മഴക്കാലമായതോടെ ജലദോഷവും ചുമയും പതിവായിരിക്കുകയാണ്. വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പൊടിക്കൈകള്‍ കൊണ്ട് ഇത് മാറ്റിയെടുക്കാം. ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന ജിഞ്ചറോള്‍ എന്ന ഘടകം ശരീരത്തിലെ വീക്കം കുറയ്ക്കാനും തൊണ്ടയിലെ അസ്വസ്ഥത ശമിപ്പിക്കാനും സഹായിക്കും. ഒരു കപ്പ് വെള്ളത്തില്‍ ചെറിയ കഷണം ഇഞ്ചി ചതച്ച് ചേര്‍ത്ത് തിളപ്പിക്കുക. ആവശ്യമെങ്കില്‍ തേന്‍ ചേര്‍ത്ത് കുടിക്കാം. തൊണ്ടയിലെ അസ്വസ്ഥത കുറയ്ക്കാനും ചുമയുടെ തീവ്രത നിയന്ത്രിക്കാനും തേന്‍ സഹായിക്കും. ഒരു ടീസ്പൂണ്‍ തേന്‍ നേരിട്ട് കഴിക്കാം. ചൂടുവെള്ളത്തിലോ ഇഞ്ചി ചായയിലോ ചേര്‍ത്ത് കുടിക്കാം. എന്നാല്‍ ഒരു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് തേന്‍ നല്കാന് പാടില്ല. ഉപ്പുവെള്ളം കൊണ്ട് ഗാര്‍ഗിള്‍ ചെയ്യുക. മൂക്കടപ്പും സൈനസും കഫക്കെട്ടും കുറയ്ക്കാന്‍ ആവി പിടിക്കുന്നത് നല്ലതാണ്. ഒരു ഗ്ലാസ് ചൂടുപാലില് അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി ചേര്‍ക്കുക. ഉറങ്ങുന്നതിന് മുമ്പ് കുടിക്കം. രോഗപ്രതിരോധശേഷിക്ക് ഇത് അത്യുത്തമമാണ്. ഭക്ഷണത്തില്‍ കൂടുതല്‍ വെളുത്തുള്ളി ഉള്‍പ്പെടുത്താം. ഇത് രോഗാണുക്കളെ പ്രതിരോധിക്കും. ചിക്കന്‍ സൂപ്പോ പച്ചക്കറി സൂപ്പോ കഴിക്കുന്നത് മൂക്കടപ്പ് കുറയ്ക്കാനും ശരീരത്തിന് ഊര്‍ജം നല്‍കാനും സഹായിക്കും. ശരീരത്തിന് രോഗത്തോട് പോരാടാന്‍ ആവശ്യമായ ഊര്‍ജം ലഭിക്കാന്‍ വിശ്രമം അത്യാവശ്യമാണ്. ഓറഞ്ച്, നാരങ്ങ, നെല്ലിക്ക, കിവി തുടങ്ങിയ വിറ്റാമിന്‍ സി അടങ്ങിയ പഴങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കും.
