്കളുമായി ചര്‍ച്ച തുടങ്ങിയെന്നാണു റിപ്പോര്‍ട്ട്. ഒരാഴ്ചക്കകം തീരുമാനം ഉണ്ടാകുമെന്നുമാണ് ജെ ഡി യു വൃത്തങ്ങള്‍ പറയുന്നത്.
◾ബിഹാറില്‍ എന്‍ഡിഎ പക്ഷത്തേക്കു മറുകണ്ടം ചാടുന്ന മുഖ്യമന്ത്രി നിതീഷ്കുമാറിനേയും അദ്ദേഹം നയിക്കുന്ന ജെഡിയു പാര്‍ട്ടിയേയും ഒഴിവാക്കി മുഖ്യമന്ത്രിക്കസേര പിടിക്കാന്‍ ആര്‍ജെഡി ചരടുവലികള്‍ ആരംഭിച്ചു. ജെഡിയു എംഎല്‍എമാരോടു തലസ്ഥാനമായ പാറ്റ്നയിലേക്ക് എത്താന്‍ നിതീഷ്കുമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
◾ഗായികയും സംഗീത സംവിധായകയുമായ ഭവതാരിണി ഇളയരാജ ശ്രീലങ്കയില്‍ അന്തരിച്ചു. 47 വയസായിരുന്നു. സംഗീത സംവിധായകന് ഇളയരാജയുടെ മകളാണ്. അര്‍ബുദബാധിതയായിരുന്ന ഭവതാരിണി ആയുര്‍വേദ ചികിത്സയ്ക്കയാണ് ശ്രീലങ്കയില്‍ പോയത്. മൃതദേഹം ഇന്നു വൈകിട്ട് ചെന്നൈയില്‍ എത്തിക്കും.
◾രക്താര്‍ബുദം മാറ്റാന്‍ ഗംഗാനദിയില്‍ ദീര്‍ഘനേരം മുക്കിപ്പിടിച്ച അഞ്ചു വയസുകാരന് മരിച്ചു. സംഭവത്തില്‍ മാതാപിതാക്കള്‍ക്കെതിരേ പോലീസ് കേസെടുത്തു. ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ നടന്ന സംഭവത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി.
◾ഓസ്ട്രേലിയയില്‍ കടലില്‍ മുങ്ങി നാല് ഇന്ത്യക്കാര്‍ മരിച്ചു. ഓസ്ട്രേലിയയിലെ തെക്കു കിഴക്കന്‍ നഗരമായ വിക്ടോറിയയിലെ ഫിലിപ്പ് ഐലന്റ് ബീച്ചിലാണ് മൂന്നു സ്ത്രീകളും ഒരു പുരുഷനും മരിച്ചത്.
◾ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യയുടെ ഒന്നാമിന്നിംഗ്സ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സെന്ന നിലയില്‍. 76 റണ്‍സെടുത്ത യശസ്വി ജയ്സ്വാളും 14 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലുമാണ് ക്രീസില്‍. 24 റണ്‍സെടുത്ത രോഹിത് ശര്‍മയുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിംഗ്സ് 246 ന് അവസാനിച്ചിരുന്നു. 70 റണ്‍സെടുത്ത ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സിന്റെ ഇന്നിംഗ്സാണ് ഇംഗ്ണ്ടിനെ അല്പമെങ്കിലും മാന്യമായ സ്കോര്‍ നേടാന്‍ സഹായിച്ചത്.
◾കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച ക്രിക്കറ്റ് താരത്തിനുള്ള ഐസിസി പുരസ്കാരമായ സര് ഗാരിഫീല്‍ഡ് സോബേഴ്സ് ട്രോഫി 2023 ലെ ഏകദിന ലോകകപ്പും ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടവും ഓസ്ട്രേലിയക്ക് വേണ്ടി സ്വന്തമാക്കിയ നായകന് പാറ്റ് കമ്മിന്‍സിന്. അതേസമയം ഐസിസിയുടെ മികച്ച ഏകദിന ക്രിക്കറ്റര്‍ക്കുള്ള പുരസ്കാരം ഇന്ത്യന്‍ താരം വിരാട് കോലിക്കാണ്. മികച്ച ടെസ്റ്റ് താരമായി തിരഞ്ഞെടുത്തത് ഓസ്ട്രേലിയയുടെ ഉസ്മാന് ഖവാജയെയാണ്.
