yt cover 14

 

പിണറായി പ്രതിയാകുമോ? മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ വീണ, മരുമകനും മുന്‍മന്ത്രിയുമായ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരേ അഴിമതി നിരോധന നിയമപ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡിജിപിക്ക് കത്തു നല്‍കി. അഴിമതി നിരോധന നിയമപ്രകാരം പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്നും കേസെടുക്കണമെന്നും കത്തില്‍ പറയുന്നു. എന്‍ഫോഴ്സ്മെന്റ് കണ്ടെത്തിയ തെളിവുകളുടെ വിശദാംശങ്ങളും ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. വീണയ്ക്കു ലഭിച്ച മാസപ്പടി പിണറായി വിജയനു ലഭിച്ച കോഴയാണെന്ന ആരോപണം നിലനില്‍ക്കേയാണ് എന്‍ഫോഴ്സമെന്റിന്റെ നടപടി.

പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ മകള്‍ ടി.വീണവഴി 3.28 കോടി രൂപ കൈക്കൂലി വാങ്ങിയതായി ഇ.ഡി. റിപ്പോര്‍ട്ട്. ഈ പണം വീണയും റിയാസും കൂട്ടാളികളും ദുബായിലേക്ക് കടത്താന്‍ ശ്രമിച്ചെന്നും ഇ.ഡി.യുടെ റിപ്പോര്‍ട്ടിലുണ്ട്. പിണറായി, മുഹമ്മദ് റിയാസ്, വീണ, സി.എം.ആര്‍.എല്‍. എം.ഡി. ശശിധരന്‍ കര്‍ത്ത, പി. സുരേഷ്‌കുമാര്‍ ഉള്‍പ്പെടെ ആകെ 13 പേര്‍ക്കെതിരേ കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് ഇ.ഡി.യുടെ ആവശ്യം. ഇഡിയുടെ കത്ത് ലഭിച്ചെന്ന് അറിയിച്ച ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നടപടിക്രമങ്ങള്‍ പാലിച്ച് വേണ്ടത് ചെയ്യുമെന്നും നടപടിയുണ്ടാകുമെന്നും പറഞ്ഞു.

തമിഴ്‌നാട് നിയമസഭയില്‍ കൈയാങ്കളി. മുഖ്യമന്ത്രി വിജയ് നടത്തിയ മിസ, സര്‍ക്കാരിയ കമ്മീഷന്‍ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ച് പ്രതിപക്ഷമായ ഡിഎംകെ അംഗങ്ങളുടെ ബഹളത്തെ തുടര്‍ന്നാണു വാക്കേറ്റം കയ്യാങ്കളിയില്‍ കലാശിച്ചത്. മുഖ്യമന്ത്രി സഭയില്‍ സംസാരിക്കുമ്പോള്‍ വിജിലന്‍സ് അന്വേഷണത്തിലുള്ള കേസുകള്‍ വായിച്ചു കേള്‍പ്പിച്ചത് സഭാനടപടിക്രമങ്ങളുടെ ലംഘനമാണെന്ന് ഡിഎംകെ എംഎല്‍എ ഇ വി വേലു ആരോപിച്ചു. അന്വേഷണത്തിലുള്ള കേസുകളില്‍ പരാമര്‍ശം നടത്തുന്നത് കീഴ് വഴക്കങ്ങള്‍ക്ക് വിരുദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തെരഞ്ഞെടുപ്പ് തോല്‍വിക്കു തിരുത്തല്‍ നടപടിക്കായി സി പി എം വിശാല സംസ്ഥാന സമിതി യോഗത്തിനായി അവതരിപ്പിച്ച കരട് റിപ്പോര്‍ട്ടിന്റെ ചര്‍ച്ചാവിവരങ്ങള്‍ പരസ്യമാക്കരുതെന്നു വിലക്ക്. സ്ഥാനാര്‍ത്ഥി നിര്‍ണയം, നേതാക്കളുടെ നിലപാടുകള്‍ അടക്കമുള്ള വീഴ്ചകള്‍ ചൂണ്ടിക്കാണിച്ച കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളെല്ലാം തമസ്‌കരിച്ചാണു സെക്രട്ടേറിയറ്റ് കരടു റിപ്പോര്‍ട്ട് തയാറാക്കിയത്. പാര്‍ട്ടി കമ്മിറ്റിയിലെ ചര്‍ച്ചാ വിശേഷങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവയ്ക്കരുതെന്നാണ് നേതൃത്വം ആവര്‍ത്തിച്ചു വിലക്കിയത്. സംസ്ഥാന സമിതി അംഗങ്ങളുടെ ഫോണ്‍ വിവരങ്ങളെടുക്കാന്‍ തിരുവനന്തപുരം ജില്ലാ നേതൃത്വം അംഗങ്ങളില്‍നിന്നു സമ്മതപത്രം ഒപ്പിട്ട് വാങ്ങുകയും ചെയ്തു.

ചിറയിന്‍കീഴിലെ കയ്യാങ്കളി വിവാദത്തില്‍ കെപിസിസി സസ്പെന്‍ഡു ചെയ്ത പാളയം പ്രദീപിനെ അഡീഷണല്‍ പി എ ആയി നിയമിക്കാന്‍ കത്ത് നല്‍കിയ രമ്യ ഹരിദാസ് എംഎല്‍എയുടെ നടപടിക്കെതിരേ വിമര്‍ശനവുമായി സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സ്പീക്കറുടെ ഓഫീസിനെ സംശയത്തിലാക്കുന്ന ഇടപെടല്‍ അംഗീകരിക്കില്ലെന്ന് തിരുവഞ്ചൂര്‍ വ്യക്തമാക്കി. രമ്യ ഹരിദാസിന്റെ കത്ത് തനിക്ക് കിട്ടിയിട്ടില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി. രമ്യ ഹരിദാസിനെതിരേ കൂടുതല്‍ നേതാക്കള്‍ പ്രതികരിച്ചതോടെ തത്ക്കാലം കത്തു നല്‍കേണ്ടെന്ന നിലപാടിലാണു രമ്യ.

ചിറയിന്‍കീഴിലെ കയ്യാങ്കളി വിവാദത്തില്‍ പാര്‍ട്ടി നിര്‍ദേശത്തെ വെല്ലുവിളിച്ച രമ്യ ഹരിദാസ് എം എല്‍ എയുടെ നടപടിയില്‍ കടുത്ത അതൃപ്തി പരസ്യമാക്കി കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ്. പാളയം പ്രദീപിനെ, അഡീഷണല്‍ പി എ ആയി നിയമിക്കാനായി കത്ത് കൊടുത്തത് അഭികാമ്യമല്ലെന്ന് സണ്ണി ജോസഫ് പറഞ്ഞു. പാര്‍ട്ടി നടപടി എംഎല്‍എയ്ക്കു ബാധകമാണെന്ന് മന്ത്രി കെ. മുരളീധരനും പ്രതികരിച്ചിരുന്നു.

ശബരിമല വികസന അതോറിറ്റി രൂപീകരണവുമായി സര്‍ക്കാര്‍ മുന്നോട്ട്. ഇതിനായുള്ള ചര്‍ച്ചകള്‍ക്കായി ആദ്യ യോഗം സെപ്റ്റംബര്‍ 11 ന് നടക്കും. ദേവസ്വം മന്ത്രി കെ.മുരളീധരന്റെ ചേംബറില്‍ നടക്കുന്ന യോഗത്തിലാണു തീരുമാനം.

മെസിയുടെ പേരിലെ തട്ടിപ്പ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ഷോണ്‍ ജോര്‍ജ് കേന്ദ്ര ഏജന്‍സികള്‍ക്ക് പരാതി നല്‍കി. റിപ്പോട്ടര്‍ ടിവിയുടെ വിവിധ സാമ്പത്തിക ഇടപാടുകളും ജിഎസ്ടി, രജിസ്ട്രേഷന്‍ തട്ടിപ്പുകളും പരിശോധിക്കണമെന്ന് എസ്എഫ്ഐഒ, ഇഡി, ഐടി, സിബിഐ അടക്കമുള്ള ഏജന്‍സികള്‍ക്കാണ് പരാതി നല്‍കിയത്.

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയാ വര്‍ഗീസിന്റെ കണ്ണൂര്‍ സര്‍വകലാശാലയിലെ നിയമനവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി സെപ്റ്റംബര്‍ 22-ലേക്ക് മാറ്റി. കേസ് മാറ്റിവെക്കണമെന്ന് സര്‍വകലാശാലയുടെ പുതിയ അഭിഭാഷകന്‍ സുല്‍ഫീക്കറും പ്രിയാ വര്‍ഗീസിന്റെ അഭിഭാഷകന്‍ കെ. പരമേശ്വരനും ആവശ്യപ്പെട്ടതനുസരിച്ചാണു കേസ് മാറ്റിയത്.

മുന്‍ ചീഫ് സെക്രട്ടറി കെ എം എബ്രഹാമിനെതിരായ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദന കേസില്‍ സി ബി ഐ അന്വേഷണത്തിനുള്ള സ്റ്റേ നീക്കണമെന്ന് സുപ്രീംകോടതിയില്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ആവശ്യപ്പെട്ടു. അന്വേഷണം തുടരാന്‍ അനുവാദം നല്‍കണമെന്ന് സുപ്രീംകോടതിയില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.

ഇടുക്കി ശാന്തന്‍പാറയില്‍ വനംവകുപ്പ് പിടിച്ച മണ്ണുമാന്തി യന്ത്രങ്ങള്‍ കടത്തിക്കൊണ്ടു പോയി. സിഎച്ച്ആറില്‍ നിന്നും അനധികൃതമായി മരം മുറിച്ചതിനാണ് രണ്ട് മണ്ണുമാന്തി യന്ത്രം പിടിച്ചത്. സീല്‍ ചെയ്ത് താഴിട്ട് പൂട്ടിയ യന്ത്രങ്ങളാണ് രാത്രിയില്‍ ലോറിയില്‍ കടത്തിക്കൊണ്ടുപോയത്. അവയില്‍ ഒരു യന്ത്രം വനം വകുപ്പ് പിടികൂടി. രണ്ടാമത്തെ യന്ത്രം തിരികെ കൊണ്ടുവരാന്‍ ലോറി ഡ്രൈവറോട് നിര്‍ദേശിച്ചു. അവര്‍ തിരികെ അതേസ്ഥലത്ത് എത്തിച്ച ശേഷം ലോറിയുമായി കടന്നു കളഞ്ഞു.

കെഎസ്ആര്‍ടിസിയില്‍ സ്പോണ്‍സര്‍ഷിപ്പ് പദ്ധതിക്ക് അവസരമൊരുക്കി സംസ്ഥാന സര്‍ക്കാര്‍. ഗ്രാമീണ മേഖലകളില്‍ ഉള്‍പ്പെടെ മികച്ച യാത്രാസൗകര്യം ഒരുക്കുന്നതിനും കാലാവധി പൂര്‍ത്തിയാക്കിയ വാഹനങ്ങള്‍ക്ക് പകരം പുതിയവ നിരത്തിലിറക്കുന്നതിനുമായി വിവിധ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും ബസുകള്‍ സ്പോണ്‍സര്‍ ചെയ്യാം. ഇതിനായുള്ള വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ കെഎസ്ആര്‍ടിസി പുറത്തിറക്കി.

സംസ്ഥാനത്തു വൈദ്യുതി നിയന്ത്രണം തുടരും. സംസ്ഥാനത്ത് മിക്കയിടത്തും ഇന്നലെ രാത്രിയില്‍ അര മണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍ വരെ വൈദ്യുതി നിയന്ത്രണമുണ്ടായി. കൊടും ചൂടില്‍ വൈദ്യുതി ആവശ്യകത ഉയര്‍ന്നതും ആവശ്യത്തിന് അനുസരിച്ച് വൈദ്യുതി കിട്ടാനില്ലാത്തതുമാണ് കാരണം.

ദേശീയപാതയിലെ സുരക്ഷ സംബന്ധിച്ച് യോഗം വിളിച്ച് പൊതുമരാമത്ത് മന്ത്രി പി കെ ബഷീര്‍. നിര്‍മാണം നടക്കുന്ന മേഖലകളില്‍ സുരക്ഷ ഉറപ്പാക്കാന്‍ നടപടിയെടുക്കും. പൊലീസ്, ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരും ദേശീയപാതാ അതോറിറ്റി അധികൃതരും പങ്കെടുക്കും.

ചെക്ക് കേസില്‍ ശിക്ഷിക്കപ്പെട്ട പാലാ എംഎല്‍എ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് കത്ത് നല്‍കി പരാതിക്കാരനായ പ്രവാസി വ്യവസായി ദിനേശ് മേനോന്റെ അഭിഭാഷകന്‍. പാലാ സീറ്റ് ഒഴിവുള്ളതായി വിജ്ഞാപനം പുറപ്പെടുവിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.

കാന്തപുരം വിവാദവുമായി ബന്ധപ്പെട്ട് സിപിഎമ്മിനെതിരെ വിമര്‍ശനവുമായി സമസ്ത എപി സുന്നി വിഭാഗത്തിന്റെ മുഖപത്രമായ സിറാജില്‍ ലേഖനം. തോല്‍വി ഇടതുപക്ഷത്തിന് അണികള്‍ നല്‍കിയ ശിക്ഷയാണെന്നും ഇതിന്റെ അരിശം പാര്‍ട്ടി പ്രവര്‍ത്തകരോടും സമുദായ സംഘടനാ നേതാക്കളോടും തീര്‍ക്കുന്നതിനു പകരം രോഗത്തിന് ചികിത്സിക്കുന്നതാണ് നല്ലതെന്നും ലേഖനത്തില്‍ വിമര്‍ശനം.

കൊച്ചിയില്‍ നടുറോഡില്‍ ബസ് നിര്‍ത്തി ഡ്രൈവര്‍ ഇറങ്ങിപ്പോയി. ഇടപ്പള്ളി ജംഗ്ഷന് സമീപം കളമശ്ശേരി തേവര റൂട്ടില്‍ ഓടുന്ന കൃതിക ബസ് ഡ്രൈവറാണ് ഇറങ്ങിപ്പോയത്. ക്ലീനറുമായുള്ള തര്‍ക്കംമൂലമാണ് ബസ് നിര്‍ത്തി ഡ്രൈവര്‍ ഇറങ്ങിപ്പോയത്.

കോഴിക്കോട് നഗരത്തിലെ പ്രമുഖ മള്‍ട്ടിപ്ലക്സ് തിയറ്ററുകളിലെ കഫേകളില്‍ ലീഗല്‍ മെട്രോളജി, സിവില്‍ സപ്ലൈസ്, ഭക്ഷ്യസുരക്ഷ വകുപ്പുകള്‍ സംയുക്തമായി മിന്നല്‍ പരിശോധന നടത്തി.

അമ്പലപ്പുഴ എം എല്‍ എ ജി സുധാകരനെതിരെ വിമര്‍ശനവുമായി മുന്‍ എം എല്‍ എയും സി പി എം നേതാവുമായ എച്ച് സലാം. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സലാമിന്റെയും പാര്‍ട്ടിയുടെയും പേരില്‍ പിരിച്ച ലക്ഷങ്ങളുടെ കണക്ക് പുറത്തുവിടാന്‍ തയ്യാറാണോയെന്ന് അദ്ദേഹം ചോദിച്ചു.

