ഇസ്രയേലിനെ കൊണ്ട് എല്ലാ കളികളും കളിപ്പിക്കുന്നത് അമേരിക്കയാണെന്ന് കോഴിക്കോട് സിപിഎം റാലിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ. പലസ്തീൻ പ്രശ്നത്തിൽ അമേരിക്കൻ സാമ്രാജ്യത്ത്വത്തെ കുറ്റപ്പെടുത്തുന്നതോടൊപ്പം ആർഎസ്എസിനെയും ബിജെപിയെയും ഒപ്പം മുൻ യുപിഎ സർക്കാരുകളെയും കുറ്റപ്പെടുത്തിയാണ് വിഷയത്തിലെ ഇന്ത്യയുടെ നയം മാറ്റത്തെ കുറിച്ച് അദ്ദേഹം സംസാരിച്ചത്.
എന്നും പലസ്തീന് ഒപ്പമാണ് സിപി എം എന്നും രാഷ്ട്രീയ വേർതിരിവില്ലാതെ മനുഷ്യത്വമുള്ള എല്ലാവരും ഒരുമിക്കുന്ന റാലിയാണിതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഞങ്ങളെ വിളിച്ചാൽ വരുമെന്ന് ചിലർ പറഞ്ഞിരുന്നു എന്നാൽ അവർ വരില്ലെന്ന് അറിയാമായിരുന്നു എന്നും മുസ്ലിംലീഗ് റാലിയിൽ നിന്ന് വിട്ടുനിൽക്കുന്നതിനെ കുറിച്ച് മുഖ്യമന്ത്രി പരാമർശിച്ചു.
പലസ്തീന്‍ വിഷയത്തില്‍ കോണ്‍ഗ്രസിന് നിലപാട് പറയാന്‍ ധൈര്യമില്ലെന്നും,പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടി ആര് സംഘടിപ്പിച്ചാലും അവര്‍ക്കൊപ്പം സിപിഎം ഉണ്ടെന്നും സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞു. ഐക്യദാര്‍ഢ്യ പരിപാടി നടത്തിയതിന് ഷൗക്കത്തിനെതിരെ നടപടിയെടുത്തതോടെ കോണ്‍ഗ്രസിന്‍റെ നിലപാട് വ്യക്തമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി പിണറായി വിജയനെ സ്തുതിക്കാന്‍ കേരളീയത്തിനു പൊടിച്ച 28 കോടി രൂപ ഉണ്ടായിരുന്നെങ്കില്‍ തകഴിയില്‍ ആത്മഹത്യ ചെയ്ത കെ ജി പ്രസാദിനെപ്പോലെയുള്ള എത്ര കര്‍ഷകരെ മരണമുഖത്തുനിന്ന് രക്ഷിക്കാനാകുമായിരുന്നെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. പാവങ്ങളെ മരണത്തിന് വിട്ട് ആഘോഷം നടത്തുന്ന ക്രൂരതയുടെ പര്യായമാണ് പിണറായി സര്‍ക്കാരെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേരളത്തിൽ നിരന്തരമായി കർഷകർ ആത്മഹത്യ ചെയ്തുകൊണ്ടിരിക്കുന്നു. അമ്പലപ്പുഴയിലും ഈ അടുത്ത ദിവസമാണ് ഒരു കർഷകൻ ആത്മഹത്യ ചെയ്തതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കുട്ടനാട്ടിലും അപ്പർ കുട്ടനാട്ടിലും നെല്ല് വിളയിക്കുന്ന കർഷകർക്ക് നെല്ലെടുത്ത ശേഷം പണം കിട്ടണമെങ്കിൽ മാസങ്ങൾ കാത്തിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ആലപ്പുഴയിൽ കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ സംസ്ഥാന സർക്കാരിനയും കൃഷി മന്ത്രിയേയും രൂക്ഷമായി വിമർശിച്ച് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്‍റ് ശോഭ സുരേന്ദ്രൻ . ആലപ്പുഴയിൽ നടന്നത് കർഷക ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും ശോഭ സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.
കുട്ടനാട്ടിലെ കർഷക ആത്മഹത്യയിൽ എൽഡിഎഫ് സർക്കാരിനെ വിമർശിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. പരാജയപ്പെട്ടെന്ന് കുറിപ്പെഴുതി, ജീവനൊടുക്കിയ കർഷകനെ ശരിക്കും പരാജയപ്പെടുത്തിയത് പിണറായി വിജയനാണെന്നും നെല്ല് സംഭരണത്തിന് കേന്ദ്രം നൽകുന്ന തുക നേരിട്ട് കർഷകരിലേക്ക് എത്താനുള്ള നടപടികളുണ്ടാകണമെന്നും കേന്ദ്രമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.
