അധ്യാപക ജോലി രാജിവച്ച് നായ്ക്കളെ നടത്തിക്കുന്ന ജോലി തെരഞ്ഞെടുത്ത ഒരാളെ നമുക്കു കാണാം. യുഎസിലെ ബ്രൂക്ലിനിലുള്ള മൈക്കിള്‍ ജോസഫ് എന്ന യുവാവാണ് അധ്യാപക ജോലി ഉപേക്ഷിച്ച് നായ്ക്കളെ നടത്തുന്ന ജോലി സ്വീകരിച്ചത്. അധ്യാപക ജോലിപോലെത്തന്നെ ശ്രേഷ്ഠമാണ് നായ്ക്കളെ നടത്തിക്കുന്ന ജോലിയും. എന്നാല്‍ അധ്യാപക ജോലിയേക്കാള്‍ മൂന്നിരട്ടി വരുമാനം നായ്ക്കള്‍ക്കൊപ്പം നടന്നുകൊണ്ട് സമ്പാദിക്കുന്നുണ്ടെന്ന് മൈക്കിള്‍ ജോസഫ പറയുന്നു. അധ്യാപക ജോലിക്ക് ഒരു വര്‍ഷം 30 ലക്ഷം രൂപയാണ് ശമ്പളമായി കിട്ടിയിരുന്നത്. നായ്ക്കള്‍ക്കൊപ്പം നടന്നുകൊണ്ട് സമ്പാദിക്കുന്നത് ഒരു കോടിയോളം രൂപയാണ്. കൂടുതല്‍ ഒഴിവുവേളയും ലഭിക്കുന്നു. 34 കാരനായ മൈക്കിള്‍ ജോസഫ് സ്കൂള്‍ അധ്യാപകനായി ജോലി ചെയ്തുകൊണ്ടിരിക്കേ, എല്ലാ ദിവസവും സ്വന്തം നായയേയുംകൂട്ടി പാര്‍ക്കിലും മറ്റും നടക്കാന്‍ പോകാറുണ്ട്. ഇതുകണ്ട് ഒരാള്‍ തന്റെ നായയെകൂടി നടക്കാന്‍ കൂടെ കൂട്ടാമോയെന്ന് ചോദിച്ചു. മൈക്കിള്‍ ജോസഫ് പിറ്റേന്നു മുതല്‍ അദ്ദേഹത്തിന്റെ നായയേയും നടക്കാന്‍ കൂടെകൂട്ടി. രണ്ടു ദിവസത്തിനകം വേറേയും ചിലര്‍ ഇതേ ആവശ്യവുമായി മൈക്കിള്‍ ജോസഫിനെ സമീപിച്ചു. അവരുടെ നായ്ക്കളെയെല്ലാം നടത്താന്‍ കൊണ്ടുപോകും. ഓസിനല്ല, നല്ല ഫീസു വാങ്ങിയാണ് നായ് നടത്തം. 30 മിനിറ്റു നായയെ നടത്തിക്കാന്‍ മാസം 1,600 രൂപ. കൂടുതല്‍ പേര് ഇടപാടുകാരായി എത്തിയതോടെ നായ് നടത്തം ഒരു ബിസിനസായി മൈക്കിള്‍ ജോസഫ് വളര്‍ത്തി. അധ്യാപക ജോലി രാജിവച്ചു. പാര്‍ക്ക്സൈഡ് പപ്സ് എന്ന പേരില്‍ ഒരു സ്ഥാപനവും ആരംഭിച്ചു. നായ്ക്കളെ പരിപാലിക്കുന്നതിനുള്ള സാമഗ്രികളും മറ്റും വില്‍ക്കാനും തുടങ്ങി. നായ്ക്കളിലൂടേയും നല്ലകാലം വരുമെന്നു സാരം.
നായ്ക്കളെ നടത്തിച്ചും കോടീശ്വരനാകാം
