ഇന്ത്യന്‍ ലിസ്റ്റഡ് കമ്പനികളില്‍ അവകാശികളില്ലാതെ കിടക്കുന്ന ഡിവിഡന്റ് തുകയില്‍ വന്‍ വര്‍ധനവ്. 2026 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 2,689 കോടി രൂപയായി ഉയര്‍ന്നതായി സെബിയുടെ വാര്‍ഷിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2025 സാമ്പത്തിക വര്‍ഷത്തിലെ 2,324 കോടി രൂപയില്‍ നിന്ന് 15.7 ശതമാനത്തിന്റെ വര്‍ധനയാണിത്. അതേസമയം, മ്യൂച്വല്‍ ഫണ്ടുകളിലെ അവകാശികളില്ലാത്ത തുക കുറഞ്ഞു. സാമ്പത്തിക വര്‍ഷം 2024-25-ലെ 1,128 കോടി രൂപയില്‍ നിന്നും സാമ്പത്തിക വര്‍ഷം 2025-26-ല്‍ 1,122 കോടി രൂപയായി ഇത് താഴ്ന്നു. കമ്പനീസ് ആക്ട് പ്രകാരം, തുടര്‍ച്ചയായി 7 വര്‍ഷം അവകാശികളില്ലാതെ കിടക്കുന്ന ഡിവിഡന്റുകള്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘ഇന്‍വെസ്റ്റര്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് പ്രൊട്ടക്ഷന്‍ ഫണ്ടിലേക്ക്’ മാറ്റപ്പെടും. സാമ്പത്തിക വര്‍ഷം 2021-2025 കാലയളവിനിടെ ആകെ 5,061 കോടി രൂപ ഇത്തരത്തില്‍ ഐ.ഇ.പി.എഫിലേക്ക് കൈമാറിയിട്ടുണ്ട്. അര്‍ഹരായ നിക്ഷേപകര്‍ക്ക് ഈ തുക നഷ്ടപ്പെടില്ല. കൃത്യമായ രേഖകള്‍ സമര്‍പ്പിച്ച് ഇത് വീണ്ടെടുക്കാവുന്നതാണ്.
