രാജ്യത്ത് ജിഎസ്ടി സമാഹരണത്തില്‍ സെപ്റ്റംബറിലും റെക്കോര്‍ഡ് മുന്നേറ്റം. ധനമന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച്, സെപ്റ്റംബറിലെ ജിഎസ്ടി സമാഹരണം 1,62,712 കോടി രൂപയായാണ് ഉയര്‍ന്നത്. മുന്‍ വര്‍ഷം സമാന കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തവണ 10 ശതമാനത്തിന്റെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷം നാലാം തവണയാണ് രാജ്യത്തെ ജിഎസ്ടി വരുമാനം 1.60 ലക്ഷം കോടി രൂപയ്ക്ക് മുകളില്‍ എത്തുന്നത്. കൂടാതെ, ആദ്യ പകുതി അവസാനിക്കുമ്പോള്‍ 9,92,508 കോടി രൂപയായി ആകെ വരുമാനം ഉയര്‍ന്നിട്ടുണ്ട്. ഈ മാസം ലഭിച്ച ആകെ വരുമാനത്തില്‍ സിജിഎസ്ടി വിഭാഗത്തില്‍ 29,818 കോടി രൂപയും, എസ്ജിഎസ്ടി വിഭാഗത്തില്‍ 37,657 കോടി രൂപയും, ഐജിഎസ്ടി വിഭാഗത്തില്‍ 83,623 കോടി രൂപയുമാണ് ലഭിച്ചത്. ഇറക്കുമതിയില്‍ നിന്ന് ശേഖരിച്ച ചരക്കുകളുടെ 881 കോടി രൂപ ഉള്‍പ്പെടെ സെസ് ഇനത്തില്‍ 11,613 കോടി രൂപയാണ് ലഭിച്ചിരിക്കുന്നത്. 2022 സെപ്റ്റംബറിനെ അപേക്ഷിച്ച് ആഭ്യന്തര ഇടപാടുകളില്‍ നിന്നുള്ള നികുതിയിനത്തില്‍ 14 ശതമാനത്തിന്റെ വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.