ശബരിമല സ്വർണക്കൊള്ള കേസിൽ ഇന്നലെ അറസ്റ്റിലായ മുൻ തിരുവാഭരണം കമ്മീഷണർ കെ എസ് ബൈ ബൈജുവിനെ റിമാൻഡ് ചെയ്തു. ശബരിമല കട്ടിളപ്പാളി കേസിലെ നാലാം പ്രതിയാണ് കെഎസ് ബൈജു. മുരാരി ബാബുവിനെ തിങ്കളാഴ്ച വരെ എസ്ഐടി കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. ഡി. സുധീഷ് കുമാർ 12ാം തീയതി വരെ എസ്ഐടി കസ്റ്റഡിയിലാണുള്ളത്. പോറ്റി നവീകരിച്ച് തിരികെ എത്തിച്ച കട്ടിളപ്പാളികൾ പരിശോധിച്ച് ഉറപ്പാക്കുന്നതിൽ വീഴ്ച വരുത്തിയെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.
ശബരിമല സ്വർണക്കൊള്ളയിൽ സമരം തുടരാൻ കോൺഗ്രസ്. 12ന് സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തുമെന്ന് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് അറിയിച്ചു. അതേസമയം, ശബരിമല സ്വർണ കവർച്ചയിൽ ഹൈക്കോടതിയുടെ നിരീക്ഷണം ഞെട്ടിക്കുന്നതാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതിയെ മാറ്റാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. നിലവിലെ പ്രസിഡന്റ് പിപി.എസ്. പ്രശാന്ത് അടക്കമുള്ളവരെ മാറ്റുമെന്നും അദ്ദേഹം അറിയിച്ചു. പുതിയ പ്രസിഡന്റിനെ സര്‍ക്കാര്‍ പ്രഖ്യാപിക്കുമെന്നും ഗോവിന്ദന് വ്യക്തമാക്കി.
കെ ജയകുമാർ ഐഎഎസ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായേക്കുമെന്ന് സൂചന. അന്തിമ തീരുമാനം നാളെയുണ്ടാകും. മുഖ്യമന്ത്രിയടക്കമുള്ളവരുടെ നിർദേശപ്രകാരമാണ് കെ ജയകുമാറിന്റെ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് പേര് നിർദേശിച്ചത്. സ്വർണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് സർക്കാർ വലിയ രീതിയുലുള്ള പ്രതിരോധത്തിൽ നിൽക്കുകയാണ്.
സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ മതാടിസ്ഥാനത്തില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ ബിജെപി. മതംനോക്കി ബിജെപി സ്ഥാനാർത്ഥി പട്ടികയിൽ സംവരണം നല്‍കാനാണ് തീരുമാനം. ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നുള്ളവരെ സ്ഥാനാർത്ഥികളാക്കാനാണ് ബിജെപി സർക്കുലറില്‍ പറയുന്നത്. ബിജെപിയുടെ സർക്കുലറിനെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി രൂക്ഷമായി വിമർശിച്ചു . പരാജയ ഭീതിയിൽ ബിജെപി എന്തും ചെയ്യുമെന്നും, എന്നാൽ കേരളത്തിൽ വലിയ വേരോട്ടം ഒരിക്കലും ബിജെപിക്ക് ഉണ്ടാവില്ല എന്നും വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് ശിവന്‍കുട്ടി പറഞ്ഞു.
സംസ്ഥാന സ്കൂൾ ശാസ്ത്രമേളയ്ക്ക് പാലക്കാട് തുടക്കം. മേളയുടെ ഔദ്യോഗിക ഉദ്ഘാടനം മന്ത്രി വി ശിവന്‍കുട്ടി നിർവഹിച്ചു. 14 ജില്ലകളിൽ നിന്നായി പതിനായിരത്തോളം ശാസ്ത്ര പ്രതിഭകളാണ് പങ്കെടുക്കുന്നത്. ശാസ്ത്രം, ഗണിതം, ഐടി, പ്രവൃത്തി പരിചയം, സാമൂഹ്യശാസ്ത്രം, വൊക്കേഷണൽ വിഭാഗങ്ങളിലാണ് മത്സരങ്ങൾ. മന്ത്രിമാരായ വി ശിവൻ കുട്ടി, എംബി രാജേഷ് എന്നിവർക്കൊപ്പം പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലും ചടങ്ങിൽ പങ്കെടുത്തു.