പയ്യാമ്പലം പൊതു ശ്മശാനത്തില്‍ ചിതയൊരുക്കിയ കളം മാറി കര്‍മം ചെയ്തു. ചിതക്ക് നമ്പര്‍ നല്‍കിയതിലെ പിഴവെന്ന് ആരോപിച്ചു പൊതുശ്മശാനത്തിലെ ജീവനക്കാരനെ ബന്ധുക്കള്‍ മര്‍ദിച്ചു. സംഭവത്തില്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തു.

ലോട്ടറി ടിക്കറ്റിന്റെ അവസാന നമ്പര്‍ ലെഡ് പെന്‍സില്‍ ഉപയോഗിച്ച് തിരുത്തി സമ്മാനത്തുക തട്ടിയെടുത്തയാള്‍ ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസിന്റെ പിടിയില്‍. കൊല്ലം പുനലൂര്‍ സ്വദേശി ഷാജ് (56) ആണ് അറസ്റ്റിലായത്.

വധശ്രമ കേസില്‍ ഒളിവില്‍ പോയ പ്രതി 29 വര്‍ഷത്തിന് ശേഷം കണ്ണൂരില്‍ പിടിയില്‍. അഴീക്കോട് മീന്‍കുന്ന് സ്വദേശി ഫസല്‍ ആണ് കണ്ണൂര്‍ സിറ്റി പൊലീസിന്റെ പിടിയിലായത്. 1997ല്‍ അഴീക്കോട് സ്വദേശിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഫസല്‍ അറസ്റ്റിലായിരുന്നു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗയെ അപമാനിച്ചെന്ന പരാതിയില്‍ രാഷ്ട്രപതിയുടെ ഇടപെടല്‍ തേടി പ്രതിപക്ഷത്തെ 32 എംപിമാര്‍ നിവേദനം നല്‍കി. നിലവിലെ നിയമനടപടി കാര്യക്ഷമമല്ലെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശനനടപടി ഉണ്ടാകുമെന്ന് പാര്‍ലമെന്റില്‍ മന്ത്രിമാര്‍ നല്‍കിയ ഉറപ്പ് പാലിച്ചില്ലെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ അപകീര്‍ത്തി പരാമര്‍ശത്തില്‍ കേസ് റദ്ദാക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ ഹര്‍ജി ബോംബെ ഹൈക്കോടതി തളളി. പ്രധാനമന്ത്രിയെ കളളന്മാരുടെ തലവന്‍ എന്ന് വിളിച്ചതിനെതിരെയായിരുന്നു കേസ്. 2018 ല്‍ രാജസ്ഥാനില്‍ പ്രസംഗിച്ച രാഹുല്‍ ഗാന്ധി ബിജെപി പ്രവര്‍ത്തകരെ അപമാനിച്ചെന്ന് ആരോപിച്ചാണ് മാനനഷ്ടകേസ് നല്‍കിയത്.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ബിഹാറിലും ഉത്തര്‍പ്രദേശിലും നദികളില്‍ ജലനിരപ്പ് അപകട നിലയ്ക്ക് മുകളിലായതിനാല്‍ പ്രളയത്തിനു സാധ്യത. ജാഗ്രത തുടരണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

കര്‍ണാടകയിലെ ആമസോണ്‍ വെയര്‍ഹൗസുകളിലും അനുബന്ധ വിതരണ കേന്ദ്രങ്ങളിലും ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍ കാലാവധി കഴിഞ്ഞ കോടിക്കണക്കിന് രൂപയുടെ ഭക്ഷ്യോല്‍പ്പന്നങ്ങളും മരുന്നുകളും പിടിച്ചെടുത്തു. ആറ് കോടി രൂപയുടെ ഉല്‍പ്പന്നങ്ങളാണ് പിടിച്ചെടുത്തത്.

പശ്ചിമ ബംഗാളില്‍ ദുര്‍ഗാപൂജയോട് അനുബന്ധിച്ചുള്ള സര്‍ക്കാര്‍ പരസ്യം വിവാദത്തിലായി. പരസ്യത്തില്‍ ഉപയോഗിച്ച ദുര്‍ഗയുടെ ചിത്രത്തില്‍ 11 കൈകള്‍ ഉണ്ടായിരുന്നു. പത്ത് കൈകളാണ് വേണ്ടത്. ഇതോടെ മുഖ്യമന്ത്രി സുവേന്ദു അധികാരി പരസ്യമായി മാപ്പ് പറഞ്ഞു.

കാവേരി തര്‍ക്കത്തില്‍ തമിഴ്‌നാടിന്റെ കടുത്ത എതിര്‍പ്പുകള്‍ തുടരുന്നതിനിടെ നിര്‍ദിഷ്ട മേകേദാട്ടു അണക്കെട്ടു പദ്ധതിയുമായി മുന്നോട്ടുപോകാന്‍ ഉറച്ച് കര്‍ണാടക സര്‍ക്കാര്‍. പദ്ധതിയുടെ പുതുക്കിയ ഡിപിആര്‍ കര്‍ണാടകം കേന്ദ്ര ജല കമ്മീഷന് സമര്‍പ്പിച്ചു.

കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവനകള്‍ അപക്വവും അനാവശ്യവുമാണെന്നും, രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടില്ലെന്നും സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി. ബിജെപിയെ പരാജയപ്പെടുത്താന്‍ ഒന്നിച്ച് നില്‍ക്കാനാണ് ഇന്ത്യ സഖ്യത്തിലെ ധാരണയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാന്‍മസാല പരസ്യത്തില്‍ അഭിനയിച്ചതിന് ഷാരൂഖ് ഖാന്‍, അജയ് ദേവ്ഗണ്‍, ടൈഗര്‍ ഷ്രോഫ് എന്നിവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ച നടപടിക്കെതിരെ പാന്‍മസാല കമ്പനി. ബോളിവുഡ് താരങ്ങള്‍ക്കെതിരായ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നടപടി നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് കമ്പനി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു.

ഉത്തര്‍പ്രദേശില്‍ ഗര്‍ഭിണിയുമായി പോയ ആംബുലന്‍സ് റോഡിലെ കുഴിയില്‍ കുടുങ്ങി ഗര്‍ഭസ്ഥ ശിശു മരിച്ചു. ഗധ്വാര്‍ സ്വദേശി പ്രദീപ് സിങ്ങിന്റെയും നിധിയുടെയും കുഞ്ഞാണ് മരിച്ചത്.

ട്രെയിനിലെ ഫസ്റ്റ് എ.സി കോച്ചില്‍ വന്‍ വിദേശമദ്യ ശേഖരവുമായി ടിക്കറ്റില്ലാതെ യാത്ര ചെയ്ത യുവതി പിടിയില്‍. ഡല്‍ഹിയില്‍നിന്ന് ബിഹാറിലേക്ക് യാത്ര ചെയ്യുന്നതിനിടെ സമസ്തിപൂര്‍ ജംഗ്ഷന്‍ റെയില്‍വെ സ്റ്റേഷനിലാണ് നേഹാ ഝാ (25) എന്ന യുവതിയും ബന്ധുവായ ഈശാന്‍ കുമാറും പിടിയിലായത്.

ഈ മാസം 12, 13 തീയതികളില്‍ ഡല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍. വെള്ളിയാഴ്ചയോടെ ലോകനേതാക്കള്‍ എത്തും. ഇറാനും യുഎഇക്കും ഇടയിലുള്ള അഭിപ്രായവ്യത്യാസം പരിഹരിക്കാന്‍ ഉച്ചകോടിക്ക് എത്തുന്ന ഇരു രാജ്യങ്ങളുടെയും പ്രസിഡന്റുമാരുമായി നരേന്ദ്ര മോദി പ്രത്യേകം ചര്‍ച്ച നടത്തും.

കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള വഴികളും തൊഴില്‍ മേഖലയിലെ സഹകരണവും സംബന്ധിച്ച് സൗദി അറേബ്യയും ഇന്ത്യയും തമ്മില്‍ ഉന്നതതല ചര്‍ച്ചകള്‍ നടന്നു. ഇന്ത്യന്‍ വിദേശകാര്യ, പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങ്, സൗദിയിലെ പ്രമുഖ മന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തത്.

സൗദിയില്‍ ഇറാന്‍ പിന്തുണയുള്ള യെമനി ഹൂതികളുടെ കനത്ത ആക്രമണം. നാല് നഗരങ്ങളെയും സുപ്രധാന എണ്ണ ഉല്‍പ്പാദന കേന്ദ്രങ്ങളെയും ആക്രമിച്ചു. 73 സാധാരണക്കാര്‍ക്ക് പരിക്കേറ്റു. ജസാന്‍, അബഹ, ഖമീസ് മുഷൈത്ത്, നജ്റാന്‍ എന്നിവിടങ്ങളിലാണ് ആക്രമണം നടന്നത്. സൗദിയില്‍ ഒരിടവും സുരക്ഷിതമായിരിക്കില്ലെന്ന ഭീഷണിയും ഹൂതികള്‍ മുഴക്കി.

തൊഴിലാളികളുടെ പണിമുടക്കുമൂലം പാരീസിലെ ഈഫല്‍ ടവര്‍ അടച്ചിട്ടു. ഇന്ത്യയില്‍നിന്നുള്ള ഹൈന്ദവ സംഘടനയായ ബാപ്സുമായി ബന്ധപ്പെട്ട നൂറോളം വരുന്ന പ്രതിനിധി സംഘം ഈഫല്‍ ടവറില്‍ നടത്തിയ സ്വകാര്യ സന്ദര്‍ശനത്തിനിടെ ഏജന്‍സി നല്‍കിയ നിര്‍ദേശമാണ് ജീവനക്കാരുടെ പണിമുടക്കിലേക്ക് നയിച്ചത്. ഇന്ത്യയില്‍ നിന്നുള്ള ഹൈന്ദവ സംഘടനയുടെ നിര്‍ദേശപ്രകാരം വനിതാ ജീവനക്കാരെ മാറ്റിനിര്‍ത്തി എന്ന് ആരോപിച്ചായിരുന്നു പണിമുടക്ക്.

