നിത്യോപയോഗ സാധങ്ങളുടെ വിലവിവരവും സർക്കാർ ആശുപത്രികളിലെ മരുന്ന് ലഭ്യതയും പരിശോധിക്കാനൊരുങ്ങി പൊലീസ്. സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലും ഫാർമസികളിലും മരുന്ന് ലഭ്യത പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സ്പെഷ്യൽ ബ്രാഞ്ചിന് നിർദ്ദേശം നൽകിയിരിക്കുകയാണ്. പ്രത്യേകം തയ്യാറാക്കിയ പട്ടിക പ്രകാരം മരുന്ന് ലഭ്യത 15ന് മുമ്പ് അറിയിക്കാനാണ് ഇൻ്റലിജൻസ് മേധാവിയുടെ നിർദ്ദേശം. മരുന്ന് ലഭ്യതക്കൊപ്പം തന്നെ നിത്യോപയോഗ സാധനങ്ങളുടെ വിലവിവരവും അന്വേഷിക്കാൻ നിർദ്ദേശമുണ്ട്.പ്രധാന കമ്പോളങ്ങളിലെ വില വിവരം ശേഖരിക്കാനാണ് പൊലീസിന് നിർദ്ദേശം ലഭിച്ചിരിക്കുന്നത്. അയൽ സംസ്ഥാനങ്ങളിലെ വിലയുമായി താരതമ്യം ചെയ്ത് റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം. സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരാണ് വിവരം ശേഖരിക്കുന്നത്. സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ കൂടിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് വിലവിവരം പരിശോധിക്കാൻ പൊലീസിനെ നിർദ്ദേശം നൽകിയിരിക്കുന്നത്.
നിത്യോപയോഗ സാധങ്ങളുടെ വിലവിവരവും സർക്കാർ ആശുപത്രികളിലെ മരുന്ന് ലഭ്യതയും പരിശോധിക്കാനൊരുങ്ങി പൊലീസ്
