വെറും മീന്‍, വില ആറര കോടി
ആറര കോടി രൂപയുടെ മല്‍സ്യം. 238 കിലോ ഗ്രാമാണു ഭാരം. ജപ്പാനിലെ ടോക്കിയോയിലുള്ള മല്‍സ്യ മാര്‍ക്കറ്റിലെത്തിയ ബ്ലൂഫിന് ട്യൂണ എന്ന ഈ മല്‍സ്യം ലോക റിക്കാര്‍ഡുകളുടെ ഗിന്നസ് ബുക്കില്‍ ഇടംപിടിച്ചു. ഏറ്റവും കൂടുതല്‍ വിലയ്ക്കു വറ്റുപോയ മല്‍സ്യം എന്ന നിലയിലാണ് റിക്കാര്‍ഡിട്ടത്. വടക്കന്‍ ജപ്പാനിലെ അമോറി പ്രിഫെക്ചര്‍ തീരത്ത് നിന്നാണ് ഈ ട്യൂണ വലയിലായത്. മാര്‍ക്കറ്റിലെത്തിയ മല്‍സ്യം ലേലത്തിനു വച്ചു. സീഫുഡ് മൊത്തക്കച്ചവടക്കാരായ യമയുകി ആന്റ് സുഷി ചെയിന്‍ ഓപ്പറേറ്റര്‍ ഒനോഡെറ ഗ്രൂപ്പാണ് ഈ ട്യൂണയെ 114.2 മില്യണ്‍ ജാപ്പനീസ് യെന്‍ ചെലവാക്കി സ്വന്തമാക്കിയത്. അവരില്‍നിന്ന് ഒണോഡെറയിലെ മിഷേലിന് സ്റ്റാര്‍ഡ് റെസ്റ്റോറന്റാണ് ഈ മത്സ്യം വാങ്ങിയത്. റസ്റ്റോറന്റില്‍ എത്തുന്ന അതിഥികള്‍ക്ക് ഈ മല്‍സ്യമാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ വിളമ്പുന്നത്. മല്‍സ്യങ്ങളില്‍ ഏറ്റവും രുചിയുള്ളതാണു ബ്ലൂഫിന് ട്യൂണ എന്നാണ് അറിയപ്പെടുന്നത്. കടലിന്റെ അടിത്തട്ടിലൂടെ സഞ്ചരിക്കുന്ന ഈയിനം മല്‍സ്യം മീന്‍പിടിത്തക്കാരുടെ വലയില്‍ കുടങ്ങാന്‍ സാധ്യത കുറവാണത്രേ. അതുകൊണ്ടുതന്നെ ഡിമാന്‍ഡും വിലയും കൂടുതലാണ്.