ഒരു നെല്ലിക്കയില്‍ അടങ്ങിയ വിറ്റാമിന്‍ സിയുടെ അളവു 20 ഓറഞ്ചിന് തുല്യമാണെന്നാണ് ഗ്യാസ്ട്രോഎന്‍ട്രോളജിസ്റ്റ് ആയ ഡോ. മാധവ് വാധവന്‍ പറയുന്നത്. നമ്മുടെ ദഹനവ്യവസ്ഥയ്ക്ക് അനുയോജ്യമായ ഭക്ഷ്യനാരുകള്‍ നെല്ലിക്കയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്ട്രോളും രക്തത്തിലെ പഞ്ചസാരയും നിയന്ത്രിക്കുന്നു. കൂടാതെ ഗാലിക് ആസിഡ്, എല്ലാജിക് ആസിഡ്, ഫ്ലേവനോയ്ഡുകള്‍ തുടങ്ങിയ ആന്റിഓക്സിഡന്റുകള്‍ ഇതിലടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ഓക്സിഡേറ്റീവ് നാശത്തില്‍ നിന്ന് നിങ്ങളുടെ കരളിനെ സംരക്ഷിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന ഫൈബര്‍ കുടലിലെ നല്ല ബാക്ടീരിയകള്‍ക്കുള്ള ഭക്ഷണമാണ്. ഇത് മലബന്ധം അകറ്റാനും സഹായിക്കുന്നു. ഡയറ്റില്‍ ദിവസവും രണ്ട് നെല്ലിക്ക വീതം ഉള്‍പ്പെടുത്തൂ, വ്യത്യാസം മനസ്സിലാക്കാം. കരളിന്റെയും കുടലിന്റെയും ആരോഗ്യത്തിന് നെല്ലിക്ക ഗുണം ചെയ്യും. നെല്ലിക്കയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി, പോളിഫെനോളുകള്‍ എന്നിവയുള്‍പ്പെടെ ഇതില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകള്‍, ഫാറ്റി ലിവര്‍ രോഗത്തിനും കരളിനുണ്ടാകുന്ന കേടുപാടുകള്‍ക്കും കാരണമാകുന്ന ഓക്സിഡേറ്റീവ് സ്ട്രെസും വീക്കവും കുറയ്ക്കാന്‍ സഹായിച്ചേക്കാം. അതേസമയം, പ്രമേഹത്തിന് മരുന്ന് കഴിക്കുന്നവര്‍ ജാഗ്രത പാലിക്കണം. പ്രമേഹ മരുന്നുകള്‍ കഴിക്കുന്നവര്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി നിരീക്ഷിക്കണം, കാരണം നെല്ലിക്ക ഈ മരുന്നുകളുടെ രക്തത്തിലെ ഗ്ലൂക്കോസ് കുറയ്ക്കാനുള്ള ശേഷി വര്‍ധിപ്പിച്ചേക്കാം.
