വലിയൊരു ഉല്‍സവത്തിനുള്ള ഒരുക്കത്തിലാണ് ബ്രിട്ടന്. ബക്കിംഗ്ഹാം കൊട്ടാരവും വെസ്റ്റ് മിനിസ്റ്റര്‍ ആബിയും ചരിത്ര മുഹൂര്‍ത്തത്തിനായി അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു. ചാള്‍സ് മൂന്നാമന് രാജാവിന്റെ കിരീടധാരണമാണു ശനിയാഴ്ച. രാജകീയ പ്രൗഢിയുള്ള ചടങ്ങുകള്‍. എഴുപതു വര്‍ഷത്തിനുശേഷം ബ്രിട്ടന് സാക്ഷ്യം വഹിക്കുന്ന കിരീടധാരണമാണിത്. ലോകം മുഴുവന്‍ തത്സമയം സംപ്രേഷണം ചെയ്യപ്പെടുന്ന ആദ്യത്തെ കോറോണേഷന്‍ സെറിമണിയാണ്. ഓപ്പറേഷന് ഗോള്‍ഡന്‍ ഓര്‍ബ് എന്നാണു ചാള്‍സ് രാജാവിന്റെ കിരീടധാരണ ചടങ്ങുകള്‍ക്കു നല്‍കിയിരിക്കുന്ന പേര്. ശനിയാഴ്ച രാവിലെ 11 നു വെസ്റ്റ് മിനിസ്റ്റര്‍ ആബിയിലാണ് കിരീടധാരണ ചടങ്ങുകള്‍. ലേകനേതാക്കള് അടക്കം രണ്ടായിരം പേരാണ് പങ്കെടുക്കുക. ബക്കിങ്ഹാം പാലസില്‍ നിന്ന് വെസ്റ്റ് മിനിസ്റ്റര്‍ ആബേയിലേക്ക് ഘോഷയാത്രയായിട്ടാണ് ചാള്‍സ് രാജവും നിയുക്ത രാജ്ഞി കാമില്ലയും അടക്കമുള്ള രാജകുടുംബാഗങ്ങള്‍ എത്തുക. നാവിക യൂണിഫോം ധരിച്ച് ചാള്‍സ് രാജാവ് ഡയമണ്ട് ജൂബിലി സ്റ്റേറ്റ് കോച്ചിലായിരിക്കും. മതാചാരങ്ങളോടെയാണ് കിരീടധാരണം. ആദ്യം തൈലാഭിഷേകമാണ്. തുടര്‍ന്ന് കിരീടധാരണവും അംശവടി കൈമാറലും. 1961 ല്‍ നിര്‍മിച്ച സെന്റ് എഡ്വേര്‍ഡ്സ് ക്രൗണ്‍ ആണ് കിരീടം. 444 വിലയേറിയ രത്നങ്ങള്‍ പതിപ്പിച്ച, തനിത്തങ്കത്തില്‍ തീര്‍ത്ത കിരീടത്തിനു രണ്ടേകാല്‍ കിലോ തൂക്കമുണ്ട്. ആംഗ്ലിക്കന്‍ പ്രൊട്ടസ്റ്റന്റ് സഭയുടെ പരമാധ്യക്ഷന്‍ കാന്റര്‍ബറി ആര്‍ച്ച്ബിഷപ് ജസ്റ്റിന് വെല്‍ബിയാണ് മുഖ്യകാര്മികന്. സിംഹാസനത്തില്‍ ഉപവിഷ്ഠനാക്കുന്നതോടെ യൂകെയുടെയും പതിനാല് കോമണ്‍വെല്‍ത്ത് രാജ്യങ്ങളുടെയും നാല്പതാമത്തെ രാജാവായി ചാള്‍സ് മൂന്നാമന് അവരോധിക്കപ്പെടും. ചടങ്ങുകള്‍ക്കുശേഷവും ഘോഷയാത്രയായിട്ടാണ് ബക്കിംഗ്ഹാം കൊട്ടാരത്തിലേക്കു മടങ്ങുക. 317 കാരറ്റ് കള്ളിനന് ഡയമണ്ടുകൊണ്ടുള്ള ഇംപീരിയല്‍ സ്റ്റേറ്റ് ക്രൗണ്‍ ധരിച്ചാണ് ചാള്‍സ് രാജാവിന്റെ മടക്കം. ഏറ്റവും പ്രൗഡോജ്വലമായ രാജകീയ കിരീടധാരണം ലോകത്തെ എറ്റവും ഗംഭീരമായ മെഗാഷോയായിരിക്കും. വിസ്മയക്കാഴ്ചകള്‍ കാണാന്‍ ലോകം കാത്തിരിക്കുകയാണ്.
ലോകം കാത്തിരിക്കുന്ന ചാള്‍സ് മൂന്നാമന്റെ കിരീടധാരണം
