മുഖ്യമന്ത്രി പിണറായി വിജയൻ വൈരുദ്ധ്യാത്മക ഭൗതിക വാദിയാണെന്ന് സിപിഎം നേതാവ് എ കെ ബാലൻ. വെള്ളാപ്പള്ളി നടേശൻ പറഞ്ഞത് സ്വന്തം അഭിപ്രായം മാത്രമാണെന്നും പിണറായി വിജയൻ അയ്യപ്പഭക്തനാണെന്ന് പ്രചരണം നടക്കുന്നു അദ്ദേഹം കമ്മ്യൂണിസ്റ്റാണെന്നും ബാലൻ പറഞ്ഞു. പിണറായി വിജയൻ കേവലഭൗതികവാദിയല്ല വൈരുദ്ധ്യാത്മക ഭൗതിക വാദിയാണ് പ്രസവ വാർഡിന്‍റെ മുമ്പിൽ ഇവിടെ പ്രസവം സ്ത്രീകൾക്കു മാത്രം എന്ന് എഴുതി വയ്ക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിപിഎം എന്ന കപട ഭക്തി പരിവേഷക്കാരെ ജനങ്ങളുടെ മുന്നിൽ തുറന്നുകാട്ടുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സർക്കാരിനോട് 3 പ്രധാന ചോദ്യങ്ങളുന്നയിച്ചു. ശബരിമലയിൽ ആചാര ലംഘനത്തിന് അനുകൂല സത്യവാങ്മൂലം നൽകിയത് തിരുത്താൻ സർക്കാർ തയ്യാറാകുമോ എന്നതാണ് ആദ്യ ചോദ്യം. നാമജപഘോഷയാത്രയുമായി ബന്ധപ്പെട്ട് എൻഎസ്എസ് പ്രവർത്തകർക്കെതിരെ അടക്കം എടുത്ത കേസ് പിൻവലിക്കാൻ തയ്യാറാണോ എന്നതാണ് രണ്ടാമത്തെ ചോദ്യം. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ശബരിമല മാസ്റ്റർ പ്ലാൻ സിപിഎമ്മിന്റെ കപടഭക്തിയുടെ ഭാഗമല്ലേ എന്നതാണ് അടുത്ത ചോദ്യമെന്നും സതീശൻ വ്യക്തമാക്കി. അതേസമയം ശബരിമലയുമായി ബന്ധപ്പെട്ട് എൻഎസ്എസ് ഉൾപ്പെടെയുള്ള സമുദായ സംഘടനകൾക്ക് എന്ത് തീരുമാനവുമെടുക്കാമെന്നും വി. ഡി സതീശൻ കൂട്ടിച്ചേർത്തു.
സിപിഎം എന്നും വിശ്വാസികൾക്കൊപ്പമെന്നും ഇന്നലെയും ഇന്നും നാളെയും അത് അങ്ങനെയായിരിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എൻഎസ്എസ് മാത്രമല്ല വിവിധ വിഭാഗങ്ങളിൽ നിന്നും പിന്തുണ ലഭിക്കുന്നത് നയത്തിനുള്ള അംഗീകാരമെന്നും അദ്ദേഹം വ്യക്തമാക്കി. ഇനി പഴയ കാലം തുറക്കേണ്ടതില്ലെന്നായിരുന്നു യുവതീ പ്രവേശന കാലത്തെ നിലപാടിനോടുള്ള അദ്ദേഹത്തിൻ്റെ മറുപടി.