കർഷകന്റെ യഥാർത്ഥ അവസ്ഥയാണ് പ്രസാദ് അവസാനമായി പറഞ്ഞതെന്നും. ആത്മഹത്യയില്‍ ഒന്നാം പ്രതി സര്‍ക്കാരാണ്. പ്രസാദിന്‍റെ വാക്കുകൾ മരണ മൊഴിയായി സ്വീകരിച്ച് സർക്കാറിനെതിരെ കേസ് എടുക്കണമെന്ന് ടി സിദ്ദീഖ് എംഎല്‍എ. ഒരു ഭാഗത്ത് ധൂർത്തിന് സർക്കാറിന് പണമുണ്ട്. എന്നാല്‍, കർഷകർക്ക് നയാപൈസ നൽകുന്നില്ല. കർഷക കുറ്റപത്രം സർക്കാറിനെതിരെ യുഡിഎഫ് തയ്യാറാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ടുള്ള നിർണായക തെളിവുകൾ കണ്ടെടുത്തതായി പൊലീസ്. കളമശ്ശേരിയിൽ സ്ഫോടനം നടത്തിയ പ്രതി മാർട്ടിന്റെ വാഹനത്തിൽ നിന്ന് സ്ഫോടനത്തിന് ഉപയോഗിച്ച നാല് റിമോട്ടുകൾ കണ്ടെടുത്തു. സ്ഫോടനത്തിന് ശേഷം വാഹനത്തിൽ കൊടകര പൊലീസ് സ്റ്റേഷനിലെത്തിയ മാർട്ടിന്റെ വാഹനത്തിനുള്ളിൽ നിന്നും വെള്ള കവറിൽ പൊതിഞ്ഞ നിലയിൽ റിമോട്ടുകൾ സൂക്ഷിച്ചിരിക്കുകയായിരുന്നു.
വയനാടിന്റെ ഗതാഗതപ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കല്‍പ്പറ്റ എംഎല്‍എ ടി സിദ്ധീഖിന്‍റെ നേതൃത്വത്തില്‍ യുഡിഎഫ് കമ്മിറ്റി സംഘടിപ്പിക്കുന്ന താമരശ്ശേരി ചുരം പ്രക്ഷോഭ യാത്ര തിങ്കളാഴ്ച ലക്കിടി ഭാഗത്തു നിന്നും ആരംഭിക്കും. ചുരം ബൈപ്പാസും, ബദല്‍ പാതകളും, റെയില്‍വെയും, എയര്‍ കണക്ടിവിറ്റിയും സാധ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് ജാഥ നടത്തുന്നതെന്ന് എം.എല്‍.എ പറഞ്ഞു.
ടി പി ചന്ദ്രശേഖരൻ വധക്കേസ് കുറ്റവാളി കൊടി സുനി വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ നടത്തിയ ആസൂത്രിത കലാപത്തിൽ തുടരന്വേഷണത്തിന് ജയിൽ വകുപ്പ് തയ്യാറാക്കുന്നില്ലെന്ന് റിപ്പോർട്ട്. സുനിക്ക് ജയിൽ മാറ്റത്തിന് വഴിയൊരുക്കുന്നതിന് ഉദ്യോഗസ്ഥരിൽ ചിലരുടെ ഒത്താശയോടെയാണ് കലാപം നടന്നതെന്നാണ് ഉയരുന്ന ആരോപണം.
പെരുമ്പാവൂരിൽ നവജാത ശിശുവിന്‍റെ മൃതശരീരം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അതിഥി തൊഴിലാളികളായ മാതാപിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ ഒഴിവാക്കുന്നതിന് വേണ്ടി രണ്ടുപേരും ചേർന്ന് കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ആലുവ പുഴയിൽ കുളിക്കാനിറങ്ങിയ എസ് എൻ ഡി പി സ്കൂൾ വിദ്യാർത്ഥി മിഷാൽ മുങ്ങിമരിച്ചു. 14 വയസായിരുന്നു. ആലുവ കുന്നത്തേരി എടശേരി വീട്ടിൽ ഷാഫിയുടെ മകനാണ്.
മുഖ്യമന്ത്രി ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരെ സന്ദർശിച്ചു. പലസ്തീൻ ഐക്യദാർഢ്യ റാലി ഉൾപ്പെടെയുള്ള കോഴിക്കോട് ജില്ലയിലെ വിവിധ പരിപാടികളിൽ സംബന്ധിക്കാനെത്തിയതായിരുന്നു മുഖ്യമന്ത്രി
യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പ്രഖ്യാപിച്ച ഗാലന്റ് നൈറ്റ്-3 ഓപ്പറേഷന്റെ ഭാഗമായി യുഎഇ ഗാസയിൽ ഫീൽഡ് ആശുപത്രി സ്ഥാപിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് പലസ്തീനികളെ ചികിത്സിക്കാൻ താൽപ്പര്യമുള്ള ആരോഗ്യപ്രവർത്തകർക്കായി യുഎഇയിൽ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു.
ഹരിയാനയിലെ വ്യാജമദ്യ ദുരന്തത്തിൽ 16 മരണം. സംഭവത്തിൽ 7 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. യമുനാനഗറിലെ മണ്ടേബാരി, പഞ്ചേതോ കാ മജ്‌ര ഗ്രാമങ്ങളിലുളളവരാണ് മരിച്ചവരിലേറെയും. തൊട്ടടുത്ത അംബാലയിൽ നിന്നാണ് വ്യാജമദ്യമെത്തിയതെന്നാണ് റിപ്പോർട്ട്.
ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇന്നു നടന്ന ആദ്യ മത്സരത്തിൽ ഓസ്‌ട്രേലിയ ബംഗ്ലാദേശിനെ 8 വിക്കറ്റിന് തോൽപിച്ചു. ഉച്ചയ്ക്ക് രണ്ടിന് ആരംഭിച്ച ഇംഗ്ലണ്ട് പാകിസ്ഥാൻ മത്സരത്തിൽ പാകിസ്ഥാന് 338 റൺസ് വിജയലക്ഷ്യം.