yt cover 25

മുതിര്‍ന്ന പൗരന്മാരെ ഉപദ്രവിച്ചാല്‍ മൂന്നു വര്‍ഷം വരെ തടവുശിക്ഷ നല്‍കുന്ന വയോജന സംരക്ഷണ ബില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ നിയമസഭയില്‍ അവതരിപ്പിച്ചു. സ്വത്ത് കൈക്കലാക്കല്‍, വീട്ടില്‍നിന്ന് ഇറക്കിവിടല്‍ എന്നിവയും കുറ്റകൃത്യമാണ്. ഒരു മുതിര്‍ന്ന പൗരനും ഒറ്റയ്ക്കായി പോയെന്ന ചിന്ത ഉണ്ടാകരുതെന്നാണു നിയമത്തിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍ വ്യക്തമാക്കി. കേരളത്തിലെ മുഴുവന്‍ മുതിര്‍ന്ന പൗരന്‍മാരുടെയും ഡേറ്റ സര്‍ക്കാരിന്റെ കയ്യിലുണ്ട്. പരിചരണം ആവശ്യമുള്ളവര്‍ക്ക് സംരക്ഷണവും അവകാശവും ഉണ്ടാകും. മുഖ്യമന്ത്രി പറഞ്ഞു.

കേരള ബാങ്ക് രൂപീകരണം പുനഃപരിശോധിച്ച് ജില്ലാ സഹകരണ ബാങ്കുകളെ പുനസ്ഥാപിക്കുമെന്ന സൂചനയുമായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. കേരള സഹകരണ സംഘ നിയമത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ ഭേദഗതികള്‍ റദ്ദാക്കാനോ ഭേദഗതികള്‍ വരുത്താനോ നിയമനടപടി സ്വീകരിക്കുമെന്നാണു സൂചന. മലപ്പുറം ജില്ലാ സഹകരണ ബാങ്കിന്റെ കേരള ബാങ്കുമായുള്ള ലയനക്കേസിലാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നിലപാട് വ്യക്തമാക്കിയത്.

മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനും മുന്‍ മന്ത്രി മുഹമ്മദ് റിയാസിനുമെതിരായ വിജിലന്‍സ് കേസ് അന്വേഷിക്കാന്‍ രണ്ട് പ്രത്യേക സംഘങ്ങളെ നിയോഗിച്ചുള്ള ഉത്തരവ് ഇന്നിറങ്ങും. തിരുവനന്തപുരം, കോഴിക്കോട് യൂണിറ്റ് എസ്പിമാരുടെ നേതൃത്വത്തിലായിരിക്കും എസ്ഐടി പ്രവര്‍ത്തിക്കുക.

കേന്ദ്ര നീക്കങ്ങള്‍ക്കും ഇഡിക്കുമെതിരെ പ്രചാരണം ശക്തമാക്കാനും ഇന്നും നാളേയും തിരുവനന്തപുരത്തും കോഴിക്കോട്ടും സിപിഎം സെമിനാറുകള്‍ സംഘടിപ്പിക്കും. ഇഡിക്കെതിരെ സര്‍ക്കാര്‍ അപ്പീലിന് പോകേണ്ടതായിരുന്നെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞു. കോടതി ഉത്തരവനുസരിച്ചു വിജിലന്‍സ് കേസെടുത്ത പിണറായി വിജയനേയും കുടുംബത്തേയും ന്യായീകരിക്കാന്‍ കൂടിയാണു സെമിനാര്‍.

പിണറായി വിജയനെതിരായ എഫ്.ഐ.ആര്‍ നടപടികളില്‍ കോണ്‍ഗ്രസ് സ്വീകരിക്കുന്ന നിലപാട് രാഷ്ട്രീയ ഒത്തുകളിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.ഹവാല ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണം വി.ഡി. സതീശന്റെ മന്ത്രിസഭയിലെ ചില അംഗങ്ങളിലേക്കും എത്തുമെന്ന ഭയമാണ് കോണ്‍ഗ്രസിനെ പിന്നോട്ടുവലിക്കുന്നതെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

ജനം പുറംകാലുകണ്ട് ചവിട്ടി പുറത്താക്കിയ പിണറായിയെ രക്ഷിക്കാനാണ് മുഖ്യമന്ത്രി വി.ഡി. സതീശന്‍ ശ്രമിക്കുന്നതെന്ന് മാസപ്പടിക്കേസിലെ ഹര്‍ജിക്കാരന്‍ കെ.എം. ഷാജഹാന്‍. കഴിഞ്ഞ 10 വര്‍ഷം യുഡിഎഫ് ചെയ്ത സമരങ്ങളെ അധികാരത്തില്‍ വന്നപ്പോള്‍ സതീശന്‍ റദ്ദ് ചെയ്യുകയാണെന്നും ഷാജഹാന്‍ ആരോപിച്ചു. ഞെട്ടിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ചിരിക്കുന്നത്. തെളിവുണ്ടെന്ന് കണ്ടാണ് ഹൈക്കോടതി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ടതെന്നും ഷാജഹാന്‍.