അയ്യപ്പസംഗമത്തിന്‍റെ പേരില്‍ തെളിഞ്ഞത് ഇടതുസര്‍ക്കാരിന്‍റെ കറകളഞ്ഞ വര്‍ഗീയ മുഖമാണെന്ന വിമർശനവുമായി സമസ്താ മുഖപത്രം. മതേതരമനസിനെ മുറിവേല്‍പ്പിക്കുന്ന സമുദായ നേതാക്കളുമൊത്തുള്ളത് അപകടക്കളിയെന്നും, ഏതു വൈതാളികരെ കൂട്ടുപിടിച്ചും തുടര്‍ഭരണം ഉറപ്പാക്കണമെന്ന അതിമോഹം മതേതരമൂല്യങ്ങളുടെ അടിവേരിളക്കുമെന്ന് പിണറായി വിജയന് പറഞ്ഞുകൊടുക്കണമെന്നും മുസ്ലിം സമുദായത്തിനെതിരേ വിഷം ചീറ്റുന്ന വെള്ളാപ്പള്ളിയാണ് മുഖ്യമന്ത്രിയുടെ കൂട്ടെന്നും യോഗി ആദിത്യനാഥിനെ ക്ഷണിച്ചത് ഏതുതരം ഭൗതികവാദമാണെന്ന് എം.വി ഗോവിന്ദൻ വിശദീകരിക്കണമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരെ കൂടുതൽ സ്ഥലങ്ങളിൽ പ്രതിഷേധ ബാനർ.പത്തനംതിട്ട പ്രമാടം പഞ്ചായത്ത് ഓഫിസിന് മുന്നിൽ ബാനർ വച്ചു.കുടുംബ കാര്യത്തിനുവേണ്ടി ഭക്തരെ പിന്നിൽ നിന്നു കുത്തി,പിണറായിക്ക് പാദസേവ ചെയ്യുന്ന കട്ടപ്പയായി മാറിയ സുകുമാരൻ നായർ എന്നാണ് പരിഹാസം. പത്തനംതിട്ട വെട്ടിപ്രം കരയോഗ കെട്ടിടത്തിന് മുന്നിലാണു ഇന്നലെ ആദ്യം ബാനര്‍ പ്രത്യക്ഷപ്പെട്ടത്.
ചങ്ങനാശ്ശേരി പുഴവാതിലിൽ ഒരു കുടുംബത്തിലെ നാലുപേർ എൻഎസ്എസ് അംഗത്വം രാജിവച്ചു. പുഴവാത് സ്വദേശി ഗോപകുമാർ സുന്ദരൻ, ഭാര്യ അമ്പിളി ഗോപകുമാർ, മക്കളായ ആകാശ് ഗോപൻ ഗൗരി ഗോപൻ എന്നിവരാണ് അംഗത്വം രാജിവച്ചത് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ ശബരിമല വിഷയത്തിലെ നിലപാട് മാറ്റത്തിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് ഗോപകുമാർ പറഞ്ഞു.
എയിംസ് വിഷയത്തിൽ ബിജെപിയിൽ ഒറ്റപ്പെട്ട് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ദില്ലിയിലെ എയിംസ് ആശുപത്രി മാതൃകയില്‍ സംസ്ഥാനത്തും എയിംസ് സ്ഥാപിക്കണമെന്ന കേരളത്തിന്‍റെ ഏറെകാലമായുളള ആവശ്യവും ഇതിന് തുടര്‍ച്ചയായി കോഴിക്കോട് കിനാലൂരില്‍ ഭൂമിയേറ്റെടുക്കല്‍ അടക്കമുളള നടപടികള്‍ മുന്നോട്ട് പോവുകയും ചെയ്ത ഘട്ടത്തിലാണ് ഈ വിഷയത്തില്‍ കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഏകപക്ഷീയമായി നിലപാട് അവതരിപ്പിച്ചതും ആലപ്പുഴയില്‍ എയിസ് സ്ഥാപിക്കണമെന്ന് നിലപാടില്‍ ഉറച്ച് നില്‍ക്കുകയും ചെയ്തത്.