സംസ്ഥാന സ്കൂള്‍ കായികമേളയിൽ പ്രായത്തട്ടിപ്പ് നടന്നതായി പൊതുവിദ്യാഭ്യാസവകുപ്പിന്റെ കണ്ടെത്തൽ. കായികമേളയിൽ മെഡല്‍ നേടിയ ഉത്തര്‍പ്രദേശുകാരി ജ്യോതി ഉപാധ്യ പ്രായത്തട്ടിപ്പ് നടത്തിയതായാണ് കണ്ടെത്തൽ. സീനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍, 200 മീറ്റര്‍ മത്സരങ്ങളില്‍ ജ്യോതി വെള്ളി മെഡല്‍ നേടിയിരുന്നു.ഈ ഇനങ്ങളിൽ നാലാം സ്ഥാനം നേടിയ മത്സരാര്‍ഥികളാണ് നേരത്തേ സംഘാടകര്‍ക്ക് പരാതി നല്‍കിയത്.
തെരുവുനായ വിഷയത്തിലെ സുപ്രീം കോടതിയുടെ നിർണായകമായ ഉത്തരവ് പുറത്ത്. കേരളത്തിൽ നടന്ന തെരുവുനായ ആക്രമണങ്ങളും ഉത്തരവിൽ സുപ്രീംകോടതി ഉൾപ്പെടുത്തിയിട്ടുണ്ട്.പിടികൂടുന്ന നായ്ക്കളെ വന്ധ്യംകരിച്ച് സംരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റണം. ദേശീയപാതകളിൽനിന്ന് നായ്ക്കളെയും കന്നുകാലികളെയും മാറ്റണമെന്നും കോടതി നിർദേശിച്ചു. സ്വീകരിച്ച നടപടികളെ സംബന്ധിച്ച് 8 ആഴ്ചയ്ക്കുള്ളിൽ ചീഫ് സെക്രട്ടറിമാർ സത്യവാങ്മൂലം നൽകണം. വീഴ്ച ഉണ്ടായാൽ കർശന നടപടി ഉണ്ടാകുമെന്നും കോടതി മുന്നറിയിപ്പ് നൽകി.
എറണാകുളം- ബെംഗളൂരു വന്ദേഭാരത് ട്രെയിനിന്റെ സമയക്രമം പുറത്തുവിട്ട് ദക്ഷിണ റെയില്‍വേ. ട്രെയിന്‍ നമ്പര്‍ 26651/26652 വന്ദേഭാരത് ആഴ്ചയില്‍ ആറുദിവസമാണ് സര്‍വീസ് നടത്തുക. ബുധനാഴ്ച ഒഴികെ എല്ലാ ദിവസവും സര്‍വീസ് ഉണ്ടാകും. നവംബര്‍ 11 മുതലാണ് എറണാകുളം ജങ്ഷനില്‍ നിന്ന് കെഎസ്ആര് ബെംഗളൂരു സ്റ്റേഷനിലേക്കും തിരിച്ചും സര്‍വീസ് നടത്തുക.
കേരളത്തിലെ മുഴുവൻ തെരുവ്നായ്ക്കളെ മാറ്റുകയെന്നത് പ്രായോഗികമല്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. എബിസി ഷെൽട്ടർ തുടങ്ങുന്നതിനെതിരെ പോലും പ്രതിഷേധമാണെന്ന് പറഞ്ഞ മന്ത്രി പിന്നെങ്ങനെയാണ് തെരുവ്നായക്കളെ മുഴുവൻ മാറ്റാൻ കഴിയുകയെന്നും ചോദിച്ചു. സുപ്രീം കോടതിയുടെ വിധി പകർപ്പ് കൈയിൽ കിട്ടിയിട്ടില്ലെന്നും തെരുവ്നായ്ക്കളെ മുഴുവൻ മാറ്റണമെന്ന നിർദേശം വന്നാൽ അപ്പോൾ മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലേക്ക് ആംബർഗ്രിസ് എത്തിച്ചു നൽകുന്ന മുഖ്യകണ്ണിയെ അറസ്റ്റ് ചെയ്ത് വനം വകുപ്പ്. ലക്ഷദ്വീപ് സ്വദേശി സി കെ മുഹമ്മദ് തസ്ലിം ആണ് പിടിയിലായത്. ഇയാൾ ലക്ഷദ്വീപിൽ നിന്നുമാണ് ആംബർഗ്രിസ് കേരളത്തിലേക്ക് എത്തിച്ചു നൽകുന്നത്. ഒക്ടോബർ മാസം മുതൽ ഇയാൾക്കായി വനം വകുപ്പ് അന്വേഷണം ആരംഭിച്ചിരുന്നു.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ജില്ലാപഞ്ചായത്തിലേക്കുള്ള യുഡിഎഫ് സീറ്റ് ധാരണയായി. ആകെയുള്ള 28 സീറ്റില്‍ കോണ്‍ഗ്രസ് 14, മുസ്ലിംലീഗ് 11, സിഎംപി, ആര്എംപികേരള കോണ്‍ഗ്രസ് ജോസഫ് എന്നീ പാര്‍ട്ടികള്‍ക്ക് ഓരോ സീറ്റ് വീതം എന്നിങ്ങനെയാണ് സീറ്റുവിഭജനം.
തിരുവനന്തപുരം ലൈറ്റ് മെട്രോ ആദ്യഘട്ട അലൈന്‍മെന്റിന് അംഗീകാരം. ആദ്യഘട്ടത്തില്‍ 31 കിലോമീറ്റര്‍ ദൈര്‍ഘ്യമായിരിക്കും മെട്രോ പാതക്ക് ഉണ്ടായിരിക്കുക. പാപ്പനംകോട് നിന്ന് ഈഞ്ചയ്ക്കല്‍ വരെ 27 സ്റ്റേഷനുകള്‍ ഉണ്ടായിരിക്കും. പദ്ധതി കെഎംആര്‍എല്‍ നടപ്പാക്കും എന്നാണ് പ്രാഥമിക വിവരം.
കവർച്ച കേസ് പ്രതി പൊലീസ് ജീപ്പിൽ നിന്നും ചാടിപ്പോയി. വ്യവസായിയെ ആക്രമിച്ച് വാഹനം കവർച്ച ചെയ്ത കേസിലെ പ്രതിയായ സുഹാസ് ആണ് പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടത്. സുൽത്താൻ ബത്തേരി പൊലീസ് തൃശ്ശൂരിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കോഴിക്കോട് വെച്ചാണ് ഇയാൾ പൊലീസ് വാഹനത്തിൽ നിന്നും രക്ഷപ്പെട്ടത്. ഇയാൾക്കായി തിരച്ചിൽ ആരംഭിച്ചു.
ന്യൂയോര്‍ക്ക് മേയറായി തിരഞ്ഞെടുക്കപ്പെട്ട സൊഹ്റാന് മംദാനിക്ക് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും പ്രചോദനമായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. ‘ഒരു ചെറുപ്പക്കാരന് അല്ലെങ്കില്‍ ഒരു ചെറുപ്പക്കാരി എന്നാണ് ന്യൂയോര്‍ക്കിന്റെ മേയര്‍ ആയി വരിക എന്ന് ആര്യാ രാജേന്ദ്രന് തിരഞ്ഞെടുക്കപ്പെട്ട വേളയില്‍ മംദാനി ട്വിറ്ററില്‍ (എക്സില്‍) കുറിച്ചിരുന്നു. അന്ന് മുതല്‍ അദ്ദേഹം ന്യൂയോര്‍ക്ക് മേയറാകാനുള്ള ശ്രമം ആരംഭിച്ചെന്നും ഗോവിന്ദന് പറഞ്ഞു.
രാജ്യം കണ്ട ഏറ്റവും വലിയ അഴിമതികള്‍ നടന്ന കോര്‍പ്പറേഷനാണ് തിരുവനന്തപുരം നഗരസഭയെന്ന് ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്. തിരുവനന്തപുരത്തിന്റെ വികസനത്തിനായി കേന്ദ്രം ഭരിക്കുന്ന സര്‍ക്കാരിന്റെ പ്രതിനിധിതന്നെ മേയര്‍ സ്ഥാനത്തേക്ക് വരണമെന്നും കെ. സുരേന്ദ്രന് അഭിപ്രായപ്പെട്ടു.
വിദ്യാഭ്യാസ വകുപ്പിന്റെ ചടങ്ങുകളിലും സ്കൂളുകളിലും പൊതുവായ സ്വാഗതഗാനം വേണമെന്നത് സംബന്ധിച്ചുള്ള ചര്‍ച്ചയ്ക്ക് തുടക്കമിട്ട് മന്ത്രി വി.ശിവന്‍കുട്ടി. ജനാധിപത്യ, മതനിരപേക്ഷ, ശാസ്ത്രചിന്തയുള്ള, ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഒന്നാകണം സ്വാഗതഗാനമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ബിഹാറിലെ റെക്കോഡ് പോളിംഗിൽ രാഷ്ട്രീയ പാർട്ടികളിൽ അമ്പരപ്പ്.
ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിൽ പോളിംഗ് ശതമാനം ഉയർന്നത് എൻഡിഎ തരംഗത്തിന്റെ സൂചനയെന്ന് ബിജെപി വിലയിരുത്തി. സ്ത്രീകളുടെ വൻ പിന്തുണ എൻഡിഎയ്ക്ക് കിട്ടിയെന്ന് ബിഹാറിലെ വനം, പരിസ്ഥിതി, സഹകരണ മന്ത്രി പ്രേം കുമാർ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ വോട്ട് ചോരി ആരോപണം ജനം തള്ളിയെന്നും മുൻ പ്രതിപക്ഷ നേതാവ് കൂടിയായ പ്രേം കുമാർ കൂട്ടിച്ചേര്‍ത്തു. ബിഹാർ കാണാൻ പോകുന്നത് വലിയ മാറ്റമാണെന്ന് ജൻസുരാജ് നേതാവ് പ്രശാന്ത് കിഷോറും പ്രതികരിച്ചു.
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ‘വോട്ട് ചോരി’ ആരോപണങ്ങൾക്ക് പിന്നാലെ പുതിയ വിവാദം. ബിഹാർ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പ് നടന്ന സമയത്ത് മഷി പുരണ്ട വിരലുമായി പുനെയിൽ നിന്നുള്ള ഒരു യുവതി പോസ്റ്റ് ചെയ്ത ചിത്രം വൈറലായതാണ് പുതിയ ആരോണങ്ങൾക്ക് പിന്നിൽ. രാജ്യത്ത് തെരഞ്ഞെടുപ്പിൽ ജയിക്കാൻ ബിജെപി വോട്ടുകൾ മോഷ്ടിക്കുകയാണെന്ന കോൺഗ്രസ് ആരോപണങ്ങൾക്ക് വീണ്ടും ശക്തി പകരുന്നതാണ് ഈ സംഭവവികാസങ്ങൾ.
വന്ദേമാതരം’ ആലപിക്കില്ലെന്ന നിലപാടിൽ ഉറച്ച് സമാജ്വാദി പാർട്ടി എംഎൽഎ അബു അസിം അസ്മി. വന്ദേമാതരത്തിന് മതപരമായ അർത്ഥങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് എംഎൽഎ ഗാനം ആലപിക്കില്ലെന്ന നിലപാട് സ്വീകരിച്ചത്. ഒക്ടോബർ 31 മുതൽ നവംബർ ഏഴ് വരെ എല്ലാ സ്കൂളുകളിലും വന്ദേമാതരത്തിന്റെ പൂർണ്ണരൂപം ആലപിക്കാൻ മഹാരാഷ്ട്ര സർക്കാർ നിർദേശം നൽകിയിരുന്നു.
തദ്ദേശീയമായി വികസിപ്പിച്ച വിമാനവാഹിനി കപ്പല്‍ ‘ഫ്യുജിയാന്’ സൈന്യത്തിന്റെ ഭാഗമാക്കി ചൈന. ഇതോടെ ചൈനയുടെ വിമാനവാഹിനികളുടെ എണ്ണം മൂന്നായി. ചൈനയുടെ ആദ്യ ആദ്യ രണ്ട് കാരിയറുകളായ ലിയോണിങ്, ഷാന്‍ഡോങ് എന്നിവ റഷ്യന്‍ നിര്‍മിതമാണ്. എന്നാല്‍, ഫ്യുജിയാന് ചൈന സ്വന്തമായി നിര്‍മിച്ചതാണ്.
പാകിസ്താൻ രഹസ്യമായി ആണവായുധങ്ങൾ പരീക്ഷിക്കുന്നുവെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ സമീപകാല പരാമർശത്തിൽ രൂക്ഷവിമർശനവുമായി ഇന്ത്യ രഹസ്യവും നിയമവിരുദ്ധവുമായ ആണവ പ്രവർത്തനങ്ങൾ പാക് ചരിത്രത്തിന്റെ ഭാഗമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.
വോട്ട് മോഷ്ടിച്ചാണ് നരേന്ദ്ര മോദി പ്രധാനമന്ത്രിയായതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തന്റെ പക്കല്‍ ‘ധാരാളം തെളിവുകളുണ്ടെന്നും’ ഈ സത്യം ജെന്‍ സിക്.മുന്നില്‍ തുറന്നുകാട്ടുമെന്നും അദ്ദേഹം മുന്നറിയിപ്പുനല്‍കി. ഞങ്ങളിത് വ്യക്തമായി പറയും, അതില്‍ ഒരു സംശയവും വേണ്ട’ രാഹുല്‍ ഗാന്ധി പറഞ്ഞു.
ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ അടച്ചുപൂട്ടലിലേക്ക് കടന്നിരിക്കുകയാണ് അമേരിക്ക. ഗവൺമെന്റ് ഷട്ട് ഡൗൺ 38-ാം ദിവസത്തിലേക്ക് കടന്നു. ഒക്ടോബർ ഒന്നിനാണ് ഷട്ട്ഡൗൺ പ്രാബല്യത്തിൽ വന്നത്. സർക്കാർ ചിലവുകൾക്കായുള്ള ധന അനുമതി ബിൽ സെനറ്റിൽ പരാജയപ്പെട്ടതോടെയാണ് അമേരിക്ക അടച്ചുപൂട്ടലിലേക്ക് കടന്നത്.
ഇന്തോനേഷ്യയിലെ നോർത്ത് ജക്കാർത്തയിലെ ഒരു സ്കൂൾ കോംപ്ലക്സിനുള്ളിലെ പള്ളിയിലുണ്ടായ ശക്തമായ സ്ഫോടനത്തിൽ സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും വിശ്വാസികളും ഉൾപ്പെടെ കുറഞ്ഞത് 54 ഓളം പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച ഉച്ചയ്ക്ക് കെലാപ ഗാഡിംഗ് പ്രദേശത്തെ നാവിക സേനയുടെ വളപ്പിൽ ജുമാ നമസ്കാരത്തിനിടെയാണ് സ്ഫോടനം ഉണ്ടായത്.വിശദാംശങ്ങൾ പൊലീസ് ഇതുവരെ പരസ്യമായി സ്ഥിരീകരിച്ചിട്ടില്ല.
വ്യവസായ മേഖലയിലേക്ക് കാർഗോ വിമാനം ഇടിച്ച് കയറിയുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 13ആയി. യുപിഎസിന്റെ കാർഗോ വിമാനമാണ് കഴിഞ്ഞ ദിവസം അപകടത്തിൽപ്പെട്ടത്. അമേരിക്കയിലെ കെന്റക്കിയിലെ ലൂയിസ് വില്ലേ മുഹമ്മദ് അലി അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു കാർഗോ വിമാനം ടേക്ക് ഓഫിന് പിന്നാലെ തകർന്നത്. വിമാനത്തിലുണ്ടായിരുന്ന മൂന്ന് ജീവനക്കാരും അപകടത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്.
അമേരിക്കയിലെ മേരിലാൻ്റിലുള്ള സൈനിക താവളമായ ജോയിൻ്റ് ബേസ് ആൻഡ്രൂസിൽ നിരവധി പേർക്ക് അസ്വാസ്ഥ്യം. ഇവിടെ ഡെലിവർ ചെയ്ത പെട്ടി തുറന്നതിന് പിന്നാലെ വെളുത്ത പൊടി അന്തരീക്ഷത്തിൽ പരന്നതോടെയാണ് സംഭവം. പിന്നാലെ ഇവിടെയുള്ള ഒരു കെട്ടിടം പൂർണമായി ഒഴിപ്പിച്ചു. സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി സൈനിക താവളത്തിൽ നിന്ന് പുറത്തുവിട്ട അറിയിപ്പിൽ പറയുന്നു.