◾ബൈജൂസിന്റെ ഉപസ്ഥാപനമായ ആകാശ് എഡ്യൂക്കേഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നിയന്ത്രണം മണിപ്പാല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് മെഡിക്കല്‍ ഗ്രൂപ്പ് ചെയര്മാന് രഞ്ജന്‍ പൈയുടെ കൈകളിലേക്ക്. ആകാശ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 2023ല്‍ പൈ നടത്തിയ 30 കോടി ഡോളറിന്റെ (ഏകദേശം 2,500 കോടി രൂപ) നിക്ഷേപം ഓഹരികളാക്കി മാറ്റാന്‍ ആകാശ് ഡയറക്ടര്‍ ബോര്‍ഡ് അനുമതി നല്‍കിക്കഴിഞ്ഞു. ആകാശ് ഇന്‍സ്റ്റിറ്റ്യൂട്ടിന് 70 കോടി ഡോളര്‍ (ഏകദേശം 5,830 കോടി രൂപ) മൂല്യം വിലയിരുത്തിയാണിത്. ഇതോടെ ആകാശില്‍ 40 ശതമാനം ഓഹരി പങ്കാളിത്തം പൈയ്ക്ക് ലഭിക്കും. ഇതുവഴി ആകാശിലെ ഏറ്റവും വലിയ ഓഹരി ഉടമയായും അദ്ദേഹം മാറും. ഡയറക്ടര്‍ ബോര്‍ഡിലേക്കും ഇതുവഴി പൈ എത്തും. മാത്രമല്ല, ഡയറക്ടര്‍ അദ്ദേഹത്തിന്റെ രണ്ട് നോമിനികളും ഇടംപിടിച്ചേക്കും. ആകാശിന്റെ സമ്പൂര്‍ണ നിയന്ത്രണം തന്നെ ഇതോടെ രഞ്ജന്‍ പൈയുടെ കൈകളിലേക്കെത്തുമെന്നാണ് വിലയിരുത്തലുകള്‍. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബൈജൂസിന് കീഴിലെ ഭേദപ്പെട്ട സാമ്പത്തികനേട്ടം കൈവരിക്കുന്ന ഏക സ്ഥാപനമാണ് ആകാശ് ഇന്‍സ്റ്റിറ്റ്യൂട്ട്. 2021-22ല്‍ ബൈജൂസ് രേഖപ്പെടുത്തിയത് 8,254 കോടി രൂപയുടെ നഷ്ടമായിരുന്നു. അതേവര്‍ഷം ആകാശ് 40 ശതമാനം വളര്‍ച്ചയോടെ 1,491 കോടി രൂപയുടെ വരുമാനം നേടി. ലാഭമാകട്ടെ 82 ശതമാനം കുതിച്ച് 79.5 കോടി രൂപയുമാണ്. ഏക ആശ്വാസമായ ആകാശിലെ നിയന്ത്രണം നഷ്ടപ്പെടുന്നത് ബൈജൂസിന് വലിയ തിരിച്ചടിയായേക്കുമെന്ന വിലയിരുത്തലുകളുണ്ട്. 2021 ഏപ്രിലില്‍ 94 കോടി ഡോളറിനായിരുന്നു (7,915 കോടി രൂപ) ബൈജൂസിന്റെ മാതൃസ്ഥാപനമായ തിങ്ക് ആന്‍ഡ് ലേണ്‍ ആകാശ് ഇന്‍സ്റ്റിറ്റ്യൂട്ടിനെ ഏറ്റെടുത്തത്. ഇതില്‍ നിന്നാണ് ഇപ്പോള്‍ മൂല്യം വെറും 5,830 കോടി ഡോളറിലേക്ക് താഴ്ന്നതെന്ന തിരിച്ചടിയുമുണ്ട്.
