നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ റിസര്‍വ് ബാങ്കിന്റെ സ്വര്‍ണ കരുതല്‍ ശേഖരം 880.18 മെട്രിക് ടണ്ണായി ഉയര്‍ന്നതായി റിസര്‍വ് ബാങ്കിന്റെ പുതിയ ഡേറ്റ. സെപ്റ്റംബര്‍ അവസാനവാരം 200 കിലോഗ്രാം സ്വര്‍ണമാണ് ആര്‍.ബി.ഐ കരുതല്‍ ശേഖരത്തിലേക്ക് ചേര്‍ത്തത്. സെപ്റ്റംബര്‍ 26 വരെയുള്ള ആകെ കരുതല്‍ ശേഖരത്തിന്റെ മൂല്യം 95 ബില്യണ്‍ ഡോളര്‍ (8.34 ലക്ഷം കോടി രൂപ) ആണ്. കഴിഞ്ഞ ആറ് മാസത്തില്‍ മാത്രം 600 കിലോഗ്രാം സ്വര്‍ണം ആര്‍.ബി.ഐ വാങ്ങിയിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മൊത്തം 541.30 കിലോഗ്രാം സ്വര്‍ണമാണ് കരുതല്‍ ശേഖരത്തിലേക്ക് ചേര്‍ത്തത് എന്നിരിക്കെയാണിത്. ഈ സാമ്പത്തിക വര്‍ഷം ഇതുവരെ നോക്കിയാല്‍ റിസര്‍വ് ബാങ്കിന്റെ ട്രഷറി സെക്യൂരിറ്റീസ് നിക്ഷേപം ഏഴ് മാസത്തെ ഏറ്റവും കുറഞ്ഞ നിലയായ 219 ബില്യണ്‍ ഡോളറിലാണ്. അതേസമയം, സെപ്റ്റംബര്‍ 26 വരെയുള്ള കണക്കുപ്രകാരം റിസര്‍വ് ബാങ്കിന്റെ വിദേശ കരുതല്‍ ശേഖരത്തില്‍ സ്വര്‍ണത്തിന്റെ അളവ് 13.6 ശതമാനം ഉയര്‍ന്നു. ഒരു വര്‍ഷത്തിനു മുന്‍പുള്ളതിനേക്കാള്‍ 9.3 ശതമാനം ഉയര്‍ച്ചയാണിത്. ഒക്ടോബര്‍ 10 വരെയുള്ള കാലയളവില്‍ ഇന്ത്യയുടെ മൊത്തം വിദേശ നാണയ കരുതല്‍ ശേഖരം 698 ബില്യണ്‍ ആണ്.
റിസര്‍വ് ബാങ്ക് ശേഖരത്തിലേക്ക് 200 കിലോ സ്വര്‍ണം കൂടി