എയിംസ് ആലപ്പുഴയിൽ സ്ഥാപിക്കുമെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവന തള്ളി ബിജെപി ആലപ്പുഴ ജില്ലാ നേതൃത്വം. എയിംസ് കേരളത്തിൽ എവിടെയായാലും സ്ഥാപിക്കാമെന്നാണ് ബിജെപി നിലപാടെന്ന് അഡ്വ. പി കെ ബിനോയ് വ്യക്തമാക്കി. എയിംസിനായി ആലപ്പുഴയെ പ്രത്യേകിച്ച് ചൂണ്ടിക്കാണിക്കാനില്ലെന്നും എന്തുകൊണ്ട് ആലപ്പുഴയെന്നതിൽ വ്യക്തത വരുത്തേണ്ടത് സുരേഷ് ഗോപിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
എയിംസ് കാസർകോട് തന്നെ വേണമെന്നാണ് ആവശ്യമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി. കോഴിക്കോടിനായി മുഖ്യമന്ത്രി വാശിപിടിക്കുകയാണെന്ന് പറഞ്ഞ രാജ്മോഹൻ ഉണ്ണിത്താൻ സുരേഷ് ഗോപിക്കെതിരെയും രംഗത്തത്തി. അടുത്ത കാലത്ത് ബിജെപി രാഷ്ട്രീയത്തിൽ വന്ന് നേതാവായവർക്ക് വിഷയം അറിയില്ല. ആലപ്പുഴയിൽ വേണമെന്ന സുരേഷ് ഗോപിയുടെ ആവശ്യത്തെ എതിർക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബുവിനെതിരെ കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി പ്രമോദ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. ഷാഫി പറമ്പിൽ എംപിക്കെതിരെ നടത്തിയ അധിക്ഷേപ പരാമർശത്തിൽ കേസെടുക്കണമെന്നാണ് ആവശ്യം. ഇന്നലെയാണ് സുരേഷ് ബാബു ഷാഫി പറമ്പിലിനെതിരെ ആരോപണമുന്നയിച്ചത്.
ഷാഫി പറമ്പിലിൽ എംപിക്കെതിരെ നടത്തിയ ആരോപണത്തിൽ ഉറച്ചു നിൽക്കുന്നുവെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബു. ഇന്നലെ പറഞ്ഞതിൽ അനാവശ്യമായി കോലിട്ടിളക്കാൻ വന്നാൽ അതിൻ്റെ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും സുരേഷ് ബാബു പറഞ്ഞു. ആരെങ്കിലും പരാതി നൽകിയിട്ടുണ്ടെങ്കിൽ അവർ ഷാഫി വീണ് കാണണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കുമെന്നും സുരേഷ് ബാബു പറഞ്ഞു.
ഷാഫി പറമ്പിലിനെതിരായ സുരേഷ് ബാബുവിന്‍റെ ആരോപണത്തെച്ചൊല്ലി സിപിഎമ്മിൽ അഭിപ്രായ ഭിന്നത. ജില്ലാ സെക്രട്ടറി എന്തു കൊണ്ട് ആരോപണം ഉന്നയിച്ചു എന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്ന് എൻഎൻ കൃഷ്ണദാസ് പറഞ്ഞു. ജില്ല സെക്രട്ടറിയുടെ ആരോപണത്തിൽ കക്ഷി ചേരുന്നില്ലെന്നായിരുന്നു ജില്ലയിലെ മുതിർന്ന നേതാവായ എകെ ബാലന്റെ പ്രതികരണം. ആരോപണം പറഞ്ഞ ജില്ലാ സെക്രട്ടറിക്ക് അത് തെളിയിക്കാൻ കയ്യിൽ തെളിവ് ഉണ്ടാകുമല്ലോയെന്നും എകെ ബാലൻ ചോദിച്ചു.
സ്ഥാനത്തിനേക്കാൾ വലുത് പാർട്ടി കൂറെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സ്ഥാനങ്ങൾ ത്യജിക്കാൻ മടിയില്ലാത്ത നേതാവാണ് താൻ. കേരളത്തിൽ നിൽക്കാൻ പാർട്ടി നിർദേശിച്ച താൻ വേറൊരു പദവിക്കായി ഓടേണ്ടതില്ല. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് വരണമെന്ന് പലരും പറഞ്ഞിരുന്നു. രാജയുടേത് സ്പെഷ്യൽ കേസായി പരിഗണിച്ചാണ് പാർട്ടിയുടെ തീരുമാനമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
നേതൃപദവികളിൽ പ്രായപരിധി കർശനമാക്കേണ്ട വ്യവസ്ഥയല്ലെന്ന് സിപിഐ ദേശീയ ജനറൽ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ഡി.രാജ. തൻ്റെ ഊർജസ്വലതയും ആരോഗ്യവും പരിഗണിച്ചാണ് ജനറൽ സെക്രട്ടറി സ്ഥാനത്ത് പാർട്ടി ഒരവസരം കൂടി അനുവദിച്ചത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ തനിക്ക് നന്നായി പ്രവർത്തിക്കാൻ സാധിക്കുമെന്ന് കണ്ടാണ് ഇളവ് നൽകിയത്. പാർട്ടിയെ മെച്ചപ്പെട്ട രീതിയിൽ നയിക്കാൻ ആവുന്നവർക്ക് ഇളവ് നൽകേണ്ടി വരുമെന്നും ഡി രാജ വ്യക്തമാക്കി.
ഭൂട്ടാനിൽ നിന്ന് കടത്തിയ ആഢംബര വാഹനങ്ങൾ കണ്ടെത്താനാകാതെ കസ്റ്റംസ്. കേരളത്തിൽ എത്തിച്ച 150ലേറെ വാഹനങ്ങളിൽ ഇതുവരെ കണ്ടെത്താനായത് 38 എണ്ണം മാത്രമാണ്. വാഹനങ്ങൾ വ്യാപകമായി ഒളിപ്പിച്ചതാണെന്നാണ് വിലയിരുത്തൽ. വാഹനങ്ങൾ കണ്ടെത്താൻ പൊലീസിന്‍റെയും മോട്ടോർ വാഹന വകുപ്പിന്‍റെയും സഹായം കസ്റ്റംസ് തേടിയിട്ടുണ്ട്.
പ്രാഥമികാരോഗ്യ കേന്ദ്രത്തിന് അനുവദിച്ച തുക ലാപ്സായ സംഭവത്തില്‍ കേസുകൊടുക്കുമെന്ന് സുരേഷ് ഗോപി അവണിശേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിന് എംപി ഫണ്ടിൽ നിന്നാണ് 50 ലക്ഷം അനുവദിച്ചത് ഇക്കാര്യത്തിൽ ഉത്തരവാദികൾക്ക് എതിരെയാണ് നിയമപോരാട്ടം നടത്തുകയെന്നും അദ്ദേഹം വ്യക്തമാക്കി.
സൈബർ ആക്രമണ കേസിൽ കെ എം ഷാജഹാനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പൊലീസിന് സല്യൂട്ട് അടിച്ച് സിപിഎം നേതാവ് കെ ജെ ഷൈൻ. മാലിന്യമുക്ത കേരളത്തിന്‍റെ ഭാഗമായതിൽ സന്തോഷം. പൊതുഇടത്തിലെ മാലിന്യം ഇല്ലാതാക്കാൻ എല്ലാവരും ശ്രമിക്കണം. പോരാട്ടം തുടരും, സർക്കാരിന് നന്ദിയെന്നും കെ ജെ ഷൈൻ പറഞ്ഞു.
കണ്ണൂരിലെ സിപിഎം പ്രവർത്തകനായിരുന്ന ഒണിയൻ പ്രേമൻ വധക്കേസിൽ പ്രതികളായ 9 ബിജെപി പ്രവർത്തകരെയും തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി വെറുതെ വിട്ടു. 2015 ഫെബ്രുവരി 25ന് ചിറ്റാരിപ്പറമ്പ് വച്ചാണ് പ്രേമനെ ഒരു സംഘം വെട്ടിപ്പരിക്കേൽപ്പിച്ചത്. രണ്ടു കാലുകൾക്കും ഗുരുതരമായി പരിക്കേറ്റ പ്രേമൻ ആശുപത്രിയിൽ വെച്ച് പിറ്റേന്നാണ് മരിക്കുന്നത്. കേസിൽ 10 ബിജെപി പ്രവർത്തകരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ കൊലപാതകവുമായി നേരിട്ടു ബന്ധപ്പെട്ടതായി പ്രോസിക്യൂഷന് തെളിയിക്കാൻ സാധിച്ചില്ലെന്ന് കോടതി വ്യക്തമാക്കി.
കെഎസ്ആര്‍ടിസിയുടെ ‘ബഡ്ജറ്റ് ടൂറിസം’ പദ്ധതി വഴി ജില്ലയില്‍ ഈ വര്‍ഷം സംഘടിപ്പിച്ചത് 250-ഓളം ഉല്ലാസ യാത്രകള്‍. ബജറ്റ് ടൂറിസം ഉല്ലാസയാത്രയിലൂടെ ജില്ലയിലെ വിവിധ ഡിപ്പോകളില്‍ നിന്നായി 84 ലക്ഷം രൂപയുടെ വരുമാനമാണ് ഈ വര്‍ഷം ഇതുവരെ കെഎസ്ആര്‍ടിസിക്ക് നേടാനായത്. ഇക്കഴിഞ്ഞ ഓണക്കാലത്തും ഉല്ലാസയാത്ര വഴി ഒട്ടേറെ പേര്‍ യാത്രചെയ്തു.
സ്വര്‍ണ്ണക്കടത്ത് കേസില്‍ കേന്ദ്ര ഏജന്‍സിക്കെതിരേയുള്ള അന്വേഷണത്തിന് ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ച സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. ജുഡീഷ്യൽ കമ്മീഷൻ നിയമനത്തിനുള്ള സ്റ്റേ തുടരും. സ്വര്‍ണ്ണക്കടത്ത് കേസില്‍ ജുഡീഷ്യൽ കമ്മീഷൻ നിയമനം സ്റ്റേ ചെയ്ത സിംഗിൾ ബഞ്ച് നടപടിയ്ക്കെതിരായ സംസ്ഥാന സർക്കാരിന്റെ അപ്പീൽ ഡിവിഷൻ ബഞ്ച് തള്ളി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥര്‍ക്കെതിരെയായിരുന്നു സർക്കാരിന്റെ ജുഡീഷ്യൽ അന്വേഷണം.
അമീബിക് മസ്തിഷ്ക ജ്വരമെന്ന സംശയത്തിൽ പത്തനംതിട്ട സ്വദേശി ചികിത്സയിൽ കഴിയുന്നു. പത്തനംതിട്ട പെരുനാട് സ്വദേശിയായ ടാപ്പിങ് തൊഴിലാളിക്കാണ് രോഗബാധ സംശയിക്കുന്നത്. ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ചികിത്സയ്ക്ക് പ്രവേശിപ്പിച്ചിരിക്കുന്നത്. രോഗബാധ സ്ഥിരീകരിക്കുന്നതിനായി ഇദ്ദേഹത്തിൻ്റെ ശരീരത്തിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ ലാബുകളിൽ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
തൃശ്ശൂര്‍ ജില്ലയിലെ വിലങ്ങന്‍കുന്നിന്‍റെ രണ്ടാം ഘട്ട സൗന്ദര്യവല്‍ക്കരണ പ്രവൃത്തികള്‍ക്കായി സംസ്ഥാന ടൂറിസം വകുപ്പ് 2.45 കോടി രൂപയുടെ ഭരണാനുമതി നല്‍കി. നവീകരണ പ്രവൃത്തികളും അടിസ്ഥാന സൗകര്യ വികസനവുമാണ് ഈ പദ്ധതി പ്രകടനം നടപ്പാക്കുന്നത്.അറിയപ്പെടാത്തതും മുഖ്യധാരയിലില്ലാത്തതുമായ ടൂറിസം കേന്ദ്രങ്ങളുടെ നവീകരണം സംസ്ഥാന സര്‍ക്കാരിന്‍റെ മുന്‍ഗണനാ വിഷയമാണെന്ന് ടൂറിസം പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.
മധ്യ തെക്കൻ കേരളത്തിൽ ശക്തമായ മഴ തുടരും. നാല് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടാണ്. തൃശ്ശൂര്‍, എറണാകുളം, ആലപ്പുഴ, കൊല്ലം, പാലക്കാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്.
