ഉത്തരകേരളത്തിലും, കർണ്ണാടകത്തിലും പ്രചാരത്തിലുള്ള ആരാധനാ സമ്പ്രദായങ്ങളിൽ ഒന്നാണ് അനുഷ്ഠാന കർമ്മമായ തെയ്യം….!!!
പഴയങ്ങാടിപ്പുഴയ്ക്കു വടക്കോട്ട് കളിയാട്ടം എന്നും പഴയങ്ങാടി മുതൽ വളപട്ടണം വരെ തെയ്യം എന്നും അല്പവ്യത്യാസങ്ങളോടെ തെയ്യം അറിയപ്പെടുന്നു. കോഴിക്കോട് ജില്ലയുടെ വടക്കൻ ഭാഗങ്ങളായ വടകര, കൊയിലാണ്ടി എന്നീ പ്രദേശങ്ങളിൽ തിറ എന്ന പേരിൽ ആണ് അവതരിപ്പിക്കുന്നത്. നൃത്തം ചെയ്യുന്ന ദേവതാസങ്കല്പമാണ് തെയ്യം. തെയ്യത്തിന്റെ നിർത്തനം തെയ്യാട്ടം എന്നും തെയ്യത്തിന്റെ വേഷം തെയ്യക്കോലം എന്നും അറിയപ്പെടുന്നു.
ദേവാരാധന നിറഞ്ഞ തെയ്യം അനുഷ്ഠാനത്തിൽ മന്ത്രപരമായ അനുഷ്ഠാനം, തന്ത്രപരമായ അനുഷ്ഠാനം, കർമ്മപരമായ അനുഷ്ഠാനം, വ്രതപരമായ അനുഷ്ഠാനം എന്നിവ ഇടകലർന്നുകാണുന്നു. പ്രധാനമായും അമ്മ ദൈവങ്ങൾ ആണ് തെയ്യങ്ങൾ (ഉദാ: മുച്ചിലോട്ട് ഭഗവതി). കൂടാതെ വീരന്മാരെയും തെയ്യങ്ങൾ ആയി ആരാധിക്കുന്നു(ഉദ:കതിവന്നൂർ വീരൻ). ഏതാണ്ട് അഞ്ഞൂറോളം തെയ്യങ്ങൾ ഉണ്ടെന്നാണു പറയപ്പെടുന്നത്. എങ്കിലും നൂറ്റിരുപതോളം തെയ്യങ്ങളാണ് സാധാരണമായിട്ടുള്ളത്.
വൃക്ഷാരാധന, പർവതാരാധന, അമ്മദൈവാരാധന, പ്രേതാരാധന, ശൈവ-വൈഷ്ണവാരാധന എന്നിങ്ങനെ പല ആരാധനാരീതികളുടേയും സമന്വയമാണ്, തെയ്യം.ദൈവം എന്ന പദത്തിൽ നിന്നാണ് തെയ്യത്തിന്റെ ഉത്പത്തി എന്നാണ് ഡോ.ഹെർമൻ ഗുണ്ടർട്ട് പറയുന്നത്. തമിഴിൽ തെയ്‌വം എന്ന രൂപമാണ് ദൈവശബ്ദത്തിന് സമമായി കാണപ്പെടുന്നത്. തെയ്യത്തിന്റെ ആട്ടമാണ് തെയ്യാട്ടം. അത് തെയ്യത്തിന്റെ ആട്ടമോ തീ കൊണ്ടുള്ള ആട്ടമോ ആകാമെന്ന് ചേലനാട്ട് അച്യുതമേനോൻ പറയുന്നു.
ഓരോ തെയ്യത്തിന്റേയും തുടക്കത്തിനു് പിന്നിൽ അതതു ദേശവും കാലവുമനുസരിച്ചു് വ്യത്യസ്ത ഐതിഹ്യങ്ങളുണ്ടു്, ഇന്ത്യയിലെ പ്രാദേശിക ആചാരങ്ങളും അനുഷ്ഠാനങ്ങളും ബ്രാഹ്മണമേധാവിത്വമുള്ള ഹൈന്ദവസംസ്കാരത്തിന്റെ ഭാഗമാണെന്നു് സ്ഥാപിച്ചെടുക്കാനുള്ള ശ്രമങ്ങൾ ആദി ശങ്കരാചാര്യരുടെ കാലംതൊട്ടു് നടന്നിട്ടുണ്ടു്.
തെയ്യങ്ങളുടെ പിന്നിലും ബ്രാഹ്മണ്യവുമായി ബന്ധപ്പെട്ട ഏക ഐതിഹ്യമുണ്ടെന്നു് സ്ഥാപിക്കാനുള്ള ശ്രമങ്ങളുണ്ടായിട്ടുണ്ടു്. ബ്രാഹ്മണർ അധികമായും കാണപ്പെട്ടിരുന്ന കോലത്തുനാട്ടിലെ പയ്യന്നൂരും പെരിംചെല്ലൂരും (തളിപ്പറമ്പ) അമ്പലങ്ങൾ ധാരാളമായി ഉണ്ടായത് തെയ്യങ്ങളുടേയും മറ്റ് അനുബന്ധകലകളുടേയും പ്രചാരത്തിന് കാരണമായി. കേരളോൽപ്പത്തി പ്രകാരം പരശുരാമനാണ് കളിയാട്ടം, പുറവേല, ദേവിയാട്ടം (തെയ്യം) എന്നിവ സൃഷ്ടിച്ചതെന്നാണ് ഐതിഹ്യം.
