കൊച്ചിയിലെ ഡി ജെ പാർട്ടികൾക്കുള്ള നിയന്ത്രണത്തിൽ പൊലീസിന് തിരിച്ചടി. പൊലീസ് നോട്ടീസുകൾ റദ്ദാക്കി ഹൈക്കോടതി. ലൈസൻസുള്ള ബാർ ഹോട്ടലുകളുടെ പ്രവർത്തനസമയം ഏകപക്ഷീയമായി വെട്ടിക്കുറയ്ക്കാനാവില്ല. ഡിജെ നിയന്ത്രണത്തിന് നിയമപരമായ മാനദണ്ഡം വേണം. ശബ്ദമലിനീകരണമുണ്ടെങ്കിൽ പൊലീസിന് ഇടപെടാമെന്നും ഹൈക്കോടതി.
ജി എൻ എ വിവാദത്തിൽ ജൂഡിഷ്യൽ അന്വേഷണം വേണമെന്ന് സി പി എം. സംസ്ഥാനത്ത് വൈദ്യുതി ക്ഷാമമുണ്ടെന്ന് പ്രചരിപ്പിച്ച് ജനങ്ങളെ പവർകട്ട് ഭീതിയിലാഴ്ത്തി നടപ്പിലാക്കാൻ ശ്രമിച്ച വൻ കൊള്ളയാണ് ജിഎൻഎ കരാർ റദ്ദാക്കലിലൂടെ സ്ഥിരീകരിക്കപ്പെട്ടതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള പവർ ഗ്രൂപ്പാണ് ഇതിന് പിന്നിലെന്നും വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും പിണറായി വിജയനും എം.വി ഗോവിന്ദനും പ്രതികരിച്ചു.
സാമ്പത്തിക തിരിമറി കേസിൽ ബി എൽ എം സ്ഥാപക ചെയർമാൻ ആർ പ്രേംകുമാറിനെ അറസ്റ്റ് ചെയ്യാൻ കോഴിക്കോട് മജിസ്ട്രേറ്റ് കോടതി അനുമതി നൽകി. ക്രൈം ബ്രാഞ്ച് നൽകിയ അപേക്ഷയാണ് കോടതി അംഗീകരിച്ചത്. നടക്കാവ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇപ്പോൾ വീണ്ടും അറസ്റ്റ് ചെയ്യാൻ അനുമതി.
അടൂർ പൊലീസ് സ്റ്റേഷൻ നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ കേന്ദ്രമെന്ന് സിപിഎം നേതാവ് പി. ജയരാജൻ ആരോപിച്ചു. കോൺഗ്രസ് സംഘം കസ്റ്റഡിയിലുള്ളയാളെ ആക്രമിച്ചിട്ടും പൊലീസ് നോക്കിനിന്നുവെന്നും ഇതിന് പിന്നിൽ മുൻ എംഎൽഎയാണെന്നും അദ്ദേഹം പറഞ്ഞു.
പാസ്പോർട്ടും യാത്രാരേഖകളും നഷ്ടമായതിനെ തുടർന്ന് കൊല്ലം പ്രാക്കുളം സ്വദേശിയായ അക്ഷയ് ഹരീഷ് ഇറാനിൽ കുടുങ്ങി. യുവാവിനെ നാട്ടിലെത്തിക്കാൻ മന്ത്രി ബിന്ദു കൃഷ്ണ സർക്കാരിന്റെയും എംബസിയുടെയും സഹായം തേടി.
ഇസ്രയേലിൽ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്ന് കോടികൾ തട്ടിച്ച പ്രതികൾ പോലീസ് പിടിയിൽ. കേസിലെ മുഖ്യപ്രതികളായ അരുൺ എസ്രാ, മേരി ലോപ്പസ് എന്നിവരെയാണ് ചണ്ഡീഗഡിൽ എത്തി പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. തട്ടിപ്പിന് ശേഷം പ്രതികൾ ഒളിവിൽ പോവുകയായിരുന്നു.
ഇടുക്കി: ശാന്തൻപാറയിൽ വീട്ടമ്മയെ മരിച്ചനിലയിൽ കണ്ടെത്തി. ശാന്തൻപാറ ചേരിയാർ സ്വദേശിനിയായ റാണി(55) ആണ് മരിച്ചത്. കൊലപാതകമാണെന്നാണ് സംശയം. തുടക്കത്തിൽ ഏതെങ്കിലും വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടതാവാമെന്ന നിഗമനമുണ്ടായിരുന്നെങ്കിലും പോലീസ് സംഘം നടത്തിയ വിദഗ്ധ പരിശോധനയിലാണ് കൊലപാതകമെന്ന് സംശയിക്കാവുന്ന വിധത്തിലുള്ള സൂചനകൾ ലഭിച്ചത്.
ആലുവയിലെ റിസോർട്ടിൽ നടന്ന ഹാലോവിൻ പാർട്ടിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടന്ന സംഭവത്തിൽ ജീവനക്കാർ വിശദീകരണവുമായി രംഗത്ത്. കേസിൽ അറസ്റ്റിലായ അലക്സിനെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് ഒരുങ്ങുകയാണ്. പാർട്ടിയിൽ ലഹരിമരുന്ന് ഉപയോഗം നടന്നോ എന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്.
ശ്രീകോവിലുകള്‍ കുത്തിത്തുറന്ന് മോഷണം നടത്തിയ യുവാക്കള്‍ പിടിയില്‍. കൂളിമുട്ടം കിള്ളിക്കുളങ്ങര ശ്രീധര്മ്മദൈവ നവഗ്രഹ ക്ഷേത്രത്തിലെ ശ്രീകോവിലുകള്‍ കുത്തിത്തുറന്നാണ് സ്വര്‍ണാഭരണങ്ങളും ഭണ്ഡാരപ്പണവും മോഷ്ടിച്ചത്. കേസില്‍ അസം ബോര് മസ്ജിദ് ജയന്തിപൂര്‍ സ്വദേശി സുഹൈല്‍ അലിയേയും (19), അസം ദുംദുമ ഗാവ് സ്വദേശി അസല്‍ അലിയേയും (30) മതിലകം പോലീസ് അറസ്റ്റ് ചെയ്തതു.
തിരുവനന്തപുരം പാങ്ങപ്പാറയിൽ പ്ലസ് വൺ വിദ്യാർഥി അഭിരാം കൊല്ലപ്പെട്ട കേസിൽ നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കൊല്ലപ്പെട്ട അഭിരാം ഒന്നാംപ്രതിയായ പതിനേഴുകാരനൊപ്പം സംസാരിച്ചുകൊണ്ട് നടന്നുപോകുന്ന ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. ഞായറാഴ്ച വൈകുന്നേരം 3.53-ഓടെയുള്ളതാണ് ഈ ദൃശ്യങ്ങൾ.
നാഷണല്‍ ഹെറാള്‍ഡ് കേസ് കെട്ടിച്ചമച്ചതാണെന്നും, ഒരു രൂപപോലും താനോ രാഹുല്‍ ഗാന്ധിയോ കൈപ്പറ്റിയിട്ടില്ലെന്നും സോണിയ ഗാന്ധിയുടെ തുറന്നെഴുത്ത്. പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഗാന്ധി കുടുംബത്തിന് നല്‍കിയത് കൂട്ടായ തീരുമാനമായിരുന്നെന്നും, തന്റെ അർബുദവുമായുള്ള പോരാട്ടത്തേക്കുറിച്ചും ബിലോഗിംഗ് എ ജേര്‍ണി ഓഫ് ലവ് എന്ന ഓര്‍മ്മക്കുറിപ്പില്‍ സോണിയ ഗാന്ധി വെളിപ്പെടുത്തി.
1956-ലെ ഹിന്ദു പിൻതുടർച്ചാവകാശ നിയമത്തിലെ എട്ടാം വകുപ്പ് പ്രകാരം മുത്തശ്ശന്റെ സ്വത്ത് അവകാശികൾക്ക് കൈമാറുകയും അത് ഭാഗംവെച്ചെടുക്കുകയും ചെയ്തുകഴിഞ്ഞാൽപിതാവിന് ലഭിക്കുന്ന വിഹിതം അദ്ദേഹത്തിന്റെ വ്യക്തിഗത സ്വത്തായി മാറുമെന്നും അതിൽ പേരക്കുട്ടിക്ക് ജനനം കൊണ്ട് യാതൊരു അവകാശവുമില്ലെന്നും സുപ്രീംകോടതി വിധിച്ചു.
കോൺഗ്രസ് നേതാവ് ഇമ്രാൻ മസൂദ് വിവാദത്തിൽ. ‘ദീപാവലിയും മലിനീകരണവും മനുഷ്യനിർമിത രോഗങ്ങളാണെ’ന്ന് കോൺഗ്രസ് എം.പി. ഇമ്രാൻ മസൂദ് പറഞ്ഞതായാണ് റിപ്പോർട്ട്. ഒരു വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു പരാമർശം. ഇതിനു പിന്നാലെ ബി.ജെ.പി. നേതാക്കൾ കോൺഗ്രസിനെതിരെ രംഗത്തെത്തി.
ദിമാഗി നക്സൽ’ (നക്സൽ ചിന്താഗതിയുള്ളവർ) പ്രയോഗത്തിൽ ഭരണ-പ്രതിപക്ഷ വാക്പോര് ശക്തമാകുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമർശത്തിനും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ മറുപടിക്കും പിന്നാലെ പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി കിരൺ റിജിജുവും രംഗത്തെത്തി.
ദേശീയ തലസ്ഥാനത്ത് വായുമലിനീകരണം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ബി.ജെ.പി. സർക്കാരിനെതിരേ രൂക്ഷവിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. വായുമലിനീകരണത്തിൽ രാജ്യം ‘വിശ്വഗുരു’ ആകുന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ച അദ്ദേഹം, മലിനീകരണ പ്രശ്നം പരിഹരിക്കുന്നതിൽ മോദി സർക്കാർ പേരിനുമാത്രമുള്ള നടപടികളാണ് സ്വീകരിക്കുന്നതെന്നും ആരോപിച്ചു.
ബോളിവുഡ് താരങ്ങൾക്ക് സുരക്ഷാ മുന്നറിയിപ്പുമായി മുംബൈ പൊലീസ്. തിരക്കേറിയ സ്ഥലങ്ങളിൽ അപ്രതീക്ഷിതമായി എത്തുന്നത് ഒഴിവാക്കണമെന്നും മുൻകൂട്ടി അറിയിക്കാതെയുളള ആരാധക കൂടിക്കാഴ്ചകൾ പാടില്ലെന്നുമാണ് നിർദേശം.
ഉത്തർപ്രദേശിൽ എസ്ഐആറിൽ 1 കോടി 27 ലക്ഷം ഹിന്ദുക്കളുടെ വോട്ട് ഒഴിവാക്കിയെന്ന യോഗി ആദിത്യനാഥിൻ്റെ ആരോപണത്തോട് ഈ മാസം 17ന് ശേഷം പ്രതികരിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. എസ്ഐആറിന് ശേഷം 13 കോടി വോട്ടർമാരെ ഒഴിവാക്കിയതിനെ ബിജെപി നേതാക്കൾ ന്യായീകരിച്ചിരുന്നു. എന്നാൽ ഉത്തർപ്രദേശിൽ ഹിന്ദു വോട്ടർമാരെ ഒഴിവാക്കി എന്ന ആരോപണം യോഗി ആവർത്തിക്കുകയാണ്.
ജർമനിയിലെ ഡോർട്ട്മുണ്ടിൽ ഒരു യൂറോയ്ക്ക് കബാബ് നൽകിയ ഫാസ്റ്റ് ഫുഡ് കടയ്ക്ക് മുന്നിൽ വൻ ജനത്തിരക്ക് അനുഭവപ്പെട്ടു. തിരക്ക് നിയന്ത്രണാതീതമായതോടെ പൊലീസും ഹെലികോപ്റ്ററും രംഗത്തെത്തി. അക്രമ സംഭവങ്ങളെ തുടർന്ന് നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ചൈനീസ് ചാരവനിതയുമായുള്ള ബന്ധത്തിൽ എൻവീഡിയ സിഇഒ ജെൻസൻ ഹുവാങിനെതിരെ കമ്പനി അന്വേഷണം പ്രഖ്യാപിച്ചു. ചിപ് നിർമാണ വിദ്യ ചോർത്താൻ ശ്രമം നടന്നെന്ന അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികളുടെ കണ്ടെത്തലിനെ തുടർന്നാണിത്. വിവരങ്ങൾ ചോർന്നിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം.
യുഎഇയെ 70 റൺസിന് തകർത്ത് ഇന്ത്യ അണ്ടർ-19 ഏഷ്യ കപ്പ് സെമിയിൽ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആര്യവീർ സെവാഗിന്റെ സെഞ്ചുറിയുടെ കരുത്തിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 309 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ യുഎഇ പൊരുതി നോക്കിയെങ്കിലും 239 റൺസിന് ഓൾഔട്ടാകുകയായിരുന്നു. ഇതോടെ ഗ്രൂപ്പ് എ-യിൽ നിന്ന് പാകിസ്താനൊപ്പം ഇന്ത്യയും സെമിഫൈനൽ യോഗ്യത ഉറപ്പിച്ചു.
ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ആശ്വാസം. പരിക്കു കാരണം വിശ്രമത്തിലായിരുന്ന വിക്കറ്റ് കീപ്പർ- ബാറ്റർ ഋഷഭ് പന്ത് പൂർണ കായികക്ഷമത കൈവരിച്ചെന്നാണ് റിപ്പോർട്ട്.
