Untitled design 20250112 193040 0000 1

 

 

രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരവും യുവശക്തിയും മുഖ്യപ്രമേയമാകും. ചരിത്രത്തിലാദ്യമായി ചെങ്കോട്ടയിൽ പതാക ഉയർത്തുന്നതിന് മുൻപ് വന്ദേമാതരം ആലപിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു.

 

ഓണക്കാലത്ത് റേഷന്‍ അരിയുടെ വില 10.90 ല്‍ നിന്ന് 26 ആയി വര്‍ധിപ്പിച്ചുവെന്ന പ്രചാരണം തികച്ചും അവാസ്തവമെന്ന് ഭക്ഷ്യവകുപ്പ്. ഒരോ കാര്‍ഡിനുമുള്ള സാധാരണ റേഷന്‍ അരിവിഹിതം കുറച്ചിട്ടുമില്ല, വില കൂട്ടിയിട്ടുമില്ലെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചു.

 

മുഖ്യമന്ത്രി വി ഡി സതീശനും യുഎസ് സ്ഥാനപതി സെർജിയോ ഗോറും കൊച്ചിയിൽ നടത്തിയ കൂടിക്കാഴ്ചയിൽ കേരളവും അമേരിക്കയും തമ്മിലുള്ള സഹകരണം ശക്തമാക്കാൻ തീരുമാനമായി. ഉന്നതവിദ്യാഭ്യാസം, ടൂറിസം, നിക്ഷേപം, തുറമുഖ വികസനം തുടങ്ങിയ മേഖലകളിലെ പങ്കാളിത്ത സാധ്യതകൾ ചർച്ച ചെയ്തു.

 

ആസൂത്രണ ബോർഡ് പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട്, പരീക്ഷാ രേഖകൾ പുറത്തുവിടണമെന്ന വിവരാവകാശ കമ്മീഷന്റെ ഉത്തരവിനെതിരെ പിഎസ്‍സി ഹൈക്കോടതിയെ സമീപിച്ചു. സാങ്കേതിക പിഴവുകൾ തിരുത്തിയ ഹർജി ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് നാളെ പരിഗണിക്കും.

 

മാധ്യമപ്രവർത്തകൻ കെ എം ബഷീറിന്റെ അപകട മരണക്കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമൻ രക്തം പുരണ്ട വസ്ത്രം മാറ്റിയെന്ന് സാക്ഷി മൊഴി. അപകടസമയത്ത് ശ്രീറാം ധരിച്ചിരുന്ന രക്തം പുരണ്ട വസ്ത്രങ്ങൾ അദ്ദേഹത്തിന്റെ ക്വാർട്ടേഴ്സിലേക്ക് മാറ്റിയതായി സുഹൃത്തും ഡോക്ടറുമായ അനീഷ് രാജ് തിരുവനന്തപുരം നാലാം അഡീഷണൽ സെഷൻസ് കോടതിയിൽ മൊഴി നൽകി.

 

സപ്ലൈകോയെ സ്വയംപര്യാപ്തമായ സ്ഥാപനമാക്കി മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. കലൂരിൽ സപ്ലൈകോ ഓണം മെഗാ ട്രേഡ് ഫെയർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിലക്കയറ്റം തടയുന്നതിനായി 13 ഇന സബ്സിഡി ഉത്പന്നങ്ങൾ മേളയിൽ ലഭ്യമാക്കിയതായും സൗജന്യ ഓണക്കിറ്റ് വിതരണം ആരംഭിച്ചതായും സർക്കാർ അറിയിച്ചു.

 

പ്രിയദർശിനി സൗജന്യ യാത്രയിൽ നിന്ന് സർക്കാർ ജീവനക്കാരെ ഒഴിവാക്കണമെന്ന പ്രമേയവുമായി മുസ്ലിം ലീഗ് ഭരിക്കുന്ന മലപ്പുറം ഒതുക്കുങ്ങൽ പഞ്ചായത്ത്. ഇരുപത്തിമൂന്നാം വാർഡിലെ മുസ്ലിം ലീഗ് മെമ്പർ എം കെ കമറുദ്ദീനാണ് പ്രമേയം അവതരിപ്പിച്ചത്.

 

ആഭ്യന്തര വകുപ്പ് മന്ത്രി മന്ത്രി രമേശ് ചെന്നിലയെയും, കേരളാ പൊലീസിനെയും അഭിനന്ദിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം.ജോൺ.നാടിന്റെ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുകയും ചെയ്ത പ്രകോപനപരമായ നിലപാടുകൾക്കെതിരെ കേരള പൊലീസ് എടുത്ത ശക്തമായ നിയമനടപടികൾ സ്വാഗതാർഹമാണെന്ന് റോജി.എം.ജോൺ ഫേസ്ബുക്കിൽ കുറിച്ചു.

 

തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പിൽ ശക്തമായ അച്ചടക്കനടപടി വേണമെന്ന് ബിജെപി കോർ കമ്മിറ്റി യോഗത്തിൽ വി മുരളീധരൻ. സംഘടനാ നേതാക്കൾക്കെതിരെ വിമർശനം ഉയർന്ന യോഗത്തിൽ, ശക്തമായ നടപടി ഉണ്ടാകുമെന്ന് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉറപ്പ് നൽകി.

 

കോട്ടയം ജില്ലയില്‍ ദുരിതാശ്വാസക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കുട്ടനാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ആലപ്പുഴ ജില്ലയിലെ ദുരിതാശ്വാസക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

 

സാമ്പത്തിക പ്രതിസന്ധി മറച്ചുവെക്കാൻ കേന്ദ്ര സർക്കാർ യുപിഐ ഇടപാടുകൾക്ക് മേൽ പരോക്ഷ നികുതി ചുമത്താൻ ശ്രമിക്കുന്നുവെന്ന് ജോൺ ബ്രിട്ടാസ് എംപി പാർലമെൻ്റിൽ ആരോപിച്ചു. ഇൻകം ടാക്സ് ഭേദഗതി ബില്ലിലെ വ്യവസ്ഥകൾ സാധാരണക്കാരെ കൊള്ളയടിക്കാനാണെന്നും കച്ചവടക്കാർക്ക് മേലുള്ള ഭാരം ഉപഭോക്താക്കളിലേക്ക് എത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

പത്തനംതിട്ടയിൽ പ്രളയദുരിതാശ്വാസത്തിൽ പങ്കെടുത്ത വാഹനത്തിന് പെറ്റി അടിച്ച ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ പിൻവലിച്ച് മോട്ടോർ വാഹനവകുപ്പ്. ഉദ്യോഗസ്ഥ സംഘടനകൾ സംസ്ഥാനവ്യാപക പ്രതിഷേധം തുടങ്ങിയതോടെയാണ് നടപടി സ്ഥലംമാറ്റത്തിൽ ഒതുക്കിയത്.

 

പ്രളയ ദുരന്തത്തിൽ ചെറുപുഴയിലെ രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ വീട്ടിലെത്തി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കുടുംബത്തിന്റെ സംരക്ഷണം ഉറപ്പാക്കണമെന്ന് പിണറായി വിജയൻ ആവശ്യപ്പെട്ടു. രാജേഷിന്റെ കുടുംബം അനാഥമാകാൻ പാടില്ലെന്ന് ആവശ്യപ്പെട്ട പ്രതിപക്ഷ നേതാവ് മുൻകാലത്തേക്കാൾ കൂടുതൽ സഹായം നൽകണമെന്നും കൂട്ടിച്ചേർത്തു.

 

ദില്ലിയിൽ സമരം ചെയ്ത വിദ്യാർത്ഥികൾക്കെതിരെ അധിക്ഷേപ പരാമർശത്തിൽ അറസ്റ്റിലായ ടി ജി മോഹൻദാസിന് ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് തിരുവനന്തപുരം എസിജെഎം കോടതി ജാമ്യം അനുവദിച്ചത്. ടി ജി മോഹൻദാസിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട പ്രോസിക്യൂഷൻ്റെ വാദം തള്ളിയാണ് കോടതി നടപടി.

 

ഇടുക്കി ജില്ലയിൽ കനത്ത മഴയ്ക്ക് ശമനമായതോടെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഏർപ്പെടുത്തിയിരുന്ന വിലക്കുകൾ ജില്ലാ ഭരണകൂടം പിൻവലിച്ചു. കാലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പുകൾ പിൻവലിച്ചതിനെ തുടർന്നാണ് തീരുമാനം

 

കണ്ണൂരിൽ ഹെൽത്ത്‌ ഇൻസ്‌പെക്ടർ കുഴഞ്ഞു വീണ് മരിച്ചു. ചൊക്ലി പഞ്ചായത്തിലെ എച്ഛ് ഐ ദീപ ലേഖയാണ്(51) മരിച്ചത്. പഞ്ചായത്ത്‌ യോഗത്തിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.

 

അര്‍ജുന്‍ ആയങ്കിയുടെ വീട്ടില്‍ നിന്ന് പൊലീസ് ലാപ്ടോപ്പ് പിടിച്ചെടുത്തു. അമ്മയുടെയും സഹോദരന്‍ അജയ് ആയങ്കിയുടെയും മൊഴിയെടുത്തു. കണ്ണൂര്‍ സൈബർ എസ്എച്ച്ഒ എ അനൂപിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.

 

അർജുൻ ആയങ്കിയുടെ ജാമ്യം റദ്ദാക്കാൻ പൊലീസ് റിപ്പോർട്ട്‌ നൽകും. എറണാകുളത്തെ മൂന്ന് കേസുകളിൽ ഒന്നിൽ ആയങ്കിക്ക് ജാമ്യം ലഭിച്ചിരുന്നു. ജാമ്യവസ്ഥകൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി റിപ്പോർട്ട്‌ നൽകുമെന്ന് റൂറൽ എസ് പി പറഞ്ഞു. അർജുനെ അറസ്റ്റ് ചെയ്ത ശേഷം കസ്റ്റഡിയിൽ വാങ്ങുമെന്നും എസ് പി വ്യക്തമാക്കി.

 

മഹാരാഷ്ട്രയിൽ ഹോസ്റ്റലിൽവെച്ച് പാമ്പുകടിയേറ്റ മൂന്ന് വിദ്യാർത്ഥികൾ മരിച്ചു. തിങ്കളാഴ്ച പുലർച്ചെ പാമ്പുകടിയേറ്റ ആറുപേരിൽ മൂന്നുപേർക്കാണ് ജീവൻ നഷ്ടമായത്. മൂന്നുപേർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ ഒരാളുടെ നില ഗുരുതരം.

 

തമിഴ്നാട്ടിൽ തമിഴ് തായ് വാഴ്ത്ത് ചൊല്ലുന്നത് നിർബന്ധമാക്കി പ്രമേയം പാസാക്കി നിയമസഭ. സർക്കാർ പരിപാടികളിൽ തമിഴ് തായ് വാഴ്ത്ത് ആദ്യം ചൊല്ലണമെന്നാണ് പ്രമേയം. മുഖ്യമന്ത്രി വിജയ് അവതരിപ്പിച്ച പ്രമേയത്തെ ഡിഎംകെ, അണ്ണാ ഡിഎംകെ, കോൺഗ്രസ് എന്നീ പാർട്ടികൾ പിന്തുണച്ചു.

 

ജാർഖണ്ഡ് പബ്ലിക് സർവീസ് കമ്മീഷൻ പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട വിദ്യാർത്ഥി പ്രതിഷേധത്തിൽ പ്രതികരിച്ച് രാഹുൽ ഗാന്ധി. വിദ്യാർഥികൾക്കെതിരായ ബലപ്രയോഗം തെറ്റാണെന്നും, സർക്കാർ അവരുമായി ചർച്ച നടത്തി പ്രശ്നപരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

 

തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജിക്ക് വിദേശത്തേക്ക് പോകാൻ അനുമതി നൽകി സുപ്രീംകോടതി. നേത്രചികിത്സയ്ക്ക് വിദേശത്തേക്ക് പോകാൻ അനുമതി തേടി അഭിഷേക് സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. പശ്ചിമ ബംഗാൾ സർക്കാരിൻ്റെ എതിർപ്പ് തള്ളിയാണ് കോടതിയുടെ ഉത്തരവ്.

 

ബിഹാറിൽ ഐഎഎസ് ഓഫീസർ ചമഞ്ഞ് തട്ടിപ്പ് നടത്തിയ ആളെ പിടികൂടി പൊലീസ്. ജമാൽപൂ‍ർ സ്വദേശിയായ മനീഷ് ​ഗുപ്ത ആണ് പിടിയിലായത്. ഇയാളുടെ വീട്ടിൽനിന്ന് ആഡംബര കാറുകളടക്കം പിടിച്ചെടുത്തു.

 

ജാർഖണ്ഡ് പബ്ലിക് സർവീസ് കമ്മീഷനിലെ പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് രാജിവെച്ച മുൻ ചെയർമാൻ എൽ ഖിയാങ്‌ടെയെ സിഐഡി അറസ്റ്റ് ചെയ്തു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വിദ്യാർത്ഥി പ്രതിഷേധം ശക്തമാവുകയും, നിയമസഭാ മാർച്ചിനിടെ സംഘർഷമുണ്ടാവുകയും ചെയ്തു

 

ഐഐടി ഡൽഹിയിലെ ബിരുദദാന ചടങ്ങിൽ സംസ്‌കൃത ശ്ലോകം ചൊല്ലിയത് വിവാദമായി. ഇത് ഗായത്രി മന്ത്രമാണെന്ന് കരുതി കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ് വിമർശിച്ചെങ്കിലും, ചടങ്ങിൽ ചൊല്ലിയത് തൈത്തിരീയ ഉപനിഷത്തിലെ ഗുരു-ശിഷ്യ ബന്ധത്തെക്കുറിച്ചുള്ള ‘ശിക്ഷാവല്ലി’ ആണെന്ന് മുൻ വിദ്യാർഥി പ്രതികരിച്ചു

 

വിദ്യാർത്ഥി പ്രതിഷേധവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതിപക്ഷ ആവശ്യത്തിന് മുന്നിൽ വഴങ്ങി കേന്ദ്ര സർക്കാർ. വിഷയത്തിൽ പാർലമെന്റിൽ സമഗ്രമായ ചർച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു സഭയെ അറിയിച്ചു.

 

തെക്കേ അമേരിക്കൻ രാജ്യമായ കൊളംബിയയിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തി. ഭൂചലനത്തിൽ ചോക്കോ പ്രവിശ്യയിൽ നാശമുണ്ടായി. ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. തലസ്ഥാനമായ ബോഗോട്ടയിലും പ്രകമ്പനം അനുഭവപ്പെട്ടു.

 

അമേരിക്കൻ നിലപാട് തള്ളി ഇറാനെ ആക്രമിക്കാൻ ഇസ്രയേൽ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ആണവായുധം ഉണ്ടാക്കാൻ ഇറാനെ അനുവദിക്കില്ലെന്ന് നെതന്യാഹു പ്രഖ്യാപിച്ചപ്പോൾ, ഹോർമുസ് കടലിടുക്ക് കൈകാര്യം ചെയ്യാനുള്ള ബില്ലിന് ഇറാൻ അംഗീകാരം നൽകി.

 

ഈജിപ്തിലെ ഏറ്റവും വലിയ സ്വർണഖനിയായ സുഖാരിയിൽ പാറയിടിഞ്ഞുണ്ടായ അപകടത്തിൽ ഒരു തൊഴിലാളി കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അപകടത്തെ തുടർന്ന് ഖനന പ്രവർത്തനങ്ങൾ നിർത്തിവെച്ച അധികൃതർ, കാരണം കണ്ടെത്താൻ അന്വേഷണത്തിന് ഉത്തരവിട്ടു.

 

 

 

 

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *