അത്യാധുനിക എഐ സ്മാര്ട്ട് വെയറബിള് ആയ ‘ജിയോ ഗ്ലാസസ്’ അവതരിപ്പിച്ച് റിലയന്സ് ജിയോ. ഫോണ് എടുക്കാതെയും ആപ്പുകള് തുറക്കാതെയും ക്യുആര് കോഡിലേക്ക് നോക്കി മാത്രം യുപിഐ പണമിടപാടുകള് നടത്താന് ഈ എഐ ഗ്ലാസ് ഉപയോഗിച്ച് സാധിക്കും. ജിയോ ഗ്ലാസസിലെ കാമറ യുപിഐ ക്യു ആര് കോഡ് സ്കാന് ചെയ്യുകയും, അതേസമയം ഉപയോക്താവ് പേയ്മെന്റ് ആരംഭിക്കുന്നതിനായി വോയ്സ് കമാന്ഡ് നല്കുകയും ചെയ്യുന്നു. സ്ഥിരീകരണം ലഭിച്ചാലുടന് പേയ്മെന്റ് പൂര്ത്തിയാകുന്നു. ‘യുപിഐ സര്ക്കിള്’ വഴി ഉപയോക്താക്കള്ക്ക് ഓരോ ഇടപാടിലും 5,000 രൂപ വരെ പണമടയ്ക്കാന് സാധിക്കും. വ്യത്യസ്ത ഇന്ത്യന് ഭാഷകള് സംസാരിക്കുന്നവര്ക്ക് പരസ്പരം ആശയവിനിമയം നടത്താന് സഹായിക്കുന്ന തത്സമയ വിവര്ത്തന സംവിധാനവും എഐ ഗ്ലാസുകളിലുണ്ട്. മീറ്റിങ്ങുകളിലും ചര്ച്ചകളിലും പ്രധാനപ്പെട്ട വിവരങ്ങള് രേഖപ്പെടുത്താന് സഹായിക്കുന്ന എഐ നോട്ട്-ടേക്കിങ് സംവിധാനവും പുതിയ ഡിവൈസിലുണ്ട്. ക്രിക്കറ്റ് മത്സരങ്ങളുടെ തത്സമയ കമന്ററി അറിയാനുള്ള സൗകര്യവും അവതരിപ്പിച്ചിട്ടുണ്ട്.