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. സ്വർണം ഗ്രാമിന് 45 രൂപയാണ് കുറഞ്ഞത്. നവംബർ 10 ചൊവ്വാഴ്ച രാവിലെ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 13,210 രൂപയാണ് വില. പവന് 360 രൂപ കുറഞ്ഞ് 1,05,680 രൂപയുമായി.18 കാരറ്റ് സ്വർണത്തിന് ചൊവ്വാഴ്ച ഗ്രാമിന് 40 രൂപ കുറഞ്ഞു. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 10,810 രൂപയും പവന് 86,480 രൂപയുമാണ് ചൊവ്വാഴ്ച രാവിലത്തെ വില. വെള്ളി വിലയിൽ മാറ്റമില്ല. ഗ്രാമിന് 205 രൂപയും പത്ത് ഗ്രാമിന് 2050 രൂപയുമാണ് വെള്ളിയുടെ വില.
ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില ഇടിഞ്ഞു. മധ്യപൂർവേഷ്യൻ മേഖലയിൽ നിന്നുള്ള എണ്ണ വിതരണത്തിൽ നേരിട്ടേക്കാവുന്ന തടസ്സങ്ങളെക്കുറിച്ചുള്ള ആശങ്കകൾക്ക് അയവുവന്നതാണ് വില കുറയാൻ ഇടയാക്കിയത്. ബ്രന്റ് ക്രൂഡ് വില ബാരലിന് 91.80 ഡോളർ നിലവാരത്തിലെത്തി. ഓഗസ്റ്റ് 31-നു ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. മുൻ ഇടപാട് ദിനത്തിലും 5.85 ശതമാനം ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഡബ്ല്യു.ടി.ഐ. ക്രൂഡ് ബാരലിന് 86.50 ഡോളർ നിലവാരത്തിലാണ്.
എ.ഐ., സെമികണ്ടക്ടർ മേഖലകളിലെ ഓഹരികളിൽ സമീപകാലത്തുണ്ടായ കനത്ത വിൽപ്പന സമ്മർദത്തിന് വിരാമമിട്ട് ദക്ഷിണകൊറിയൻ ഓഹരി വിപണി. കുറഞ്ഞ വിലയിൽ ഓഹരികൾ വാങ്ങാൻ നിക്ഷേപകർ കൂട്ടത്തോടെ എത്തിയതോടെ കോസ്പി തിരിച്ചുവരവ് നടത്തി. ചൊവ്വാഴ്ച രാവിലത്തെ വ്യാപാരത്തിനിടെ വിപണി അഞ്ച് ശതമാനത്തിലധികം ഉയർന്നു. പ്രധാന സെമികണ്ടക്ടർ ഭീമന്മാരായ സാംസങ് ഇലക്ട്രോണിക്സ്, എസ്.കെ. ഹൈനിക്സ് എന്നിവയുടെ ഓഹരിമൂല്യത്തിലും അഞ്ച് ശതമാനത്തിലധികം വർധന രേഖപ്പെടുത്തി.
ബിഎംഡബ്ല്യു മോട്ടോറാഡ് പുതിയ അഡ്വഞ്ചർ ബൈക്കായ എഫ് 450 ജിഎസ് സ്പോർട് ഇന്ത്യയിൽ അവതരിപ്പിച്ചു. 5.90 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. എഫ് 450 ജിഎസ് നിരയിലെ എക്സ്ക്ലൂസീവ്, ജിഎസ് ട്രോഫി വകഭേദങ്ങൾക്കിടയിലാണ് പുതിയ സ്പോർട് മോഡലിന്റെ സ്ഥാനം. ഓഫ്റോഡ് യാത്രകൾ കൂടുതൽ സൗകര്യപ്രദമാക്കുന്നതിനുള്ള നിരവധി ഫീച്ചറുകളും കമ്പനി ഈ പതിപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്പോർട്സ് സസ്പെൻഷൻ, ഗിയർ ഷിഫ്റ്റ് അസിസ്റ്റന്റ് പ്രോ, റൈഡിംഗ് മോഡ്സ് പ്രോ എന്നിവയാണ് പ്രധാന സവിശേഷതകൾ.
ടെസ്ലയുടെ ശ്രദ്ധേയമായ ഇലക്ട്രിക് പിക്കപ്പ് ട്രക്കായ സൈബർട്രക്കിന്റെ ഉൽപ്പാദനം അവസാനിപ്പിക്കാൻ കമ്പനി ഒരുങ്ങുന്നതായി റിപ്പോർട്ട്. 2027 പകുതിയോടെ അമേരിക്കയിലെ ടെക്സസിലുള്ള ഗിഗാഫാക്ടറിയിൽ സൈബർട്രക്കിന്റെ നിർമാണം നിർത്താനാണ് നീക്കമെന്നാണ് സൂചന. ടെസ്ല സി.ഇ.ഒ എലോൺ മസ്ക് സാമൂഹിക മാധ്യമമായ എക്സിലൂടെയാണ് ഇതുസംബന്ധിച്ച വിവരം പങ്കുവെച്ചത്.
നിതീഷ് തിവാരി സംവിധാനം ചെയ്ത ‘രാമായണ: റൈസ് ഓഫ് എ ലെജൻഡ്’ എന്ന ചിത്രത്തിൽ സീതാദേവിയായി എത്തുന്ന സായ് പല്ലവിയുടെ ആക്ഷൻ രംഗത്തിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന നടൻ മുകേഷ് ഖന്ന. ബോക്സ് ഓഫീസ് കളക്ഷനുവേണ്ടി പുരാണത്തിൽ വെള്ളം ചേർത്തുവെന്ന് ആരോപിച്ചാണ് അദ്ദേഹം രംഗത്തെത്തിയത്. സീതാദേവി ഝാൻസി റാണിയെപ്പോലെയോ ഇന്നത്തെ നായികമാരെപ്പോലെ മാച്ചോ ആയോ യുദ്ധത്തിനിറങ്ങുന്നത് നിങ്ങൾക്ക് ചിന്തിക്കാൻ കഴിയുമോ? ഞാൻ വാൽമീകിയുടെ രാമായണം വായിച്ചിട്ടുണ്ട്. അതിലൊരിടത്തും സീത യുദ്ധം ചെയ്തതായി എഴുതിയിട്ടില്ല.’ മുകേഷ് ഖന്ന വ്യക്തമാക്കി.
തെന്നിന്ത്യൻ താരം ആക്ഷൻ കിങ് അർജുൻ സർജയെ പ്രധാന കഥാപാത്രമായി അവതരിപ്പിക്കുന്ന മിസ്റ്ററി ത്രില്ലർ ചിത്രം ‘പോളിമേര 3’-യുടെ ഫസ്റ്റ് ലുക്ക് ഗ്ലിംപ്സ് ദീപാവലി ദിനത്തിൽ പുറത്തിറങ്ങി. ചിത്രത്തിൽ അർജുൻ സർജ അവതരിപ്പിക്കുന്ന ‘വീരാവി’ എന്ന കഥാപാത്രത്തെയാണ് ഗ്ലിംപ്സിലൂടെ പരിചയപ്പെടുത്തിയിരിക്കുന്നത്. ഡോ. അനിൽ വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിൽ വമ്പൻ റിലീസായി പ്രേക്ഷകരിലേക്കെത്തും..വംശി നന്ദിപതി എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ വംശി നന്ദിപതി, ശ്രീ വെങ്കിടേശ്വര സിനിമാസ് എൽ.എൽ.പി. (ഏഷ്യൻ ഗ്രൂപ്പ്)യുടെ ഭരത് നരംഗുമായി ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
വണ്ണം കുറയ്ക്കാനായി ജിഎൽപി-1 മരുന്നുകളിൽ ഉൾപ്പെടുന്ന ഒസെംപിക്, വെഗോവി, മൗൻജാരോ തുടങ്ങിയ മരുന്നുകൾ ഉപയോഗിക്കുന്നവർ നിരവധിയുണ്ട്. ഇത്തരം മരുന്നുകളുടെ ഉപയോഗം മുടികൊഴിച്ചിലിനു കാരണമാകുന്നുവെന്നു വ്യക്തമാക്കുന്നൊരു പഠനം നേരത്തേ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ഇവ ചിലപ്പോൾ കാഴ്ചശക്തിയെയും ബാധിക്കാമെന്ന മുന്നറിയിപ്പു നൽകുകയാണ് യു.എസ്. എഫ്.ഡി.എ( Food and Drug Administration). ജിഎൽപി-1 മരുന്നുകളുടെ പാർശ്വഫലത്തിൽ നോൺ-ആർട്ടെറിറ്റിക് ആന്റീരിയർ ഇസ്കീമിക് ഒപ്റ്റിക് ന്യൂറോപ്പതി (non-arteritic anterior ischemic optic neuropathy) എന്നറിയപ്പെടുന്ന നേത്രരോഗത്തിനുള്ള സാധ്യത കൂടി മുന്നറിയിപ്പായി നൽകണമെന്ന് അധികൃതർ അറിയിച്ചു.
