ഒക്ടോബറില്‍ ഇന്ത്യന്‍ വിപണിയില്‍ വിറ്റഴിഞ്ഞ കാറുകളുടെ പട്ടിക പുറത്തുവന്നപ്പോള്‍ പത്തു മോഡലുകളുമായി മാരുതി സുസുക്കി മുന്നില്‍. ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ 25 വാഹനങ്ങളില്‍ പകുതിയിലേറെയും മാരുതി സുസുക്കി മോഡലുകളാണ്. മാരുതി സുസുക്കി കഴിഞ്ഞാല്‍ രണ്ടാമത് അഞ്ചു മോഡലുകളുമായി ദക്ഷിണകൊറിയന്‍ കമ്പനിയായ ഹ്യുണ്ടേയാണ്. മഹീന്ദ്രയുടേയും ടാറ്റയുടേയും നാലു മോഡലുകള്‍ ഒക്ടോബറില്‍ കൂടുതല്‍ വിറ്റഴിഞ്ഞ കാറുകളുടെ പട്ടികയില്‍ ഇടം നേടി. കിയയുടെ മൂന്നു മോഡലുകളും ടൊയോട്ടയുടെ ഒരു മോഡലുമാണ് പട്ടികയിലുള്ളത്. ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ കാര്‍ മാരുതി സുസുക്കി വാഗണ്‍ ആറാണ്(22,080). ജനപ്രീതിയില്‍ രണ്ടാമത് 20,598 കാറുകളുമായി സ്വിഫ്റ്റാണുള്ളത്. ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ വില്പനയുള്ള എസ്.യു.വി എന്ന പെരുമയുമായി ടാറ്റ നെക്സോണ്‍ മൂന്നാമതെത്തി. നാല്, അഞ്ച് സ്ഥാനങ്ങളിലുള്ളത് മാരുതി സുസുക്കി മോഡലുകളായ ബലേനോ(16,594), ബ്രെസ(16,050) എന്നിവയാണ്. 15,000ത്തിലേറെ വാഹനങ്ങള്‍ വിറ്റ ടാറ്റ പഞ്ചാണ് ആറാമതുള്ളത്. ഏഴ്, എട്ട് സ്ഥാനങ്ങള്‍ വീണ്ടും മാരുതി സുസുക്കി സ്വന്തമാക്കി. ഏഴാമത് ഡിസയറും എട്ടാമത് എര്ട്ടിഗയുമാണുള്ളത്. മിഡ് എസ്.യു.വി വിഭാഗത്തില്‍ ശക്തമായ മത്സരത്തിനൊടുവില്‍ ക്രെറ്റയെ മറികടന്ന് മഹീന്ദ്ര സ്കോര്‍പിയോ മുന്നിലെത്തി. അഞ്ഞൂറോളം വാഹനങ്ങള്‍ കൂടുതല്‍ വിറ്റാണ് മഹീന്ദ്ര സ്കോര്‍പിയോ ഒമ്പതാമതെത്തിയത്. പത്താം സ്ഥാനം ഹ്യുണ്ടേയ് ക്രേറ്റക്കു തന്നെ.