അദ്ദേഹം തെയ്യം കെട്ടാനുള്ള അനുവാദം പാണൻ, വേലൻ, വണ്ണാൻ എന്നീ ജാതികൾക്ക് കൽപ്പിച്ചു കൊടുത്തു. ബ്രാഹ്മണന്മാരുടെ മേൽനോട്ടത്തിൽ ഈ ജാതിക്കാർ തെയ്യം രൂപപ്പെടുത്തുകയും വളർത്തിയെടുക്കുകയും മെച്ചപ്പെടുത്തുകയും ചെയ്തു. വളരെ നാൾ കൊണ്ട് സാമൂഹികമായ മാറ്റങ്ങൾ പലതും ഉണ്ടാകുകയും അമ്പലങ്ങൾ മേൽജാതിക്കാരുടെ കൈവശമാകുകയും തെയ്യം താഴ്ന്ന ജാതിക്കാരിൽ മാത്രം നിക്ഷിപ്തമാകുകയും ചെയ്തു.
ജാതിവ്യവസ്ഥയ്ക്ക് കാര്യമായ മാറ്റങ്ങൾ ഒരിക്കലും ഉണ്ടാവാതിരുന്നതിനാൽ ഈ ജാതികൾ തമ്മിൽ യാതൊരു സംഘർഷവും നാളിതുവരെ തെയ്യത്തിന്റെ പേരിൽ ഉണ്ടായില്ല. എന്നാൽ തെയ്യങ്ങളിലും അതിന്റെ ഐതിഹ്യങ്ങളിലും വൻതോതിൽ ആര്യവൽക്കരണം നടന്നിട്ടുണ്ട്. കൂടാതെ കാവുകളുടെ പേരിൽ പോലും ഇന്ന് “ക്ഷേത്ര”വല്കരണം നടന്നിരിക്കുന്നു.
തെയ്യങ്ങൾക്ക് വൃക്ഷങ്ങളുമായി അഭേദ്യമായ ബന്ധമാണുള്ളത്. എല്ലാ മരങ്ങളിലും ദേവതാസാന്നിധ്യമുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. അതുകൊണ്ട് കളിയാട്ടത്തിനും കോലത്തിന്റെ മുടിയുണ്ടാക്കലും പോലെ തെയ്യത്തിന്റെ ആവശ്യത്തിനായാൽപ്പോലും മരം മുറിക്കേണ്ടിവരുമ്പോൾ മരത്തിൽ നിന്ന് നീങ്ങിനിൽക്കാൻ ദേവതയോട് പ്രാർഥിക്കാറുണ്ട്. തെയ്യങ്ങളുടെ രൂപഘടനയ്ക്കായി ഉപയോഗിക്കുന്ന വസ്തുക്കളും പ്രകൃതിയിൽ നിന്നുതന്നെയാണ്.
മുഖത്തെഴുത്തിനും മെയ്യെഴുത്തിനും ഉപയോഗിക്കുന്നവയും അണിയലങ്ങളും മുടികൾ അഥവാ ശിരോലങ്കാരങ്ങളും നിർമിക്കാനുപയോഗിക്കുന്ന വസ്തുക്കളുമെല്ലാം പ്രകൃതിയിൽനിന്നുതന്നെ.തെങ്ങിൻ കുരുത്തോലയ്ക്ക് തെയ്യാട്ടവുമായി അഭേദ്യമായ ബന്ധമുണ്ട്. തെയ്യങ്ങളുടെ ഉടയാടകളിലും അനുഷ്ഠാനങ്ങളിലും കുരുത്തോലയ്ക്ക് ഇടമുണ്ട്. കുരുത്തോല ഭംഗിയായി മുറിച്ച് ചമയമുണ്ടാക്കുന്നത് ഒരു കലതന്നെയാണ്.അരയിൽച്ചുറ്റുന്ന വസ്ത്രത്തിന് ഒട എന്നാണ് പേര്. പന്തം വച്ചാടുന്ന തെയ്യങ്ങൾക്കും തീക്കോലങ്ങൾക്കുമുള്ളത് കുരുത്തോല കൊണ്ടുള്ള ഒടയായിരിക്കും. ഒലിയുടുപ്പ് എന്നാണ് ഇതിനെ വിളിക്കുന്നത്.
തലച്ചമയത്തിൽ ഏറ്റവും പ്രാധാന്യം മുടിക്കാണ്. മുടി അണിയുന്നതോടെയാണ് കോലക്കാരന്റെയുള്ളിലെ തെയ്യം പരിപൂർണതയിലെത്തുന്നതെന്നും പറയാം. വൃക്ഷങ്ങളുമായി ചേർത്തും മുടിയെ പറയാം. ആകാശം ലക്ഷ്യമാക്കിയാണ് വൃക്ഷങ്ങൾ വളരുന്നത്. മുടിയും അഭിമുഖീകരിക്കുന്നത് ഇതേ ആകാശം തന്നെ.മുടികളിൽത്തന്നെ പലതരമുണ്ട്. മുള, കവുങ്ങ്, പട്ട്, കുരുത്തോല എന്നിവയാണ് വലിയമുടി നിർമിക്കാൻ ഉപയോഗിക്കുന്നത്. നല്ല വലുപ്പവും ഭാരവുമുണ്ടാവും ഇവയ്ക്ക്. ഭഗവതിമാരിൽ മിക്കവയും വട്ടമുടിയാണ് ഉപയോഗിക്കാറ്. കുരുത്തോലകൊണ്ടുള്ള അലങ്കാരമാണ് ഇവയുടെ പ്രത്യേകത. ചിലവയിൽ ചെറു തീപ്പന്തങ്ങളും കത്തിച്ചുവെയ്ക്കാറുണ്ട്.