രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ദില്ലിയിൽ പര്യടനം തുടങ്ങി. ഹരിയാന അതിർത്തിയായ ബദർപുരിൽ നിന്ന് ഇന്ന് രാവിലെ 6 മണിക്കാണ് ദില്ലിയിലെ യാത്രക്ക് തുടക്കമായത്. രാജ്യത്ത് പൊതു പരിപാടികളിൽ കോവിഡ് നിയന്ത്രണങ്ങൾ വേണം എന്ന് കേന്ദ്ര ഗവൺമെന്റ് നിർദ്ദേശം നിലനിൽക്കേ മാസ്ക് ഇടാതെയാണ് രാഹുൽ അടക്കമുള്ളവരുടെ യാത്ര.
നടൻ കമൽഹാസനും ഉച്ചയ്ക്ക് രണ്ടരയോടെ യാത്രയിൽ അണിനിരക്കും. പുരാന ഖില, ഇന്ത്യ ഗേറ്റ് എന്നിവിടങ്ങളിലൂടെ യാത്ര വൈകുന്നേരം ചെങ്കോട്ടക്ക് സമീപം സമാപിക്കും. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചേ ഭാരത് ജോഡോ യാത്ര തുടരാവൂയെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോള്‍ പിന്നോട്ടില്ലെന്ന് പ്രഖ്യാപിക്കുകയാണ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിയടക്കമുള്ളവരുടെ പരിപാടികളിലില്ലാത്ത നിയന്ത്രണം എന്തിനാണ് ജോഡോ യാത്രയിൽ മാത്രം എന്നാണ് രാഹുല്‍ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ ചോദിക്കുന്നത്.
എന്നാൽ പൊതുവായി സ്വീകരിക്കേണ്ട കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിക്കും. യാത്രക്ക് മാത്രമായി മാനദണ്ഡങ്ങള്‍ കടുപ്പിച്ചാല്‍ അംഗീകരിക്കില്ലെന്ന സൂചന കോണ്‍ഗ്രസ് നേതാക്കള്‍ നേരത്തെ തന്നെ നല്‍കിയിരുന്നു. അതേസമയം കൊവിഡ് പരിശോധനാ ഫലം നിർബന്ധമാക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യുകയാണ് കേന്ദ്രം. പ്രത്യേകിച്ച് ചില രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർ കൊവിഡ് പരിശോധനാ ഫലം കാണിക്കണമെന്ന വ്യവസ്ഥ കൊണ്ടുവരാനാണ് കേന്ദ്രം ആലോചിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.
നിലവില്‍ വിമാന സർവ്വീസുകൾ നിയന്ത്രിക്കേണ്ട കാര്യമില്ല എന്നാണ് വിലയിരുത്തൽ