ജൂനിയര്‍ ക്രിക്കറ്റില്‍ ജനന തീയതി തിരുത്തി പ്രായ തട്ടിപ്പ് കാണിച്ചതിനെതിരെ കര്‍ശന നടപടിയുമായി ബിസിസിഐ. പ്രായത്തില്‍ ക്രമക്കേട് കാട്ടിയതിനെ തുടര്‍ന്ന് അണ്ടര്‍-19 ഇന്ത്യന്‍ ടീമില്‍ നിന്ന് ലെഗ് സ്പിന്നര്‍ രോഹിത് യാദവിനെ പുറത്താക്കി.

ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ടി20 പരമ്പരയ്ക്കുള്ള സീനിയര്‍ പുരുഷ ക്രിക്കറ്റ് ടീമിന്റെ മാനേജരായി മലയാളിയായ ആര്‍. കാര്‍ത്തിക് വര്‍മ്മയെ ബിസിസിഐ നിയമിച്ചു. ഈ മാസം 13 ന് ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലാണ് കാര്‍ത്തിക് വര്‍മ്മ ടീം മാനേജരാകുക.

30 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വിപണിയില്‍ ഐപിഒ തിരക്ക്. സെപ്റ്റംബര്‍ ഒമ്പതിന് ആറ് കമ്പനികളാണ് പ്രാരംഭ ഓഹരി വില്‍പ്പനയുമായി എത്തുന്നത്. 4,386 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. 1996 ഒക്ടോബര്‍ 14-ന് ശേഷം ആദ്യമായാണ് ഒരേ ദിവസം ആറ് കമ്പനികള്‍ ഐപിഒയുമായെത്തുന്നത്. റെന്റോമോജോ, അസറ്റ് റീകണ്‍സ്ട്രക്ഷന്‍ കമ്പനി, മണിപ്പാല്‍ പേയ്മെന്റ് ആന്‍ഡ് ഐഡന്റിറ്റി സൊല്യൂഷന്‍സ്, സ്റ്റീംഹൗസ് ഇന്ത്യ, എല്‍സിസി പ്രോജക്ട്സ്, കരംതാര എന്‍ജിനീയറിങ് തുടങ്ങി ആറ് കമ്പനികള്‍ ചേര്‍ന്ന് 4,386 കോടി രൂപയാണ് സമാഹരിക്കുന്നത്. 1996-ല്‍ ആറ് ഐപിഒകള്‍ വന്നപ്പോള്‍ സമാഹരിച്ചിരുന്നത് 22 കോടി രൂപയായിരുന്നു. സെപ്റ്റംബര്‍ രണ്ടാം വാരത്തില്‍ 12 ഐപിഒകളിലായി 7,180 കോടി രൂപ സമാഹരിക്കാന്‍ വിപണി ഒരുങ്ങുകയാണ്. മാസാവസാനം വരാനിരിക്കുന്ന എന്‍എസ്ഇ ഐപിഒ കൂടിയാകുമ്പോള്‍ പ്രാഥമിക വിപണി ചൂടുപിടിക്കും.

ടെലിവിഷന്‍, ഹോം അപ്ലയന്‍സ് വിഭാഗങ്ങളിലുള്ള ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കാന്‍ സാംസങ് ഇന്ത്യ. ചെലവ് വര്‍ധിച്ചതും വിശാലമായ പുനഃസംഘടനയും അടക്കമുള്ളവയാണ് നീക്കത്തിന് പിന്നില്‍. 80 മുതല്‍ 100 വരെ എക്‌സിക്യൂട്ടീവുകളെ കമ്പനി പിരിച്ചുവിടുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഘട്ടം ഘട്ടമായുള്ള പിരിച്ചുവിടല്‍ ഡയറക്ടര്‍ തലത്തിലുള്ള ഉദ്യോഗസ്ഥര്‍ ടീം ലീഡര്‍മാര്‍ ബ്രാഞ്ച്, ഏരിയ മാനജര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടെ വിവിധ തലങ്ങളിലുള്ള ജീവനക്കാരെ ബാധിക്കുമെന്നാണ് വിവരം. എഐ (നിര്‍മിതബുദ്ധി) മുന്നേറ്റത്തെത്തുടര്‍ന്ന് മെമ്മറി ചിപ്പുകളുടെ വില ഇരട്ടിയിലധികമായി വര്‍ദ്ധിച്ചത് ഇലക്ട്രോണിക് കമ്പനികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന സമയതാതണ് നീക്കം എന്നതാണ് ശ്രദ്ധേയം. രൂപയുടെ മൂല്യം, സ്മാര്‍ട്ട്ഫോണ്‍ വില്‍പ്പനയിലുള്ള ഇടിവ്, അസംസ്‌കൃത വസ്തുക്കളുടെ ഉയര്‍ന്ന വില എന്നിവയും കമ്പനികള്‍ക്കുമേല്‍ സമ്മര്‍ദം ഉണ്ടാക്കുന്നുണ്ട്. സ്മാര്‍ട്ട്ഫോണ്‍ വിഭാഗത്തിലെ ജീവനക്കാരെ പിരിച്ചുവിടലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

നിമിഷ സജയന്‍, തമിഴ് നടന്‍ കരുണാസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ദേശീയ പുരസ്‌കാര ജേതാവ് സജീവ് പാഴൂര്‍ ഒരുക്കുന്ന പാന്‍ ഇന്ത്യന്‍ തമിഴ് ചിത്രം ‘എന്ന വിലൈ’യുടെ ട്രെയ്‌ലര്‍ പുറത്ത്. സെപ്റ്റംബര്‍ 17 ന് ആഗോള റിലീസായി എത്തുന്ന ചിത്രം എത്തും. രാമേശ്വരത്തിന്റെ പശ്ചാത്തലത്തില്‍ വികസിക്കുന്ന കഥയാണ് ‘എന്ന വിലൈ’ പറയുന്നത്. വൈ ജി മഹേന്ദ്രന്‍, പൂര്‍ണ്ണിമ ഭാഗ്യരാജ്, മൊട്ട രാജേന്ദ്രന്‍, വിജയലക്ഷ്മി, ഷാഷ, പ്രവീണ, കമലേഷ്, ഗോലി സോഡ പാണ്ഡി, ജെ. എസ്. കവി, മോഹന്‍ റാം, നിഴല്‍ഗല്‍ രവി, പ്രവീണ, വിവിയാന, ചേതന്‍ കുമാര്‍, കവിതാലയ കൃഷ്ണ, ടിഎസ്ആര്‍ ശ്രീനിവാസ്, ലോള്ളൂ സഭ, സ്വാമിനാഥന്‍, കൊട്ടച്ചി, ദീപ ശങ്കര്‍, ചിത്ത ദര്‍ശന്‍, കവി നക്കലിറ്റീസ്, കെ പി വൈ കോദണ്ഡം, പശുപതി രാജ്, സൂപ്പര്‍ ഗുഡ് സുബ്രമണി എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്.

പാര്‍വതി തിരുവോത്ത് ആദ്യമായി പോലീസ് വേഷത്തില്‍ എത്തുന്ന ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍’ എന്ന ചിത്രത്തിനുവേണ്ടി വേടന്‍ പാടിയ തീം സോങ് തരംഗമാകുന്നു. മൂര്‍ച്ചയേറിയ വരികളും ഈണവുമായി ‘പുരട്ച്ചി ‘ സോങ് ആസ്വാദക മനസ്സുകളെ കീഴടക്കുന്നു. ഈ റാപ് സോങ്ങിന് വരികള്‍ എഴുതിയതും പാടിയതും വേടന്‍. സംഗീതം ഒരുക്കിയത് മുജീബ് മജീദ്. ഭാവന സ്റ്റുഡിയോസാണ് പാട്ട് പുറത്തിറക്കിയത്. സെപ്റ്റംബര്‍ 11ന് ചിത്രം തിയേറ്റുകളില്‍ എത്തും. ആശ്രിത നിയമനത്തിലൂടെ ജോലി ലഭിക്കുന്ന ഒരു വനിത കോണ്‍സ്റ്റബിളിന്റെ ഔദ്യോഗിക ജീവിതത്തില്‍ അരങ്ങേറുന്ന സംഭവങ്ങളാണ് ചിത്രത്തിലൂടെ പറയുന്നത്. പാര്‍ത്ഥിപന്‍, മാത്യു തോമസ് ,വിനയ് ഫോര്‍ട്ട്, സിദ്ധാര്‍ഥ് ഭരതന്‍, ഉണ്ണിമായ, അസീസ് നെടുമങ്ങാട്, ജയശ്രീ ശിവദാസ്, പ്രവീണ്‍കുമാര്‍, സിറാജ്, നിയാസ് ബക്കര്‍ തുടങ്ങിയ ഗംഭീര താരനിരയും ചിത്രത്തിലുണ്ട്.

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ കിയ തങ്ങളുടെ കാര്‍ണിവല്‍ എംപിവിയുടെ ഹൈബ്രിഡ് പതിപ്പ് ഇറക്കാന്‍ ഒരുങ്ങുന്നു. അടുത്തിടെ പുറത്തിറക്കിയ സൊറെന്റോയിലെ സ്‌ട്രോങ് ഹൈബ്രിഡ് പവര്‍ട്രെയിന്‍ തന്നെയായിരിക്കും ഇതിലും ഉപയോഗിക്കുക. കാര്‍ണിവല്‍ ഹൈബ്രിഡിന് കരുത്തുപകരുന്നത് 1.6 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ്. സൊറെന്റോയിലേതുപോലെ 178 ബിഎച്ച്പി കരുത്തും 265 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. എന്നാല്‍ സൊറെന്റോയില്‍ നിന്ന് വ്യത്യസ്തമായി അല്‍പ്പം കൂടി ശക്തമായ ഇലക്ട്രിക് മോട്ടോര്‍ ആണ് ഇതില്‍ ഉണ്ടാവുക. ഇതോടെ അധികമായി 72 ബിഎച്ച്പി കരുത്തും 304 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ ഇതിന് സാധിക്കും. കാര്‍ണിവല്‍ ഹൈബ്രിഡില്‍ ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും ഓള്‍ വീല്‍ ഡ്രൈവ് സിസ്റ്റവും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ 2.2 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലാണ് കിയ കാര്‍ണിവല്‍ ലഭിക്കുന്നത്.

ട്രെയിനില്‍ യാത്രചെയ്തുകൊണ്ടിരിക്കെ എമില്‍ ഒരു അപരിചിതന്റെ വഞ്ചനയ്ക്ക് ഇരയാകുന്നു. ഉറക്കമുണര്‍ന്നപ്പോള്‍ പണം കാണാനില്ല. ഒരു പരിചയവുമില്ലാത്ത നഗരം, സഹായത്തിനാരുമില്ല. എന്നിട്ടും ഒറ്റയ്ക്ക് കള്ളനെ പിന്തുടരുകയാണ് എമില്‍. കുട്ടികളുടെ ഒരു സംഘത്തിന്റെ സഹായംകൂടെ ലഭിക്കുന്നതോടെ അന്വേഷണം ഏതൊരു കുറ്റാന്വേഷണ ഏജന്‍സിയെക്കാളും മികവേറിയ ഒന്നായി മാറുകയാണ്… കുട്ടികള്‍ കുറ്റാന്വേഷകരാകുന്ന ബാലസാഹിത്യ ക്ലാസിക്. ‘എമിലും കുറ്റാന്വേഷകരും’. എറിഷ് കേസ്റ്റനര്‍. പരിഭാഷ – ഡോ.പി. രാജലക്ഷ്മി. മാതൃഭൂമി. വില 178 രൂപ.

ഭക്ഷണത്തിന് ശേഷം കുളിക്കുന്നതും ദഹനപ്രക്രിയയും തമ്മില്‍ എന്താണ് ബന്ധം? ഭക്ഷണം കഴിച്ച ശേഷം എത്ര സമയം കഴിഞ്ഞ് കുളിക്കുന്നതാണ് നല്ലത്? ഇന്നും സംശമായി നില്‍ക്കുന്ന ചോദ്യങ്ങളാണിത്. ഭക്ഷണം കഴിച്ച ശേഷം ശരീരം ദഹനപ്രക്രിയയിലേക്ക് കടക്കുന്നു. ഭക്ഷണം ആമാശയത്തിലെത്തിയ ശേഷം അത് ദഹിപ്പിക്കാനും പോഷകങ്ങള്‍ ശരീരത്തിലേക്ക് ആഗിരണം ചെയ്യാനും ശരീരത്തിലെ വിവിധ അവയവങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ദഹനപ്രക്രിയയില്‍ ആമാശയത്തിലേക്കും കുടലിലേക്കും രക്തപ്രവാഹം വര്‍ധിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഭക്ഷണം കഴിച്ച ഉടന്‍ കുളിച്ചാല്‍ രക്തം ചര്‍മത്തിലേക്കും ദഹനവ്യവസ്ഥയില്‍ നിന്ന് അകലേക്കും പോകുമെന്നും അതുവഴി ദഹനം തടസ്സപ്പെടുമെന്നും പറയപ്പെടുന്നത്. എന്നാല്‍ സാധാരണ സാഹചര്യത്തില്‍ ശരീരം രക്തപ്രവാഹം ആവശ്യാനുസരണം ക്രമീകരിക്കാന്‍ കഴിവുള്ളതാണ്. അതിനാല്‍ ഭക്ഷണം കഴിച്ച ഉടന്‍ സാധാരണ താപനിലയിലുള്ള വെള്ളത്തില്‍ കുളിക്കുന്നത് ദഹനപ്രക്രിയയെ പെട്ടെന്ന് നിര്‍ത്തിവയ്ക്കുമെന്ന് തെളിയിക്കുന്ന ശക്തമായ ശാസ്ത്രീയ പഠനങ്ങളില്ല. അതേസമയം, ഭക്ഷണം കഴിച്ച ഉടന്‍ വളരെ ചൂടുള്ള വെള്ളത്തിലോ വളരെ തണുത്ത വെള്ളത്തിലോ ദീര്‍ഘനേരം കുളിക്കുന്നത് ചിലരില്‍ അസ്വസ്ഥത ഉണ്ടാക്കാം. പ്രത്യേകിച്ച് വയറുനിറയെ ഭക്ഷണം കഴിച്ച ശേഷം ശരീരം പെട്ടെന്ന് താപനിലയിലെ മാറ്റത്തിന് വിധേയമാകുമ്പോള്‍ ചിലര്‍ക്ക് തലകറക്കം, ക്ഷീണം, വയറിലെ അസ്വസ്ഥത തുടങ്ങിയവ അനുഭവപ്പെടാം. വലിയ അളവില്‍ ഭക്ഷണം കഴിച്ചിട്ടുണ്ടെങ്കില്‍ 30 മിനിറ്റിനും ഒരു മണിക്കൂറിനും ഇടയില്‍ വിശ്രമിച്ച ശേഷം കുളിക്കുന്നത് കൂടുതല്‍ സുഖകരമായിരിക്കും.

ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 94.49, പൗണ്ട് – 127.65, യൂറോ – 109.74, സ്വിസ് ഫ്രാങ്ക് – 116.78, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 68.08, ബഹറിന്‍ ദിനാര്‍ – 250.55, കുവൈത്ത് ദിനാര്‍ -305.89, ഒമാനി റിയാല്‍ – 245.82, സൗദി റിയാല്‍ – 25.34, യു.എ.ഇ ദിര്‍ഹം – 25.73, ഖത്തര്‍ റിയാല്‍ – 25.91, കനേഡിയന്‍ ഡോളര്‍ – 68.29.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *