Untitled design 20250112 193040 0000

രാത്രി വാർത്തകൾ

തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് കേരളം. താളപ്പിഴകൾ അക്കമിട്ട് നിരത്തിയാണ് ചീഫ് സെക്രട്ടറിയുടെ കത്ത്. എന്യുമറേഷൻ ഫോമുകൾ സമർപ്പിക്കാനുള്ള അവസാന തീയതി നീട്ടണമെന്നും 25 ലക്ഷം പേർ ഒഴിവാക്കപ്പെട്ടതായും കേരളം പറയുന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാറിനാണ് കത്ത് നൽകിയത്.

നിയമസഭാ തെരഞ്ഞെടുപ്പിന് നേരത്തെ ഒരുങ്ങാൻ യു ഡി എഫ് തയ്യാറെടുക്കുകയാണ്. മിഷൻ 2026 ന് ജനുവരിയിൽ രൂപം നൽകും. ജനുവരിയിൽ സീറ്റ് വിഭജനം പൂർത്തിയാക്കാനാണ് തീരുമാനം. ഫെബ്രുവരിയിൽ പ്രകടന പത്രിക പുറത്തിറക്കും.

നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് യുഡിഎഫ് നീങ്ങുന്നത് ആത്മവിശ്വാസത്തോടെയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേരളത്തിന്റെ വികസനത്തിനും സമഗ്ര മാറ്റത്തിനും ആവശ്യമായ നിരവധി പരിപാടികൾ യു.ഡി.എഫ് മാനിഫെസ്റ്റോയിൽ ഉൾപ്പെടുത്തും. ഇതിനായി എല്ലാ മേഖലകളിലും ഗവേഷണ തുല്യ പഠനം നടത്തുന്നുണ്ടെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.

യുഡിഎഫ് പ്രവേശനത്തിൽ സന്തോഷമെന്ന് പി വി അൻവർ. പിണറായിസത്തിന്റെ തിക്താനുഭവങ്ങൾക്കിടെ കിട്ടിയ സന്തോഷ വാർത്തയാണിതെന്നും യുഡിഎഫ് നേതാക്കൾക്ക് അഭിവാദ്യങ്ങളെന്നും പി വി അൻവർ മാധ്യമങ്ങളോട് പ്രതികരിച്ചു. നേരത്തെ ഉയര്‍ത്തിയ വിഷയങ്ങള്‍ ശരിയെന്ന് തെളിഞ്ഞതിലുള്ള അം​ഗീകാരമാണ് യുഡിഎഫ് അസോസിയേറ്റ് മെമ്പർഷിപ്പ്.

ജനപ്രിയ ഓഫറുകളുമായി സപ്ലൈകോയുടെ ക്രിസ്മസ്-പുതുവത്സര ഫെയറുകള്‍ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം നായനാർ പാർക്കില്‍ മന്ത്രി ജി.ആർ.അനില്‍ നിർവ്വഹിച്ചു. ഡിസംബർ 22 മുതല്‍ ജനുവരി 1 വരെയാണ് ഫെയറുകൾ പ്രവർത്തിക്കുക. ആറ് ജില്ലകളിൽ പ്രത്യേകമായി തയ്യാറാക്കിയ സ്ഥലങ്ങളിലാണ് ഫെയറുകളൾ നടക്കുന്നത്.

നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ രണ്ടാം പ്രതി മാർട്ടിന്റെ വീഡിയോ ഷെയർ ചെയ്തതുമായി ബന്ധപ്പെട്ട കേസിൽ 3 പേർ അറസ്റ്റിൽ. മാർട്ടിന്റെ വീഡിയോ ഫേസ്ബുക്ക് പേജുകളിൽ വാണിജ്യ അടിസ്ഥാനത്തിൽ അപ്പ് ചെയ്തവർ ഉൾപ്പെടെ മൂന്ന് പേരെയാണ് തൃൂശൂർ സിറ്റി പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. എറണാകുളം, ആലപ്പുഴ, തൃശൂർ സ്വദേശികളായ ഇവർ പണം വാങ്ങി ദുരുദ്ദേശപരമായി വീഡിയോ ഷെയർ ചെയ്തതായി പൊലീസ് കണ്ടെത്തി.

ഉത്സവ സീസണ്‍ ആരംഭിച്ചതിനാല്‍ ഉത്സവങ്ങള്‍ക്കും നേര്‍ച്ചകള്‍ക്കും ആനകളെ എഴുന്നള്ളിക്കുന്ന വ്യവസ്ഥകള്‍ ജില്ലയില്‍ കര്‍ശനമാക്കി. ആനകളെ ഉപയോഗിച്ച് എഴുന്നള്ളിപ്പ് നടത്തുന്ന ഉത്സവങ്ങളില്‍ അപകടങ്ങള്‍ കുറയ്ക്കുന്നതിനും നാട്ടാന പീഡനം തടയുന്നതിനും പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ ജില്ലാ മോണിറ്ററിംഗ് കമ്മിറ്റി യോഗം തീരുമാനിച്ചു. ഡെപ്യൂട്ടി കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന ജില്ലാതല അവലോകന യോഗത്തിലാണ് കര്‍ശന തീരുമാനങ്ങള്‍ കൈക്കൊണ്ടത്.

പൊലീസ് ട്രെയിനിംഗിലൂടെ മികച്ച പരിശീലനം ലഭിച്ചിട്ടുള്ള അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാർ അച്ചടക്കവും സത്യസന്ധതയും മുഖമുദ്രയാക്കണമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ. തിരുവനന്തപുരം പോലീസ് ട്രെയിനിംഗ് കോളേജിൽ നടന്ന മോട്ടോർ വാഹന വകുപ്പ് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരുടെ പാസിംഗ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാളയാര്‍ ആള്‍ക്കൂട്ടക്കൊല കേസിൽ പിടിയിലായ പ്രതികളിൽ 4 പേർ ബിജെപി അനുഭാവികളെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. കേസിലെ 4-ാം പ്രതി സിഐടിയു പ്രവർത്തകനാണെന്നും റിപ്പോർട്ടിലുണ്ട്. അതിനിടെ, കൂട്ടക്കൊലയ്ക്ക് പിന്നിൽ ആര്‍എസ്എസ് ആണെന്ന ആരോപണവുമായി സിപിഎം രംഗത്തെത്തി. എന്നാൽ ആരോപണം ബിജെപി നിഷേധിച്ചു.

കേന്ദ്ര മന്ത്രി സുരേഷ് ഗോപി വ്യാജ വോട്ട് ചേർത്തെന്ന പരാതിയിൽ ബിഎൽഒയ്ക്ക് നോട്ടീസ് അയച്ച് കോടതി. കോൺ​ഗ്രസ് നേതാവ് ടിഎൻ പ്രതാപൻ നൽകിയ ഹർജിയിൽ തൃശൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. സുരേഷ് ഗോപിയും സഹോദരനും ബിഎൽഒയുമായി ചേർന്ന് ക്രിമിനൽ ഗൂഢാലോചന നടത്തിയെന്നാണ് ആക്ഷേപം. ബിഎൽഒ ജനുവരി 20ന് നേരിട്ട് ഹാജരാകണമെന്ന് കോടതി പറഞ്ഞു.

മാവേലിക്കര വിഎസ്എം ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു. തൃക്കുന്നപ്പുഴ സ്വദേശി ധന്യ (39) ആണ് മരിച്ചത്. വൃക്കയിലെ കല്ല് നീക്കുന്നതിനായുള്ള ശസ്ത്രക്രിയയ്ക്കിടെയാണ് സംഭവം. യുവതിയുടെ മരണത്തിൽ ചികിത്സാ പിഴവുണ്ടെന്ന് ആരോപിച്ച് ബന്ധുക്കൾ പ്രതിഷേധവുമായി രംഗത്തെത്തി. നിലവിൽ കുടുംബം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

മുർഷിദാബാദിൽ ബാബറി മസ്ജിദ് മാതൃകയിലുള്ള പള്ളിക്ക് തറക്കല്ലിട്ടതിന് പിന്നാലെ തൃണമൂൽ കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട എംഎൽഎ ഹുമയൂൺ കബീർ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു. ‘ജനതാ ഉന്നയൻ പാർട്ടി’ എന്നാണ് പുതിയ പാർട്ടിയുടെ പേര്. പശ്ചിമ ബംഗാളിലെ ഭരത്പൂർ എംഎൽഎയായ ഹുമയൂൺ കബീർ മുർഷിദാബാദിലെ ബെൽഡംഗയിൽ നടന്ന പൊതുസമ്മേളനത്തിലാണ് തന്റെ പുതിയ പാർട്ടിയായ ‘ജനതാ ഉന്നയൻ പാർട്ടി’ പ്രഖ്യാപിച്ചത്.

നാഷണൽ ഹെറാൾഡ് കേസ് കേസിൽ സോണിയ ഗാന്ധിയും രാഹുൽഗാന്ധിയുമടക്കമുള്ള എതിർകക്ഷികൾക്ക് ദില്ലി ഹൈക്കോടതി നോട്ടീസയച്ചു. സ്റ്റേ ആവശ്യത്തിൽ ഉൾപ്പെടെ മറുപടി സമർപ്പിക്കാനാണ് ഹൈക്കോടതി നിർദ്ദേശം. സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരായ കുറ്റപത്രം അംഗീകരിക്കാത്ത വിചാരണക്കോടതി നടപടിക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമർപ്പിച്ച അപ്പീലിലാണ് ദില്ലി ഹൈക്കോടതിയുടെ നടപടി.

നാവികസേനയുടെ രഹസ്യ ഡേറ്റകൾ വിദേശത്തെ അനധികൃത സ്ഥാപനങ്ങൾക്ക് ചോർത്തി നൽകിയതുമായി ബന്ധപ്പെട്ട് ഗുജറാത്ത് സ്വദേശിയെ അറസ്റ്റുചെയ്തു. 34-കാരനായ ഹിരേന്ദ്ര കുമാറാണ് അറസ്റ്റിലായത്. ഗുജറാത്തിലെ ആനന്ദ് താലൂക്കിൽനിന്ന് ഉഡുപ്പി പോലീസാണ് ഇയാളെ പിടികൂടിയത്.

ഉത്തരാഖണ്ഡിലെ വിദ്യാലയങ്ങളിൽ ഭഗവദ്ഗീത പാരായണം ചെയ്യുന്നത് നിർബന്ധമാക്കിയെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി. ഇന്ത്യൻ സംസ്‌കാരം, ധാർമിക മൂല്യങ്ങൾ, ജീവിത തത്ത്വചിന്ത എന്നിവയുമായി വിദ്യാർഥികളെ ബന്ധിപ്പിക്കുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *