യു.എസ് ആസ്ഥാനമായുള്ള നിക്ഷേപ സ്ഥാപനമായ ഡേവിഡ്സണ് കെംപ്നറില്‍ നിന്ന് പുതിയ ഫണ്ടിംഗ് റൗണ്ടില്‍ 2,050 കോടി രൂപ (250 മില്യണ്‍ ഡോളര്‍) സമാഹരിച്ച് വിദ്യാഭ്യാസ ടെക്നോളജി കമ്പനിയായ ബൈജൂസ്. കമ്പനിക്ക് 2,200 കോടി ഡോളര്‍ (1.80 ലക്ഷം കോടി രൂപ) ആസ്തിമൂല്യം വിലയിരുത്തിലാണ് ഈ നിക്ഷേപം. മൊത്തം 8,200 കോടി രൂപ (1 ബില്ല്യണ്‍ ഡോളര്‍) ധനസമാഹരണം നടത്തുന്നതിന്റെ ഭാഗമാണിത്. 2021ല്‍ ബൈജൂസ് ഏറ്റെടുത്ത ആകാശ് എഡ്യുക്കേഷണല്‍ സര്‍വീസസിന്റെ 8,000 കോടി രൂപയുടെ പ്രാരംഭ ഓഹരി വില്‍പ്പനയും കമ്പനി ആലോചിക്കുന്നുണ്ട്. ആകാശിന്റെ ഐ.പി.ഒയുമായി മുന്നോട്ട് പോകാന്‍ ബൈജൂസിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് അംഗീകാരം ലഭിച്ചിട്ടുണ്ട്. വിവിധ വ്യക്തികളില്‍ നിന്നുള്ള പരാതികളുടെ അടിസ്ഥാനത്തില്‍ ഫോറിന് എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ടിന്റെ ലംഘനം ആരോപിച്ച് ബൈജൂസ് കമ്പനിക്കെതിരെ ഇ.ഡി അന്വേഷണം നടത്തിവരികയാണ്. 2011 മുതല്‍ 2013 വരെ കമ്പനി 28,000 കോടിയുടെ നേരിട്ടുള്ള വിദേശ നിക്ഷേപം സ്വീകരിക്കുകയും 9754 കോടി വിദേശത്ത് നിക്ഷേപിക്കുകയും ചെയ്തതായാണ് ഇ.ഡിയുടെ കണ്ടെത്തല്‍. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ 231.69 കോടി രൂപയും 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 4588 കോടി രൂപയുമാണ് കമ്പനിയുടെ നഷ്ടം.
ബൈജൂസില്‍ 2,050 കോടി രൂപയുടെ അമേരിക്കന്‍ നിക്ഷേപമെത്തി