◾സുഗീതിന്റെ സംവിധാനത്തില്‍ കുടുംബ പ്രേക്ഷകരുടെ പ്രിയ താരം നരേന് നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘ആത്മ’ എന്നാണ് ചിത്രത്തിന്റെ പേര്. നടന് ജയം രവി തന്റെ സോഷ്യല്‍ മീഡിയയിലൂടെയാണ് ടൈറ്റില്‍ റിലീസ് ചെയ്തത്. അപ്രതീക്ഷിതമായ വഴിത്തിരിവുകളിലൂടെ സഞ്ചരിക്കുകയും പ്രേക്ഷകന് തിയേറ്റര്‍ എക്സ്പീരിയന്‍സ് സമ്മാനിക്കുകയും ചെയ്യുന്ന ത്രില്ലറാണ് ‘ആത്മ’. ഓട്ടിസം ബാധിച്ച ഒരു ചെറുപ്പക്കാരന് പുതുതായി താമസിക്കാന്‍ എത്തിയ വീട്ടിലെ തന്റെ മുറിയില്‍ നിന്നും വ്യത്യസ്തമായ ഒരു സ്ത്രീ ശബ്ദം കേള്‍ക്കാന്‍ തുടങ്ങുന്നതിനെ ചുറ്റിപ്പറ്റിയാണ് ‘ആത്മ’ ചിത്രത്തിന്റെ കഥ ആരംഭിക്കുന്നത്. താന്‍ കേള്‍ക്കുന്ന ശബ്ദങ്ങള്‍ക്കു പിന്നിലെ നിഗൂഢതയുടെ ചുരുളഴിയിക്കാന്‍ അദ്ദേഹം ഒരു അന്വേഷണത്തില്‍ ഏര്‍പ്പെടുമ്പോള്‍, നിരവധി നിഗൂഢ രഹസ്യങ്ങള്‍ വെളിപ്പെടുന്നു. യുഎഇയിലെ കദ്രിസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ നജീബ് കാദിരിയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. പ്രശസ്ത സംവിധായകന് സുശീന്ദ്രനാണ് തമിഴ്നാട്ടില്‍ ചിത്രം റിലീസ് ചെയ്യുന്നത്. രാകേഷ് എന്‍ ശങ്കര്‍ കഥയും തിരക്കഥയും കൈകാര്യം ചെയ്യുന്നു. ദില്ലുക്കു ദുഡ്ഡു 2 എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ മലയാളിയായ ശ്രദ്ധ ശിവദാസാണ് ഈ ചിത്രത്തിലെ നായിക. ബാല ശരവണന്, കാളി വെങ്കട്ട്, കനിക, വിജയ് ജോണി തുടങ്ങി നിരവധി പ്രമുഖ താരങ്ങളും താരനിരയില്‍ ഉള്‍പ്പെടുന്നു. ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത ഫിലിപ്പിനോ താരങ്ങളായ ഷെറിസ് ഷീന്‍ അഗദും ക്രിസ്റ്റീന്‍ പെന്റിസിക്കോയും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു എന്നതാണ്. ദുബായിലാണ് ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ണമായി നടന്നത്.
◾തിയേറ്ററില്‍ ഒന്നിച്ചെത്തിയ ധനുഷ്-ശിവകാര്ത്തികേയന് ചിത്രങ്ങള്‍ ഒ.ടി.ടിയിലും ഏറ്റുമുട്ടാന്‍ ഒരുങ്ങുന്നു. ജനുവരി 12ന് ആയിരുന്നു രണ്ട് സിനിമകളും തിയേറ്ററില്‍ എത്തിയത്. പൊങ്കല്‍ റിലീസ് ആയി എത്തിയ ഇരുചിത്രങ്ങളും തമിഴകത്ത് നേട്ടം കൊയ്തിരുന്നു. ഫെബ്രുവരിയിലാണ് രണ്ട് സിനിമകളും ഒ.ടി.ടിയില്‍ എത്താന്‍ പോകുന്നത്. സണ്‍നെക്സാണ് ശിവകാര്ത്തികേയന് ചിത്രത്തിന്റെ ഒ.ടി.ടി റൈറ്റ്സ് നേടിയിരിക്കുന്നത്. ഫെബ്രുവരി 12 മുതല്‍ അയലാന് ഒ.ടി.ടിയില്‍ സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സയന്‍സ് ഫിക്ഷന്‍ ചിത്രമായാണ് അയലാന് എത്തിയത്. ആര് രവികുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ രാകുല്‍ പ്രീത് ആണ് നായികയായത്. ശരത് കേല്‍കര്‍, യോഗി ബാബു, ഭാനുപ്രിയ, കരുണാകരന് എന്നിവരാണ് മറ്റ് പ്രധന വേഷങ്ങളില്‍ എത്തിയത്. എ.ആര് റഹ്മാന് ആണ് സംഗീതം. ചിത്രം 91 കോടി രൂപയാണ് ബോക്സ് ഓഫീസില്‍ നിന്നും നേടിയത്. അതേസമയം, ക്യാപ്റ്റന്‍ മില്ലര്‍ നെറ്റ്ഫ്ളിക്സിലാണ് സ്ട്രീമിംഗ് ആരംഭിക്കാന്‍ ഒരുങ്ങുന്നത്. ഫെബ്രുവരിയില്‍ തന്നെയാണ് റിലീസ് എങ്കിലും തിയതി പുറത്തുവന്നിട്ടില്ല. അരുണ്‍ മതേശ്വരന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഞെട്ടിക്കുന്ന പ്രകടനമായിരുന്നു ധനുഷിന്റെത്. പ്രിയങ്ക അരുള്‍ മോഹന്‍ നായികയായ ചിത്രത്തില്‍ സുന്ദീപ് കിഷന്, ശിവരാജ് കുമാര്‍, ജോണ്‍ കൊക്കെന്‍, നിവേധിത സതിഷ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയത്. 104.79 കോടി രൂപയാണ് ചിത്രം ബോക്സ് ഓഫീസില്‍ നിന്നും നേടിയത്.
◾വിപണിയിലെത്തി വെറും 10 മാസം കൊണ്ട് ഒരു ലക്ഷം യൂണിറ്റ് എന്ന സ്വപ്ന നേട്ടം സ്വന്തമാക്കി മാരുതി സുസുക്കി ഫ്രോങ്സ്. ഒരു ലക്ഷത്തില്‍ 9000 എണ്ണം ലാറ്റിന്‍ അമേരിക്കന്‍, ആഫ്രിക്കന്‍ വിപണികളിലാണ് വിറ്റത്. സെമി കണ്ടക്ടര്‍ ക്ഷാമം ആദ്യ മൂന്നു മാസത്തെ ഫ്രോങ്സിന്റെ വിതരണത്തെ ബാധിച്ചിരുന്നു. ഈ പ്രതിസന്ധികളെയെല്ലാം നേരിട്ടുകൊണ്ടാണ് ഒരുലക്ഷം പിന്നിട്ടത്. കഴിഞ്ഞ വര്‍ഷം നടന്ന ഓട്ടോഎക്സ്പോയിലാണ് മാരുതി സുസുക്കി ഫ്രോങ്സിനെ ആദ്യമായി പ്രദര്‍ശിപ്പിച്ചത്. ഐഡില്‍സ്റ്റാര്‍ട് സ്റ്റോപ്പുള്ള 1.2 ലീറ്റര്‍ ഡ്യുവല്‍-ജെറ്റ് ഡ്യുവല്‍ വിവിടി പെട്രോള്‍ എന്‍ജിനും 1.0 ലീറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ബൂസ്റ്റര്‍ജെറ്റ് പെട്രോള്‍ എന്‍ജിനും വാഹനത്തിലുണ്ട്.1 ലീറ്റര്‍ എന്ജിന് 100 എച്ച്പി കരുത്തും 147.6 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുമ്പോള്‍ 1.2 ലീറ്റര്‍ എന്ജിന് 90 ബിഎച്ച്പി കരുത്തും 113 എന്‍എം ടോര്‍ക്കും നല്‍കും. ടര്‍ബോ പെട്രോള്‍ എന്‍ജിനൊപ്പം അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സും ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടമാറ്റിക്ക് ഗീയര്‍ബോക്സുമുണ്ട്. 1.2 ലീറ്റര്‍ എന്‍ജിനൊപ്പം 5 സ്പീഡ് മാനുവലും എഎംടി ഗീയര്‍ബോക്സും ലഭിക്കും. ഹാര്‍ടെക് പ്ലാറ്റ്ഫോമിലാണ് വാഹനം നിര്‍മിച്ചിരിക്കുന്നത്, മാരുതി സുസുക്കി ഫ്രോങ്സില്‍ ഹെഡ്സ്-അപ്പ് ഡിസ്പ്ലേയും വയര്‍ലെസ് ചാര്‍ജിങ് സവിശേഷതകളും സജ്ജീകരിച്ചിരിക്കുന്നു. സിഗ്മ, ഡെല്‍റ്റ, ഡെല്‍റ്റ പ്ലസ്, സീറ്റ, ആല്‍ഫ എന്നിങ്ങനെ അഞ്ചു വകഭേദങ്ങളില്‍ ഫ്രോങ്സ് ലഭിക്കും.
◾കണ്ടുമറന്നതോ, പറഞ്ഞുപിരിഞ്ഞതോ ആയ പെണ്‍ജീവിതങ്ങളെക്കുറിച്ചുള്ള എഴുത്തുകള്‍, അഥവാ ഉള്ളില്‍ ഇപ്പോഴും തോര്‍ന്നിട്ടില്ലാത്ത സ്വപ്നസന്നിഭമായ മഴപ്പെയ്ത്തുകള്‍. സകല പെണ്‍ഭാവങ്ങളെയും ഉള്‍ക്കൊള്ളുന്ന ഒമ്പത് കഥകള്‍.വായനക്കാര്‍ ഹൃദയത്തിലേറ്റിയ ‘ഠാ’ യില്ലാത്ത മുട്ടായികള്‍, മഴയുറുമ്പുകളുടെ രാജ്യം തുടങ്ങിയ കൃതികളിലൂടെ ശ്രദ്ധേയയായ അശ്വതി ശ്രീകാന്തിന്റെ ഏറ്റവും പുതിയ പുസ്തകം. ‘കാളി’. അശ്വതി ശ്രീകാന്ത്. ലിറ്റ്മസ്. വില 162 രൂപ.
◾കോവിഡ് ബാധ പുരുഷന്മാരിലെ ബീജത്തിന്റെ ഗുണനിലവാരത്തെ താല്‍ക്കാലികമായി ബാധിക്കുമെന്ന് പുതിയ പഠനം. കോവിഡ് വ്യാപനം പുരുഷ പ്രത്യുത്പാദന ആരോഗ്യത്തെ ബാധിക്കുമെന്ന് നേരത്തെ ആശങ്കകള്‍ ഉയര്‍ന്നിരുന്നു. കോവിഡ് മുക്തമാകുന്നതോടെ ബീജത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുമെന്നു പഠനത്തില്‍ ചൂണ്ടികാണിക്കുന്നു. ചൈനയില്‍ വൈറോളജി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. 2022 ജൂണ്‍ മുതല്‍ 2023 ജൂലൈ വരെയുള്ള കാലഘട്ടത്തില്‍ ചൈനയിലെ ഗുലിന് പീപ്പിള്‍സ് ആശുപത്രിയില്‍ ബീജ പരിശോധനയ്ക്ക് വിധേയരായി ഫെര്‍ട്ടിലിറ്റി ആവശ്യകതകളുള്ള 85 പുരുഷന്മാരുടെ സീമനാണ് പഠനത്തിനായി ഉപയോഗിച്ചത്. മൂന്ന് സമയക്രമങ്ങളിലൂടെയാണ് ബീജ പാരാമീറ്ററുകളിലെ മാറ്റങ്ങളെ വിശകലനം ചെയ്തത്. കോവിഡ് ബാധയ്ക്ക് മുന്‍പുള്ള ആറ് മാസം, കോവിഡ് മുക്തമായതിന് ശേഷമുള്ള മൂന്ന് മാസം, കോവിഡ് മുക്തമായതിന് ശേഷമുള്ള ആറ് മാസം എന്നിങ്ങനെയാണ് സമയക്രമം തിരിച്ചത്. കോവിഡ് ബാധയ്ക്ക് ശേഷം ബീജത്തിന്റെ സാന്ദ്രതയും എണ്ണവും കുറഞ്ഞതായി പഠനത്തില്‍ കണ്ടെത്തി. എന്നാല്‍ കോവിഡ് മുക്തമായി മൂന്ന് മുതല്‍ ആറ് മാസത്തിനുള്ളില്‍ ബീജത്തിന്റെ സാന്ദ്രക, എണ്ണം, ചലനം, രൂപഘടന എന്നിവയില്‍ വര്‍ധനവുണ്ടായതായും പഠനത്തില്‍ പറയുന്നു.കോവിഡ് ബീജത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുമെന്ന് പഠനം വ്യക്തമാക്കുന്നു.
*ശുഭദിനം*
*കവിത കണ്ണന്*
ആ കാട്ടിലെ അടുത്തടുത്തു നിന്ന മൂന്ന് മരങ്ങള്‍ക്കും ഓരോരോ ആഗ്രഹങ്ങളുണ്ടായിരുന്നു. ആദ്യത്തെ മരത്തിന് താന്‍ ഒരു സ്വര്‍ണ്ണപ്പെട്ടിയായി മാറണമെന്നും അതില്‍ ധാരാളം രത്നങ്ങളും സ്വര്‍ണ്ണങ്ങളും സൂക്ഷി്ക്കണമെന്നും ആഗ്രഹിച്ചു. രണ്ടാമത്തെ മരത്തിന് താന്‍ വലിയ സാഹസികയാത്രകള്‍ നടത്തുന്ന വഞ്ചിയാകണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍ മൂന്നാമത്തെ മരം മറ്റ് രണ്ട് മരങ്ങളേക്കാള്‍ വലിയ ഉയരം ഉളളതായിരുന്നു. താന്‍ ഇനിയും വളരണം , മാനം മുട്ടെ വളരണം. എന്നിട്ട് ആകാശത്തുള്ള ദൈവത്തെ നേരിട്ട് കാണണം… മൂന്നാമത്തെ മരത്തിന്റെ സ്വപ്നം പറഞ്ഞപ്പോള്‍ മറ്റ് രണ്ടുപേരും കളിയാക്കി ചിരിച്ചു. കുറച്ച് നാളുകള്‍ കഴിഞ്ഞപ്പോള്‍ മരം മുറിക്കാന്‍ ആളുകളെത്തി. ആദ്യത്തെ മരത്തെ നോക്കിയപ്പോള്‍ അത് വളരെ വിലപിടിപ്പുള്ള മരമാണെന്നും മനോഹരമായ ആഭരണപെട്ടികളുണ്ടാക്കാന്‍ ഇവ നല്ലതാണെന്നും മരംവെട്ടുകാര്‍ പറയുന്നുണ്ടായിരുന്നു. ഇത് കേട്ട് ഒന്നാമത്തെ മരം സന്തോഷിച്ചു. രണ്ടാമത്തെ മരത്തെ കണ്ടപ്പോള്‍ അവര്‍ പറഞ്ഞു. ഇത് വളരെ ഉറപ്പുളള മരമാണ് ഇതിനെ കപ്പലുണ്ടാക്കാന്‍ ഉപയോഗിക്കാം. രണ്ടാമത്തെ മരത്തിനും സന്തോഷമായി. മൂന്നാമത്തെ മരത്തെ വെട്ടിയെങ്കിലും അവര്‍ അതിനെ ഗോഡൗണിലേക്ക് മാറ്റി. സൂക്ഷിച്ചുവെച്ചു. തന്റെ രണ്ടു സുഹൃത്തുക്കള്‍ക്കും അവര്‍ ആഗ്രഹിച്ചപോലെ രൂപമാറ്റം സംഭവിച്ചു. തനിക്ക് മാത്രം ഈ പൊടിപിടിച്ച ഗോഡൗണില്‍ കിടക്കാനാണ് വിധി.. എങ്കിലും മരം തന്റെ ആഗ്രഹത്തെ വിട്ടുകളയാതെ സ്വപ്നം കണ്ടുകൊണ്ടേയിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം അടുത്തുളള ഗ്രാമത്തില്‍ പുതിയ പള്ളി വന്നു. ആ പള്ളിയിലേക്ക് കുരിശുനിര്മ്മിക്കാന് ഉയരമുളള ഒറ്റമരത്തെ അന്വേഷിച്ചു ആളുകള്‍ വന്നു. ആ അന്വേണം മൂന്നാമത്തെ മരത്തില്വന്നു നിന്നു. അങ്ങിനെ ദൈവത്തിനെ കാണുവാന്‍ മാത്രമല്ല, ദൈവത്തിനെ എപ്പോഴും ചേര്‍ത്ത് നിര്‍ത്തുന്ന ഒന്നായി ആ മരം മാറി. വിശ്വാസം കൈവിടാതിരുന്നാല്‍ എന്തെല്ലാം പ്രതിസന്ധി വന്നാലും, ആഗ്രഹം തീവ്രമാണെങ്കില്‍ അത് നടക്കുക തന്നെ ചെയ്യും – ശുഭദിനം.