കേരള വാട്ടർ അതോറിറ്റിയുടെ കാസർകോട് ലാബിലാണ് വെള്ളം പരിശോധിച്ചത്. ഗവൺമെന്റ് കോളേജിലെ വെള്ളം മലിനമെന്ന് ലാബ് റിപ്പോർട്ട്. അതേസമയം എംഎസ്എഫ്, എസ്എഫ്ഐ വിദ്യാർത്ഥി സംഘടനകളെയടക്കം വിമർശിച്ച മുൻ പ്രിൻസിപ്പൽ ഇൻ ചാർജ് രമയ്ക്ക് എതിരെ നിയമ നടപടികൾക്കാണ് വിദ്യാർത്ഥികളുടെ നീക്കം.കോളേജിൽ നിന്ന് ശേഖരിച്ച കുടിവെള്ളം ലാബിൽ പരിശോധിച്ചപ്പോഴാണ് ഇത് മലിനമെന്ന് റിപ്പോർട്ട് വന്നത്. ജല അതോറിറ്റി നടത്തിയ പരിശോധനയിൽ വെള്ളത്തിൽ ഇ – കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. ഈ വിഷയത്തിൽ വിദ്യാർത്ഥികൾ ഉന്നയിച്ച പരാതിയാണ് ഇപ്പോഴത്തെ നിലയിൽ പ്രശ്നങ്ങൾക്ക് കാരണമായത്. കോളേജിൽ വിദ്യാർത്ഥികൾ ഉന്നയിക്കുന്ന രീതിയിൽ കുടിവെള്ള പ്രശ്നം ഇല്ലെന്നായിരുന്നു മുൻ പ്രിൻസിപ്പൽ ഇൻ ചാർജായ ഡോരമയുടെ വാദം.കോളേജിൽ മയക്കുമരുന്ന് വിൽപ്പന സജീവമാണെന്നും കോളേജിലെ വിദ്യാർത്ഥികൾക്കിടയിൽ അസാൻമാർഗികമായ പലതും നടക്കുന്നുവെന്നും രമ മാധ്യമങ്ങളിലൂടെ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് വിദ്യാർത്ഥികൾ ഒറ്റക്കെട്ടായി നിയമ നടപടിക്ക് ഒരുക്കുന്നത്. എസ്എഫ്ഐ ഉപരോധത്തെ തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ച രമയെ പ്രിൻസിപ്പൽ ഇൻ ചാർജ് സ്ഥാനത്തു നിന്നും നീക്കിയിരുന്നു. നടപടിയെ തുടർന്നുള്ള വിദ്വേഷമാണ് ഡോ രമയുടെ ആരോപണങ്ങൾക്ക് പിന്നിലെന്ന് എസ്എഫ്ഐ ആരോപിച്ചു.
കാസർകോട് ഗവൺമെന്റ് കോളേജിലെ വെള്ളം മലിനമെന്ന് ലാബ് റിപ്പോർട്ട്