കനത്ത മഴയെ തുടർന്ന് തിരുവനന്തപുരത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപനം വൈകിയതിൽ കളക്ടർക്കെതിരെ വിമർശനം. അവധി പ്രഖ്യാപിച്ചത് ഇന്ന് രാവിലെയായിരുന്നു, ഇത് കാരണം വിദ്യാർത്ഥികൾ വലഞ്ഞു. അതിരാവിലെ സ്കൂളിലെത്തിയ ശേഷമായിരുന്നു പല കുട്ടികളും മടങ്ങിപ്പോയത്. നേരത്തെ അറിയിച്ചിരുന്നുവെങ്കിൽ ബുദ്ധിമുട്ട് ഒഴിവാക്കാമായിരുന്നുവെന്ന് സ്കൂളിലെത്തിയ കുട്ടികളും രക്ഷിതാക്കളും അഭിപ്രായപ്പെട്ടു. രാത്രി മുഴുവൻ മഴ പെയ്തിട്ടും വിദ്യാഭ്യാസമന്ത്രി ഇടപെട്ട ശേഷമാണ് കളക്ടർ അവധി പ്രഖ്യാപിച്ചതെന്നാണ് വിവരം.
ഐക്യരാഷ്ട്ര സഭ ജനറൽ അസംബ്ലിയിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ പ്രസംഗം ഇന്ന്. ഇന്ത്യൻ സമയം ഇന്ന് വൈകിട്ട് ഏഴ് മണിയോടെയാണ് നെതന്യാഹുവിന്‍റെ പ്രസംഗം നടക്കുക. ഇന്നത്തെ ആദ്യത്തെ പ്രാസംഗികനായിരിക്കും ഇസ്രയേൽ പ്രധാനമന്ത്രിയെന്ന് യു എൻ വ്യക്തമാക്കിയിട്ടുണ്ട്. നെതന്യാഹു പ്രസംഗിക്കാൻ എഴുന്നേൽക്കുമ്പോൾ പ്രതിനിധികൾ കൂട്ടത്തോടെ ഇറങ്ങിപ്പോകണമെന്നാണ് പലസ്തീൻ വിവിധ രാജ്യങ്ങളോട് അഭ്യർഥിച്ചിരിക്കുന്നത്.
ബിഹാറിൽ സ്ത്രീകളുടെ സ്വയംതൊഴിൽ പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള മുഖ്യമന്ത്രി മഹിളാ റോസ്‌ഗർ പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. കുടുംബത്തിലെ ഒരു സ്ത്രീയ്ക്ക് സ്വയംതൊഴിൽ തുടങ്ങാനായി 10,000 രൂപ നേരിട്ട് ലഭിക്കുന്നതാണ് പദ്ധതി. 75 ലക്ഷം സ്ത്രീകൾക്ക് പദ്ധതിയിലൂടെ 10,000 രൂപ വീതം ലഭിക്കും. 7500 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. സ്വയംതൊഴിലിലൂടെ വനിതാ ശാക്തീകരണം ലക്ഷ്യമിട്ടാണ് പദ്ധതിയെന്ന് സർക്കാർ വിശദീകരിച്ചു.
പ്രശസ്ത അസമീസ് ഗായകൻ സുബീൻ ഗാർഗിന്റെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്തും സംഗീതജ്ഞനുമായ ശേഖർ ജ്യോതി ഗോസ്വാമിയെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. സുബിന്റെ മുങ്ങിമരണത്തിനിടയാക്കിയ കപ്പൽ യാത്രയുടെ ഭാഗമായിരുന്നു ഗോസ്വാമി. ഏറെ നാളായി സുബീന്റെ സംഗീത പരിപാടികളിലും ഭാഗമായിരുന്നു. സെപ്തംബർ 19 നാണ് സിംഗപ്പൂരിൽ നീന്തുന്നതിനിടെയുണ്ടായ അപകടത്തിൽ സുബീൻ ഗാർഗ് മരണപ്പെട്ടത്.
കഴിഞ്ഞ വർഷം കാലിഫോർണിയയിൽ അഞ്ച് വയസുകാരിക്ക് അതീവ ഗുരുതരമായി പരിക്കേൽക്കാൻ കാരണമായ അപകടത്തിന് കാരണക്കാരനെന്ന് കണ്ടെത്തിയതിന് പിന്നാലെ ഇന്ത്യാക്കാരനായ ട്രക്ക് ഡ്രൈവർ അറസ്റ്റിലായി. പർതാപ് സിംഗ് എന്നയാളാണ് യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിൻ്റെ പിടിയിലായത്.
സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദ് നഗരത്തിലെ കെട്ടിട വാടക വർധനവ് അടുത്ത അഞ്ച് വർഷത്തേക്ക് മരവിപ്പിച്ചുകൊണ്ട് മന്ത്രിസഭ സുപ്രധാനമായ നിയമനിർമ്മാണം നടത്തി. ഭവനച്ചെലവ് സ്ഥിരപ്പെടുത്തുന്നതിനും വാടകക്കാരും കെട്ടിട ഉടമകളും തമ്മിൽ നീതി ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടുള്ള സമഗ്രമായ ഈ നടപടി, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാന്റെ നിർദേശപ്രകാരമാണ് നടപ്പിലാക്കിയത്.
ആറ് പതിറ്റാണ്ട് നീണ്ട സേവനത്തിന് ശേഷം മിഗ് 21വിമാനങ്ങൾ സേനയിൽ നിന്ന് വിടപറയുന്നു. ചണ്ഡീഗഡിലെ വ്യോമതാവളത്തിൽ മിഗ് 21വിമാനങ്ങൾക്ക് യാത്രയയപ്പ് നൽകി. പാന്തേഴ്‌സ് എന്ന വിളിപ്പേരുള്ള 23- നമ്പർ സ്ക്വാഡ്രണിന്റെ ഭാഗമായ അവസാനത്തെ മിഗ്-21 ജെറ്റുകൾക്ക് ചണ്ഡീഗഡ് എയർഫോഴ്‌സ് സ്‌റ്റേഷനിൽ വെച്ചാണ് അന്തിമ യാത്രയയപ്പ് നൽകുന്നത്. പരിപാടിയിൽ പങ്കെടുക്കാനായി പ്രതിരോധ മന്ത്രി രാജ്നാഥ് സിങും ബഹിരാകാശ സഞ്ചാരി ശുഭാൻഷു ശുക്ലയും എത്തിയിട്ടുണ്ട്.
ഇറാഖിൽ നിന്ന് ദോഹ തുറമുഖത്തെത്തിയ കപ്പലിൽ നിന്ന് കസ്റ്റംസ് അധികൃതർ വൻ ക്രിസ്റ്റൽ മെത്ത് ശേഖരം പിടികൂടി. മൃഗങ്ങൾക്കുള്ള തീറ്റ കൊണ്ടുവരുന്ന ചാക്കുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. കസ്റ്റംസിന്‍റെ പ്രസ്താവന പ്രകാരം, 216 ടൺ ഭാരമുള്ള മൃഗത്തീറ്റയുടെ മുഴുവൻ ശേഖരവും പരിശോധിച്ചു. ഏകദേശം 10,724 കിലോഗ്രാം ക്രിസ്റ്റൽ മെത്ത് ആണ് പിടിച്ചെടുത്തത്. തുടർന്ന്, കപ്പൽ കസ്റ്റഡിയിലെടുക്കുകയും ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തു.
നാല് വയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ പ്രതികളുടെ ശിക്ഷ ഇളവ് ചെയ്ത ഹൈക്കോടതി വിധിക്കെതിരെ ഷിംലയിൽ വൻ ജനകീയ പ്രതിഷേധം. 2014 ലെ യുഗ് ഗുപ്‌ത കൊലക്കേസിൽ നാല് പ്രതികളിൽ ഒരാളെ വെറുതെ വിടുകയും മറ്റ് രണ്ട് പേരുടെ വധശിക്ഷ ജീവപര്യന്തം തടവാക്കി ഇളവ് ചെയ്യുകയും ചെയ്ത ഹൈക്കോടതി വിധിക്കെതിരെയാണ് പ്രതിഷേധം.
