Copy of മദ്ധ്യാഹ്ന വാർത്തകൾ 20261111 135411 0000

 

രാജ്യത്ത് അരിക്ഷാമം രൂക്ഷമാകുന്നതിനിടെ വിചിത്ര നീക്കവുമായി കേന്ദ്രസർക്കാർ. കൂടുതൽ അരി എഥനോൾ ഉൽപ്പാദനത്തിന് ഉപയോഗിക്കും. റേഷൻ അരിയിലെ അടക്കം നുറുക്കരിയുടെ അളവ് മൂന്നിലൊന്നായി കുറയ്ക്കും. അരിവില ഉയരുന്നതിനിടെ കേന്ദ്ര സർക്കാരിൻ്റെ നിർണായക തീരുമാനം. സ്റ്റോക്ക് എല്ലാ ആഴ്ചയും വെളിപ്പെടുത്താന്‍ തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിര്‍ദേശം നൽകി.

കാലടിയിലെ വിദ്യാർത്ഥികളുടെ സസ്പെൻഷനുമായി ബന്ധപ്പെട്ട് യൂണിവേഴ്സിറ്റിയോട് ചോദ്യങ്ങളുമായി ഹൈക്കോടതി. വിദ്യാർത്ഥികളുടെ സസ്പെൻഷന് കാരണമെന്തെന്ന് കോടതി ചോദിച്ചു. രണ്ട് എഫ്ഐആറുകൾ യൂണിവേഴ്സിറ്റി ഹാജരാക്കി. ഇന്ന് വാദം കേൾക്കുന്നില്ല പക്ഷേ കേസ് എന്താണെന്ന് മനസ്സിലാക്കണമെന്നും കോടതി. ഒരു കേസിൽ രണ്ട് എഫ്ഐആർ നിലനിൽക്കുമോ എന്നും 3 മാസം കുട്ടികളെ സസ്പെൻഡ് ചെയ്തിട്ടും ഇനിയെന്ത് മാപ്പെന്നും കോടതി ചോദിച്ചു.

വൈദ്യുതി കരാർ വിവാദത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം. കൃത്രിമ വൈദ്യുതി ക്ഷാമം സൃഷ്ടിച്ച് സ്വകാര്യ കമ്പനികൾക്ക് ലാഭമുണ്ടാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് പിണറായി വിജയനും എം വി ഗോവിന്ദനും ആരോപിച്ചു. കരാറിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും അവർ ആവശ്യപ്പെട്ടു.

അഞ്ച് ദിവസത്തെ സന്ദർശനത്തിനായി മലങ്കര യാക്കോബായ സഭ പരമാധ്യക്ഷൻ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയാർക്കീസ് ബാവ കേരളത്തിൽ. മുളന്തുരുത്തി സൂനഹദോസ് 150ാം വാർഷികത്തോടനുബന്ധിച്ചാണ് ബാവ കേരളത്തിൽ എത്തിയത്. സഭാ തർക്കത്തിൽ ഇരുവിഭാഗവും അനുരഞ്ജനത്തിന് സമാധാനത്തിനും ശ്രമിക്കണമെന്ന് ബാവ പറഞ്ഞു.

മന്ത്രിസഭയിൽ കൂട്ടുത്തരവാദിത്തമില്ലെന്ന് വ്യക്തമാക്കി മന്ത്രിയും മുഖ്യമന്ത്രിയും പരസ്യപ്പോര്. വൈദ്യുതി കരാറിലാണ് സണ്ണി ജോസഫും മുഖ്യമന്ത്രിയും പരസ്യ ഏറ്റുമുട്ടലിലെത്തിയിരിക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ ഒരു മന്ത്രി തന്നെ പരസ്യമായി രം​ഗത്ത് വരുന്ന അപൂർവസാഹചര്യം. മന്ത്രിയെ തള്ളി മുഖ്യമന്ത്രിയും പോര് കടുപ്പിക്കുന്നു.

വൈദ്യുതി വാങ്ങലിൽ ജിഎൻഎയുമായി ഒരു കരാറുമില്ലെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. ഹിമാചൽ വൈദ്യുതിയിൽ നിന്നും ജിഎൻഎ വൈദ്യുതിയിൽ നിന്നും രണ്ട് പ്രൊപ്പോസലുകളാണ് വന്നതെന്നും കൂട്ടത്തിൽ ലാഭകരമെന്ന നിലയിലാണ് ജിഎൻഎ എന്ന് തീരുമാനിച്ചതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

പരിവാഹനിൽ വാഹനത്തിന്റെ ഉടമസ്ഥാവകാശ കൈമാറ്റ അപേക്ഷകൾ സാങ്കേതികപ്രശ്‌നംമൂലം തടസ്സപ്പെട്ടുകിടക്കുന്നത് പരിഹരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം. രേഖകൾ അപ്‌ലോഡ്ആവാത്ത പ്രശ്‌നം പരിഹരിക്കാൻ രേഖകൾ അപേക്ഷകനിൽനിന്ന് നേരിട്ട് സ്വീകരിക്കാനാണ് നിർദേശം.

സ്വയംഭരണ കോളേജുകളിൽ സ്വാശ്രയ കോഴ്സ് തുടങ്ങാൻ സർക്കാരിന്റെ എൻഒസി വേണ്ടെന്ന് വെച്ചത് വിദ്യാർത്ഥി താല്പര്യം മുൻ നിർത്തിയെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ.കെസിഎച്ച്ആർ ചെയർ പേഴ്സൻ നിയമനം സുതാര്യമാണെന്നും മികച്ച ആളെയാണ് നിയമിച്ചതെന്നും റോജി എം.ജോൺ പറഞ്ഞു.

മന്ത്രിസഭയിൽ കൂട്ടുത്തരവാദിത്തമുണ്ടോ ഇല്ലയോ എന്ന കാര്യത്തിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് തന്നെ തുറന്നുപറഞ്ഞിട്ടുണ്ടെന്ന് അടൂർ പ്രകാശ്. ഇക്കാര്യത്തിൽ അദ്ദേഹത്തോടാണ് ചോദിക്കേണ്ടതെന്നും അടൂർ പ്രകാശ് പറഞ്ഞു. ഹൈക്കമാൻഡിന് നൽകിയ പരാതിയിൽ ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. മറുപടി ലഭിക്കുമ്പോൾ നിങ്ങളെ അറിയിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്തെ ബാർ ലൈസൻസുകളടക്കമുള്ള നടപടികളിൽ വിജിലൻസ് അന്വേഷണത്തിന് ശുപാർശ. മന്ത്രി എം.ലിജു മുഖ്യമന്ത്രിക്ക് ഫയൽ കൈമാറി. ഉത്തരവ് വൈകാതെ ഉണ്ടാകും. സാംബശിവറാവു എക്സൈസ് കമ്മീഷണറായിരുന്ന കാലഘട്ടത്തിലെ എല്ലാ നടപടികളും അന്വേഷണ പരിധിയിലേക്ക് എത്തും.

രാഹുൽ ഗാന്ധിക്കെതിരെയുള്ള അധിക്ഷേപ പരാമർശത്തിൽ ബിജെപി നേതാവ് ആർ ശ്രീലേഖയ്ക്ക് നോട്ടീസ് അയച്ച് കോടതി. നേരിട്ട് ഹാജരാകാനാണ് നിർദേശം. മാവേലിക്കര കോടതിയാണ് നോട്ടീസ് അയച്ചത്. കെപിസിസി ജനറൽ സെക്രട്ടറി കെ പി ശ്രീകുമാറിന്‍റെ പരാതിയിലാണ് നടപടി.

കാസർകോട്ടെ അബൂബക്കർ സിദ്ധീക്ക് കൊലപാതക കേസിലെ പ്രതി അഹമ്മദ് റയീസിനൊപ്പം നിൽക്കുന്ന യുഡിഎഫ് നേതാക്കളുടെ ചിത്രങ്ങൾ പുറത്ത്. ഗൾഫിൽ നടന്ന ജ്വല്ലറി ഉദ്ഘാടന ചടങ്ങിലാണ് എംഎൽഎമാരായ സന്ദീപ് വാര്യർ, എകെഎം അഷ്‌റഫ്, എൻ എ നെല്ലിക്കുന്ന് എന്നിവർ പങ്കെടുത്തത്. എന്നാൽ ചിത്രത്തിലുള്ള ആളെ അറിയില്ലെന്ന് സന്ദീപ് വാര്യർ പ്രതികരിച്ചു.

ചാവക്കാട് താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് പരാതി, പ്രത്യാരോപണവുമായി ഡോക്ടർ. പ്രസവത്തിനുശേഷം പഞ്ഞി വെച്ച് തുന്നിക്കെട്ടിയെന്ന് ആരോപണമാണ് ചാവക്കാട് സ്വദേശി ഫാത്തിമത്തുൽ ഷറഫിയ ചാവക്കാട് താലൂക്ക് ആശുപത്രിക്കെതിരെ ഉയർത്തിയത്.പരാതിയുമായി പോയപ്പോൾ ഡോക്ടർ അനുയത്തിന് വന്നതായും കുടുംബം ആരോപിക്കുന്നു.

ആലുവയിൽ നടന്ന ഹാലോവീൻ പാർട്ടി ആസൂത്രണം ചെയ്തവരിൽ ഒരാളായ 24-കാരിയെ ചോദ്യംചെയ്യാൻ പോലീസ്. എറണാകുളം സ്വദേശിയായ ഈ യുവതി, കേസിൽ അറസ്റ്റിലായ പ്രധാന പ്രതി അലക്സിന്റെ അടുത്ത സുഹൃത്താണ്. പാർട്ടിയുടെ പ്രധാന ആസൂത്രകരിൽ ഈ യുവതിയും ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് വിവരം.

മഹാരാഷ്ട്രയിൽ ഇരു എൻസിപി വിഭാഗങ്ങളും തമ്മിലുള്ള ലയനത്തെക്കുറിച്ച് യാതൊരു ചർച്ചയും നടന്നിട്ടില്ലെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് വ്യക്തമാക്കി. ബിജെപിയുടെ പിന്തുണയില്ലാതെ ഈ ലയനം സാധ്യമല്ലെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. അന്തരിച്ച അജിത് പവാറിനോട് സുനേത്ര പവാറിനെ താരതമ്യം ചെയ്യാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സോണിയ ഗാന്ധിയുടെ പുസ്തകം ‘ബിലോങ്ങിങ്: എ ജേണി ഓഫ് ലൗ’ പഞ്ചാബിൽ കോൺഗ്രസിനെതിരെ ആയുധമാക്കി ബിജെപിയും ആം ആദ്മി പാർട്ടിയും. 1984ലെ സിഖ് കൂട്ടക്കൊലയെക്കുറിച്ച് സോണിയ ഗാന്ധിയുടെ വാദങ്ങൾ കളവാണെന്നാണ് ബിജെപിയും ആം ആദ്മി പാർട്ടിയും ആരോപിക്കുന്നത്. കലാപം തുടങ്ങിയപ്പോൾ രാജീവ് ഗാന്ധി ദില്ലിയിൽ സേനയെ വിന്യസിക്കാൻ ഉത്തരവ് നൽകിയെന്ന വാദം സിഖ് ആക്ടിവിസ്റ്റുകളും തള്ളി.

ചൈനീസ് ചാര സംഘടനകളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന വനിതയുമായി വ്യക്തിബന്ധം പുലർത്തിയെന്ന ആരോപണത്തിൽ എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങിനെതിരെ എഫ്.ബി.ഐ അന്വേഷണം.ജെൻസൻ ഹുവാങ് മാന്യനായ വ്യക്തിയാണെന്നും ആലീസ് ചാരവനിതയാണെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നുവെന്ന് വിശ്വസിക്കുന്നതായും ട്രംപ് പറഞ്ഞു.

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ച് അദ്ദേഹത്തിന്റെ പാർട്ടിയായ ലികുഡുമായി നടത്താനിരുന്ന ചർച്ച റദ്ദാക്കി ഐസൻകോട്ടിന്റെ യാഷർ പാർട്ടി. ഇസ്രയേൽ പാർലമെന്റായ നെസെറ്റിലെ എല്ലാ പാർട്ടികളുമായും ചർച്ചകൾ നടത്തുന്നതിനുള്ള ഐസൻകോട്ടിന്റെ പ്രതിബദ്ധതയുടെ ഭാഗമായാണ് ലികുഡുമായുള്ള യോഗം നിശ്ചയിച്ചിരുന്നതെന്ന് യാഷർ അറിയിച്ചു.

ലഖ്‌നൗവിൽ ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ രാഷ്ട്രപതിയുടെ അംഗരക്ഷകനായ ജവാന് വെടിയേറ്റു. ജവാന്റെ നില അതീവഗുരുതരമായി തുടരുകയാണെന്നും അദ്ദേഹം ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ലെന്നും ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അമേരിക്കയുമായുള്ള സംഘർഷം നിലനിൽക്കുന്നതിനിടെ, ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകളും അവയുടെ ലോഞ്ചറുകളും സൂക്ഷിച്ചിരിക്കുന്ന പുതിയ ഭൂഗർഭ ‘മിസൈൽ സിറ്റി’ തുറന്ന് ഇറാൻ. ഇറാന്റെ ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർ (IRGC) ഇതുസംബന്ധിച്ച വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ടു.

എയർ ഇന്ത്യാ വിമാനം തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണി. കൊൽക്കത്തയിൽനിന്ന് മുംബൈയിലേക്ക് പുറപ്പെടാനിരുന്ന എയർ ഇന്ത്യയുടെ എഐ 772 എയർബസ് എ320 വിമാനത്തിനാണ് ഹൈജാക്ക് ഭീഷണി. ഭീഷണിയുടെ പശ്ചാത്തലത്തിൽ വിശദമായ സുരക്ഷാ പരിശോധന വിമാനത്തിൽ നടത്തും.

യുഎഇ തീരത്ത് എണ്ണ ടാങ്കറിന് നേരെ മിസൈൽ ആക്രമണം. ലൈബീരിയൻ പതാക വഹിക്കുന്ന വിഎൽസിസി എംടി ഫുജൈറ എനർജി എന്ന കപ്പലിനുനേരെ ചൊവ്വാഴ്ച രാവിലെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ ഇന്ത്യക്കാരനായ നാവികൻ ഉൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു. പരിക്ക് ഗുരുതരമല്ലെന്ന് കേന്ദ്ര തുറമുഖ-ഷിപ്പിങ് വകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ അറിയിച്ചു.

സൗദി അറേബ്യയെ പിന്തുണച്ച് ഹൂതികൾക്കെതിരെ നിലയുറപ്പിച്ച പാകിസ്താന് നേരിട്ടുള്ള മുന്നറിയിപ്പുമായി യെമനിലെ ഹൂതി ഭരണകൂടം. സൗദി അറേബ്യയ്ക്ക് സൈന്യം, ആയുധങ്ങൾ, രഹസ്യാന്വേഷണ വിവരങ്ങൾ അല്ലെങ്കിൽ ലൊജിസ്റ്റിക് പിന്തുണ എന്നിവ നൽകരുതെന്ന് ഹൂതികളുടെ നിയന്ത്രണത്തിലുള്ള യെമൻ പാർലമെന്റ് പാകിസ്താനോട് ആവശ്യപ്പെട്ടു .

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനിലേക്കുള്ള(ഐഒഎ) എസ് ഒ എം തെരഞ്ഞെടുപ്പിൽ ഗുരുതരമായ ക്രമക്കേടുകളും ചട്ടലംഘനങ്ങളും നടന്നതായി ആരോപിച്ചുകൊണ്ട് പ്രസിഡന്‍റ് പി.ടി. ഉഷ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്ക് (ഐഒസി) കത്തയച്ചു.തെരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യതയും ഐ.ഒ.എയുടെ സ്വയംഭരണാവകാശവും സംരക്ഷിക്കാനാണ് പരാതി നൽകുന്നതെന്ന് ഉഷ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനിലേക്കുള്ള (ഐ.ഒ.എ) എസ് ഒ എം തെരഞ്ഞെടുപ്പിൽ അട്ടിമറിയും ക്രമക്കേടും നടന്നെന്ന നിലവിലെ പ്രസിഡന്‍റ് പി.ടി. ഉഷയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി അഞ്ജു ബോബി ജോർജ്.ആരോപണങ്ങൾ ഉന്നയിക്കുന്നവർ അതിനുള്ള കൃത്യമായ തെളിവ് ഹാജരാക്കണമെന്നും, എന്തെങ്കിലും പരാതികളുണ്ടെങ്കിൽ ബന്ധപ്പെട്ട ഔദ്യോഗിക സംവിധാനങ്ങളെയാണ് സമീപിക്കേണ്ടതെന്നും അവർ പറഞ്ഞു.

ബൾഗേറിയയിലെ തെക്കുകിഴക്കൻ മേഖലയിലുള്ള ട്രാകിയ മോട്ടോർവേയിൽ വൻ വാഹനാപകടം. കനത്ത മഞ്ഞു വീഴ്ചയെത്തുടർന്ന് 70-ഓളം വാഹനങ്ങൾ കൂട്ടിയിടിച്ച് 12 പേർ മരിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

ഇസ്രയേലിൽ എല്ലാ സയണിസ്റ്റ് പ്രതിപക്ഷ പാർട്ടികളോടും ഐക്യസർക്കാരിൽ ചേരാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. രാജ്യത്തെ പ്രധാന വെല്ലുവിളികൾ നേരിടാൻ എല്ലാ പാർട്ടികളും ഒന്നിക്കേണ്ടത് ഈ സമയത്തെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

റഷ്യയ്ക്ക് രഹസ്യവിവരങ്ങൾ ചോർത്തി നൽകിയതുമായി ബന്ധപ്പെട്ട് യുകെയിൽ യുഎസ് സൈനികനെ അറസ്റ്റ് ചെയ്തു. 41 വയസ്സുള്ള സൈനികനാണ് അറസ്റ്റിലായത്. ഇയാളുടെ മറ്റുവിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. ദേശീയ സുരക്ഷാ നിയമലംഘനങ്ങളുടെയും ചാരവൃത്തിയുടെയും പേരിലാണ് നടപടി.

ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ താരം കൈമാറ്റങ്ങളിലൊന്നിലൂടെ മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക് പാണ്ഡ്യ പഞ്ചാബ് കിങ്സിലേക്കും, പഞ്ചാബ് പേസർ അർഷ്ദീപ് സിങ് മുംബൈ ഇന്ത്യൻസിലേക്കും കൂടുമാറി. ഹാര്‍ദിക്കിനും അര്‍ഷ്ദീപിനും 18 കോടി രൂപയാണ് പ്രതിഫലമെന്നതിനാല്‍ മറ്റ് അധിക പണമടവുകൾ ഒന്നുമില്ലാതെ നേരിട്ടുള്ള ട്രേഡിലൂടെയാണ് കളിക്കാരെ കൈമാറിയത്.

ബുധനാഴ്ച വ്യാപാരം ആരംഭിച്ചയുടൻ സൂചികകൾ മികച്ച നേട്ടത്തിലെത്തി. സെൻസെക്സ് 1,300-ലധികം പോയിന്റ് ഉയർന്ന് 82,486-ലും നിഫ്റ്റി 350-ലധികം പോയിന്റ് കുതിച്ച് 25,362-ലുമെത്തി. ഇതോടെ ആറു ലക്ഷം കോടി രൂപയുടെ നേട്ടമാണ് നിക്ഷേപകർക്ക് ലഭിച്ചത്. നിഫ്റ്റി സ്മോൾ ക്യാപ്, മിഡ് ക്യാപ് സൂചികകൾ ഒരു ശതമാനം നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. സെക്ടറൽ സൂചികകളിൽ പൊതുമേഖലാ ബാങ്കുകൾ രണ്ടു ശതമാനം നേട്ടത്തോടെ മുൻനിരയിലെത്തി. അതേസമയം, ഫാർമ നഷ്ടം നേരിട്ടു.

ഇടുക്കിയിൽ 10 വർഷത്തിനിടെയുള്ള ഏറ്റവും വലിയ വിലയായ 750 രൂപയിൽ ചൊവ്വാഴ്ച കുരുമുളക് എത്തി. പ്രാദേശിക കമ്പോളത്തിൽ ചെറുകിടവ്യാപാരികളും സൊസൈറ്റികളും 748-ന് കർഷകരോട് കുരുമുളക് വാങ്ങിയപ്പോൾ സ്റ്റോക്ക് വെപ്പുകാരും നേരിട്ട് കുരുമുളക് സംഭരിക്കുന്ന മസാല കമ്പനികളും 760 രൂപവരെ നൽകി കുരുമുളക് വാങ്ങി. വില കുതിച്ചതോടെ സംഭരിച്ച കർഷകർക്കും ഇടനിലക്കാർക്കും വലിയനേട്ടമാണ് ഉണ്ടായത്.

കടക്കെണിയിലായ പൊതുമേഖലാ ടെലികോം കമ്പനിയുടെ ആസ്തികൾ വിറ്റ് പണം സമാഹരിക്കാൻ സർക്കാർ. എം.ടി.എൻ.എല്ലിന്റെ ഭൂമിയും കെട്ടിടങ്ങളുമാണ് വിൽക്കുന്നത്. ഇതിലൂടെ നടപ്പ് സാമ്പത്തിക വർഷം 6,000 കോടി രൂപ കണ്ടെത്താനാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. കമ്പനിയുടെ ഭീമമായ സാമ്പത്തിക ബാധ്യതയുടെ ഒരുഭാഗം വീട്ടുന്നതിനായാണ് തുക വിനിയോഗിക്കുക.

ഷാ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷാജു എസ്, ഫവാസ് എന്നിവർ നിർമിച്ച് സുജൻ ആരോമൽ സംവിധാനം ചെയ്യുന്ന ‘റൂബി’ എന്ന ചിത്രത്തിന്റെ ഔദ്യോഗിക ടീസർ പുറത്തിറങ്ങി. സലാം ബാപ്പുവാണ് ചിത്രം അവതരിപ്പിക്കുന്നത്. ജാഫർ ഇടുക്കി, സുധി കോപ്പ, അതിഥി രവി, ദേവനന്ദ, അപ്പാനി ശരത്, ധ്രുവൻ, പ്രമോദ് വെളിയനാട്, വീണ നായർ, ബാലാജി ശർമ, ജോബി, ആർ.ജെ. അഞ്ജലി, എയ്തൽ ഇവാന ഷെറിൻ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.

സൂര്യ ചിത്രം ‘സീനി’നെയും അഭിനേതാക്കളെയും അണിയറ പ്രവർത്തകരെയും പ്രശംസിച്ച് തെലുങ്ക് താരം മഹേഷ് ബാബുവും സംവിധായകൻ അറ്റ്‌ലിയും. ചിത്രത്തിലെ പ്രകടനത്തിന് … സൂര്യയെയും മലയാളി യുവതാരം നസ്ലിനെയും ഇരുവരും പ്രശംസിച്ചു. സംവിധായകൻ ജിത്തു മാധവനെയും ഇരുവരും ഏറെ പ്രശംസിച്ചു. മഹേഷ് ബാബുവിന് നന്ദി അറിയിച്ചുകൊണ്ട് സൂര്യയും മറുപടി നൽകി.

വടക്കേ അമേരിക്ക ഉൾപ്പെടെ ലോകത്തിന്റെ പലഭാഗങ്ങളിൽ കോവിഡിന്റെ പുതിയ വകഭേദം വ്യാപിക്കുന്നു. SARS-CoV-2 വൈറസിന്റെ PJ.2.1 വകഭേദമാണ് വ്യാപിക്കുന്നത്. അമേരിക്ക, യൂറോപ്പ്, ഓസ്ട്രേലിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിലാണ് രോഗവ്യാപനം കൂടുതലുള്ളത്.നിലവിലെ റിപ്പോർട്ടുകൾ പ്രകാരം വലിയ രോഗവ്യാപനത്തിന് PJ.2.1 കാരണമാകില്ലെന്നാണ് വിലയിരുത്തൽ. മറ്റ് കോവിഡ് വകഭേദങ്ങളിൽ നിന്നു വ്യത്യസ്തമായ ലക്ഷണങ്ങളും പ്രകടമല്ലെന്നാണ് ഗവേഷകർ വ്യക്തമാക്കുന്നത്.

പ്രായപൂർത്തിയായവർക്കും പ്രത്യേക പ്രതിരോധ കുത്തിവെപ്പുകൾ ആവശ്യമുണ്ട്. കാലക്രമേണ ശരീരത്തിലെ രോഗപ്രതിരോധശേഷി കുറയുന്നത്, പുതിയ രോഗവ്യാപനങ്ങൾ, പ്രായം, ജീവിതശൈലി, തൊഴിൽപരമായ പ്രത്യേകതകൾ എന്നിവയെല്ലാം പ്രായപൂർത്തിയായവരിലും രോഗസാധ്യത വർധിപ്പിക്കുന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *