Untitled design 20250306 183138 0000

 

കർണ്ണാടകസംഗീതത്തിലെ ഏറ്റവും പ്രമുഖരായ വാഗ്ഗേയകാരന്മാരിൽ ഒരാളാണ് ത്യാഗരാജൻ….!!!!

ത്യാഗരാജൻ, മുത്തുസ്വാമി ദീക്ഷിതർ, ശ്യാമശാസ്ത്രികൾ എന്നിവർ കർണ്ണാടക സംഗീതത്തിലെ ത്രിമൂർത്തികൾ എന്ന് അറിയപ്പെടുന്നു.തഞ്ചാവൂരിനടുത്തുള്ള തിരുവാരൂരിൽ 1767 മെയ് 4-ന് ഒരു തെലുങ്ക് ബ്രാഹ്മണകുടുംബത്തിൽ ജനിച്ച അദ്ദേഹം സമീപസ്ഥലമായ തിരുവൈയാറിൽ ആണ് വളർന്നത്. പണ്ഡിതനായ രാമബ്രഹ്മവും ഗായികയായിരുന്ന സീതമ്മയുമായിരുന്നു അദ്ദേഹത്തിന്റെ മാതാപിതാക്കൾ. ഇവരുടെ ഇളയമകനായിരുന്നു അദ്ദേഹം.

 

രാമബ്രഹ്മം 1774-ൽ തഞ്ചാവൂരിൽ നിന്നും തിരുവൈയ്യാറിലേക്ക് കുടുംബ- സമേതം താമസം മാറുകയും, ത്യാഗരാജൻ അവിടെവെച്ച് പ്രസിദ്ധ സംഗീതജ്ഞനായ സോന്തി വെങ്കിടരമണയ്യയുടെ ശിക്ഷണത്തിൽ സംഗീതം അഭ്യസിക്കുകയും ചെയ്തു. തെലുങ്ക്, സംസ്കൃതം എന്നീ ഭാഷകളിലും വേദശാസ്ത്രങ്ങളിലും സംഗീതത്തിലും പാണ്ഡിത്യം നേടിയ അദ്ദേഹം സംഗീതത്തിലൂടെ ഭക്തിയും തത്ത്വചിന്തയും പ്രചരിപ്പിച്ച് ലളിതജീവിതം നയിച്ചു. 1847 ജനുവരി 6-ആം തീയതിയാണ് ത്യാഗരാജൻ അന്തരിച്ചത്, തിരുവൈയാറിൽ തന്നെയായിരുന്നു അദ്ദേഹത്തിന്റെ സമാധിയും‍

കർണാടകസംഗീതം എന്നറിയപ്പെടുന്ന ദക്ഷിണേന്ത്യൻ സംഗീതത്തിന്റെ വളർച്ചയ്ക്കും പ്രചാരണത്തിനും ത്യാഗരാജസ്വാമികൾ അതുല്യവും അമൂല്യവുമായ സംഭാവനകളാണ് നൽകിയിട്ടുള്ളത്. ശ്രീരാമഭഗവാന്റെ പരമഭക്തനും ഉപാസകനുമായിരുന്ന ത്യാഗരാജസ്വാമികളുടെ വളരെയധികം കീർത്തനങ്ങൾ ശ്രീരാമനെ പ്രകീർത്തിക്കുന്നവയാണ്. തത്ത്വജ്ഞാനപരങ്ങളും സന്മാർഗജീവിതപ്രേരകങ്ങളുമായ നിരവധി കീർത്തനങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.

 

ലൗകികസുഖങ്ങളുടെ പരിത്യാഗവും, നിസ്സംഗത്വവും, ഭഗവൽച്ചരണാഗതിയും, ആത്മസാക്ഷാൽക്കാരവും ഉദ്ബോധിപ്പിക്കുന്നവയാണ് ത്യാഗരാജകീർത്തനങ്ങളിൽ ഭൂരിഭാഗവും. ത്യാഗരാജസ്വാമികളുടെ സാന്നിദ്ധ്യത്തിൽ സ്വരങ്ങൾ ചിട്ടപ്പെടുത്തിയ കീർത്തനങ്ങളെ, അദ്ദേഹത്തിന്റെ ശിഷ്യപരമ്പരകൾ സൂക്ഷ്മതയോടെ പഠിച്ച് സാധകം ചെയ്ത് പ്രചരിപ്പിക്കുന്നതിനാൽ ആ കീർത്തനങ്ങൾ രൂപഭേദമില്ലാതെ, പൂർ‌വ്വരൂപത്തിൽത്തന്നെ നിലനിന്നു വരുന്നു.

 

ത്യാഗരാജസ്വാമികളുടെ ജീവിതകാലത്താണ് കർണാടകസംഗീതം പൂർണവളർച്ച പ്രാപിച്ചത് . അദ്ദേഹം തോഡി, ശങ്കരാഭരണം, കാംബോജി, കല്യാണി തുടങ്ങിയ പ്രസിദ്ധരാഗങ്ങളിൽ വളരെയേറെ കീർത്തനങ്ങൾ രചിച്ചിട്ടുണ്ട്. അദ്ദേഹം സ്വയം പ്രചരിപ്പിച്ച ഖരഹരപ്രിയ രാഗത്തിലും അനേകം കീർത്തനങ്ങൾ വിരചിച്ചിട്ടുണ്ട്.

ത്യാഗരാജസ്വാമികൾ ഘനരാഗങ്ങളായ നാട്ട, ഗൗള, ആരഭി, വരാളി, ശ്രീരാഗം എന്നിവയിൽ യഥാക്രമം രചിച്ച ജഗദാനന്ദകാരക, ദുഡുകുഗല, സാധിഞ്ചനെ, കനകനരുചിര, എന്തരോ മഹാനുഭവുലു എന്നീ കീർത്തനങ്ങൾ അദ്ദേഹത്തിന്റെ സംഗീത സിദ്ധിയുടെയും സാഹിത്യ ജ്ഞാനത്തിന്റെയും ഈശ്വരഭക്തിയുടെയും പ്രത്യക്ഷഭാവങ്ങളായി പ്രശോഭിക്കുന്നു. ഇവ പഞ്ചരത്നകീർത്തനങ്ങൾ എന്നറിയപ്പെടുന്നു.

സുന്ദരകൃതികളാൽ കർണാടകസംഗീതത്തെ സമ്പന്നമാക്കിയ ത്യാഗരാജസ്വാമികൾ സംഗീതവിദ്വാന്മാർക്കും സംഗീതവിദ്യാർത്ഥികൾക്കും നിത്യസ്മരണീയനായ ‘സദ്ഗുരു’വായി എന്നെന്നും വിരാജിക്കുന്നു.”ത്യാഗരാജ” എന്ന് ആണ് അദ്ദേഹം കൃതികളിൽ മുദ്ര ആയി ഉപ‌യോഗിച്ചിരുന്നത്.

 

വളരെ പ്രസിദ്ധവും പുരാതനവുമായ ആനന്ദഭൈരവി രാഗത്തിൽ ത്യാഗരാജസ്വാമികളുടെ വെറും നാലു കൃതികളേ ഉള്ളൂ. ഇതേപ്പറ്റി ഒരു കഥയുണ്ട്. ഒരിക്കൽ സ്വാമികൾ ഒരു നാടോടി സംഘത്തിന്റെ നൃത്ത-നാടക പരിപടി കാണുകയുണ്ടായി. കൃഷ്ണന്റെയും രാധയുടെയും കഥയുള്ള ആ പരിപാടിയിൽ ആനന്ദഭൈരവി രാഗത്തിൽ മഥുര നഗരിലോ എന്നു തുടങ്ങുന്ന ഗാനം അവർ പാടിയത് അദ്ദേഹത്തിനു വളരെയധികം ഇഷ്ടമാവുകയും അവർക്ക് ഇഷ്ടമുള്ള തനിക്കു നൽകാനാവുന്ന ഒരു സമ്മാനം ആവശ്യപ്പെട്ടുകൊള്ളാൻ പറയുകയും ചെയ്തു.

 

ഏറെ നേരത്തെ ചിന്തയ്ക്കു ശേഷം അവർ ആനന്ദഭൈരവി തന്നെ സമ്മാനമായി ചോദിച്ചു. അതായത് ഇനി മേലാൽ സ്വാമികൾ ആ രാഗം പാടരുത് എന്നാണ് അവർ ആവശ്യപ്പെട്ടത്. ഭാവിയിൽ ഈ കഥ കേൾക്കുന്നവർ തങ്ങളെ ഓർക്കാൻ വേണ്ടിയാണത്രേ അവർ അങ്ങനെയൊരു ആവശ്യം ഉന്നയിച്ചത് എന്നും പറയപ്പെടുന്നു.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *