20251128 141206 0000

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റ് ഈ മാസം 15 വരെ തടഞ്ഞ് ഹൈക്കോടതി. തത്ക്കാലത്തേക്ക് അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഹര്‍ജിയിൽ വാദം കേട്ടിട്ടില്ല. വിശദമായ വാദം കേട്ടതിന് ശേഷമേ ഇക്കാര്യത്തിൽ ഒരു തീരുമാനത്തിലേക്ക് പോകാവൂ എന്ന് ജസ്റ്റീസ് കെ ബാബുവിന് മുന്നിൽ അഭിഭാഷകൻ ഉന്നയിച്ചു. തുടര്‍ന്നാണ് ഇക്കാര്യത്തിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതായും രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റ് തത്ക്കാലത്തേക്ക് തടയുന്നതായും ജസ്റ്റിസ് കെ ബാബു അറിയിച്ചത്. 15 ന് മുൻകൂര്‍ ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കും.

 

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞത് സ്വാഭാവിക നടപടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മനപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ലെന്നും അറസ്റ്റ് തടയേണ്ട ഒരാവശ്യവും പൊലീസിനില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തൃശ്ശൂരിൽ മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

 

രാഹുൽ മാങ്കൂട്ടത്തിൽ കഴിഞ്ഞ 10 ദിവസം ഒളിവിൽ കഴിഞ്ഞത് അതിവിദഗ്ധമായെന്ന് വിവരം. പൊലീസിന്‍റെ കണ്ണു വെട്ടിക്കാൻ പല വഴികളാണ് എംഎൽഎ തേടിയത്. ഓരോ പോയിന്‍റിലും രാഹുലിന് സഹായമെത്തിക്കാൻ നിരവധി പേരെത്തിയെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. ഒളിവ് ജീവിതത്തിനിടെ രാഹുൽ കാറുകളും മൊബൈൽ നമ്പറുകളും മാറ്റിയത് നിരവധി തവണയാണെന്നാണ് നിഗമനം.

 

ആദ്യ കേസിലെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞതിന് പിന്നാലെ അതിവേഗ നീക്കവുമായി രാഹുൽ മാങ്കുട്ടത്തിൽ എംഎല്‍എ. രണ്ടാമത്തെ ബലാത്സംഗ കേസിലും രാഹുൽ മാങ്കൂട്ടത്തിൽ മുൻകൂർ ജാമ്യഹർജി നൽകുമെന്നാണ് വിവരം. ആദ്യ കേസിലെ മാത്രം അറസ്റ്റാണ് ഹൈക്കോടതി തടഞ്ഞിരിക്കുന്നത്. ഹൈക്കോടതിയിൽ നിന്ന് ആശ്വാസ നടപടിക്ക് പിന്നാലെയാണ് രാഹുലിന്‍റെ പുതിയ നീക്കം. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലായിരിക്കും ജാമ്യഹര്‍ജി നൽകുക.

 

തിരുവനന്തപുരം കോര്‍പറേഷനിലെ പദ്ധതി നടത്തിപ്പിലെ അഴിമതി കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് കേന്ദ്ര സർക്കാരിന് പരാതി നൽകിയതായി രാജീവ് ചന്ദ്രശേഖർ അറിയിച്ചു. നഗരവകുപ്പ് മന്ത്രാലയത്തിനും, ആഭ്യന്തര മന്ത്രാലയത്തിനുമാണ് പരാതി നൽകിയത്.

20,000 കോടി രൂപ ചെലവാക്കിയെന്നാണ് സിപിഎം പറയുന്നത്.

 

തൃശൂർ കോർപറേഷൻ ഭരണം മികച്ചതാണെന്നും വലിയ മുന്നേറ്റങ്ങൾ നഗരത്തിൽ നടത്താനായി എന്നും മുഖ്യമന്ത്രി പറഞ്ഞു. മാലിന്യ കൂമ്പാരമായിരുന്ന തൃശൂരിനെ സീറോ വേസ്റ്റ് കോർപ്പറേഷൻ എന്ന നിലയിലേക്ക് ഉയർത്തി. ആകാശപാത, വഞ്ചിക്കുളത്തെ ടൂറിസ്റ്റ് കേന്ദ്രമായി മാറ്റിയത്, പീച്ചി കുടിവെള്ള പദ്ധതി, ഒല്ലൂർ ജല സംഭരണി തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങൾ മികവാർന്നതാണ്. ആരോഗ്യ മേഖലയിലും വളർച്ചയും ഫലപ്രദമായ ഇടപെടലുമുണ്ടായി. കോർപ്പറേഷൻ നടത്തിയത് നിരവധി മാതൃകാപരമായ പ്രവർത്തനങ്ങളെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

