കാട്ടാനയെ വാഴക്കുല കാണിച്ചു കൊതിപ്പിച്ചാല്‍ എന്തു സംഭവിക്കും? എന്തായാലും കേരളത്തില്‍ വിവാദമായ വാഴക്കുലയുമല്ല, അരിക്കൊമ്പനുമുല്ല. വാഴക്കുല മോഹിപ്പിച്ച് കാട്ടാനയെ വരുതിയിലാക്കാമെന്നു മോഹിച്ച വിനോദ സഞ്ചാരിയായ യുവതിക്കു കാട്ടാന പഠിപ്പിച്ച പാഠം ഒന്നു കാണേണ്ടതുതന്നെ. ഐഎഫ്എസ് ഓഫീസറായ സുശാന്ത് നന്ദ പങ്കുവച്ച വീഡിയോയാണിത്. സംഭവം നടന്നത് എവിടെയാണെന്ന് വെളിപെടുത്തിയിട്ടില്ല. ആനയെ പറ്റിക്കാനാവില്ലെന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചത്. കുറ്റിക്കാട്ടിനിടയില്‍ നിന്ന് ആനയെ വാഴക്കുലയും വാഴക്കയും കാണിച്ച് യുവതി മുന്നോട്ട് കൊണ്ടുവരുന്നു. വാഴക്കുല നീട്ടി നീട്ടീ ആനയെ മുന്നോട്ടു നയിച്ചു. അപ്പോഴേയ്ക്കും ഊരിപ്പോയ ചെരുപ്പ് യുവതി ഒരുവിധത്തില്‍ കാലില്‍ ധരിച്ചു. വാഴക്കുല നല്‍കാതെ ആനയെ വീണ്ടും നടത്തിച്ചു. അരിശംമൂത്ത കാട്ടാന എന്തു ചെയ്യും ? തുമ്പിക്കൈ കൊണ്ട് യുവതിയെ തൊഴിച്ചെറിഞ്ഞു. യുവതി വാഴക്കുല സഹിതം ദൂരേയ്ക്കു തെറിച്ചുവീണു. പതിനാല് സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ളതാണ് വീഡിയോ. ആന തൊഴിച്ചെറിഞ്ഞ യുവതിയുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് ഒന്നും കുറിച്ചിട്ടില്ല. ആദ്യ ഒറ്റ ദിവസംകൊണ്ട് മൂന്നു ലക്ഷത്തോളം പേരാണ് വീഡിയോ കണ്ടത്. ആനകള്‍ അടക്കമുള്ള വന്യമൃഗങ്ങളോട് അഭ്യാസം വേണ്ടെന്ന മുന്നറിയിപ്പാണ് ഈ വീഡിയോ നമുക്കു തരുന്നത്.
കൊതിപ്പിച്ചവളെ തൊഴിച്ച ആന