മാസപ്പടി കേസില്‍ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടില്‍ കോണ്‍ഗ്രസില്‍ ഒരു വിഭാഗം നേതാക്കള്‍ക്ക് അമര്‍ഷം. പിണറായി വിജയന് അനുകൂലമായ വാദം, മാസപ്പടി കേസില്‍ ഇതുവരെ സ്വീകരിച്ച കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ലൈനിനെ ദുര്‍ബലമാക്കുമെന്നാണ് മാത്യു കുഴല്‍ നാടന്‍ അടക്കമുള്ള നേതാക്കളുടെ വിലയിരുത്തല്‍.

പാലക്കാട് മൂലത്തറയില്‍ കള്ളുഷാപ്പിനു മുന്നില്‍ യാചകനെ തല്ലിക്കൊന്നു. ശനിയാഴ്ച രാത്രിയാണ് സംഭവം. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിലാണ് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. ആള്‍ക്കൂട്ട കൊലപാതകത്തിന് അഞ്ച് പേരെ മീനാക്ഷിപുരം പൊലീസ് അറസ്റ്റു ചെയ്തു.

അര്‍ഹരായ എല്ലാ കായികതാരങ്ങള്‍ക്കും മികവിനനുസരിച്ചുള്ള ജോലി സംസ്ഥാനത്തു ലഭ്യമാക്കുമെന്നു മുഖ്യമന്ത്രി വി.ഡി. സതീശന്‍. ദിനബത്തയോ യാത്രപ്പടിയോ ലഭിക്കാത്ത ഒരു കായികതാരവും ഇനി കേരളത്തിലുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ‘നിശാഗന്ധി കായിക രാവ്’ ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

നൂറു കോടി രൂപയുടെ സ്വത്തുള്ള തിരുവനന്തപുരം കരമന കൂടത്തില്‍ കുടുംബത്തിലെ ജയമാധവന്‍ നായരുടെ മരണത്തിന് ഒമ്പതു വര്‍ഷങ്ങള്‍ക്കുശേഷം കുടുംബത്തിലെ കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍ അറസ്റ്റിലായി. ബ്രെയിന്‍ മാപ്പിങ്ങിലൂടെയാണ് കൊലപാതകത്തില്‍ പ്രതിയുടെ പങ്ക് കണ്ടെത്തിയത്. 15 വര്‍ഷത്തിനിടെ കൂടത്തില്‍ കുടുംബത്തില്‍ ഏഴു മരണങ്ങളുണ്ടായിരുന്നു. കുടുംബത്തിലെ അവസാന കണ്ണിയായിരുന്ന ജയമാധവന്‍ നായര്‍ 2017 ല്‍ കട്ടിലില്‍നിന്നു വീണു തലയ്ക്കു പരിക്കേറ്റു മരിച്ചതില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ നല്‍കിയ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്. ജയമാധവന്‍ നായരുടെ ഭൂമി വ്യാജരേഖ ചമച്ച് രവീന്ദ്രന്‍ നായര്‍ സ്വന്തം പേരിലാക്കിയിരുന്നു.

നെടുമ്പാശേരിയില്‍ മിനി കുപ്പര്‍ ഇടിച്ച് മൂന്നു പേര്‍ കൊല്ലപ്പെട്ട കേസിലെ പ്രതി സുഹൈല്‍ സജീവ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. നാളെ ജാമ്യാപേക്ഷ പരിഗണിക്കും. കാര്‍ മത്സരയോട്ടം നടത്തിയോ എന്നതടക്ക മുള്ള കാര്യങ്ങളില്‍ വ്യക്തത തേടാന്‍ സുഹൈലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കത്തിലാണ് പൊലീസ്. സുഹൈല്‍ സജീവും കൂട്ടാളികളും റിമാന്‍ഡിലാണ്. മദ്യ ലഹരിയിലാണ് സുഹൈല്‍ കാര്‍ ഓടിച്ചതെന്നു റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാണ്.

നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടത്തില്‍ ആര് വിചാരിച്ചാലും പ്രതിയെ രക്ഷിക്കാനാകില്ലെന്ന് ഉറപ്പ് നല്‍കി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ബോസ്റ്റല്‍ സ്‌കൂളില്‍ പ്രതിയെ അയച്ചത് കോടതിയാണ്. പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

നെടുമ്പാശേരി അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങളുമായി സംസാരിച്ച് ആലുവ റൂറല്‍ എസ്.പി സുദര്‍ശന്‍. വയനാട് മടക്കിമല സ്വദേശി ദേവിക, സുള്ള്യ സ്വദേശി ഇയാസ്, പാലക്കാട് സ്വദേശി ഗോപിക എന്നിവരുടെ കുടുംബങ്ങളുമായാണ് എസ്.പി സംസാരിച്ചത്. കേസന്വേഷണത്തില്‍ കുടുംബങ്ങള്‍ക്ക് യാതൊരു ആശങ്കയും വേണ്ടെന്നും ഉന്നയിക്കപ്പെട്ട മറ്റ് ആരോപണങ്ങളെല്ലാം തെറ്റാണെന്നും എസ്.പി വ്യക്തമാക്കി.

പിണറായി വിജയന്റെ അകമ്പടി വാഹനവുമായി സസ്പെന്‍ഷനിലുള്ള മുന്‍ ഗണ്‍മാന്റെ കറക്കം. മുന്‍ ഗണ്‍മാന്‍ അനില്‍ കുമാര്‍ ഔദ്യോഗിക വാഹനത്തില്‍ സഞ്ചരിച്ചതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. ഇന്നലെ പത്തനാപുരത്താണ് അനില്‍ കറങ്ങിയത്. ആ സമയം പിണറായി തിരുവനന്തപുരത്തായിരുന്നു.

നെല്ല് സംഭരണത്തില്‍ സപ്ലൈക്കോയ്ക്ക് 2022-23 വര്‍ഷത്തിലുണ്ടായ സാമ്പത്തിക ബാധ്യത തീര്‍ക്കാന്‍ 63.37 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചതായി മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു.

നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് ബെംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പ്രത്യേക സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് അനുവദിച്ചു. ദക്ഷിണ റെയില്‍വേയാണ് യാത്രക്കാരുടെ തിരക്ക് പരിഹരിക്കുന്നതിനായി ഈ പ്രത്യേക സര്‍വീസ് പ്രഖ്യാപിച്ചത്.

ഓച്ചിറ കായംകുളം സെക്ഷനില്‍ ഓവര്‍ഹെഡ് വൈദ്യുത ലൈനിലെ തകരാര്‍ പരിഹരിക്കുന്നതിനുള്ള പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ കായംകുളം ഭാഗത്തേക്കുള്ള ട്രെയിന്‍ സര്‍വീസുകള്‍ വൈകുന്നുവെന്ന് റെയില്‍വേ അറിയിച്ചു.

കൊടുങ്ങല്ലൂരില്‍ 18-കാരനായ മുഹമ്മദ് അസ്ലം ജീവനൊടുക്കിയത് പോലീസ് പീഡനത്തെ തുടര്‍ന്നെന്ന് ആരോപണം. പ്രണയത്തിന്റെ പേരില്‍ അസ്ലമിനെയും സഹോദരനെയും കസ്റ്റഡിയിലെടുത്ത സി.ഐ ബൈജുവും എസ്.ഐ അതുല്‍ മോഹനനും ക്രൂരമായി മര്‍ദ്ദിച്ചതായി പിതാവ് ആരോപിച്ചു.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ പിഴവിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന പരാതിയില്‍ റിപ്പോര്‍ട്ട് തേടി ആശുപത്രി സൂപ്രണ്ട്. ഗര്‍ഭാശയം നീക്കല്‍ ശസ്ത്രക്രിയക്ക് വിധേയയായ വടകര സ്വദേശി തങ്കമണി ആണ് മരിച്ചത്. ബന്ധുക്കളുടെ പരാതിയില്‍ മെഡിക്കല്‍ കോളേജ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം കൂടുതല്‍ ശക്തമാക്കാന്‍ ഇന്ത്യ സഖ്യം നേതാക്കള്‍ തീരുമാനിച്ചു. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ വസതിയില്‍ ചേര്‍ന്ന സഖ്യകക്ഷി നേതാക്കളുടെ യോഗത്തിലാണ് തീരുമാനം. ഭരണഘടനാ മൂല്യങ്ങളും ജനാധിപത്യവും സംരക്ഷിക്കാന്‍ ഒറ്റക്കെട്ടായി മുന്നോട്ടുപോകണം. എത്രയൊക്കെ ബാരിക്കേഡുകള്‍ തീര്‍ത്ത് അടിച്ചമര്‍ത്തിയാലും ലക്ഷ്യം കാണുംവരെ പോരാട്ടം തുടരുമെന്ന് നേതാക്കള്‍ സംയുക്തമായി പ്രഖ്യാപിച്ചു.

കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ്, പാര്‍ലമെന്ററി കാര്യവകുപ്പ് സഹമന്ത്രി എല്‍. മുരുകന്‍ മന്ത്രിസ്ഥാനവും രാജ്യസഭാംഗത്വവും രാജിവച്ചു. തമിഴ്‌നാട്ടില്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായാണ് രാജിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കേന്ദ്ര മന്ത്രിസഭ വൈകാതെ പുനസംഘടിപ്പിക്കുമെന്ന സൂചനയാണ് രാജിയിലൂടെ പുറത്തുവന്നത്.

ഒരു പതിറ്റാണ്ടിനിടെ ഇന്ത്യയില്‍ 25 കോടിയോളം പേര്‍ ദാരിദ്ര്യ മുക്തരായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയില്‍ നടന്ന ‘ബ്ലൂംബെര്‍ഗ് ന്യൂ ഇക്കണോമി ഫോറത്തി’ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരന്മാരെ ഭരണകൂടത്തെ ആശ്രയിച്ചു ജീവിക്കുന്നവരാക്കുന്നതിന് പകരമായി, അവരെ ശാക്തീകരിക്കുകയാണ് ഗവണ്‍മെന്റിന്റെ യഥാര്‍ത്ഥ ചുമതലയെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഒന്നര കിലോമീറ്റര്‍ മാത്രമുള്ള റോഡ് ഷോകള്‍ രാജ്യത്തെ ജനങ്ങളുടെ പൊതുശബ്ദമാകില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രതിഷേധ പ്രകടനങ്ങളില്‍ പങ്കെടുക്കാന്‍ ഇന്ത്യാസഖ്യത്തിലെ വിവിധ പാര്‍ട്ടികള്‍ ശ്രമിച്ചിട്ടും 8,000 പേരെ മാത്രമാണ് എത്തിക്കാനായതെന്ന് അമിത് ഷാ പരിഹസിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങളുടെ പേരില്‍ ഇന്ത്യാസഖ്യത്തിനും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കുമെതിരെയാണു പരിഹാസം. രാജ്യത്ത് നടന്ന ഉപതെരഞ്ഞെടുപ്പുകളിലെ വിജയം ചൂണ്ടിക്കാണിച്ച അമിത് ഷാ, ജനങ്ങള്‍ ഇന്ത്യാസഖ്യത്തെ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞെന്നും അഭിപ്രായപ്പെട്ടു.

ഭീകരവാദത്തിനെതിരെ ഇന്ത്യക്ക് വിട്ടുവീഴ്ചയില്ലാത്ത നയമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അതിര്‍ത്തി സുരക്ഷ ശക്തമാക്കുന്നതിനും ഭീകരവാദം, ഭീകരവാദ ഫണ്ടിംഗ്, സംഘടിത കുറ്റകൃത്യങ്ങള്‍ എന്നിവ തടയുന്നതിനു സഹകരണം കൂടുതല്‍ ഊര്‍ജ്ജിതമാക്കണം. ഡല്‍ഹിയില്‍ നടന്ന ആദ്യ ബിംസ്റ്റെക് ആഭ്യന്തരമന്ത്രിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബംഗാള്‍ ഉള്‍ക്കടല്‍ തീരത്തുള്ള ബംഗ്ലാദേശ്, ഭൂട്ടാന്‍, ഇന്ത്യ, മ്യാന്‍മര്‍, നേപ്പാള്‍, ശ്രീലങ്ക, തായ്‌ലന്‍ഡ് എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെട്ട കൂട്ടായ്മയാണ് ബിംസ്റ്റെക്.

ഡല്‍ഹി പൊലീസ് അമിത് ഷായുടെ തട്ടികൊണ്ടുപോകല്‍ ഗുണ്ടാ സംഘമായെന്നു സിജെപി നേതാവ് അഭിജിത് ദീപ്കെ. കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളെ ഡല്‍ഹി പൊലീസ് വിട്ടയക്കുന്നില്ല. അശുതോഷ് റാങ്കയും സൗരവ് ദാസും കസ്റ്റഡിയില്‍ തുടരുകയാണെന്ന് സിജെപി കണ്‍വീനര്‍ അഭിജീത് ദീപ്കെ ആരോപിച്ചു. ഇരുവരെയും അഭിഭാഷകരെ കാണാന്‍ അനുവദിച്ചില്ല. ഇന്നലെ രാവിലെ ജന്തര്‍ മന്തറില്‍ നിന്നും പിടികൂടിയ മറ്റുള്ളവരെ വിട്ടയിച്ചിരുന്നു.

പൊലീസ് അതിക്രമത്തിനെതിരെയുള്ള ജോണ്‍ ബ്രിട്ടാസ് എംപി ചീഫ് ജസ്റ്റിസിന് അയച്ച കത്ത് സുപ്രീം കോടതി ഹര്‍ജിയായി പരിഗണിക്കും. പൊലീസിനെതിരായ മറ്റു ഹര്‍ജികള്‍ക്കൊപ്പമാണ് ഈ കത്തും പരിഗണിക്കുക. ഡല്‍ഹിയില്‍ ഒക്ടോബര്‍ 11 ന് തനിക്ക് നേരിടേണ്ടിവന്നത് ഒരു വ്യക്തിക്കെതിരായ പൊലീസ് അതിക്രമമല്ല. ജനാധിപത്യ രാജ്യത്ത് ഒരു ജനപ്രതിനിധിക്കാണ് ഇത് സംഭവിച്ചത്. വിയോജിപ്പിനും അഭിപ്രായപ്രകടനത്തിനും സ്വാതന്ത്ര്യമില്ലെന്ന അവസ്ഥയാണെന്ന് എംപി പറഞ്ഞു.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യ യോഗത്തിലേക്ക് ടിവികെയും. ഇന്നു ചെന്നൈയില്‍ നടക്കുന്ന പൊതുയോഗത്തിനുള്ള പോസ്റ്ററില്‍ രാഹുലിന്റെയും വിജയ്യുടെയും ചിത്രമുണ്ട്. ടിവികെ മന്ത്രി രാജ്‌മോഹന്‍ പ്രസംഗിക്കും.

മുഖ്യതെരഞ്ഞെടുപ്പു കമ്മീഷനെതിരേ തീവ്രവോട്ടര്‍പട്ടിക പരിഷ്‌കരണത്തിലെ ക്രമക്കേടും ഫോം ആറിലെ ഭേദഗതിയും ചോദ്യംചെയ്ത് ഇന്ത്യസഖ്യ നേതാക്കള്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി പിഴവുകള്‍ തിരുത്തി ചൊവ്വാഴ്ച ഫയല്‍ ചെയ്തു.

ആശുപത്രികളും മറ്റ് ക്ലിനിക്കല്‍ സ്ഥാപനങ്ങളും ചികിത്സാ നിരക്കുകള്‍ ഇംഗ്ലീഷിലും പ്രാദേശിക ഭാഷയിലും പ്രദര്‍ശിപ്പിക്കണമെന്ന് കേന്ദ്രം. ഈ വ്യവസ്ഥകള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമബംഗാള്‍ മുന്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിയെ ആക്രമിക്കാന്‍ ശ്രമിച്ചതായി തൃണമൂല്‍ കോണ്‍ഗ്രസ്. കത്തിയുമായി ആക്രമിക്കാന്‍ ശ്രമിച്ച തന്നിഷ്ഠ സാഹ എന്ന യുവതിയെ കസ്റ്റഡിയിലെടുത്തു.

ഗുജറാത്തിലെ ഗാന്ധിനഗര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ ബിജെപി ഭരണം നിലനിര്‍ത്തി. ആകെ 44 സീറ്റുകളില്‍ 38 സീറ്റുകളിലും ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. പ്രതിപക്ഷമായ കോണ്‍ഗ്രസ് 5 സീറ്റുകളില്‍ ജയിച്ചപ്പോള്‍, ഒരു സീറ്റില്‍ സ്വതന്ത്ര വനിതാ സ്ഥാനാര്‍ഥി വിജയം കണ്ടു. മത്സരിച്ച 32 സീറ്റിലും ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ടു.

ആമസോണ്‍, ഫ്ലിപ്കാര്‍ട്ട് തുടങ്ങിയവയുടെ ഉത്സവകാല സെയിലുകളുടെ മറവില്‍ നടക്കുന്ന സൈബര്‍ തട്ടിപ്പുകള്‍ക്കെതിരെ കേരള പോലീസ് മുന്നറിയിപ്പ് നല്‍കി. വ്യാജ ലിങ്കുകളിലൂടെയും ഓഫറുകളിലൂടെയും ഉപഭോക്താക്കളുടെ ബാങ്ക് വിവരങ്ങള്‍ ചോര്‍ത്തുന്നതാണ് പ്രധാന തട്ടിപ്പ് രീതി.

ഡല്‍ഹി പോലീസ് വനിതാ മാധ്യമ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തു എന്നതടക്കമുള്ള ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീം കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സുപ്രീം കോടതിക്കകത്ത് മുദ്രാവാക്യം വിളിച്ചതിനെതിരായ ബി ജെ പി ഹര്‍ജിയും അന്ന് പരിഗണിക്കും.

ഗര്‍ഭിണിയായ വനിതാ മാധ്യമപ്രവര്‍ത്തകയെ രാഹുല്‍ ഗാന്ധി തള്ളി നിലത്തിട്ടെന്ന പരാതി ബിജെപിയുടെ കെട്ടുകഥയാണെന്നാണ് കോണ്‍ഗ്രസ്. സുപ്രീം കോടതി രജിസ്ട്രിയില്‍ എത്തിയപ്പോഴാണ് രാഹുല്‍ ഗാന്ധി തന്നെ മര്‍ദ്ദിച്ച് താഴെയിട്ടതെന്ന് മാധ്യമപ്രവര്‍ത്തകയായ റിച്ചാ പരാശറിന്റെ പരാതി.

ലൈംഗികാതിക്രമ പരാതിയില്‍ ആഭ്യന്തര അന്വേഷണത്തിന് പിറകേ കോണ്‍ഗ്രസ് ലോക്‌സഭാംഗം പ്രൊഫ. അന്‍ഗോംച ബിമോല്‍ അകോയ്ജത്തെ ജെഎന്‍യുവില്‍ നിന്ന് പുറത്താക്കി. ഇന്നര്‍ മണിപ്പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിയായ ഇദ്ദേഹം ജെഎന്‍യുവിലെ സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സില്‍ അധ്യാപകനായിരുന്നു.

ലിയോ പതിനാലാമന്‍ മാര്‍പാപ്പയ്ക്ക് ശ്വാസകോശ കാന്‍സര്‍ സ്ഥിരീകരിച്ചതായി വത്തിക്കാന്‍ മെഡിക്കല്‍ ബുള്ളറ്റിന്‍ അറിയിച്ചു. 71 കാരനായ മാര്‍പാപ്പയുടെ വലത് ശ്വാസകോശത്തിന്റെ താഴത്തെ ലോബ് ചൊവ്വാഴ്ച നടത്തിയ 90 മിനിറ്റ് നീണ്ട ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തിരുന്നു.

യുദ്ധം കാരണം ഈ വര്‍ഷത്തെ ആദ്യ പകുതിയില്‍ ഖത്തറിന്റെ വരുമാനം 42 ശതമാനം ഇടിഞ്ഞെന്ന് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി. വ്യക്തികളും സ്ഥാപനങ്ങളും ഉത്തരവാദിത്തങ്ങള്‍ ഏറ്റെടക്കാന്‍ തയാറാകണമെന്നും ആഹ്വാനം ചെയ്തു.

അമേരിക്കയുടെ ഗ്രീസിലെ അംബാസഡര്‍ സ്ഥാനത്തുനിന്ന് കിംബര്‍ലി ഗില്‍ഫോയില്‍ രാജിവെക്കണമെന്ന് വൈറ്റ് ഹൗസ് ആവശ്യപ്പെട്ടു. അംബാസഡറായി സെനറ്റ് അംഗീകരിക്കുന്നതിനു മുമ്പ്, ട്രംപ് ഭരണകൂടത്തിലെ പ്രമുഖരുമായി കൂടിക്കാഴ്ചക്ക് അവസരം ഒരുക്കാമെന്നു പറഞ്ഞ് പണം ആവശ്യപ്പെട്ടെന്നാണ് ഇവര്‍ക്കെതിരായ ആരോപണം.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ 214 റണ്‍സിന്റെ കൂറ്റന്‍ ജയം സ്വന്തമാക്കി ഓസ്ട്രേലിയ. ഡര്‍ബനിലെ കിങ്സ്മീഡില്‍ നടന്ന പോരാട്ടത്തില്‍ ഓസീസ് ഉയര്‍ത്തിയ 421 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിംഗ്സ് 206 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. സ്‌കോര്‍ ഓസ്ട്രേലിയ 390, 314-6, ദക്ഷിണാഫ്രിക്ക 284, 206.

വ്യാപാരി സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് എംഡിആര്‍ ഏര്‍പ്പെടുത്താനുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ നീട്ടിവെച്ചു. ദീപാവലിയ്ക്ക് ശേഷം ഇത് നടപ്പാക്കുന്ന തീയതി തീരുമാനിക്കുമെന്ന് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ അറിയിച്ചു. ഉത്സവകാലം കണക്കിലെടുത്താണ് എംഡിആര്‍ ചുമത്തുന്നത് നീട്ടിവെയ്ക്കാന്‍ തീരുമാനിച്ചത്. ഒക്ടോബര്‍ 15ന് നടപ്പാക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇതിനെതിരെ വ്യാപാരി സംഘടനകളും ഫിന്‍ടെക് കമ്പനികളും പേയ്മെന്റ് സ്ഥാപനങ്ങളും എന്‍പിസിഐയെ സമീപിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് 15 മുതല്‍ സംസ്ഥാനത്തെ ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പേയ്മെന്റുകള്‍ സ്വീകരിക്കില്ലെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍ പ്രഖ്യാപിച്ചിരുന്നു.

ആഗോള സ്മാര്‍ട്ട്‌ഫോണ്‍ വിപണിക്ക് തിരിച്ചടിയായി മെമ്മറി ചിപ്പുകളുടെ വിലക്കയറ്റം. 2026-ലെ മൂന്നാം പാദത്തില്‍ ആഗോള സ്മാര്‍ട്ട്‌ഫോണ്‍ ഷിപ്പ്‌മെന്റ് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 20 ശതമാനമാണ് ഇടിഞ്ഞത്. 2012ന് ശേഷമുള്ള ഏറ്റവും താഴ്ന്ന മൂന്നാം പാദ നിലയാണിത്. ചിപ്പുകളുടെ വില വര്‍ധിച്ചതോടെ മോഡലുകളുടെ വില ഉയര്‍ത്തി. വില ഉയര്‍ന്നതോടെ ഷിപ്പ്‌മെന്റും വില്‍പനയും കുറഞ്ഞു. കൂടുതല്‍ കാലം ഒരേ ഫോണുകള്‍ ഉപയോഗിക്കുന്നതും വിപണിയെ ബാധിച്ചു. ആഗോള വിപണിയില്‍ 23 ശതമാനം വിപണി വിഹിതവുമായി ഒന്നാം സ്ഥാനത്ത് സാംസംഗ് ആണ്. എന്നാല്‍ ഷിപ്പ്മെന്റ് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് മൂന്ന് ശതമാനം കുറഞ്ഞു. 22 ശതമാനം വിപണി വിഹിതവുമായി ആപ്പിളാണ് രണ്ടാംസ്ഥാനത്ത്. ഷവോമിക്ക് 30 ശതമാനത്തിലധികം ഇടിവുണ്ടായി. വിപണി വിഹിതം 10 ശതമാനമായി കുറഞ്ഞു. ഓപ്പോ, വിവോ എന്നിവയുടെ ഷിപ്പ്മെന്റ് 20 ശതമാനത്തിലധികം കുറഞ്ഞു.

തമിഴ് നടന്‍ ഏകന്‍ നായകനായി എത്തുന്ന ‘ഹൈക്കു’ എന്ന സിനിമയിലെ മനോഹര ലവ് സോംഗ് പുറത്തിറങ്ങി. സിദ്ധു കുമാര്‍ സംഗീതം നല്‍കിയ ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് ദീപക് ആണ്. അബ്രഹാം ആണ് ആലാപനം. ആഗോളതലത്തില്‍ ഒക്ടോബര്‍ 23 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. ചിത്രത്തിന്റെ കേരള വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് ഡ്രീം ബിഗ് ഫിലിംസ് ആണ്. ഏകന്റെ നായികയായി ശ്രീദേവി എത്തുന്ന ചിത്രത്തില്‍ ഫെമിന ജോര്‍ജും പ്രധാന വേഷത്തിലെത്തുന്നുണ്ട്. റിലീസിന് ശേഷം ചിത്രം നെറ്റ്ഫ്ലിക്സിലൂടെയാണ് സ്ട്രീം ചെയ്യുന്നത്. ‘ഹൈക്കു’ സംവിധാനം ചെയ്യുന്നത് യുവരാജ് ചിന്നസാമിയാണ്. തമിഴ്, തെലുങ്ക് , മലയാളം തുടങ്ങീ ഭാഷകളിലാണ് ചിത്രമെത്തുന്നത്. ചിത്രത്തിന് സംഗീതം നല്‍കുന്നത് വിജയ് ബുള്‍ഗാനിന്‍ ആണ്.