 

കൊല്ലം കൊട്ടിയത്ത് നിർമ്മാണം നടക്കുന്ന ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവത്തിൽ ജില്ലാ കളക്ടർ എൻ ദേവീദാസിന്‍റെ അധ്യക്ഷതയിൽ ഇന്ന് യോഗം ചേരും. ദേശീയപാത അതോറിറ്റി റീജിയണൽ ഓഫീസർ, പ്രോജക്ട് ഹെഡ് എന്നിവർ യോഗത്തിൽ പങ്കെടുക്കും. കൂടാതെ വിവിധ സർക്കാർ വകുപ്പുകളിൽ നിന്നുളള ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. എൻഎച്ച്എഐ അധികൃതരിൽ നിന്നും കളക്ടർ വിശദീകരണം തേടും. അപകടത്തിന്‍റെ കാരണം കണ്ടെത്താൻ ദേശീയപാത അതോറിറ്റിയുടെ വിദഗ്ദ്ധ സംഘം ഉടൻ സ്ഥലം സന്ദർശിക്കും.

 

കൊല്ലത്ത് തകർന്ന സർവീസ് റോഡ് ഡിസംബർ എട്ടിനുള്ളിൽ ഗാതാഗത യോഗ്യമാക്കുമെന്ന് ഉറപ്പ് നൽകി ദേശീയപാത അതോറിറ്റി. മൈലക്കാട് വാഹന ഗതാഗതം നിയന്ത്രിക്കാൻ ട്രാഫിക്ക് വാർഡൻമാരെ നിയമിക്കും. അപകട സാധ്യത ഉള്ള മറ്റ് സ്ഥലങ്ങളിൽ സംയുക്ത സംഘം പരിശോധന നടത്തും. ഇതിന് ശേഷം എൻഎച്ച്എഐയുടെ വിദഗ്ധ സംഘം പരിശോധന നടത്തുമെന്നും അതോറിറ്റി വ്യക്തമാക്കി.

 

തദ്ദേശതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടെടുപ്പ് നടക്കുന്ന പരിധിയുടെ അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ മദ്യവില്‍പ്പന നിരോധിക്കുന്നതിനാൽ തൃശ്ശൂര്‍ എറണാകുളം ജില്ലയിലെ അതിര്‍ത്തികളിലുള്ള കള്ളുഷാപ്പുകള്‍ ഉള്‍പ്പെടെയുള്ള മദ്യശാലകള്‍ തുടര്‍ച്ചയായി അഞ്ചു ദിവസം പ്രവര്‍ത്തിക്കില്ല. എറണാകുളം വരെയുള്ള ജില്ലകളില്‍ ഡിസംബര്‍ ഒന്‍പതിനാണ് തിരഞ്ഞെടുപ്പ്. ഇവിടെ ഏഴിന് വൈകീട്ട് ആറ് മുതല്‍ വോട്ടെടുപ്പ് കഴിയുന്നതുവരെ ഡ്രൈഡേയാണ്.

 

പാലക്കാട്‌ മലമ്പുഴയിൽ നവോദയ സ്കൂളിന് സമീപം വീണ്ടും പുലിയിറങ്ങിയ സാഹചര്യത്തിൽ കൂട് സ്ഥാപിക്കുന്നകാര്യം ആലോചനയിലെന്ന് വനംവകുപ്പ്. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് പ്രദേശവാസികൾ സർക്കാർ സ്‌കൂൾ പരിസരത്ത് ആദ്യം പുലിയെ കണ്ടത്. പിന്നാലെ വനം, ആർആർടി സംഘങ്ങളുടെ മുഴുവൻ സമയ നിരീക്ഷണവും ക്യാമറയും സ്ഥാപിച്ചിരുന്നു. വനംവകുപ്പിന്‍റെ ക്യാമറയിൽ പുലിയുടെ ചിത്രം പതിഞ്ഞിട്ടില്ല. സിസിടിവിയിൽ നിന്നു പുലിയുടെ ദൃശ്യങ്ങൾ ലഭിച്ചെന്നാണു സൂചന.

 

മുഖ്യമന്ത്രിയുടെ കലൂരിലെ പരിപാടിക്കിടെ കുഴഞ്ഞ് വീണയാൾക്ക് രക്ഷകനായി ഡോ. ജോ ജോസഫ്. മുഖ്യമന്ത്രിയുടെ പ്രസംഗം നടന്നുകൊണ്ടിരിക്കെയാണ് സദസ്സിന്റെ പിന്നിലിരുന്ന പത്തനംതിട്ട സ്വദേശിയായ സജി കുഴഞ്ഞ് വീണത്. ഹൃദയാഘാതമാണെന്ന്‌ മനസിലാക്കിയതിനാൽ മുഖ്യമന്ത്രിക്ക് അകമ്പടിയായെത്തിയ ആംബുലൻസിൽ തന്നെ ഇദ്ദേഹത്തെ ലിസി ആശുപത്രിയിലെത്തിക്കുകയായിരുന്നു.

 

കോട്ടയം തലയോലപറമ്പിൽ ഗ്യാസ് സിലണ്ടർ കയറ്റിയ ലോറി കത്തിക്കാൻ ശ്രമം. വെട്ടിക്കാട്ട് മുക്കിൽ നിർത്തിയിട്ടിരുന്ന ലോറിയിലാണ് യുവാവ് തീ വെച്ചത്. പുലർച്ചെയാണ് സംഭവം. ഒരു ഗ്യാസ് സിലിണ്ടർ കത്തി. തുടര്‍ന്ന് നാട്ടുകാരും ഫയർ ഫോഴ്സും ചേർന്ന് തീ അണയ്ക്കുകയായിരുന്നു. റോഡിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന കടപ്ലാമറ്റം സ്വദേശിയായ യുവവാണ് തീ കത്തിച്ചത്. ഇയാൾ മാനസിക വെല്ലുവിളികൾ നേരിടുന്ന ആളാണ് എന്നാണ് പൊലീസ് പറയുന്നത്.

 

കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ കൂട്ടാളി ഇമ്രാനെ ഇടപ്പളളിയിൽ നിന്നും പിടികൂടി. ഒരു മാസം മുൻപാണ് ജയിലിലേക്ക് കൊണ്ടുപോകും വഴി കുപ്രസിദ്ധ കുറ്റവാളി ബാലമുരുകൻ തമിഴ്നാട് പൊലീസിന്റെ കൈയ്യിൽ നിന്നും രക്ഷപെട്ടത്. ജയിൽ ചാടിയ ബാല മുരുകൻ കഴിഞ്ഞ മാസം 23ന് ഇമ്രാനൊപ്പം തെങ്കാശിയിലെത്തി വീട്ടുമയെ ആക്രമിച്ച് രണ്ട് ലക്ഷം രൂപ കവർന്നിരുന്നു. മോഷണത്തിന് ശേഷം ഇരുവരും രക്ഷപ്പെട്ടു. ഇമ്രാൻ കൊച്ചിയിലുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് കൊച്ചി സിറ്റി ഡാൻസാഫ് ഇയാൾ ഇടപ്പളളിയിൽ താമസിച്ചിരുന്ന വാടക വീട് വളഞ്ഞ് ഇമ്രാനെ പിടികൂടുകയായിരുന്നു.

 

ഇൻഡിഗോ പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ വിമാന ടിക്കറ്റുകളുടെ അധികനിരക്കില്‍ ഇടപെട്ട് വ്യോമയാന മന്ത്രാലയം. നിലവിലെ സാഹചര്യത്തിൽ നിരക്ക് വർധന ഒഴിവാക്കണമെന്ന് വിമാന കമ്പനികൾക്ക് നിർദേശം നല്‍കി. മുൻ നിശ്ചയിച്ച നിരക്ക് പരിധികൾ കർശനമായി പാലിക്കണമെന്നും പുറപ്പെടുവിച്ച നിർദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്. സ്ഥിതി പൂർവസ്ഥിതിയിൽ ആകുന്നത് വരെ മുൻ നിശ്ചയിച്ച നിരക്കുകളിൽ തുടരണം എന്നാണ് ആവശ്യം.

 

ഇൻഡിഗോ വിമാന സർവീസ് പ്രതിസന്ധി രൂക്ഷമായതിന് ഇന്ത്യൻ റെയിൽവേ ഇന്നും നാളെയും സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തും. പ്രധാന ദീർഘദൂര റൂട്ടുകളിലാണ് സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തുക. 30 സ്പെഷ്യൽ ട്രെയിനുകൾ ഒരുക്കാനാണ് ആലോചന. അടിയന്തര നടപടിയുടെ ഭാഗമായി 37 ട്രെയിനുകളിൽ 116 അധിക കോച്ചുകൾ വർധിപ്പിച്ചു. ഇൻഡിഗോ വിമാനങ്ങൾ വ്യാപകമായി റദ്ദാക്കിയതിനെത്തുടർന്ന് യാത്രക്കാരുടെ ആവശ്യം പരിഗണിച്ചാണ് ഈ നീക്കം.

 

ഇൻഡിഗോ വിമാന പ്രതിസന്ധിയിൽ വ്യോമയാനമന്ത്രാലയം അന്വേഷണം തുടങ്ങി ഈ മാസം 15 ന് റിപ്പോർട്ട് സമർപ്പിക്കും. നാലംഗ സമിതിക്ക് മുമ്പാകെ ഇൻഡിഗോ ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തും. പ്രതിസന്ധിക്ക് പിന്നാലെ ഇന്നും സർവീസുകൾ മുടങ്ങുമെന്ന് ഇൻഡിഗോ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വിവിധ വിമാനത്താവളങ്ങളില്‍ നിന്നുള്ള ആയിരത്തിലധികം സര്‍വീസുകൾ ഇന്നലെ മാത്രം റദ്ദാക്കിയതായി ഇന്‍‍ഡിഗോ സിഇഒ വ്യക്തമാക്കി.

 

ഓഫീസ് സമയത്തിന് ശേഷം ജോലിയുമായി ബന്ധപ്പെട്ട കോളുകളും ഇമെയിലുകളും ശ്രദ്ധിക്കുന്നതിൽ നിന്ന് ജീവനക്കാർക്ക് വിട്ടുനിൽക്കാൻ അനുമതി നൽകുന്ന ഒരു പ്രൈവറ്റ് മെമ്പർ ബിൽ വെള്ളിയാഴ്ച ലോക്സഭയിൽ അവതരിപ്പിച്ചു. എംപിമാർക്ക് സർക്കാർ നിയമനിർമ്മാണം ആവശ്യമുള്ള വിഷയങ്ങളിൽ ബില്ലുകൾ അവതരിപ്പിക്കാൻ സാധിക്കും. എങ്കിലും, മിക്ക കേസുകളിലും സർക്കാരിന്‍റെ പ്രതികരണത്തിന് ശേഷം ഇത്തരം ബില്ലുകൾ പിൻവലിക്കുകയാണ് പതിവ്.

 

റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുതിന് രാഷ്ട്രപതി ദ്രൗപദി മുര്‍മു ഒരുക്കിയ ഔദ്യോഗിക അത്താഴവിരുന്നിലേക്കുള്ള ക്ഷണം സ്വീകരിച്ച് അതിൽ പങ്കെടുത്ത കോണ്‍ഗ്രസ് എംപി ശശി തരൂരിനെതിരേ പാര്‍ട്ടിയില്‍നിന്ന് രൂക്ഷ വിമര്‍ശനം. ലോക്സഭാ പ്രതിപക്ഷ നേതാവായ രാഹുല്‍ ഗാന്ധിയേയും രാജ്യസഭാ പ്രതിപക്ഷ നേതാവായ നേതാവായ മല്ലികാര്‍ജുന്‍ ഖര്‍ഗെയേയും ക്ഷണിക്കാതിരുന്ന വിരുന്നിലാണ് തരൂര്‍ പങ്കെടുത്തത്. ക്ഷണം തരൂര്‍ സ്വീകരിക്കാന്‍ പാടില്ലായിരുന്നുവെന്നും പാര്‍ട്ടിയോപാര്‍ട്ടിയോട് കൂടിയാലോചിക്കാതെയാണ് തരൂര്‍ പങ്കെടുത്തതെന്നും കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര പറഞ്ഞു.

 

കേരളത്തിൽ റെയിൽവേ വികസനത്തിന് തടസ്സമാകുന്നത് കോണ്‍ഗ്രസ്സും സിപിഎമ്മും പോരാട്ടമാണെന്ന് ആരോപിച്ച് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. കേരളത്തിലെ127 റെയില്‍വേ മേല്‍പ്പാലങ്ങളില്‍ 105 -ഉം വൈകിയതിന് കാരണം കേരളത്തിൻ്റെ നിലപാടായിരുന്നെന്നും മന്ത്രി വിമർശിച്ചു. പാർലമെന്റ് ശൈത്യകാല സമ്മേളനത്തിൽ വെള്ളിയാഴ്ച നടന്ന റെയിൽവേ വികസനം സംബന്ധിച്ച ചർച്ചയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

 

പശ്ചിമ ബംഗാളിലെ മുർഷിദാബാദിലെ ബെൽദംഗയിൽ ഇന്നു നടക്കുന്ന ബാബറി മസ്ജിദ് മാതൃകയിലുള്ള പള്ളിയുടെ ശിലാസ്ഥാപന ചടങ്ങിൽ സൗദിയിൽ നിന്നുള്ള പുരോഹിതന്മാരെത്തുമെന്ന് ടിഎംസി എംഎൽഎ ഹുമയൂൺ കബീർ. 40000 പേർക്കുള്ള ഭക്ഷണവും ഒരുക്കി. പ്രദേശത്ത് കർശന സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തി. സംഭവം വിവാദമായതിനെ തുടർന്ന് വ്യാഴാഴ്ച കബീറിനെ പുറത്താക്കിയതായി ടിഎംസി അറിയിച്ചിരുന്നു.

