ഇന്ത്യയിലെ പൊതു മേഖലാ ബാങ്കുകളുടെ കിട്ടാക്കടം ഗണ്യമായി കുറയുന്നു. ആറു വര്‍ഷം മുന്‍പ് ബാങ്കുകളുടെ നിലനില്‍പ്പിനെ പോലും പ്രതികൂലമായി ബാധിക്കുന്ന തരത്തില്‍ കുമിഞ്ഞ് കൂടിയ നിഷ്‌ക്രിയ ആസ്തികള്‍ വലിയ തോതില്‍ കുറഞ്ഞതോടെ ബാങ്കുകളുടെ പ്രവര്‍ത്തന ലാഭത്തിലും വന്‍ വര്‍ദ്ധനയാണ് ദൃശ്യമാകുന്നത്. നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ആറുമാസക്കാലയളവില്‍ മുന്‍നിര പൊതു മേഖലാ ബാങ്കുകളായ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ, ബാങ്ക് ഒഫ് ബറോഡ, യൂണിയന്‍ ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, ബാങ്ക് ഒഫ് ഇന്ത്യ തുടങ്ങിയവയുടെ നിഷ്‌ക്രിയ ആസ്തിയില്‍ വന്‍ ഇടിവുണ്ടായി. എസ് ബി. ഐയുടെ മൊത്തം നിഷ്‌ക്രിയ ആസ്തി സെപ്തംബര്‍ 30 ന് അവസാനിച്ച കാലയളവില്‍ മൊത്തം വായ്പയുടെ 2.55 ശതമാനമായാണ് കുറഞ്ഞത്. മുന്‍വര്‍ഷം ഇതേകാലയളവിലിത് 3.52 ശതമാനമായിരുന്നു. ബാങ്കിന്റെ പ്രൊവിഷനിംഗ് മുന്‍വര്‍ഷം 3039 കോടി രൂപയില്‍ നിന്നും 115.28 കോടി രൂപയായി കുറഞ്ഞു. ഇതോടെ എസ്. ബി. ഐയുടെ അറ്റാദായം മുന്‍വര്‍ഷം ഇതേകാലയളവിനേക്കാള്‍ എട്ടു ശതമാനം ഉയര്‍ന്ന് 14,330 കോടി രൂപയിലെത്തി. ഇതേകാലയളവില്‍ ബാങ്ക് ഒഫ് ബറോഡയുടെ മൊത്തം നിഷ്‌ക്രിയ ആസ്തി 5.31 ശതമാനത്തില്‍ നിന്നും 3.32 ശതമാനത്തിലേക്ക് താഴ്ന്നു. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ മൊത്തം നിഷ്‌ക്രിയ ആസ്തി സെപ്തംബര്‍ 30 ന് അവസാനിച്ച കാലയളവില്‍ 8.74 ശതമാനത്തില്‍ നിന്നും 7.73 ശതമാനമായി താഴ്ന്നു. പലിശ നിരക്കിലുണ്ടായ വര്‍ദ്ധനയും സാമ്പത്തിക മേഖലയിലെ മികച്ച പ്രകടനവും രാജ്യത്തെ പൊതു മേഖലാ ബാങ്കുകളുടെ ലാഭം ഉയര്‍ത്തി. എസ്. ബി. ഐയുടെ ലാഭം ജൂലായ് മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവില്‍ എട്ടു ശതമാനം ഉയര്‍ന്നു. ബാങ്ക് ഒഫ് ബറോഡയുടെ അറ്റാദായം അവലോകന കാലയളവില്‍ 52 ശതമാനം വര്‍ദ്ധനയോടെ 1458 കോടി രൂപയിലെത്തി. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ അറ്റാദായം ജൂലായ് മുതല്‍ സെപ്തംബര്‍ വരെയുള്ള മൂന്ന് മാസത്തില്‍ 327 ശതമാനം ഉയര്‍ന്ന് 1,756 കോടി രൂപയായി.