സംഗീത് പ്രതാപ്, ഷറഫുദ്ദീന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ഏറ്റവും പുതിയ ചിത്രം ‘ഇറ്റ്സ് എ മെഡിക്കല്‍ മിറക്കിളി’ന്റെ ഒടിടി ട്രെയിലര്‍ റിലീസ് ചെയ്തു. ചിത്രം ഒക്ടോബര്‍ 15 മുതല്‍ മനോരമ മാക്സിലൂടെ സ്ട്രീമിംഗ് ആരംഭിക്കും. ഒരപകടത്തെ തുടര്‍ന്ന് ശക്തമായ ശ്രവണ ശേഷി ലഭിക്കുന്ന യുവാവിന്റെ ജീവിതത്തില്‍ നടക്കുന്ന സംഭവങ്ങളാണ് ചിത്രം പറയുന്നത്. അഖില ഭാര്‍ഗവന്‍ നായികാ വേഷം ചെയ്യുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചത് നടി നിലീന്‍ സാന്ദ്രയാണ്. നവാഗതനായ ശ്യാമിന്‍ ഗിരീഷ് ആണ് സംവിധാനം. കോട്ടയം നസീര്‍, ആനന്ദ് മന്മഥന്‍, കിരണ്‍ പീതാംബരന്‍, പാര്‍വ്വതി ആര്‍ കൃഷ്ണ തുടങ്ങി വലിയൊരു താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

പുതിയ ജീപ്പ് എസ് യുവി നിര്‍മ്മിക്കാന്‍ ടാറ്റ മോട്ടോഴ്‌സ് പാസഞ്ചര്‍ വെഹിക്കിള്‍സും സ്റ്റെല്ലാന്റിസും തമ്മില്‍ പങ്കാളിത്ത കരാര്‍. ടാറ്റ സിയറയുടെ അര്‍ഗോസ് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് പുതിയ ജീപ്പ് എസ് യുവി. ആഭ്യന്തര തലത്തില്‍ ജെ1ജെ എന്ന കോഡ് നാമത്തില്‍ അറിയപ്പെടുന്ന വാഹനം സിയറയിലുള്ളതുപോലെ തന്നെ പെട്രോള്‍/ഡീസല്‍ കൂടാതെ ഇലക്ട്രിക് പവര്‍ ട്രെയിന്‍ ഓപ്ഷനുകളില്‍ ലഭ്യമാകും. വിവിധ വലിപ്പത്തിലുള്ള വാഹനങ്ങളും പവര്‍ട്രെയിനുകളും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ടാറ്റയുടെ മോഡുലാര്‍ വാഹന പ്ലാറ്റ്‌ഫോമാണിത്. പ്ലാറ്റ്‌ഫോമിന്റെ ഉടമസ്ഥാവകാശം ടാറ്റയുടെ കൈവശം പുതിയ പങ്കാളിത്തം 4ഡബ്ളിയുഡി സിയറ വേരിയന്റിന്റെ വികസനം വേഗത്തിലാക്കും. ഇതിന്റെ ഇലക്ട്രിക് പതിപ്പില്‍ ടാറ്റയുടെ ക്വാഡ്-വീല്‍- ഡ്രൈവ് സിസ്റ്റമാണ് ഉള്ളത്.

ബാലികാബാലന്മാരില്‍ ഭാവനയെ ഉണര്‍ത്താനും അവരുടെ മനസ്സില്‍ സദ്ഗുണങ്ങള്‍ വളര്‍ത്താനും കഴിയുന്നതാകണം ബാലസാഹിത്യം.മലയാളത്തിന്റെ പ്രശസ്തനായ സാഹിത്യകാരന്‍ സി എന്‍ ചേന്ദമംഗലത്തിന്റെ ‘നീലാകാശവും കുഞ്ഞിക്കിളികളും’ എന്ന ബാലസാഹിത്യ നോവല്‍ കുട്ടികളില്‍ സേവനമനസ്ഥിതിയും ആത്മവിശ്വാസവും ഊട്ടിയുറപ്പിക്കുന്നതാണ്. കുഞ്ഞിക്കിളികളുടെ കഥാപ്രപഞ്ചത്തിലൂടെ പ്രകൃതിയെ പഠിക്കാനും പ്രതിസന്ധികള്‍ തരണം ചെയ്യാനും അനന്തമായ നീലാകാശത്ത് സ്വാതന്ത്ര്യത്തോടെ പറന്നുയരാനും ഈ കൃതി കുട്ടികള്‍ക്ക് വഴികാട്ടിയാകുന്നു. ‘നീലാകാശവും കുഞ്ഞിക്കിളികളും’. സി എന്‍ ചേന്ദമംഗലം. മൈത്രി ബുക്സ്. വില 147 രൂപ.

രോഗം വരാതെ ശരീരം സംരക്ഷിക്കാന്‍ പ്രതിരോധശേഷി പ്രധാനമാണ്. ഭക്ഷണക്രമം, ഉറക്കം, മാനസികാരോഗ്യം, വ്യായാമം തുടങ്ങിയ നിരവധി ഘടകങ്ങള്‍ രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രവര്‍ത്തനത്തെ സ്വാധീനിക്കുന്നുണ്ട്. ദിവസവും അല്‍പ സമയം വേഗത്തില്‍ നടക്കുന്നത് പോലും ആരോഗ്യത്തിന് ഗുണം ചെയ്യും. സാധാരണ നടക്കുന്നതിനെക്കാള്‍ ബ്രിസ്‌ക് വാക്കിങ് ചെയ്യുന്നത് ഹൃദയാരോഗ്യത്തിന് ഏറെ സഹായകരമാണ്. എന്നാല്‍ ഓടുന്നതുപോലെ അമിതമായി വേഗത്തിലാകേണ്ടതില്ല. ബ്രിസ്‌ക് വാക്കിങ് ചെയ്യുന്ന ഒരാള്‍ക്ക് സംസാരിക്കാന്‍ കഴിയണം. എന്നാല്‍ പാട്ടുപാടാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന തരത്തിലുള്ള വേഗമായിരിക്കും സാധാരണ മിതമായ തീവ്രതയിലുള്ള വ്യായാമം. നടത്തത്തിന്റെ വേഗം ഓരോരുത്തരുടെയും പ്രായം, ആരോഗ്യസ്ഥിതി, ശാരീരികക്ഷമത എന്നിവയെ ആശ്രയിച്ച് വ്യത്യാസപ്പെടാം. വൈറസുകള്‍, ബാക്ടീരിയകള്‍ തുടങ്ങിയ രോഗാണുക്കളെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കാന്‍ സഹായിക്കുന്ന ശരീരത്തിന്റെ സങ്കീര്‍ണ സംവിധാനമാണ് രോഗപ്രതിരോധ സംവിധാനം. സ്ഥിരമായ ശാരീരിക പ്രവര്‍ത്തനങ്ങള്‍ ഈ സംവിധാനത്തിന്റെ സാധാരണ പ്രവര്‍ത്തനത്തെ പിന്തുണയ്ക്കുന്നു. ആഴ്ചയില്‍ കുറഞ്ഞത് 150 മിനിറ്റ് മിതമായ തീവ്രതയിലുള്ള ശാരീരിക പ്രവര്‍ത്തനമാണ് പൊതുവായ മാര്‍ഗനിര്‍ദേശം. ഇത് ദിവസവും 30 മിനിറ്റ് വീതം ആഴ്ചയില്‍ അഞ്ചു ദിവസം എന്ന രീതിയില്‍ ക്രമീകരിക്കാം.

ശുഭദിനം
കവിത കണ്ണന്‍
അയാള്‍ കൊടുമുടി കയറുകയാണ്. വടം കൊളുത്തുമായി ബന്ധിപ്പിച്ച് അത് മുകളിലേക്കെറിഞ്ഞ് നിശ്ചിത സ്ഥലത്ത് ഉടക്കിയിട്ടശേഷം അതില്‍ തൂങ്ങിയാണ് മുകളിലേക്ക് പോകുന്നത്. ഒരു തവണ അയാള്‍ കൊളുത്ത് മുകളിലേക്ക് എറിഞ്ഞപ്പോള്‍ അത് പാറയിടുക്കില്‍ കുടുങ്ങി. എത്ര തവണ ശ്രമിച്ചിട്ടും കൊളുത്തിന് ഒരനക്കവും ഉണ്ടായില്ല. ഇതെല്ലാം കണ്ട് തൊട്ടപ്പുറത്ത് കൂടി മലകയറികൊണ്ടിരുന്ന ഒരാള്‍ അയാളോട് ഇങ്ങനെ പറഞ്ഞു: അതിനി വലിച്ചാല്‍ പോരുമെന്ന് തോന്നുന്നില്ല. നിങ്ങള്‍ കുറച്ചുകൂടി മുകളിലെത്തൂ.. അപ്പോള്‍ നിങ്ങള്‍ക്കാ കൊളുത്ത് കാണാം. അത് കൈ കൊണ്ട് എടുത്തുമാററി മലകയറുകയേ നിവൃത്തിയുളളൂ. അപ്രകാരം ചെയ്തപ്പോള്‍ അയാള്‍ക്ക് കൊളുത്തെടുക്കാനും യാത്ര തുടരാനും കഴിഞ്ഞു. ഏതെങ്കിലും പ്രശ്നത്തിലകപ്പെട്ടാല്‍ പരിഭ്രാന്തരായി അവിവേകം കാണിക്കുന്നതിനേക്കാള്‍ നല്ലത് നിശബ്ദനായി ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗത്തെ കുറിച്ച് ചിന്തിക്കുന്നതാണ്. പ്രശ്നത്തിനടുത്തേക്കു ചെന്നാല്‍ മാത്രമേ പ്രശ്നപരിഹാരം കുറെക്കൂടി എളുപ്പമാവുകയുളളൂ. യഥാര്‍ത്ഥ പ്രശ്നം എവിടെയാണെന്ന് കണ്ടുപിടിക്കുക, അതിന് ശേഷം പ്രതിവിധിയിലേക്ക് ചുവട് വെക്കുക. എല്ലാ പ്രയത്നങ്ങളും നമ്മെ മുന്നോട്ട് നയിക്കില്ല. വേണ്ടത് വേണ്ട സമയത്ത് ചെയ്യുമ്പോഴാണ് വിജയം ലഭിക്കുക – ശുഭദിനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *