ലോകത്തെ ഏറ്റവും ശക്തമായ മൂന്നാമത്തെ ഓട്ടോമോട്ടീവ് ബ്രാന്‍ഡായി റോയല്‍ എന്‍ഫീല്‍ഡ്. ബ്രാന്‍ഡ് ഫിനാന്‍സ് ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി 2026 റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ടൊയോട്ടയ്ക്കും ബിഎംഡബ്ല്യുവിനും പിന്നില്‍ മൂന്നാം സ്ഥാനത്താണ് റോയല്‍ എന്‍ഫീല്‍ഡ്. ഔഡി നാലാം സ്ഥാനത്തും ഫെറാരി ഏഴാം സ്ഥാനത്തുമാണ്. റോയല്‍ എന്‍ഫീല്‍ഡിന് 100-ല്‍ 88.9 ബ്രാന്‍ഡ് സ്ട്രെങ്ത് ഇന്‍ഡെക്സ് സ്‌കോറും എഎഎ റേറ്റിംഗും ലഭിച്ചിട്ടുണ്ട്. ബ്രാന്‍ഡിന്റെ മൊത്തത്തിലുള്ള മൂല്യം 30 ശതമാനം വര്‍ധിച്ച് 1.2 ബില്ല്യണ്‍ ഡോളറിലെത്തി. റോയല്‍ എന്‍ഫീല്‍ഡിന് പുറമെ മഹീന്ദ്ര, ടാറ്റ മോട്ടോഴ്സ്, മാരുതി സുസുക്കി തുടങ്ങിയ ഇന്ത്യന്‍ ഓട്ടോമോട്ടീവ് ബ്രാന്‍ഡുകളും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും ശക്തമായ ഓട്ടോമൊബൈല്‍ ബ്രാന്‍ഡുകളില്‍ ടാറ്റ മോട്ടോര്‍സ് അഞ്ചാം സ്ഥാനത്തും മാരുതി സുസുക്കി 34-ാം സ്ഥാനത്തും മഹീന്ദ്ര 25-ാം സ്ഥാനത്തുമാണ്.
