ഏഷ്യാനെറ്റിലെ പോലീസ് പരിശോധനയിൽ ചർച്ച വേണമെന്നാവശ്യപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസ്. കോൺഗ്രസിലെ പിസി വിഷ്ണുനാഥാണ് അടിയന്തര പ്രമേയ നോട്ടീസ് നൽകിയത്. മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഒരു നടപടിയും ഗവൺമെൻറ് സ്വീകരിച്ചിട്ടില്ലെന്നും പോലീസിന്റേത് സ്വാഭാവിക നടപടി മാത്രമാണെന്നും മുഖ്യമന്ത്രി. വ്യാജ വീഡിയോ സംപ്രേഷണം ചെയ്തതിന് മാധ്യമപ്രവർത്തനത്തിന്റെ സംരക്ഷണം വേണമെന്ന വാദം അംഗീകരിക്കാനാകില്ലെന്ന് അടിയന്തരപ്രമേയത്തിന് വിശദീകരണം നൽകവെ മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.ഓഫീസ് അതിക്രമത്തിൽ എസ്എഫ്ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇക്കാര്യം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും മുഖ്യമന്ത്രി നിലപാട് എടുത്തു. എക്സൈസ് മന്ത്രി തന്നെ സ്വാഗതം ചെയ്ത ഒരു വാര്‍ത്താ പരമ്പരയെ ആണ് സര്‍ക്കാരിനെതിരായ ഗൂഢാലോചനയും വ്യാജവാര്‍ത്തയുമായി ചിത്രീകരിക്കുന്നതെന്ന് വിഡി സതീശൻ പറഞ്ഞു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി.
മാധ്യമങ്ങൾക്കെതിരായ നിലപാടെടുക്കുന്ന കാര്യത്തിൽ മോദി ഗവൺമെൻറിനും പിണറായി ഗവൺമെന്റിനും ഒരേ സമീപനമാണെന്ന് പി സി വിഷ്ണു നാഥ് പറഞ്ഞു.