 

വെനസ്വേലയുടെ തീരത്ത് ഡബിൾ ടാപ് ആക്രമണത്തിൽ തകർന്ന കപ്പൽ പുറപ്പെട്ടത് അമേരിക്കയിലേക്ക് അല്ലെന്ന് റിപ്പോർട്ട്. സെപ്തംബർ 2നുണ്ടായ ആക്രമണത്തിൽ തകർന്ന കപ്പലിലുണ്ടായിരുന്നവർ മറ്റൊരു കപ്പലിലേക്ക് പുറപ്പെട്ടതെന്നാണ് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നത്. തെക്കൻ അമേരിക്കൻ രാജ്യമായ സുരിനാമിലേക്ക് പുറപ്പെട്ട കപ്പലാണ് അമേരിക്ക ഡബിൾ ട്രാപ് ആക്രമണ രീതിയിൽ തകർത്തത്. ലഹരി മറ്റൊരു കപ്പലിലേക്ക് കൈമാറാൻ പോവുന്നുവെന്ന ഇന്റലിജൻസ് വിവരമായിരുന്നു അമേരിക്കയ്ക്ക് ഉണ്ടായിരുന്നതെന്നാണ് നേവി അഡ്മിറൽ ഫ്രാങ്ക് ബ്രാഡ്ലി വിശദമാക്കിയത്. അടുത്ത കാലത്തായി അമേരിക്കയിലേക്ക് ലഹരി എത്തുന്നത് പസഫിക് സമുദ്രത്തിലൂടെയാണ്.

 

മദീനയിലെ പ്രവാചക പള്ളിയിലെ ‘റൗദ സന്ദർശന’ത്തിൽ നിയന്ത്രണവും സമയ പുനഃക്രമീകരണവും ഏർപ്പെടുത്തി ഇരുഹറം ജനറൽ അതോറിറ്റി. ഒരാൾക്ക് വർഷത്തിലൊരിക്കൽ മാത്രമായിരിക്കും സന്ദർശനാനുമതി. അതിനായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയത്തിെൻറ ‘നുസ്ക്’ ആപ്പിൽ നിന്ന് പെർമിറ്റ് എടുക്കണം. ഇത് 365 ദിവസത്തിനിടയിൽ ഒരാൾക്ക് ഒരിക്കൽ മാത്രമേ അനുവദിക്കൂ. കൂടാതെ സ്ത്രീപുരുഷന്മാർക്ക് വെവ്വേെറ സന്ദർശനത്തിനുള്ള സമയക്രമീകരണത്തിലും മാറ്റം വരുത്തിയിട്ടുണ്ട്.

 

യൂറോപ്യൻ യൂണിയൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിന് 120 മില്യൺ യൂറോ (12,57 കോടി രൂപ) പിഴ ചുമത്തി. നിയമവിരുദ്ധവും ഹാനികരവുമായ ഉള്ളടക്കം കൈകാര്യം ചെയ്യുന്നതിന് ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ കൂടുതൽ കാര്യങ്ങൾ ചെയ്യണമെന്ന് ആവശ്യപ്പെടുന്ന ഡിജിറ്റൽ സർവീസസ് ആക്‌ട് പ്രകാരം രണ്ട് വർഷം നീണ്ട അന്വേഷണത്തിന് ശേഷമാണ് എക്‌സിനെതിരെയുള്ള നടപടി.

 

സമാധാന ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന് വെള്ളിയാഴ്ച പാകിസ്ഥാനും അഫ്ഗാനിസ്ഥാനും അതിർത്തിയിൽ കനത്ത വെടിവെപ്പ് നടത്തിയതായി ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥർ അറിയിച്ചു. കാണ്ഡഹാർ പ്രവിശ്യയിലെ സ്പിൻ ബോൾഡാക് ജില്ലയിൽ പാകിസ്ഥാൻ സൈന്യം ആക്രമണം നടത്തിയതായി അഫ്ഗാൻ താലിബാൻ വക്താവ് സബിഹുള്ള മുജാഹിദ് പറഞ്ഞു. ചാമൻ അതിർത്തിയിൽ അഫ്ഗാൻ സൈന്യം പ്രകോപനമില്ലാതെ വെടിയുതിർത്തതായി പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ വക്താവ് ആരോപിച്ചു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *