അയ്യപ്പഭക്തർക്ക് ദർശന സായൂജ്യമേകി പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു. ദീപരാധനയ്ക്കുശേഷം വൈകിട്ട് 6.30 ഓടെ ശബരിമല നട തുറന്നു. പതിനായിരക്കണക്കിന് ആളുകളുടെ കാത്തിരിപ്പിനൊടുവിൽ 6.46ഓടെ പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു. ശരണം വിളികളോടെ കൈകള്‍ കൂപ്പി പതിനായിരകണക്കിന് അയ്യപ്പഭക്തര്‍ മകരജ്യോതി ദർശിച്ചു. ദര്‍ശനപുണ്യം നേടിയ സംതൃപ്തിയോടെ ഇനി അയ്യപ്പന്മാർ മലയിറങ്ങും.
മകരവിളക്കിന് മുന്നോടിയായി നേരത്തെ തന്നെ ശബരിമല സന്നിധാനവും വ്യൂ പോയൻറുകളും തീര്‍ത്ഥാടകരാല്‍ നിറഞ്ഞിരുന്നു. ഇന്ന് പുലര്‍ച്ചെ 2.30ന് മകരസംക്രമ പൂജയോടെയാണ് മകരവിളക്ക് ചടങ്ങുകള്‍ക്ക് തുടക്കമായത്.പന്തളത്ത് നിന്ന് പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര ശരംകുത്തിയില്‍ ദേവസ്വം അധികൃതര്‍ സ്വീകരിച്ചു. വൈകിട്ട് 6.20ഓടെയാണ് തിരുവാഭരണ ഘോഷയാത്ര സന്നിധാനത്തെത്തിയത്. ദീപരാധനസമയത്തും അയ്യപ്പഭക്തരുടെ ശരണം വിളികളാൽ സന്നിധാനം ഭക്തിസാന്ദ്രമായി. ദർശന സായൂജ്യം നേടിയാണ് അയ്യപ്പന്മാർ ഇനി മലയിറങ്ങുക.എട്ട് ഡി.വൈ.എസ്.പിമാരുടെ നേതൃത്വത്തില്‍ 1400-പേരെയാണ് സുരക്ഷയ്ക്കായി പത്തനംതിട്ട ജില്ലയുടെ വിവിധഭാഗങ്ങളില്‍ വിന്യസിച്ചത്. ഡ്രോണ്‍ നിരീക്ഷണം ഉള്‍പ്പെടെ നടത്തിയാണ് പോലീസ് സുരക്ഷ ഉറപ്പാക്കിയത്.