അഞ്ച് ദിവസത്തിനിടെ രണ്ടാം തവണയും ഇന്ധനവില കൂട്ടി എണ്ണക്കമ്പനികളുടെ ഇരുട്ടടി. പെട്രോളിനും ഡീസലിനുമാണ് വില കൂട്ടിയത്. ലീറ്ററിന് 90 പൈസ വീതമാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോൾ വില 111 രൂപ 71 പൈസയായി. ഡീസൽ വില 100 കടന്നു. പുതിയ നിരക്കുകൾ രാവിലെ മുതൽ നിലവിൽ വന്നു.
കെഎസ്ആർടിസി ബസുകളിൽ അടുത്ത മാസം 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ പ്രതിഷേധവുമായി സ്വകാര്യ ബസ് ഉടമകൾ. പദ്ധതി നടപ്പിലാക്കുകയാണെങ്കിൽ സ്വകാര്യ ബസ് മേഖല തകരുമെന്നും തങ്ങളേയും സർക്കാർ കേൾക്കണം എന്നുമാണ് ബസ് ഉടമകളുടെ ആവശ്യം. നികുതി, പെർമിറ്റ് ഫീസുകളിൽ ഇളവ് തേടി മുഖ്യമന്ത്രിയെ നേരിട്ട് കാണുമെന്ന് ബസ് ഉടമകൾ വ്യക്തമാക്കി.
വി ഡി സതീശന് സര്‍ക്കാര്‍ 10 ദിവസത്തിനുള്ളിൽ ധവള പത്രം ഇറക്കും. സാമ്പത്തിക സ്ഥിതി പൊതുജനങ്ങളെ അറിയിക്കാനാണ് ധവളപത്രമിറക്കുന്നത്. ഡോ.കെ എം ചന്ദ്ര ശേഖർ അധ്യക്ഷനായി സമിതിയെ വച്ചു. ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ആദ്യ യോഗം ചേരും ഖജനാവില്‍ പൂച്ച പെറ്റ് കിടക്കുകയാണെന്ന് വി ഡി സതീശന് പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ ആരോപിച്ചിരുന്നു.
സ്ത്രീകളുടെ സൗജന്യ യാത്ര കെഎസ്ആർടിസിക്ക് അധിക ബാധ്യത വരുത്തും എന്ന് എല്‍ഡിഎഫ് കണ്‍വീനർ ടി പി രാമകൃഷ്ണൻ. ആശാവർക്കർമാർക്ക് യുഡിഎഫ് വാഗ്ദാനം ചെയ്ത 21,000 രൂപ നൽകണം. 3000 രൂപ വർദ്ധിപ്പിച്ചത് സ്വാഗതാർഹമാണ്. സിപിഎമ്മിൽ നേതൃമാറ്റത്തിന്റെ ആവശ്യം ഇപ്പോൾ ഇല്ലെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു.
വി.ഡി. സതീശൻ സർക്കാർ പ്രഖ്യാപിച്ച സ്ത്രീകൾക്കുള്ള സൗജന്യ കെഎസ്ആർടിസി യാത്രാ പദ്ധതിയെ സിപിഐഎം നേതാവ് എം.എം. മണി രൂക്ഷമായി പരിഹസിച്ചു. സൗജന്യ യാത്രയ്ക്ക് സതീശൻ സ്വന്തം വീട്ടിൽ നിന്ന് പണം കൊണ്ടുവരട്ടെയെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷമുള്ള പാർട്ടിയിലെ വിമർശനങ്ങളെ തള്ളിയ മണി, തങ്ങൾ രാഷ്ട്രീയത്തിൽ സജീവമായി തുടരുമെന്നും വ്യക്തമാക്കി.
പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണമെന്ന ആവശ്യം കടുപ്പിച്ച് സിപിഐ. പാർട്ടിക്ക് അർഹതപ്പെട്ടതു കൊണ്ടാണ് ചേദിച്ചതെന്നും ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അറിയിച്ചു. ഉപനേതാവായി ആരെ പരിഗണിക്കുമെന്ന കാര്യത്തിൽ സിപിഐയിൽ ധാരണയായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആശമാരെ ഇടതുപക്ഷം ആക്ഷേപിച്ചിട്ടില്ലെന്ന് സിപിഎം മുതിർന്ന നേതാവ് കെകെ ശൈലജ ടീച്ചർ. ആശമാരെ സഹായിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും ഇപ്പോഴത്തെ പ്രഖ്യാപനം സ്വാഗതാർഹമാണെന്നും ശൈലജ ടീച്ചർ പറഞ്ഞു. നടപ്പിലാക്കാൻ കഴിയുമോയെന്ന് ഒറ്റ ദിവസം കൊണ്ട് പറയാനാവില്ല. പിണറായിയെ ഇനി മാറ്റാനാവില്ല. പ്രതിപക്ഷ നേതാവായി തീരുമാനിച്ചു കഴിഞ്ഞുവെന്നും കെകെ ശൈലജ പറഞ്ഞു.
മന്ത്രിമാരുടെ വകുപ്പുകളിൽ ചില തർക്കങ്ങളുണ്ടെന്ന് സ്ഥിരീകരിച്ച് മന്ത്രി കെ മുരളീധരൻ. ചില വകുപ്പുകളിൽ ചില മാറ്റങ്ങൾക്ക് സാധ്യതയുണ്ട്. ഉന്നത വിദ്യാഭ്യാസം, ഫിഷറീസ് അങ്ങനെ ചില തർക്കങ്ങളുണ്ട്. അത് ഇന്നത്തോടെ പരിഹരിക്കും. ഇന്ന് വൈകുന്നേരത്തിനുള്ളിൽ വിജ്ഞാപനം വരുമെന്നാണ് മുരളീധരന്റെ പ്രതികരണം.
സെക്രട്ടറിയേറ്റിന്റെ പ്രധാനപ്പെട്ട കവാടമായ നോർത്ത് ഗേറ്റ് 10 വർഷത്തിനുശേഷം തുറന്നു. കോൺഗ്രസ് അനുകൂല സംഘടനകളുടെ നേതൃത്വത്തിലാണ് ഗേറ്റ് തുറന്നത്. പൊലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേടുകൾ ഒരു വശത്തേക്ക് നീക്കുകയായിരുന്നു. സമര കവാടമെന്നാണ് ഈ കവാടം അറിയപ്പെടുന്നത്. ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഈ ഗേറ്റ് കുറച്ചുനാൾ തുറന്ന് കിടന്നെങ്കിലും സുരക്ഷാപ്രശ്നം ചൂണ്ടിക്കാട്ടി ഗേറ്റ് അടക്കുകയായിരുന്നു.
വിഡി സതീശന് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ വന്ദേമാത്രം പൂര്‍ണമായി ആലപിച്ചതിനെതിരെ മുന്‍ മന്ത്രി മുഹമ്മദ് റിയാസ് . മതപരമായ വിഷയമാക്കി മാറ്റാനുള്ള ശ്രമം നടക്കുന്നുണ്ട് ഇത് രാഷ്ട്രീയപരമാണ് സംഘപരിവാർ അജണ്ട നടപ്പാക്കാനാണ് ശ്രമം. വേദിയിൽ ഇരിക്കുന്നതു ഉൾപ്പെടെയുള്ള ചട്ടങ്ങൾ സത്യപ്രതിജ്ഞയിൽ ഒഴിവാക്കിയിരുന്നുവെന്നും റിയാസ് കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സിപിഎമ്മിൽ നേതൃത്വത്തിനെതിരെ രൂക്ഷവിമർശനം. ഓരോ ജില്ലകളിലേയും കമ്മിറ്റി യോഗങ്ങളിലാണ് സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉയർന്നത്. സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റിയിലും, ആലപ്പുഴയിലും സംസ്ഥാന നേതൃത്വത്തിന് രൂക്ഷ വിമർശനം ഉണ്ടായി.
നേതൃത്വത്തിനെതിരെ വിമർശനങ്ങൾ ഉയരുമെന്നും വിമർശനങ്ങൾ ഉയരാനാണ് യോഗം ചേരുന്നത് തന്നെയെന്നും സിപിഎം നേതാവ് എം സ്വരാജ്. അരുതാത്തത് എന്തോ സംഭവിച്ചു എന്ന് കരുതേണ്ടതില്ല. എന്നാൽ യോഗം സംബന്ധിച്ച് പുറത്ത് വരുന്ന വാർത്തകൾ യാഥാർഥ്യമല്ല. പൊട്ടും പൊടിയുമൊക്കെയാണ് പുറത്ത് വരുന്നതെന്നും വാർത്തകളെ ഗൗരവമായി കാണുന്നില്ലെന്നും എം സ്വരാജ് പറഞ്ഞു.
വി ഡി സതീശൻ സർക്കാരിൽ പതിമൂന്നാം നമ്പർ കാർ ആർക്കും വേണ്ട. ഇന്നലെ 13ാം നമ്പർ കാർ ടൂറിസം വകുപ്പ് തയ്യാറാക്കി നിർത്തിയിരുന്നുവെങ്കിലും മന്ത്രിമാർ ആരും ഏറ്റെടുത്തില്ല. ആരും അത് ആവശ്യപ്പെട്ടില്ല എന്നാണ് വിശദീകരണം. നേരത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിലും 13ആം നമ്പര്‍ വാഹനം ആരും ഉപയോഗിച്ചിരുന്നില്ല.
പി.എസ് പ്രശാന്തിൻ്റെ കാലത്തെ ശബരിമലയിലെ സ്വർണം പൂശലിൽ വിജിലൻസ് അന്വേഷണം വേണമെന്ന് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിൽ ശുപാർശ ചെയ്തു. സ്വർണം നഷ്ടപ്പെട്ടിട്ടില്ലെങ്കിലും നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടായെന്നാണ് എസ്ഐടി റിപ്പോർട്ടിൽ പറയുന്നത്. ജംഷഡ്പൂരിലെ ലാബ് പരിശോധനാ ഫലം വന്ന ശേഷം ഹൈക്കോടതി അന്തിമ തീരുമാനമെടുക്കും.
മന്ത്രിയാകാത്തതിൽ വിഷമമുണ്ടെന്ന് നിയുക്ത എംഎൽഎ മാണി സി കാപ്പൻ. മണ്ഡലത്തിലുള്ളവർ വിളിച്ച് പരാതി പറയുന്നുണ്ടെന്നും രണ്ടാം ടേമിൽ മന്ത്രിസ്ഥാനം ഉറപ്പ് നൽകിയിട്ടുണ്ടെന്നും മാണി സി കാപ്പൻ പറഞ്ഞു. രണ്ടര വർഷം അനൂപ് ജേക്കബിനും രണ്ടര വർഷം തനിക്കുമെന്നാണ് വ്യവസ്ഥ. രണ്ട് പേരും ഒന്നിച്ചാണ് ടേം വ്യവസ്ഥ അംഗീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
വി ഡി സതീശൻ മന്ത്രിസഭയിൽ വകുപ്പുകളുടെ കാര്യത്തിൽ മാത്രമല്ല മന്ത്രിമന്ദിരങ്ങളുടെ കാര്യത്തിലും വാഹന നമ്പറുകളുടെ കാര്യത്തിലും തർക്കം. ഒരേ ഔദ്യോഗിക വസതിക്കായി മൂന്നു മന്ത്രിമാർ വരെ രംഗത്തുണ്ട്. നിള, സാനഡു, ഗ്രേസ് എന്നീ മന്ത്രി മന്ദിരങ്ങൾക്കായി നിരവധി പേർ രംഗത്തുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുo അന്തിമ പട്ടിക തയ്യാറാക്കും.
പാലക്കാട്ടെ സിപിഎമ്മിലെ പൊട്ടിത്തെറിയിൽ പരസ്യ പ്രതികരണം നടത്തിയതിനെതിരെ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു. നേതൃത്വത്തിനെതിരെയായിരുന്നു പരസ്യ പ്രതികരണം നടത്തിയത്. പാർട്ടി അംഗങ്ങൾക്ക് പാർട്ടി ഫോറത്തിൽ ഇരുന്ന് നേതാക്കളെ വിമർശിക്കാമെന്നും മാധ്യമങ്ങൾക്ക് മുന്നിലെത്തി വിമർശിക്കുന്നത് സംഘടനാരീതി അല്ലെന്നും ഇ എൻ സുരേഷ് ബാബു വിമർശിച്ചു.
തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ സിപിഐ നാദാപുരം മണ്ഡലം കമ്മിറ്റി യോഗം ഇന്ന്. അര നൂറ്റാണ്ടിനിടയിലെ ആദ്യ തോൽവിയാണ് നാദാപുരത്ത് പാർട്ടി നേരിട്ടത്. പാർട്ടിയുടെ ചരിത്ര തോൽവിയും വിലയിരുത്തും. പാർട്ടി നേതൃത്വത്തിനെതിരെ വിമർശനം ഉന്നയിക്കാൻ മുതിർന്നിരിക്കുകയാണ് ഒരു വിഭാഗം. സീറ്റ് നേതാവിന്റെ ഭാര്യക്ക് നൽകിയതാണ് തോൽവിക്ക് കാരണം എന്ന് ഒരു വിഭാഗം ആരോപിക്കുന്നുണ്ട് സത്യൻ മൊകേരിയുടെ ഭാര്യ വസന്തം ആണ് മണ്ഡലത്തില്‍ മത്സരിച്ചിരുന്നത്.
വോട്ട് ചെയ്യാനായി സ്വദേശങ്ങളിലേക്ക് പോയ അതിഥി തൊഴിലാളികൾ മടങ്ങിയെത്താത്തത് കേരളത്തിൽ രൂക്ഷമായ തൊഴിലാളി ക്ഷാമത്തിന് കാരണമാകുന്നു. ഈ പ്രതിസന്ധി നിർമ്മാണം, ഹോട്ടൽ, പ്ലൈവുഡ് തുടങ്ങിയ വിവിധ മേഖലകളെയും സാരമായി ബാധിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ചെറുകിട കരാറുകാരെ ഇത് വലിയ നഷ്ടത്തിലേക്ക് തള്ളിവിടുന്നു.
തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സിപിഎം ആലപ്പുഴ ജില്ലാ കമ്മറ്റിയിലും രൂക്ഷ വിമർശനം. വൻ പരാജയം നേതാക്കളുടെ ധാർഷ്ട്യത്തിന് കിട്ടിയ തിരിച്ചടിയാണെന്നും,തീരുമാനങ്ങൾ ഏകപക്ഷീയമായി അടിച്ചേൽപ്പിക്കുന്നു, ഏരിയാ കമ്മിറ്റികളുടെ അഭിപ്രായങ്ങൾ കേൾക്കാൻ തയ്യാറാകുന്നില്ല, അമ്പലപ്പുഴയിൽ വികസന നായകൻ എന്ന ജി സുധാകരന്റെ പ്രതിച്ഛായയെ മറികടക്കാനായില്ല എന്നീ വിമർശനങ്ങളാണ് ഉയർന്നത്.കൂടാതെ യു പ്രതിഭക്കെതിരെയും വിമർശനം ഉയർന്നു.
സംസ്ഥാനത്ത് പാഠപുസ്തകങ്ങളുടെ അച്ചടി വൈകുന്നു. വിതരണം പൂർത്തിയായത് പത്താം ക്ലാസിലേക്കുള്ള പുസ്തകങ്ങൾ മാത്രമാണ്. പേപ്പറുകളുടെ ലഭ്യതക്കുറവാണ് പ്രതിസന്ധിയായത്. ആവശ്യത്തിന് പേപ്പർ കിട്ടാത്തതിനാൽ മറ്റ് ക്ലാസുകളിലേക്കുള്ള പുസ്തകങ്ങളുടെ അച്ചടി പൂർത്തിയായിട്ടില്ല.
ഫാഷൻ ഷോയുടെ മറവിൽ മോഡലുകളെ വിദേശത്തെ സെക്സ് റാക്കറ്റിന്റെ കെണിയിൽപ്പെടുത്തിയ കേസിൽ അന്വേഷണം ഊർജിതം. കേസുമായി ബന്ധപ്പെട്ട് പൊന്നാനി സ്വദേശിനി മഞ്ജിമയെ പോലീസ് അറസ്റ്റ് ചെയ്തു. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം മൂന്നായി. നേരത്തെ അലീന, സിന്ധു എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഫാഷൻ ഷോകളിൽ പങ്കെടുപ്പിക്കാം എന്ന് വിശ്വസിപ്പിച്ചാണ് പ്രതികൾ യുവതികളെ ദുബായിലേക്ക് കടത്തിയത്.
യുവതിയുടെ കൈപത്തി വെട്ടിമാറ്റി ഭർത്താവിന്റെ അച്ഛൻ. കൊല്ലം കൊട്ടാരക്കര കിഴക്കേ തെരുവിലാണ് സംഭവം. കിഴക്കേത്തെരുവ് സ്വദേശി അലക്സാണ്ടറാണ് മരുമകൾ ജിംസ് ജോണിനന്റെ കൈപ്പത്തി വെട്ടിയത്. കുടുംബ പ്രശ്നങ്ങളാണ് അക്രമത്തിന് പിന്നിലെന്നാണ് വിവരം.
പേരാമ്പ്രയിലെ കാർ കത്തി ഉണ്ടായ അപകടത്തിൽ നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്. സംഭവം ആസൂത്രിതമാണെന്നതിൻ്റെ കൂടുതൽ തെളിവുകൾ പുറത്ത് വന്നു. പമ്പിൽ നിന്ന് യുവതി കന്നാസിൽ ഇന്ധനം വാങ്ങുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഈ ദൃശ്യങ്ങളിൽ ഉള്ളത് സോന ആണെന്നാണ് ഉയരുന്ന സംശയം. പൊള്ളലേറ്റ് സോന സംഭവ ദിവസം തന്നെ മരിച്ചിരുന്നു. ഭർത്താവ് രജൻ ലാൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലാണ്.
മഞ്ചേരി പന്തല്ലൂരില്‍ ഞാവല്‍പ്പഴം പറിക്കുന്നതിനിടെ മരത്തില്‍ നിന്ന് വീണ് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. പന്തല്ലൂര്‍ കടമ്പോടിലെ ബിസ്മി ഡ്രൈവിങ് സ്കൂള്‍ ജീവനക്കാരി പുളിക്കല്‍ റുഷ്ദയുടെയും വെള്ളില സ്വദേശി ജാഫറിന്റെയും മകന് അഹില്‍ ഷാന്‍ (13) ആണ് മരണപ്പെട്ടത്.
ചക്കയിടാൻ കയറുമ്പോൾ മതിലില്‍ നിന്നും വീണ് ഗൃഹനാഥൻമരിച്ചു. പാപ്പനംകോട് പൂഴിക്കുന്ന് പൊറ്റവിള പുത്തന്‍വീട്ടില്‍ രാമന്‍കുട്ടി (60) ആണ് മരിച്ചത്. രാവിലെ പത്ത് മണിയോടുകൂടിയാണ് സംഭവം.
പ്രത്യേക ഭരണപ്രദേശം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രധാനമന്ത്രി നരേന്ത്ര മോദിക്ക് നിവേദനം നൽകി മണിപ്പൂരിലെ കുക്കികൾ. നിലനിൽപ് ഭീഷണിയിലെന്നും, കുക്കികൾക്ക് നേരെയുള്ള ആക്രമണം അവസാനിക്കുന്നില്ലെന്നും നിവേദനത്തിൽ പറയുന്നു. കൂടാതെ പുറത്തേക്കുള്ള യാത്രക്കായി പ്രത്യേകം ഹെലികോപ്റ്റർ സംവിധാനം ഏർപ്പെടുത്തണമെന്നും കുക്കി വിഭാഗം ആവശ്യപ്പെട്ടു.
കർണാടകത്തിലെ കുടഗിൽ ദുബാരെ ആനത്താവളത്തിൽ സന്ദർശന നിയന്ത്രണം ഏർപ്പെടുത്തി. രണ്ട് ദിവസത്തേക്കാണ് സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. വിനോദസഞ്ചാരി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് നിയന്ത്രണം. ആനകൾ ഏറ്റുമുട്ടുന്നതിനിടയിൽ കുടുങ്ങിയ സ്ത്രീ മരിച്ചത് ഇന്നലെയാണ്.
പൊതുയിടങ്ങളിൽ നിന്ന് തെരുവു നായ്ക്കളെ നീക്കണമെന്ന ഉത്തരവിനെതിരെയായ മൃഗ സ്നേഹികളുടെ അപേക്ഷ തള്ളി സുപ്രീംകോടതി. മുൻ ഉത്തരവ് കർശനമായി നടപ്പാക്കണമെന്നും നിർദേശിച്ചു. എഡബ്ല്യുബിഐ പുറപ്പെടുവിച്ച സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമത്തെ ചോദ്യം ചെയ്തുള്ള അപേക്ഷയാണ് കോടതി തള്ളിയത്.
തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ, ഡിഎംകെയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനഞ്ഞ ‘പെൻ’ ഏജൻസിക്കെതിരെ പാർട്ടിയിൽ രൂക്ഷവിമർശനം ഉയരുന്നു. മുഖ്യമന്ത്രി സ്റ്റാലിന്റെ മരുമകൻ ശബരീശന്റെ ഉടമസ്ഥതയിലുള്ള ഏജൻസിയുടെ തീരുമാനങ്ങളാണ് തോൽവിക്ക് കാരണമെന്ന് നേതാക്കൾ ആരോപിക്കുമ്പോൾ, വിശദീകരണവുമായി ശബരീശൻ രംഗത്തെത്തി.
ഇന്ത്യയിൽ മാധ്യമ സ്വാതന്ത്ര്യം ഇല്ല എന്നത് കള്ളകഥയെന്ന് വിദേശകാര്യമന്ത്രാലയം വിവരമില്ലാത്ത ചില എൻജിഒകൾ തയ്യാറാക്കുന്ന റിപ്പോർട്ട് ശരിയെന്ന് ചിലർ ധരിച്ചിരിക്കുകയാണ് ഇന്ത്യയിൽ നൂറു കണക്കിന് മാധ്യമങ്ങൾ സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കുന്നുണ്ട് വോട്ടു ചെയ്ത് സർക്കാരിനെ മാറ്റാനുള്ള അവകാശമാണ് വലിയ മനുഷ്യാവകാശമെന്നും സെക്രട്ടറി (വെസ്റ്റ്) സിബി ജോർജ് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടെ ഇന്ത്യ-നോർവേ ബന്ധം ഹരിത തന്ത്രപ്രധാന ബന്ധമായി ഉയർത്തി. ഇതിന്റെ ഭാഗമായി ഹരിതോർജ്ജ സാങ്കേതികവിദ്യ കൈമാറുന്നതിനൊപ്പം പത്ത് ലക്ഷം കോടിയുടെ നിക്ഷേപവും രാജ്യത്തെത്തും, ഇത് 10 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് കേന്ദ്രം അറിയിച്ചു.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തിന് തൊട്ടുപിന്നാലെ, റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന് ചൈനയിലെത്തുന്നു. ചൊവ്വാഴ്ചയാണ് പുടിന് ചൈനീസ് തലസ്ഥാനത്ത് എത്തുന്നത്. ഇറാന് യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ട്രംപ് ചൈനയില്‍ എത്തിയത്. ഇറാന് യുദ്ധമായിരുന്നു പ്രധാന ചര്‍ച്ചാ വിഷയം. പുടിനും ഇക്കാര്യം തന്നെയാവും ചര്‍ച്ച ചെയ്യുക എന്നാണ് വിവരം.
യുഎഇയിൽ അറഫാ ദിനത്തോടും ബലിപെരുന്നാളിനോടും അനുബന്ധിച്ചുള്ള ഔദ്യോഗിക അവധി ദിനങ്ങൾ പ്രഖ്യാപിച്ചു. സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് നാല് ദിവസത്തെയും പൊതുമേഖലയ്ക്ക് അഞ്ച് ദിവസത്തെയും ശമ്പളത്തോടുകൂടിയ അവധിയാണ് ലഭിക്കുക. ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമായതിനെ തുടർന്നാണ് മന്ത്രാലയങ്ങൾ അവധി സ്ഥിരീകരിച്ചത്.
അമേരിക്ക ഏതെങ്കിലും തരത്തിലുള്ള സൈനിക നടപടിക്ക് മുതിർന്നാൽ അത് വലിയ രക്തച്ചൊരിച്ചിലിന് കാരണമാകുമെന്ന് ക്യൂബൻ പ്രസിഡന്റ് മിഗ്വൽ ഡിയാസ് കാനൽ പറഞ്ഞു. അമേരിക്കൻ മാധ്യമമായ ‘ആക്സിയോസ്’ പുറത്തുവിട്ട റിപ്പോർട്ടിനെത്തുടർന്നാണ് ക്യൂബയുടെ ഈ ശക്തമായ പ്രതികരണം.
ഇന്ത്യ നോർവേ ബന്ധം ഹരിത തന്ത്രപ്രധാന ബന്ധമായി ഉയർത്തിയെന്ന് കേന്ദ്രസർക്കാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോർവേ സന്ദർശനത്തിലാണ് ഇരു രാജ്യങ്ങളും തമ്മിലെ സൗഹൃദം കൂടുതൽ ശക്തിപ്പെടുത്തിയത്. ഹരിതോർജ്ജ രംഗത്ത് നോർവെയുടെ സാങ്കേതിക വിദ്യ ഇന്ത്യക്ക് കൈമാറും. നോർവെയിൽ നിന്ന് പത്ത് ലക്ഷം കോടി നിക്ഷേപം ഇന്ത്യയിലെത്തും. അടുത്ത പത്തു വർഷത്തിൽ ഇതിലൂടെ 10 ലക്ഷം തൊഴിലവസരം രാജ്യത്തുണ്ടാകുമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിക്കുന്നു.
ഇറാനെതിരായ ആക്രമണം മാറ്റിവെയ്ക്കുന്നുവെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഗൾഫ് രാജ്യങ്ങളുടെ അഭ്യർഥന മാനിച്ചാണ് നടപടിയെന്നും ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു. സമാധാന കരാർ സാധ്യമായില്ലെങ്കിൽ ഇന്ന് ഇറാനെ ആക്രമിക്കാനായിരുന്നു ട്രംപിൻ്റെ നീക്കം.
