ആരോഗ്യകരമായ ഭക്ഷണശീലം എന്ന് കേള്‍ക്കുമ്പോള്‍ ഭക്ഷണത്തിന്റെ അളവ് കുറയ്ക്കുന്നതിനെക്കുറിച്ചാണ് പലരും ആദ്യം ചിന്തിക്കുന്നത്. ഇതിനിടയില്‍ ശരീരത്തില്‍ ആവശ്യമായ പോഷകങ്ങള്‍ ലഭിക്കുന്നുണ്ടോ എന്ന കാര്യം പലരും വിട്ടുപോകും. കൃത്യമായ രീതിയിലല്ലാതെ ഭക്ഷണം കുറയ്ക്കുന്നത് വേണ്ട പോഷകങ്ങള്‍ ലഭിക്കാതെ പല അസ്വസ്ഥതകള്‍ക്കും കാരണമാകും. ആവശ്യത്തിന് ഭക്ഷണം കഴിക്കുന്നില്ലെന്ന് മനസ്സിലാക്കാന്‍ ശരീരം ചില സൂചനകള്‍ തരും. ഭക്ഷണം കുറയുന്നത് ഉറക്കത്തെ കാര്യമായി ബാധിക്കും. ഉറങ്ങാന്‍ കൂടുതല്‍ സമയമെടുക്കുന്നതും ആഴത്തിലുള്ള ഉറക്കം കിട്ടാത്തതിനുമെല്ലാം ഇത് കാരണമായേക്കാം. ആവശ്യത്തിന് കലോറിയും പോഷകങ്ങളും വിറ്റാമിനുമെല്ലാം ലഭിച്ചില്ലെങ്കില്‍ മുടികൊഴിച്ചില്‍ ഉണ്ടാകാറുണ്ട്. മുടിക്ക് ബാഹ്യസംരക്ഷണം മാത്രം നല്‍കിയാല്‍ പോര ആവശ്യമായ പോഷകങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ ഉണ്ടെന്ന് ഉറപ്പാക്കുകയും വേണം. കഴിക്കുന്ന ഭക്ഷണത്തില്‍ നിന്ന് ശരീരത്തിന് ലഭിക്കുന്ന കലോറി കുറയുന്നത് വ്യായാമം ചെയ്യാനും അടിസ്ഥാന പ്രവര്‍ത്തനങ്ങള്‍ക്കപ്പുറം മറ്റൊന്നും ചെയ്യാന്‍ ആവേശമില്ലാതാകും. പ്രോട്ടീനും അയണും ധാരാളമടങ്ങിയ ഭക്ഷണങ്ങള്‍ കൂടുതല്‍ സമയം ഊര്‍ജ്ജത്തോടെയിരിക്കാന്‍ സഹായിക്കും. ദീര്‍ഘനാള്‍ കലോറി കുറഞ്ഞ ആഹാരരീതി പിന്തുടരുന്നത് അസ്വസ്ഥതക്കും ഉത്സാഹക്കുറവിനും കാരണമാകും. വിശപ്പ് മൂലം ദേഷ്യം വരുന്ന ആളുകള്‍ സാധാരണ കളിയാക്കാറുണ്ട്, പക്ഷെ അത് സത്യമാണ്. ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ ലഭിക്കാതെയാകുമ്പോള്‍ ശരീരം അസ്വസ്ഥത പ്രകടിപ്പിക്കുകയും വേണ്ട രീതിയില്‍ പ്രവര്‍ത്തിക്കാതാകുകയും ചെയ്യും. ഇത് നിങ്ങളെ മാനസികമായും വൈകാരികമായി ബാധിക്കും. ആവശ്യത്തിന് ഭക്ഷണം കഴിച്ചില്ലെങ്കില്‍ ശരീരത്തിലെ കലോറിയുടെയും പോഷകങ്ങളുടെ അഭാവം നികത്താന്‍ വിശപ്പ് കൂട്ടുന്ന രീതിയില്‍ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ സംഭവിക്കും. ഭക്ഷണം കഴിച്ചുടനെ വീണ്ടും വിശപ്പ് അനുഭവപ്പെടുന്നത് ഇതിന് ഉദാഹരണമാണ്.
ഭക്ഷണത്തില്‍ നിന്ന് ആവശ്യമായ പോഷണം ലഭിക്കുന്നുണ്ടോ?