അമേരിക്കയിൽ പട്ടാപ്പകൽ ജ്വല്ലറിയിൽ വൻ കവർച്ച. കാലിഫോർണിയയിലെ സാൻ റാമോൺ നഗരത്തിലെ ഹെല്ലർ ജ്വല്ലേർസിലാണ് കവർച്ച നടന്നത്. 25 ഓളം പേരടങ്ങുന്ന സംഘം പട്ടാപ്പകൽ ജ്വല്ലറിയിലേക്ക് ഇരച്ചുകയറി പത്ത് ലക്ഷം ഡോളർ വിലമതിക്കുന്ന ആഭരണങ്ങൾ കൊള്ളയടിക്കുകയായിരുന്നു. വിവരമറിഞ്ഞ് അതിവേഗം സ്ഥലത്തെത്തിയ പൊലീസ് പ്രതികളെ പിന്തുടർന്നു. സംഘാംഗങ്ങളായ ചിലർ പിടിയിലായതായാണ് വിവരം.
ലഡാക്ക് സംഘർഷവുമായി ബന്ധപ്പെട്ട നടപടികൾ കടുപ്പിച്ച് കേന്ദ്ര സർക്കാർ. സംഘർഷവുമായി ബന്ധപ്പെട്ട കൂടുതൽ പേരുടെ അറസ്റ്റ് ഉണ്ടാകുമെന്ന് കേന്ദ്രം വ്യക്തമാക്കി. പ്രക്ഷോഭത്തിൽ പങ്കെടുത്ത സംഘടനകളെ സംബന്ധിച്ചും വിശദാംശങ്ങൾ പൊലീസ് അടക്കമുള്ള അന്വേഷണ ഏജൻസികൾ ശേഖരിച്ചു. സംഘർഷത്തിൽ പരിക്കേറ്റവരിൽ ഏഴ് പേർ നേപ്പാൾ പൗരന്മാരാണ്. ഇവർ എങ്ങനെ സംഘർഷത്തിന്റെ ഭാഗമായി എന്നതിലും അന്വേഷണം തുടരുകയാണ്.
ചൈനീസ് ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ടിക് ടോക്കിന് അമേരിക്കയിൽ പ്രവർത്തനം തുടരാൻ ഉപാധികളോടെ അനുമതി നൽകുന്ന ഉത്തരവിൽ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഒപ്പുവെച്ചു. ടിക് ടോക്കിന്റെ അമേരിക്കൻ ഉപഭോക്താക്കളുടെ പ്രവർത്തനങ്ങളും വിവരങ്ങളും ചോരാതെ, അമേരിക്കൻ നിക്ഷേപകരുടെ നിയന്ത്രണത്തിലാകാൻ സഹായിക്കുന്ന നിർദ്ദിഷ്ട കരാറിനാണ് നിലവിലെ എക്സിക്യൂട്ടീവ് ഉത്തരവിലൂടെ ട്രംപ് അംഗീകാരം നൽകിയിരിക്കുന്നത്.
ഗാസയിലെ യുദ്ധക്കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട അറസ്റ്റ് ഭയന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അമേരിക്കയിലേക്കുള്ള യാത്രയിൽ യൂറോപ്യൻ വ്യോമാതിർത്തികൾ ഒഴിവാക്കിയതായി റിപ്പോർട്ടുകൾ. അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐ സി സി)യാണ് ഗാസയിലെ കുറ്റകൃത്യങ്ങളുടെ പേരിൽ നേരത്തെ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ഐ സി സിയുടെ വാറണ്ട് അനുസരിച്ച് നെതന്യാഹു കാലുകുത്തിയാൽ അറസ്റ്റ് ചെയ്യുമെന്ന് നിരവധി യൂറോപ്യൻ രാജ്യങ്ങൾ നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.
അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന മരുന്നുകൾക്ക് 100 ശതമാനം ഇറക്കുമതി തീരുവ ഏർപ്പെടുത്തുമെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. അമേരിക്കയിൽ പ്ലാന്റുകളുള്ള കമ്പനികൾക്ക് ഈ തീരുമാനം ബാധകമാകില്ല. 2025 ഒക്ടോബർ 1 മുതൽ ബ്രാൻഡഡ് അല്ലെങ്കിൽ പേറ്റന്റുള്ള മരുന്നുകൾക്ക് അധിക തീരുവയെന്നാണ് പ്രഖ്യാപനം. അമേരിക്കയിൽ പ്ലാന്റിൻ്റെ പണി തുടങ്ങിയ കമ്പനികൾക്കും ഇത് ബാധകമാകില്ല.