mid day hd 6

 

തുര്‍ക്കിയിലെ ഭുകമ്പത്തില്‍ മരിച്ചവരുടെ എണ്ണം അയ്യായിരം. യഥാര്‍ത്ഥ മരണം മൂന്നിരട്ടിയാകുമെന്ന് ലോകാരോഗ്യ സംഘടന. ലോകം കണ്ട ഏറ്റവും വലിയ ഭൂകമ്പത്തില്‍ തകര്‍ന്ന് തുര്‍ക്കിയും സിറിയയും. കനത്ത മഞ്ഞ് രക്ഷാപ്രവര്‍ത്തനത്തെ ദുഷ്‌കരമാക്കി. ഇന്ത്യയില്‍നിന്നുള്ള ദുരന്തനിവാരണ സേന രക്ഷാപ്രവര്‍ത്തനത്തിന് തുര്‍ക്കിയിലേക്കു തിരിച്ചു.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ നികുതിക്കൊള്ളയ്‌ക്കെതിരേ സെക്രട്ടറിയേറ്റിലേക്കും കളക്ടറേറ്റുകളിലേക്കും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മാര്‍ച്ച്. നിയമസഭാ മാര്‍ച്ചുമായി യുവമോര്‍ച്ചാ പ്രവര്‍ത്തകരും. ഇരുവിഭാഗത്തിന്റേയും മാര്‍ച്ചുകളും അക്രമാസക്തമായി. തിരുവനന്തപുരം, എറണാകുളം, കോട്ടയം, തൃശൂര്‍ അടക്കം പലയിടത്തും കല്ലേറും നേരിടാന്‍ പോലീസ് ജലപീരങ്കിയും പ്രയോഗിച്ചു.

ന്യൂനപക്ഷ വിരുദ്ധയെന്ന് ആരോപണവിധേയയായ വിക്ടോറിയ ഗൗരിയുടെ നിയമനം സുപ്രീം കോടതി ശരിവച്ചു. കൊളീജിയത്തിന്റെ തീരുമാനം റദ്ദാക്കാന്‍ കോടതിക്കാവില്ല. നിയമനത്തിനെതിരെയുള്ള ഹര്‍ജി തള്ളി. ഹര്‍ജി അംഗീകരിച്ചാല്‍ ഇത്തരം പരാതികള്‍ വന്നുകൊണ്ടിരിക്കുമെന്ന് ജസ്റ്റിസ് ബിആര്‍ ഗവായി പറഞ്ഞു. അതേസമയം, വിക്ടോറിയ ഗൗരി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

ഇന്ധന സെസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നാല് പ്രതിപക്ഷ എംഎല്‍എമാര്‍ നിയമസഭാ കവാടത്തില്‍ നടത്തുന്ന സത്യഗ്രഹ സമരം രണ്ടാം ദിവസമായ ഇന്നും തുടര്‍ന്നു. സഭാകവാടത്തില്‍ തറയില്‍ കിടക്ക വിരിച്ചു കിടക്കുന്ന നാല് എംഎല്‍എമാരെ കാണാന് നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ എത്തി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും എംഎല്‍എമാരുമായി സംസാരിച്ചു.

നാലോ അഞ്ചോ പേരടങ്ങുന്ന കുടുംബത്തിനു ദിവസം നൂറു ലിറ്റര്‍ വെള്ളമേ വേണ്ടിവരൂവെന്ന മണ്ടന്‍ ന്യായീകരണവുമായി മന്ത്രി റോഷി അഗസ്റ്റിന്‍ നിയമസഭയില്‍. വെള്ളക്കരം വര്‍ധിപ്പിച്ചതിനെതിരായ ചര്‍ച്ചയ്ക്കിടെയാണു മന്ത്രി മണ്ടന്‍ കണക്ക് എഴുന്നള്ളിച്ചത്. വെള്ളക്കരം വര്‍ധിപ്പിക്കുന്ന തീരുമാനം ആദ്യം നിയമസഭയിലാണ് പ്രഖ്യാപിക്കേണ്ടിരുന്നതെന്നു സ്പീക്കര്‍ എ.എന്‍. ഷംസീര്‍ മന്ത്രിക്കു റൂളിംഗ് നല്‍കി.

വെള്ളക്കരം വര്‍ധിപ്പിച്ച നടപടി സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം. മൂന്നിരിട്ട നിരക്കു വര്‍ധിപ്പിച്ചെന്ന് അഡ്വ എം വിന്‍സന്റ് എംഎല്‍എ അടിയന്തിര പ്രമേയ നോട്ടീസില്‍ കുറ്റപ്പെടുത്തി. എന്നാല്‍ വാട്ടര്‍ അതോറിറ്റിയുടെ നഷ്ടക്കണക്ക് നിരത്തി ഇതിനെ മന്ത്രിറോഷി അഗസ്റ്റിന്‍ പ്രതിരോധിക്കാന്‍ ശ്രമിച്ചു. അടിയന്തിര പ്രമേയ നോട്ടീസ് തള്ളിയതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി.

യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോം കുടുംബസമേതം കൊല്ലത്തെ ഫോര്‍ സ്റ്റാര്‍ ഹോട്ടലില്‍ 38 ലക്ഷം രൂപ മുടക്കി ഒന്നേമുക്കാല്‍ വര്‍ഷം താമസിച്ചെന്ന് യൂത്ത് കോണ്‍ഗ്രസ്. ഇത്രയും തുക മുടക്കാന്‍ ചിന്തരയുടെ സാമ്പത്തിക സ്രോതസ് പരിശോധിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് എന്‍ഫോഴ്‌സ്‌മെന്റിനു പരാതിയയച്ചു. അമ്മയുടെ ആയുര്‍വേദ ചികിത്സയ്ക്കായി താമസിച്ചതാണെന്നാണ് ചിന്താ ജെറോമിന്റെ വിശദീകരണം.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു. നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ എത്തിയ മന്ത്രി ഡോക്ടര്‍മാരുമായും സംസാരിച്ചു. മെഡിക്കല്‍ ബോര്‍ഡിന്റെ മേല്‍നോട്ടത്തില്‍ ചികില്‍സ നല്‍കണമെന്നു നിര്‍ദേശിച്ചു. ഉമ്മന്‍ ചാണ്ടിയുടെ ബന്ധുക്കളുമായി ഫോണില്‍ സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശമനുസരിച്ചാണ് മന്ത്രി വീണാ ജോര്‍ജ് എത്തിയത്. ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനില തൃപ്തികരമെന്നു ഡോക്ടര്‍ മഞ്ജു തമ്പി പറഞ്ഞു. ന്യുമോണിയ മാറിയശേഷം ബെംഗളൂരുവിലേക്കു വിദഗ്ധ ചികില്‍സക്കു കൊണ്ടുപോകും.

അഭയ കേസില്‍ സിസ്റ്റര്‍ സെഫിയുടെ കന്യാത്വ പരിശോധന ഭരണഘടനാ വിരുദ്ധവും മനുഷ്യാവകാശ ലംഘനവുമാണെന്ന് ഡല്‍ഹി ഹൈക്കോടതി. കന്യാത്വ പരിശോധനയ്ക്കു നടപടിയെടുത്തവര്‍ക്കെതിരേ നടപടിക്കു മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കാവുന്നതാണെന്നും കോടതി.

ഭൂപതിവ് ഭേദഗതി ബില്‍ ഈ സമ്മേളനത്തില്‍ നിയമസഭയില്‍ അവതരിപ്പിക്കുമെന്ന് റവന്യു മന്ത്രി കെ രാജന്‍. സാധാരണക്കാര്‍ക്ക് ഭൂമി കിട്ടാന്‍ തടസമായ ചട്ടം ഭേദഗതി ചെയ്യും. എന്നാല്‍ ഭൂപരിഷ്‌കരണം അട്ടിമറിക്കുന്ന വിധം ഏക്കറുകള്‍ കൈവശം വയ്ക്കുന്നവരില്‍നിന്ന് തിരിച്ചു പിടിക്കും. മറ്റു വകുപ്പുകളുടെ കൈയില്‍ ഇരിക്കുന്ന ഭൂമി റവന്യൂ വകുപ്പിലേക്ക് തിരിച്ചെടുത്ത് പട്ടയം നല്‍കുന്ന കാര്യവും പരിശോധിക്കുമെന്നു മന്ത്രി സഭയില്‍ പറഞ്ഞു.

ഗ്രൂപ്പ് വീതംവയ്പിലെ തര്‍ക്കംമൂലം കെപിസിസി പുനഃസംഘടന അവതാളത്തിലായി. ഡിസിസി ഭാരവാഹികളുടെ പട്ടിക തയ്യാറാക്കാനുള്ള അവസാന തീയതി ഇന്നാണ്. ഒരു ജില്ലയും പട്ടിക സമര്‍പ്പിച്ചില്ല. പട്ടിക തയാറാക്കാന്‍ ചേര്‍ന്ന ജില്ലാ തല നേതൃയോഗങ്ങളെല്ലാം അടിപിടിയോളം സംഘര്‍ഷത്തിലാണു പിരിഞ്ഞത്.

പത്തനംതിട്ട കോണ്‍ഗ്രസില്‍ മുന്‍ ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ് പാര്‍ട്ടി ഓഫീസിന്റെ കതകില്‍ ചവിട്ടിയതിനെതിരെ ജില്ലാ നേതൃത്വം കെപിസിസിക്കു പരാതി നല്‍കി. പുനഃസംഘടന തര്‍ക്കത്തിനിടെയാണ് സംഭവം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഡിസിസി പുറത്തുവിട്ടതോടെ കെപിസിസി പ്രസിഡന്റ് ജില്ലാ നേതൃത്വത്തില്‍ നിന്ന് വിശദീകരണം തേടി.

പ്രവാസി ക്ഷേമബോര്‍ഡ് പെന്‍ഷന്‍ തട്ടിപ്പു കേസില്‍ തട്ടിപ്പു കണ്ടെത്തിയത് 99 പെന്‍ഷന്‍ അക്കൗണ്ടുകളില്‍. കേസിലെ പ്രതിയായ ഏജന്റ് ശോഭ സ്വന്തം പേരിലും പെന്‍ഷന്‍ അക്കൗണ്ട് തുടങ്ങിയതായി കണ്ടെത്തി. രണ്ടു വര്‍ഷമെങ്കിലും പ്രവാസിയായിരുന്നവര്‍ക്കാണ് ക്ഷേമബോര്‍ഡില്‍ അംഗത്വം ലഭിക്കൂ. ആറു മാസത്തെ വിസിറ്റിംഗ് വിസയില്‍ വിദേശത്തു പോയ രേഖയുമായാണ് ശോഭ പെന്‍ഷന്‍ അക്കൗണ്ട് തുടങ്ങിയത്.

കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസില്‍ ഉദ്യോഗസ്ഥരുടെ വാട്‌സ്ആപ് ചാറ്റ് പുറത്ത്. സര്‍ട്ടിഫിക്കറ്റ് തിരുത്താന്‍ മാസങ്ങള്‍ക്കുമുമ്പേ ശ്രമം നടന്നുവെന്ന് വ്യക്തമാക്കുന്ന വിവരങ്ങളാണു പുറത്തായത്. മെഡിക്കല്‍ റെക്കോര്‍ഡ്‌സ് വിഭാഗത്തിലെ ഉദ്യോഗസ്ഥ അശ്വനിയും നഗരസഭാ കിയോസ്‌ക്കിലെ ജീവനക്കാരി രഹനയും തമ്മിലുള്ള ചാറ്റാണിത്. ജനന സര്‍ട്ടിഫിക്കറ്റ് രേഖ വേണമെന്ന് അനില്‍കുമാര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കുട്ടിയുടെ വിലാസം രേഖയില്‍ തിരുത്തണമെന്നും സംഭാഷണത്തില്‍ കാണാം.

അമ്മയുടെ മരണത്തിനു കാരണം ചികിത്സാ പിഴവെന്ന് ആരോപിച്ച് കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിക്കു മുന്നില്‍ മകളുടെ നിരാഹാര സമരം. ആലുവ സ്വദേശി സുചിത്രയാണ് സമരം ചെയ്യുന്നത്. ഇവരുടെ അമ്മ സുശീല ദേവി കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മൂന്നിനു മരിച്ചത് ഡോക്ടര്‍മാരുടെ വീഴ്ച മൂലമാണെന്ന് അന്നേ പരാതിപ്പെട്ടിരുന്നു. 2022 ജൂലൈ മാസത്തില്‍ ആരോഗ്യവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും ഇതുവരെ അന്വേഷണം ആരംഭിച്ചിട്ടില്ല.

കുട്ടികള്‍ തമ്മിലുള്ള തര്‍ക്കം രക്ഷിതാക്കള്‍ ഏറ്റെടുത്തുണ്ടായ സംഘര്‍ഷത്തില്‍ ബന്ധുവും അയല്‍വാസിയുമായ വീട്ടമ്മയ്ക്കു വെട്ടേറ്റു. സംഭവത്തില്‍ 47 കാരനായ ഇടയ്‌ക്കോട് കൊച്ചുപരുത്തി ആറ്റുവിളാകം വീട്ടില്‍ ജി. ഷിബു (47)വിനെ ആറ്റിങ്ങല്‍ പൊലീസ് പിടികൂടി. കൊച്ചുപരുത്തി സ്വദേശി സുജയ്ക്കാണ് വെട്ടേറ്റത്.

വടകരക്കു സമീപം ഏറാമലയില്‍ പൊലീസുകാരനു കുത്തേറ്റു. ഏറാമല മണ്ടോള്ളതില്‍ ക്ഷേത്രോത്സവത്തിനിടെ ഇന്നലെ അര്‍ദ്ധ രാത്രിയോടെ എ ആര്‍ ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫീസര്‍ അഖിലേഷിനാണ് കുത്തേറ്റത്. ഉത്സവ പറമ്പില്‍ ചീട്ടുകളി സംഘത്തെ പിടികൂടാന്‍ ശ്രമിച്ചപ്പോഴാണ് ആക്രമമുണ്ടായത്.

ചെന്നിത്തല ചെറുകോലില്‍ കാണാതായ മകളെ തേടി കാമുകന്റെ വീട്ടിലെത്തിയ പിതാവിനെയും സഹോദരനെയും സഹോദരി ഭര്‍ത്താവിനെയും മര്‍ദിച്ച മൂന്നുപേരെ അറസ്റ്റു ചെയ്തു. ചെറുകോല്‍ ഗോകുല്‍(19), ഗ്രാമം ചിറയില്‍ ഉണ്ണി (ഷാനറ്റ്-25) ചെറുകോല്‍ വൈഷ്ണവ് (20)എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ചെറുകോല്‍ മാലിയില്‍ വടക്കേതില്‍ പ്രവീണ്‍ (26) പിതാവ് ഉണ്ണൂണി (48) ഉണ്ണൂണിയുടെ മരുമകന്‍ മാവേലിക്കര മറ്റം വടക്ക് എലിസബത്ത് വില്ലയില്‍ റോജന്‍ (45) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.

കായംകുളത്ത് സ്‌കൂട്ടറില്‍ സഞ്ചരിച്ച വീട്ടമ്മയുടെ മരണത്തിനിടയാക്കി കഴുത്തില്‍ കുരുങ്ങിയ കേബിള്‍ ലോക്കല്‍ കേബിള്‍ ഓപറേറ്ററുടേത്. എരുവ ക്ഷേത്രത്തിലെ ഉത്സവത്തിനു കെട്ടുകാഴ്ച കടന്നു പോയപ്പോള്‍ കേബിള്‍ പൊട്ടിവീണതാണ് അപകടത്തിനു കാരണം.

ഇടുക്കിയിലെ ആക്രമണകാരികളായ കാട്ടാനകളെ മയക്കുവെടി വയ്ക്കാന്‍ തടസം പ്രദേശത്തെ ഭൂമി ശാസ്ത്രപരമായ ഘടനയെന്ന് ദൗത്യസംഘം. മയക്കുവെടിവച്ച് ആനകള്‍ക്കു റേഡിയോ കോളര്‍ ഘടിപ്പിക്കാനാണു ശ്രമം. ഒരു കപ്പിന്റെ ആകൃതിയിലുള്ള ചിന്നക്കനാല്‍ മേഖലയുടെ ഏറ്റവും താഴെ ആനയിറങ്കല്‍ ഡാമും ചുറ്റും മലനിരകളുമാണ്. ആവശ്യത്തിനു റോഡുകളുമില്ല. ചെരിഞ്ഞ പ്രദേശത്തും ജലാശയത്തിനടുത്തും മയക്കു വെടി പാടില്ലെന്നാണ് നിയമം.

കഴിഞ്ഞ വര്‍ഷം അമ്പതോളം സര്‍ക്കാര്‍ വെബ്സൈറ്റുകള്‍ ഹാക്ക് ചെയ്യപ്പെട്ടെന്നു കേന്ദ്ര കമ്മ്യൂണിക്കേഷന്‍സ് മന്ത്രി അശ്വനി വൈഷ്ണവ് രാജ്യസഭയെ അറിയിച്ചു. 2022-23 ലെ കണക്കാണിത്. സിപിഐ അംഗം ബിനോയ് വിശ്വത്തിന്റെ ചോദ്യത്തിന് മറുപടിയായാണ് വിവരങ്ങള്‍ അറിയിച്ചത്.

മംഗളൂരുവിലെ നഴ്‌സിംഗ് കോളേജില്‍ ഭക്ഷ്യവിഷബാധ. 137 വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍ ചികിത്സ തേടി. ശക്തി നഗറിലെ സിറ്റി കോളേജ് ഓഫ് നഴ്സിംഗിലെ വിദ്യാര്‍ഥികളാണ് ചികിത്സ തേടിയത്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *